മാവോ രണ്ടാമൻ
text_fieldsപിൻമുറക്കായി യുവരക്തങ്ങളെയൊന്നും അടുപ്പിക്കാതിരിക്കാൻ ബദ്ധശ്രദ്ധ പുലർത്തിയതിലൂടെ ആജീവനാന്ത അധ്യക്ഷനായി സ്വയം അവരോധിക്കുകയായിരുന്നു ഇൗ അറുപത്തിനാലുകാരൻ. അടുത്ത പാർട്ടി കോൺഗ്രസിലും പാർട്ടിയുടെയും രാജ്യത്തിെൻറയും ബാറ്റൺ ആർക്കും കൈമാറാൻ ഉദ്ദേശ്യമില്ലെന്നുറപ്പ്. 2027ലെ 21ാം കോൺഗ്രസ് വരെയെങ്കിലും തുടരുമെന്ന് ഏതാണ്ടെല്ലാവരും ഉറപ്പിക്കുേമ്പാൾ 2032ലെ 22ാം കോൺഗ്രസിലേക്കു വരെ നേതാവ് സ്ഥാനം കൊണ്ടുപോകുമോ എന്ന ജിജ്ഞാസുക്കളും കുറവല്ല. മുൻ നേതാവ് ദെങ് സിയാവോപിങ്ങിനെ പോലെ ‘പരമോന്നത നേതാവ്’ പദവി വിശേഷണമായി എടുത്തണിഞ്ഞ ഷി കഴിഞ്ഞ വർഷം ‘കോർ ലീഡർ’ ആയി സ്വയം ഉയർന്നപ്പോൾതന്നെ ഇപ്പോഴത്തെ പാർട്ടി തെരഞ്ഞെടുപ്പിെൻറ ഫലം വ്യക്തമായതാണ്. അതുെകാണ്ടുതന്നെ ഇത്തവണ അധികാരം ആവർത്തിച്ചുറപ്പിക്കുേമ്പാൾ എന്തെല്ലാം പിൻകരുതലുകളാണ് അദ്ദേഹം ഒരുക്കുന്നത് എന്നു മാത്രമേ ലോകത്തിന് അറിയാനുണ്ടായിരുന്നുള്ളൂ. അവരുടെ പ്രതീക്ഷയൊന്നും ഷി തെറ്റിച്ചില്ല. ചെയർമാൻ മാവോയുടെ നിഴൽ മാൻ ആയി ഒതുങ്ങാതെ അതിനുമപ്പുറം പോകാനുള്ള തയാറെടുപ്പിലാണെന്ന് പാർട്ടി പരിഷ്കരണങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു.
ചൈനീസ് പാർട്ടി നേതൃസ്ഥാനത്തേക്ക് പിൻഗാമികളെ തെരഞ്ഞെടുക്കുന്നത് രഹസ്യ സ്വഭാവത്തിലാണ് എന്നു പറയുേമ്പാൾ അത് ഉൾപാർട്ടി ജനാധിപത്യതത്ത്വങ്ങൾ മാനിക്കാനാണെന്ന് ധരിക്കേണ്ട. ഉന്നത നേതാക്കളുടെ ഒരു സംഘം രഹസ്യസംഭാഷണങ്ങളിലൂടെയാണ് അവെര കണ്ടെത്തുന്നത്. അവിടെയും ചിലർ മറ്റു ചിലരെക്കാൾ സമന്മാരാകുന്ന പ്രവണതയുമുണ്ട്. രണ്ടു തട്ടിൽനിന്നാണ് നേതൃപദവിയിൽ ആളെത്തിപ്പെടുന്നത്. ഉന്നത നേതാക്കളുടെ ‘രാജകുമാരന്മാരാ’യി എത്തുന്നവരാണൊന്ന്. താഴെ തട്ടിൽനിന്ന് പോസ്റ്ററൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും ‘തുവാൻപെയ്’ എന്ന യൂത്ത് ലീഗ് ഫാക്ഷൻ വഴി കടന്നുവരുന്നവർ വേറെയും ^മുൻഗാമി ഹു ജിൻറാവോയെ പോലെ. എന്നാൽ, ഇൗ രണ്ടു വിശേഷണങ്ങളും ഒരുപോെല ഒത്തുചേർന്നിരിക്കുന്നു ഷിയിൽ.
രണ്ടാം ലോകയുദ്ധത്തിെൻറ കാറ്റും കോളുമടങ്ങി, ചൈനയിൽ കമ്യൂണിസ്റ്റ് ഭരണം വന്ന് അഞ്ചാണ്ടു കഴിഞ്ഞ് 1953 ജൂൺ 15ന് ബെയ്ജിങ്ങിലായിരുന്നു ഷി ജിൻപിങ്ങിെൻറ ജനനം. പിതാവ് ഷി ഴോങ്സുൻ പാർട്ടി സ്ഥാപകനേതാക്കളിലൊരാളും പ്രോപഗണ്ട തലവൻ, വൈസ് പ്രസിഡൻറ്, നാഷനൽ പീപ്ൾസ് കോൺഗ്രസ് വൈസ് ചെയർമാൻ സ്ഥാനങ്ങൾ വഹിച്ച മഹാനും. എന്നാൽ, വിധിവൈപരീത്യം പ്രതിവിപ്ലവകാരിയുടെ വേഷത്തിൽ പിതാവിനെ വേട്ടയാടി. 1962ൽ പാർട്ടിയിലെ വെട്ടിനിരത്തലിൽ പെട്ട് തിരസ്കൃതനായി ഹെനാൻ പ്രവിശ്യയിലെ ലുയാങ്ങിൽ ഫാക്ടറിജോലിക്കു നിയോഗിതനായി. മാവോയുടെ സാംസ്കാരിക വിപ്ലവം കൊടുമ്പിരികൊണ്ടപ്പോൾ പിതാവ് ജയിലിലായി.
