Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightശരിയാകാത്ത പൊലീസ്

ശരിയാകാത്ത പൊലീസ്

text_fields
bookmark_border
protest on walayar case
cancel




എല്ലാം ശരിയാകും എന്ന പ്രതീക്ഷ നൽകി അധികാരമേറ്റ എൽ.ഡി.എഫ് സർക്കാർ അഞ്ചുകൊല്ല കാലാവധി പൂർത്തിയാക്കാൻ പോകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം നൽകുന്ന ആത്മവിശ്വാസത്തോടെ തുടർഭരണം എന്ന മോഹം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫിനെ നയിക്കുന്ന സി.പി.എം.

വെള്ളപ്പൊക്കവും വൈറസ് രോഗങ്ങളും അസാധാരണമായ വെല്ലുവിളികൾ ഉയർത്തിയ കാലമായിരുന്നു ഈ സർക്കാറി​േൻറത്. അവയെ നല്ലനിലയിൽ നേരിടാൻ സർക്കാറിന് കഴിഞ്ഞു. കേന്ദ്ര ഏജൻസികളുടെ അനന്തമായി തുടരുന്ന കുംഭകോണ അന്വേഷണങ്ങൾ മുഖ്യമന്ത്രിയുടെ ആപ്പീസിലെ ചില ഉദ്യോഗസ്ഥരെ സംശയത്തി​െൻറ നിഴലിൽ നിർത്തിയിരുന്നു. അത് തദ്ദേശ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം വലിയ പ്രസക്തിയുള്ള വിഷയമായിരുന്നില്ല. തെരഞ്ഞെടുപ്പിനെ അത് ബാധിച്ചതുമില്ല.

എല്ലാം ശരിയായോ എന്ന ചോദ്യം ഈ തെരഞ്ഞെടുപ്പിനുശേഷവും പ്രസക്തമാണ്. കാരണം, ഒരു തെരഞ്ഞെടുപ്പ്​ വിജയവും എല്ലാം ശരിയായതി​െൻറ തെളിവല്ല. ശരിതെറ്റുകൾ തീരുമാനിക്കേണ്ടത് ധാർമികമൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ്. കോൺഗ്രസ് സഖ്യം 1977ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയ വിജയംകൊണ്ട് കെ. കരുണാകരന് രാജ​െൻറ കൊലപാതകത്തി​െൻറ പാപഭാരം മറികടക്കാനായില്ലെന്ന് ഓർക്കുക. പൊലീസി​െൻറ ഭാഗത്ത് ഒരു വീഴ്ചയുണ്ടായപ്പോൾ ആഭ്യന്തര വകുപ്പ് മറ്റൊരാളെ ഏൽപിക്കാൻ ഇ.എം.എസ് നമ്പൂതിരിപ്പാടിനോട് പറയാൻ കെൽപുള്ള പാർട്ടിയായിരുന്നു അവിഭക്ത സി.പി.ഐ. ഈ സർക്കാറിെൻറ കാലത്ത് ആവർത്തിച്ചാവർത്തിച്ചു കേട്ട വാക്യമാണ് 'പൊലീസിന് വീഴ്ച പറ്റി' എന്നത്. എല്ലാവരും അപ്പം തിന്നുകയാണ്. ആരും കുഴി എണ്ണുന്നില്ല.

വീഴ്ചകളുടെ കണക്കു നോക്കിയാൽ കരുണാകര​െൻറ അടിയന്തരാവസ്ഥക്കാലത്തെ റെക്കോഡ് പിണറായി വിജയൻ ഭേദിച്ചു കഴിഞ്ഞതായി കാണാം. കരുണാകരന്​​ വേണ്ടപ്പെട്ട ചില പൊലീസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം പൊലീസുകാർക്ക് കോൺഗ്രസ് അംഗത്വം നൽകിയില്ല. യൂത്ത് കോൺഗ്രസുകാരെ പൊലീസിൽ കുത്തിക്കയറ്റിയെന്ന ആക്ഷേപവും ആരും ഉയർത്തിയില്ല.

