മരുസ്ഥാനിൽ മഹാറാണി കിതക്കുന്നു
text_fieldsരാജസ്ഥാനിലെ അമ്മ മഹാറാണിയാണ് മുഖ്യമന്ത്രി വസുന്ധര രാജെ. രാജസ്ഥാനത്തെ ജനായത്തത്തിൽ മുഖ്യമന്ത്രി എന്നതിനേക്കാൾ വസുന്ധര കിരീടം വെക്കാത്ത രാജ്ഞിയാണ്. ബി.ജെ.പിക്കുള്ളിലും ഏതാണ്ട് അങ്ങനെ തന്നെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വകവെക്കാത്ത ഒരു ബി.ജെ.പി മുഖ്യമന്ത്രിയുണ്ടെങ്കിൽ അത് രാജസ്ഥാനിലെ രാജ്ഞി തന്നെ. ഈ ഏകാധിപത്യത്തിെൻറ ‘സന്തതി’യാണ് മുഖ്യമന്ത്രിയുടെ എതിർ സ്ഥാനാർഥിയായി ജൽറാ പത്താനിൽ പിറന്നുവീണ മാനവേന്ദ്ര സിങ്.
വസുന്ധര രാജ്ഞിയാണെങ്കിൽ, മാനവേന്ദ്ര സിങ് നാടുവാഴിയാണ്. പിതാവ് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ജസ്വന്ത് സിങ്. ബി.ജെ.പിയുടെ എം.പിയായി വളർന്നിട്ടും വസുന്ധര തഴഞ്ഞിട്ട നേതാവായി മാനവേന്ദ്ര സിങ് രോഷം കടിച്ചമർത്തി കഴിഞ്ഞു. കോൺഗ്രസിെൻറ സാധ്യതകൾ വർധിച്ചതുകൂടി തിരിച്ചറിഞ്ഞ് ബി.ജെ.പിയുടെ കൂടാരത്തിൽ നിന്നുതന്നെ ചാടി. വസുന്ധരക്ക് പറ്റിയ എതിരാളിയായി മാനവേന്ദ്രയെ നിർത്തിയിരിക്കുകയാണ് കോൺഗ്രസ്. ആർക്ക് വോട്ടുചെയ്യണമെന്ന് ബി.ജെ.പിക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന സ്ഥാനാർഥി. വസുന്ധരയുടെ പ്രതാപത്തിെൻറ കോട്ടയായ ജൽറാ പത്താനിൽ തോറ്റുപോയാൽ മാനവേന്ദ്ര സിങ്ങിന് സഹിക്കാം. മറിച്ചാണെങ്കിൽ രാജ്ഞിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരിക്കും.
ബി.ജെ.പി നല്ല തിരിച്ചടി ഭയക്കുന്ന സമയവുമാണ്. കാര്യങ്ങൾ തീരെ പന്തിയല്ല. അഞ്ചുകൊല്ലം കൊണ്ട് ഭരണവിരുദ്ധ വികാരം കലശലായി. മുൻകാലത്തേക്കാൾ വസുന്ധരയും ബി.ജെ.പിയും ജനങ്ങളിൽനിന്ന് അകന്നുപോയി. ഭരണപരമായും സമീപനങ്ങളിലും അങ്ങനെ തന്നെ. അതുകൊണ്ടാണ് വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്ക് ഇക്കുറി ആക്കം കൂടിയത്. ഭരണപരമായ നേട്ടം അവകാശപ്പെടാൻ ഒന്നുമില്ല. ജനരോഷം ഏറ്റുവാങ്ങുന്ന വിഷയങ്ങൾ പലതുണ്ടുതാനും. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിെൻറ ‘സംഭാവന’കൂടി ഉള്ളപ്പോൾ തോൽവിയെക്കുറിച്ചുള്ള ആശങ്ക ഗംഭീരമായി.
