അക്ഷരം തുന്നിയുടുത്ത് നമുക്ക് കോമാളികളാകാം
text_fieldsസരസനായ ഒരാള്‍ ഈയിടെ ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ പ്രസംഗിക്കുന്നത് കേട്ടു. “ഓടക്കുഴല്‍, മയില്‍പ്പീലി, കുങ്കുമം അവാര്‍ഡൊന്നും ഞാന്‍ വാങ്ങില്ല. അതൊക്കെ ഹൈന്ദവചിഹ്നങ്ങളാണ്. പകരം, ചന്ദ്രിക സോപ്പ് അവാര്‍ഡ് തന്നാല്‍ രണ്ടു കൈയുംനീട്ടി വാങ്ങും. കാരണം, അതില്‍ ചന്ദ്രക്കലയുണ്ട്...”
എന്താണ് ഇതിന്‍െറ മാനദണ്ഡം? ആലോചിച്ചപ്പോഴല്ളേ പിടികിട്ടിയത്. ചിഹ്നങ്ങളൊക്കെ വര്‍ഗീയവത്കരിക്കപ്പെട്ടിരിക്കുന്നു. കാലം അതിന്‍െറ നേര്‍രേഖ കടന്നിരിക്കുന്നു. മഹാത്മാ ഗാന്ധിയെ അതിരു കടത്തിയിരിക്കുന്നു. വരും തലമുറക്ക് ‘ഗാന്ധിജി ഏക് ചില്ലിട്ട കഹാനി’ ആയിരിക്കുന്നു. ചില്ലിട്ടുതൂക്കിയ ഫ്രെയിമില്‍നിന്ന് ചര്‍ക്കയും നൂലും പിഴുതെടുക്കപ്പെട്ടിരിക്കുന്നു. ഈ അവസ്ഥയിലായിരിക്കണം, ഒരുപക്ഷേ സരസനായ പ്രസംഗകന്‍ നേരത്തേ ചിഹ്നവ്യവസ്ഥയെ പരിഹസിച്ചത്.
എഴുത്തുകാരൊക്കെ എഴുത്ത് നിര്‍ത്തണോ തുടരണോ എന്ന ആധിയിലാണ്. എന്തെഴുതണം? എങ്ങനെ എഴുതണം? എഴുതിക്കഴിഞ്ഞാല്‍ ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകുമോ?
പൊതുവെ സാഹിത്യകാരന്മാര്‍ ഗര്‍ഭം ധരിക്കാറുണ്ടെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ഇപ്പോഴാണ് ആ ഗര്‍ഭത്തിന്‍െറ പൊരുള്‍ മനസ്സിലായത്. അത് സര്‍ഗാത്മകമായ ഗര്‍ഭമാണ്. ആശയം ചുമന്നുകൊണ്ടുള്ള കാത്തിരിപ്പ്. എപ്പോഴാണ് പ്രസവം എന്നറിയില്ല. അതുവരെ ഒരുതരം അസ്വസ്ഥത പ്രകടിപ്പിക്കും. കടലാസിലേക്കോ കമ്പ്യൂട്ടറിലേക്കോ അതൊന്നു വാര്‍ന്നുവീണാല്‍...
ഹാ, പിന്നെ ആശ്വാസമായി.ആ ആശ്വാസത്തിലേക്കാണ് ഇപ്പോള്‍ മഴു വീണത്. എറിഞ്ഞത് പരശുരാമനൊന്നുമല്ല; സാക്ഷാല്‍ സംഘ്പരിവാരങ്ങളാണ്.
അതെ, എങ്ങനെ എഴുതണം?
കഥാപാത്രത്തിന് ഏതു പേരിടണം?
കുറി വേണോ തൊപ്പി വേണോ?
അതോ വെന്തിങ്ങ മതിയോ?
സാംസ്കാരികം ഏതു ചിഹ്നത്തില്‍ പറഞ്ഞുനിര്‍ത്തണം ?
കലാസാഹിത്യത്തില്‍നിന്നു നമ്മുടെ പൈതൃകം ഇത്ര പെട്ടെന്ന് എങ്ങോട്ടാണ് ഒഴുകിപ്പോയത്?
പ്രസിദ്ധീകരിക്കാന്‍ ഏറ്റെടുത്ത പുസ്തകം പ്രസാധകര്‍ തിരിച്ചുകൊടുക്കുന്നു. അഭിനയിക്കാന്‍ ധാരണയായ കഥാപാത്രത്തില്‍നിന്ന് നടി പിന്മാറുന്നു. ഇങ്ങനെ പോയാല്‍ സംവിധായകര്‍ തിയറ്ററില്‍തന്നെ കട്ട് പറയേണ്ടിവരും. എഴുത്തുകാര്‍ വായനശാലയില്‍ ആത്മഹത്യ ചെയ്യേണ്ടിവരും. തെരുവില്‍ പുസ്തകങ്ങള്‍ കത്തിക്കേണ്ടിവരും.
വര്‍ത്തമാനം വഴിവിട്ടുപോകുന്നു. അഭിനേതാവ് വേഷം അഴിച്ചുവെക്കുന്നു. എഴുത്തുകാര്‍ അവരുടെ രചനകളെ മാറ്റിപ്പണിയുന്നു. കാലമേ, പണ്ടത്തെ എഴുത്ത് വിശപ്പായിരുന്നു. രാഷ്ട്രീയമായിരുന്നു. സമരമായിരുന്നു. ബീഡിയും തീപ്പെട്ടിയുമായിരുന്നു. പാട്ടബാക്കിയും അച്ഛനും ബാപ്പയുമായിരുന്നു. ഇന്നതൊക്കെ മാറി. അല്ളെങ്കില്‍ മാറ്റി.
നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിക്കു പകരം നിങ്ങളെന്നെ മതഭ്രാന്തനാക്കി. ഇല്ലാതാക്കി. വീട്ടിലെ കറിക്കത്തിപോലും ആയുധങ്ങളായി. അടുത്തുനില്‍ക്കുന്നവന്‍െറ നെഞ്ചിലെ തുളയായി. അടുക്കള ആയുധപ്പുരകളായി. യുദ്ധം പറമ്പിലേക്കും വീട്ടിലേക്കും കടന്നുകയറി.
പണ്ടേ വേവിച്ചുതിന്നാനാണ് പൂര്‍വികര്‍ നമ്മെ പഠിപ്പിച്ചത്. ഇപ്പോള്‍ പച്ചക്കു തിന്നാനാണ് നമുക്കിഷ്ടം. ഇവിടെ ‘പച്ച’ എന്നു പറയുമ്പോഴും സൂക്ഷിക്കണം. നിറംപോലും നഷ്ടപ്പെട്ട, പറയാന്‍ സ്വാതന്ത്ര്യമില്ലാത്ത ഈ കെട്ട കാലത്ത്.
ചിരിക്കേണ്ട, അക്ഷരം തുന്നിയുടുത്ത് നമുക്ക് കോമാളികളാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.