പിണറായി വിജയ​െൻറ പൊലീസ് ബന്ധം മന്ത്രിയാകും മുമ്പ് തുടങ്ങിയതാണ്. പാർട്ടി സെക്രട്ടറിയായിരിക്കെ തിരുവനന്തപുരം ജില്ലയിലെ ഒരു പാർട്ടി നേതാവ് പാർട്ടി അംഗങ്ങളായ രണ്ടു പൊലീസുകാരുണ്ടെന്ന് ഡി.ജി.പിക്കെഴുതി. ആ പൊലീസുകാരെ പാർട്ടി തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന മിതമായ ആവശ്യമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. അതിനുശേഷം ചിലയിടങ്ങളിൽ പൊലീസ് ഘടകങ്ങളുണ്ടെന്നും അതിലെ അംഗങ്ങൾ പാർട്ടിയാപ്പീസുകളിൽ യോഗം ചേർന്നതായും വാർത്ത വന്നു. വിദ്യാർഥി യുവജന സംഘടനകളിലൂടെയാണ് യുവാക്കൾ പാർട്ടിയിലെത്തുന്നത്. ജോലി നേടുന്നതിന് മുമ്പ് പോഷകസംഘടനകളുമായോ പാർട്ടിയുമായി തന്നെയോ ബന്ധപ്പെട്ടിരുന്നതി​െൻറ പേരിൽ ഒരാൾക്ക് നിയമനം നിഷേധിക്കുന്നത് നീതിപൂർവകമാകില്ല. എന്നാൽ പൊലീസ് സേനയിൽ ചേർന്നശേഷമുള്ള പാർട്ടിപ്രവർത്തനം നമ്മുടെ ഭരണസംവിധാനത്തിൽ അനുവദനീയമല്ല.

150 പാർട്ടി ബന്ധുക്കൾക്ക് സർവകലാശാലയിൽ ജോലി തരപ്പെടുത്താൻ മത്സരപ്പരീക്ഷ എഴുതിയ 40,000 പേരുടെ ഉത്തരക്കടലാസുകൾ മുക്കിയ ചരിത്രമുള്ള നാടാണ് നമ്മുടേത്. ഒരു കാമ്പസ് കൊലപാതകം സംബന്ധിച്ച് അറസ്​റ്റ്​ ചെയ്യപ്പെട്ട ഒരാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ മത്സരപ്പരീക്ഷയിൽ പാസാകാനുള്ള മാർക്ക് നേടാൻ കഴിയാഞ്ഞ പോഷക സംഘടനാ പ്രവർത്തകന് ഇൻറർവ്യൂ സമയത്ത് ദാനംചെയ്ത മാർക്കി​െൻറ ബലത്തിൽ പൊലീസ് റാങ്ക്​ലിസ്​റ്റിൽ ഒന്നാംസ്ഥാനം നേടാനായതായി വെളിപ്പെട്ടിരുന്നു. ഇടതുപക്ഷ നേതൃത്വത്തി​െൻറയും അണികളുടെയും സ്വഭാവത്തിലേക്ക് ആ സംഭവം വെളിച്ചം വീശുന്നു.