അഞ്ചു വർഷത്തിനിടയിൽ വികസനത്തിന് വലിയ നിക്ഷേപങ്ങളൊന്നും രാജസ്ഥാനിൽ ഉണ്ടായിട്ടില്ലെന്ന് പാർട്ടിക്കാർപോലും അടക്കം പറയുന്നുണ്ട്. ഒറ്റക്ക് തീരുമാനങ്ങളെടുക്കാൻ തക്ക സർവാധികാരിയായിട്ടും കാര്യമായി ഒന്നും നടന്നില്ല. തുടങ്ങിവെച്ച ചിലത് പാതിവഴിയിൽ മുടങ്ങി. ജല സ്വാശ്രയ പദ്ധതി, പാവപ്പെട്ടവർക്കായി ഒരുകോടി മൊബൈൽ തുടങ്ങിയ ജനപ്രിയ നീക്കങ്ങൾ ഉദാഹരണം. അഞ്ചുരൂപക്ക് പ്രാതൽ, എട്ടുരൂപക്ക് ഉച്ചഭക്ഷണം എന്ന നിരക്കിലുള്ള ഭക്ഷണപദ്ധതി ഏന്തിയും വലിഞ്ഞും മുന്നോട്ടു നീങ്ങുന്നു. അതേസമയം, ആരവല്ലി മലനിരകൾ കുത്തിമാന്തുന്നതടക്കം അഴിമതി രാജസ്ഥാനെ ചൂഴ്ന്നു നിൽക്കുന്നു. കേന്ദ്രവും സംസ്ഥാനവും ബി.ജെ.പി ഭരിക്കുന്ന അനുകൂല അന്തരീക്ഷം പ്രയോജനപ്പെടുത്താനും രാജസ്ഥാനിൽ ബി.ജെ.പിക്ക് കഴിഞ്ഞില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി വസുന്ധര രാജെയുമായുള്ള ഈഗോയുടെ ഏറ്റുമുട്ടൽ കേന്ദ്ര-സംസ്ഥാന സഹകരണത്തെ സാരമായി ബാധിച്ചു.
കർഷക പ്രതിസന്ധി, മരുഭൂമി സംസ്ഥാനത്തിലെ രൂക്ഷമായ ജലക്ഷാമം, വൈദ്യുതി ക്ഷാമം തുടങ്ങിയ പ്രശ്നങ്ങൾക്കൊപ്പം നോട്ട് അസാധുവാക്കൽ, ജി.എസ്.ടി പൊല്ലാപ്പുകൾ, ഇന്ധനവില വർധന തുടങ്ങി കേന്ദ്ര സർക്കാറിെൻറ സംഭാവനകൾ കൂടിയായപ്പോൾ കഥ പൂർണം. വ്യാപാരികളടക്കം, ബി.ജെ.പിയുടെ വോട്ടുബാങ്കായ മധ്യവർഗം ഏറെ അസ്വസ്ഥരാണ്. രാജസ്ഥാനിലാണെങ്കിൽ പാർട്ടികളെ മാറിമാറി പരീക്ഷിക്കുന്നതാണ് ചരിത്രം. ബി.ജെ.പിയോടു തീപാറുന്ന പോരാട്ടത്തിന് കോൺഗ്രസ് കെൽപുകാട്ടുന്ന സംസ്ഥാനവുമാണ്. പക്ഷേ, വസുന്ധരയോടുള്ള പലവിധ അമർഷങ്ങൾ മാറ്റിവെച്ച് കാര്യമായി കളത്തിലിറങ്ങാതിരിക്കാൻ ബി.ജെ.പിയിലെ എതിരാളികൾക്ക് വയ്യ. വസുന്ധരയല്ല, ബി.ജെ.പി ജയിക്കേണ്ടത് മോദി-അമിത് ഷാമാരുടെ ആവശ്യമാണ്.
സെമിഫൈനൽ മത്സരങ്ങളുടെ ഫലം വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള പ്രതിച്ഛായ കൂടിയാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ട് എല്ലാ ഉപായങ്ങളും പയറ്റുകയാണ് ബി.ജെ.പി. മേനിപറയാനില്ലാത്ത ഭരണത്തെവിട്ട് വർഗീയ ഇളക്കങ്ങളുടെ അകമ്പടിയോടെയാണ് പ്രചാരണം മുന്നോട്ടുനീങ്ങുന്നത്. പക്ഷേ, താരങ്ങൾക്ക് പഴയപോലെ കൈയടി കിട്ടുന്നില്ല. പ്രചാരണ യോഗങ്ങളിൽ പഴയ ആവേശത്തിരയിളക്കമില്ല. ബി.ജെ.പി തോൽവി മണക്കുന്നു. പക്ഷേ, ആത്മവിശ്വാസം പിന്നെയും വളർത്തുന്നത് ആർ.എസ്.എസിെൻറ ചിട്ടയായ പ്രവർത്തനമാണ്. താഴെത്തട്ടിൽ കൃത്യമായ കരുനീക്കങ്ങൾ നടക്കുന്നു. 10 വോട്ടർമാർക്ക് ഒരാൾ എന്ന കണക്കിലുള്ള സംഘാടന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ശക്തമായൊരു പ്രതിപക്ഷം ഉള്ളപ്പോൾ തന്നെ, ഭരണത്തോടുള്ള കടുത്ത അമർഷത്തെ ജാതി സമവാക്യങ്ങളും വർഗീയ ചേരുവകളും കൊണ്ട് അതിജീവിക്കാൻ കഴിയുമോ എന്ന് രാജസ്ഥാൻ പറഞ്ഞുതരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.