ഷിയുടെ പഠനം മുടങ്ങി. പതിനഞ്ചുകാരൻ കമ്യൂണിസ്റ്റ് ശിക്ഷാവിധിയിലെ കാർഷികവൃത്തി അഭ്യസിക്കാനായി വടക്കുപടിഞ്ഞാറൻ ചൈനയിൽ ഷാങ്ഷി പ്രവിശ്യയിലെ ലിയാങ്യാ ഗ്രാമത്തിലേക്ക് ‘നാടുകടത്തപ്പെട്ടു’. പകൽ കർഷകർക്കൊപ്പം ഉഴുതും കിളച്ചും രാത്രി വയലോര കൂരകളിൽ ചുടുകട്ടകൾ തലയ്ക്കുവെച്ച് ഉറങ്ങിയും ഏഴു വർഷം കഴിച്ചുകൂട്ടി. നിലം കിളച്ചുമറിച്ചും വിത്തെറിഞ്ഞും മെതിച്ചും ചാണകം ചുമന്നും എല്ലാതരം ജോലിയുമെടുത്ത വിശ്രമമില്ലാത്ത നാളുകളായിരുന്നു അതെന്ന് ഷി ഇപ്പോൾ അഭിമാനപൂർവം ഒാർക്കുന്നു. എല്ലാം അച്ഛെൻറ മകനായതിനു ലഭിച്ച ശിക്ഷ. എന്നാൽ, പാർട്ടിയുടെ ശിക്ഷയത്രയും ശിക്ഷണമായി ഏറ്റുവാങ്ങിയ പിതാവിെൻറ പിന്തുടർച്ചക്കാരനായി താനും എന്നും കൂട്ടിച്ചേർക്കുന്നുണ്ട്. എല്ലാം ഏൽക്കേണ്ടി വന്നിട്ടും അച്ഛെൻറ കമ്യൂണിസ്റ്റ് വിശ്വാസത്തിൽ കുലുക്കമുണ്ടായില്ല. പാർട്ടിയാണ് മഹത്തരവും ഏറ്റവും ശരിയായതുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചുവെന്ന് ഷി. ആ പാത പിന്തുടരാൻ തീരുമാനിച്ചെങ്കിലും പാർട്ടി കനിഞ്ഞില്ല.
ആറേഴുവട്ടം ആട്ടിവിട്ട ശേഷം 1974ൽ അംഗത്വ അപേക്ഷ സ്വീകരിക്കപ്പെട്ടു. അതിൽ പിടിച്ചുകയറിയ ഷി മേൽത്തട്ടിലേക്കെത്താൻ കഠിനാധ്വാനം ചെയ്തു വിജയിച്ചതാണ് പിൽക്കാല ചരിത്രം. ഹെബി പ്രവിശ്യയിലെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തുടക്കം. 1975ൽ ബെയ്ജിങ്ങിലെ പ്രശസ്തമായ സിങ്ഹുവ കലാശാലയിൽനിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. കോഴ്സ് കാർഷിക, സൈനിക, പാർട്ടി പരിശീലനമൊക്കെ ഉൾച്ചേർന്നതായിരുന്നു. അതിനുശേഷം നാലു വർഷം സൈനികനേതൃത്വത്തിനു കീഴിൽ സെക്രട്ടറിയായി തൊഴിലും തുടങ്ങി. ചൈനീസ് പ്രസിഡൻറുമാരിൽ കൂടുതൽ സൈനികസേവന പരിചയം നേടിയെന്ന യോഗ്യത അതോടെ സ്വന്തം. ഇതിനിടെ 1985ൽ അമേരിക്കയിലേക്ക് നടത്തിയ രണ്ടാഴ്ചയിലെ സന്ദർശനമാണ് മുതലാളിത്തപ്രതിയോഗിയെക്കുറിച്ച അനുഭവ പരിചയം നൽകിയത്. 1998 മുതൽ പിന്നെയുമൊരു നാലു കൊല്ലം കമ്യൂണിസ്റ്റ് ദർശനം പഠിച്ചു. നിയമത്തിൽ സിങ്ഹുവയിൽനിന്ന് ഡോക്ടറേറ്റും നേടി.