ഓരോ ഫയലിലും ഓരോ ജീവനുണ്ടെന്ന് സർക്കാർ ജീവനക്കാരെ മുഖ്യമന്ത്രി ഒരിക്കൽ ഓർമപ്പെടുത്തി. മുക്കപ്പെടുന്ന മത്സരപ്പരീക്ഷ കടലാസുകളിലും പൊലീസ് അന്വേഷണക്കടലാസുകളിലും ഒന്നോ അതിലധികമോ ജീവനുകൾ തൂങ്ങിക്കിടപ്പുണ്ടാകും. മൂന്നു കൊല്ലം മുമ്പ് പാലക്കാട്ട് വാളയാറിൽ പ്രായപൂർത്തിയാകാത്ത രണ്ട്​ ദലിത് പെൺകുട്ടികൾ ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ടെന്ന ആരോപണം ഉയർന്നു. സി.പി.എം ബന്ധമുള്ള പ്രതികളെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായും ആരോപണമുണ്ടായി. പോക​്​സോ കോടതിയിൽ പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറി. പ്രതീക്ഷിച്ചപോലെ വിചാരണകോടതി പ്രതികളെ വെറുതെ വിട്ടു. അന്വേഷണം നടത്തിയ പൊലീസ്​ ഉദ്യോഗസ്ഥനു സർക്കാർ സ്ഥാനക്കയറ്റം നൽകി. ഒരു പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകനെ സർക്കാർ ജില്ല പോക്​സോ ബോർഡ് അധ്യക്ഷനാക്കി.

രണ്ടു ദിവസം മുമ്പ് ഹൈകോടതി വിചാരണകോടതിയുടെ വിധി റദ്ദാക്കുകയും പുനർവിചാരണക്ക് ഉത്തരവിടുകയും ചെയ്തു. മരിച്ച പെൺകുട്ടികളുടെ അമ്മയും ഏതാനും മനുഷ്യാവകാശ പ്രവർത്തകരും വിഷയം പിന്തുടർന്നതി​െൻറ ഫലമായാണ് കേസ് ഇത്ര ദൂരം എത്തിയത്. സർക്കാർ ബന്ധുജന സംരക്ഷണനയം തുടരുന്നിടത്തോളം ഒടുവിൽ നീതിപൂർവകമായ തീരുമാനമുണ്ടാകുമോ എന്ന ആശങ്കയും തുടരും.

നെയ്യാറ്റിൻകരയിൽ ഈയിടെ നടന്ന ക്രൂരമായ കുടിയൊഴിപ്പിക്കൽ നിയമവാഴ്ച നിലനിൽക്കുന്ന ഒരു പരിഷ്കൃതസമൂഹം എന്ന്​ അവകാശപ്പെടാനുള്ള നമ്മുടെ അർഹത നഷ്‌ടപ്പെടുത്തിയിരിക്കുന്നു. ഒഴിപ്പിക്കൽ നടപടിക്ക്​ ഉത്തരവിട്ട കോടതി തന്നെ അപ്പീൽ നൽകാനായി സമയം അനുവദിച്ചിരുന്നു. ഹൈകോടതി അപ്പീൽ സ്വീകരിച്ചു സ്​റ്റേ ഉത്തരവ് നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ആ ഒഴിപ്പിക്കൽ നടപടി നിയമവിരുദ്ധവും അത് നടപ്പാക്കാൻ നിർദേശം നൽകിയവരും നടപ്പാക്കിയവരും കുറ്റവാളികളാണ്. നിയമവിരുദ്ധമായ ആ ഒഴിപ്പിക്കലിനിടെ ജീവൻ നഷ്‌ടപ്പെട്ട ദമ്പതികളുടെ മരണത്തിനുള്ള ഉത്തരവാദിത്തവും അവർക്കുണ്ട്. അവർക്കെതിരെ ഒരു നടപടിയുമെടുക്കാതെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് സർക്കാർ. അനാഥരായ കുട്ടികൾക്ക് സർക്കാർ പാർപ്പിടവും വിദ്യാഭ്യാസസഹായവും പ്രഖ്യാപിച്ചിരിക്കുന്നു. കുറ്റവാളികൾ നിയമത്തി​െൻറ കൈയിൽപെടാതെ രക്ഷപ്പെടു ന്നു. അവർ ചെയ്ത കുറ്റത്തിനുള്ള നഷ്​ടപരിഹാരം നികുതിദായകർ നൽകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:walayar case
Next Story