അങ്ങനെ മാളികയിൽ പിറന്ന്, മണ്ണിൽ പണിതു വളർന്നാണ് അടിവെച്ചുകയറി പാർട്ടിയുടെയും രാജ്യത്തിെൻറയും പരമോന്നതസ്ഥാനത്ത് എത്തിയത്. പിന്നെ അതു ഭദ്രമാക്കാനായി എല്ലാ ശ്രമവും. 2012ൽ ആദ്യവട്ടം പാർട്ടി ആധിപത്യം കൈയിൽ കിട്ടിയപ്പോൾതന്നെ കേന്ദ്രകമ്മിറ്റിയുടെയും പോളിറ്റ്ബ്യൂറോയുടെയും അംഗസംഖ്യ വെട്ടിച്ചുരുക്കി തുടങ്ങി. 18ാം ദേശീയ കോൺഗ്രസിൽ ഒമ്പതുണ്ടായിരുന്ന സ്റ്റാൻഡിങ് കമ്മിറ്റിയുെട അംഗബലം ഏഴാക്കി ചുരുക്കി. എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറിനെ നീക്കി വെൻ ജിയബാഒായെ വൈസ്പ്രസിഡൻറാക്കി. സ്റ്റാൻഡിങ് കമ്മിറ്റി, സ്റ്റേറ്റ് കൗൺസിൽ, കേന്ദ്ര സൈനികകമീഷൻ എന്നീ മൂന്നു പ്രധാന നേതൃതല സമിതികളിലെ 70 ശതമാനം പേരെയും മാറ്റി. അതിൽ പിന്നെ അഴിമതിക്കെതിരായ കുരിശുയുദ്ധം പാർട്ടിക്ക് അകത്ത് ആരംഭിച്ചു. സംഘടന ശുദ്ധീകരണത്തിനെന്ന് ഷിയും ആരാധകരും പറയുമെങ്കിലും സ്വന്തം ആധിപത്യം ആജീവനാന്തം ഉറപ്പിക്കുന്നതിനുള്ള അടവുകളാണൊക്കെയും എന്നതു സത്യം. പഴയ തിരസ്കൃതെൻറ അടിത്തട്ടു ജീവിതം ജനപ്രീതി വർധിപ്പിക്കാനായി മുതൽക്കൂട്ടി.
മുതലാളിത്തം അടുത്തറിയുന്നതും അവലോകനം ചെയ്യുന്നതും കൊള്ളാം, എന്നാൽ മാർക്സിസം വെടിഞ്ഞുപോകരുത് എന്ന് അണികൾക്ക് മുന്നറിയിപ്പു നൽകുന്ന നേതാവ് പക്ഷേ, എവിടെയാണ് എന്ന കാര്യത്തിൽ എല്ലാവർക്കും ആശയക്കുഴപ്പം. പാട്ടുകാരിയായ ഗ്ലാമർഗേൾ പെങ് ലീ യുവാനെയാണ് മറുപാതിയായി കൂട്ടിയത്. മുൻ മുരടൻ നേതാക്കളിൽനിന്ന് ഭിന്നമായി സംഗീതവും കലാപരിപാടികളുമൊക്കെ ആസ്വദിക്കുന്ന കൂട്ടത്തിലാണ്. എന്നാൽ പാർട്ടിയുടെ, അധികാരത്തിെൻറ നയാ യെൻ സ്വന്തം കാര്യത്തിനുപയോഗിക്കരുതെന്നും നിശാക്ലബുകൾക്കും കലാപരിപാടികൾക്കും പൊതുപണം തൊട്ടുകൂടെന്നുമൊക്കെ നിർബന്ധമുണ്ട്. മുതലാളിത്തം സ്വകാര്യജീവിതത്തിൽ സ്വാംശീകരിക്കുന്നതിനോട് പ്രയോഗതലത്തിൽ എതിർപ്പൊന്നുമില്ല. എന്നാൽ മനുഷ്യാവകാശം, ആവിഷ്കാരസ്വാതന്ത്ര്യം എന്നൊക്കെയുള്ള അവരുടെ ഉഡായിപ്പുകൾ അത്രകണ്ട് ദഹിക്കുന്നില്ല. അതിനാൽ, മീഡിയ ഏതിനമായാലും അതിൽ സ്വാതന്ത്ര്യത്തിനൊന്നും ചോദിക്കരുത്. മൊബൈലിലും ടാബിലും ചൈനീസ് പയ്യന്മാർക്ക് കളിക്കാൻ 19ാം കോൺഗ്രസിൽ 19 സെക്കൻഡിന് പരമാവധി കൈയടി നേതാവിനു കൊടുക്കാനുള്ള പ്രത്യേക ആപ്പ് വരെ സംവിധാനിച്ചിട്ടുണ്ട്. ആ കളിയൊക്കെ വിട്ട് ടിയാനൻമെൻ സ്ക്വയറിനെക്കുറിച്ചൊന്നും ഒാർക്കാനും പറയാനും വരരുത്. അങ്ങനെ എല്ലാ അർഥത്തിലും രണ്ടാം മാവോ മുണ്ടു മുറുക്കുന്നതാണ് ബെയ്ജിങ്ങിൽ സംഭവിച്ചിരിക്കുന്ന പുതിയ ഒക്ടോബർ വിപ്ലവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.