തമ്മിൽ തല്ലിക്കുന്ന, ആളെ കൊല്ലുന്ന വ്യാജ വാർത്തകൾ
text_fieldsസമൂഹ മാധ്യമത്തിന്റെ അതിവേഗ ലോകത്ത്, ഓരോ ദിവസവും നമ്മെ തേടി വ്യാജ വാർത്തകളെത്തുന്നുണ്ട് . ഇന്ന് വസ്തുനിഷ്ഠമായ വാർത്തകളെക്കാൾ സംഘടിതവും വ്യവസ്ഥാപിതവുമായ രീതിയിലാണ് വ്യാജ വാർത്തകൾ പ്രചരിക്കുന്നത്. ഏറ്റവും അപകടകരവും ഖേദകരവുമായ കാര്യം പലരും അവരറിയാതെ വ്യാജ വാർത്ത പ്രചാരകരായി മാറുന്നു എന്നതാണ്. വാട്സ്ആപ്പിലൂടെ ലഭിക്കുന്ന തെറ്റായ വിവരങ്ങൾ സത്യമാണെന്ന് വിശ്വസിച്ച് മറ്റുള്ളവരുമായി പങ്കിടുമ്പോൾ അതിൽ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് ഓർക്കാറില്ല.
വെറുമൊരു ഏപ്രിൽ ഫൂൾ തമാശപോലെയല്ല, ആളുകളുടെ വിശ്വാസ്യത, മനോഭാവം, ധാരണകൾ എന്നിവ മാറ്റിയെടുക്കുന്നതിനും വിവിധ വിഷയങ്ങളിൽ താന്താങ്ങളുടെ താൽപര്യാനുസരണമുള്ള വ്യാഖ്യാനങ്ങളും ആഖ്യാനങ്ങളും സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് വ്യാജ വാർത്തകൾ സൃഷ്ടിച്ചുവിടുന്നത്. ഇത്തരം വാർത്തകൾ, അതു വായിക്കുന്നവരുടെ നിലപാടിലും സ്വഭാവത്തിലും മാറ്റം വരുത്തും. ഇതിനർഥം വ്യാജ വാർത്തകളുടെ കെണിയിൽ വീഴുന്ന ഒരാളിന്റെ വിശ്വാസങ്ങളും തീരുമാനങ്ങളും മറ്റാരുടെയോ അജണ്ടയാൽ നയിക്കപ്പെടുന്നു എന്നതാണ്.
നിരുപദ്രവമെന്ന് തോന്നുന്ന ചില വാർത്തകൾപോലും ഇതുപോലെ പുറത്തുവരാറുണ്ട്. അടുത്തിടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ഭൂരിഭാഗം പേരും സത്യമാണെന്നുതന്നെ വിശ്വസിക്കുകയും ചെയ്ത ഒരു വ്യാജ വാർത്തയുടെ കാര്യം പറയാം. ഇൻഫോസിസ് ചെയർമാൻ നാരായണമൂർത്തിയുടെ ഭാര്യ സുധാമൂർത്തിയെപ്പറ്റിയാണ് ഈ കഥ. അക്കഥ ഇങ്ങനെ: മിസിസ് ഭട്ടാചാര്യ മുംബൈയിൽനിന്ന് ബംഗളൂരുവിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ടിക്കറ്റ് പരിശോധകൻ ചിത്ര എന്നുപേരുള്ള ഒരു പെൺകുട്ടിയെ ടിക്കറ്റില്ലാതെ പിടികൂടുന്നു. മിസിസ് ഭട്ടാചാര്യ ആ പെൺകുട്ടിയുടെ ബംഗളൂരു വരെയുള്ള ടിക്കറ്റ് കാശ് കൊടുക്കുന്നു. വർഷങ്ങൾക്കുശേഷം മിസിസ് ഭട്ടാചാര്യ അമേരിക്കയിൽ ചെന്നപ്പോൾ ആരോ അവരുടെ റസ്റ്റാറന്റ് ബിൽ കൊടുത്തു എന്നറിയുന്നു. അന്വേഷിച്ചപ്പോൾ അത് അന്ന് ട്രെയിനിലുണ്ടായിരുന്ന ആ പെൺകുട്ടിയാണ്! പക്ഷേ, ഇന്ന് അവളുടെ പേര് ചിത്ര എന്നല്ല, സുധാമൂർത്തി എന്നാണ്. ഇൻഫോസിസ് ചെയർമാൻ നാരായണ മൂർത്തിയുടെ ഭാര്യ! ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ അമ്മായിയമ്മ!
തികച്ചും പ്രചോദനം നൽകുന്നതും സ്നേഹവും കരുണയും പ്രചരിപ്പിക്കുന്നതുമെന്ന മട്ടിൽ പ്രചരിക്കുന്ന ഈ കഥയിലെ കഥാപാത്രങ്ങളെ ബോധപൂർവം വ്യാജമായി പടച്ചുണ്ടാക്കിയതാണ്. സത്യത്തിൽ 'ദി ഡേ ഐ സ്റ്റോപ് ഡ്രിങ്ക് മിൽക്ക്' എന്ന കഥാസമാഹാരത്തിൽ സുധാമൂർത്തി എഴുതിയ ഒരു കഥയിലെ കഥാപാത്രങ്ങളുടെ പേരുമാറ്റി ഇതിലെ പെൺകുട്ടി സുധാമൂർത്തിയാണെന്ന് പറഞ്ഞുകൊണ്ടാണ് ഈ കഥ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഈ കഥമൂലം ആരെങ്കിലും അക്രമങ്ങൾക്കും വിദ്വേഷ പ്രവർത്തനങ്ങൾക്കും മുതിരാൻ സാധ്യതയില്ല എന്ന് ആശ്വസിക്കാമെങ്കിലും ഇത്തരം കള്ളങ്ങളും നിരുപദ്രവകരമെന്ന് എഴുതിത്തള്ളാനാവില്ല.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി വ്യാജ വാർത്തകൾ വരുത്തിവെച്ച ദുരന്തങ്ങൾ അനവധിയാണ്. പല വ്യാജ വാർത്തകളും സമൂഹത്തിൽ ഭീതി പരത്തിയിട്ടുണ്ട്, ഒരുമയോടെ ജീവിച്ചുപോന്ന ജനസമൂഹങ്ങൾക്കിടയിൽ ഭിന്നതയും വളർത്തിയിട്ടുണ്ട്. വാട്സ്ആപ് 'സർവകലാശാല'യിൽനിന്ന് പുറത്തുവരുന്ന പലതരം തെറ്റായ വിവരങ്ങളും സത്യമാണെന്ന രീതിയിൽ നിയമസാധുതപോലും നേടുകയുണ്ടായി. സ്വന്തം അയൽക്കാരനെപ്പോലും സംശയത്തിന്റെ കണ്ണോടെ നോക്കുന്ന ഒരവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല.
ആളുകളും സംഘടനകളും മാത്രമല്ല, സർക്കാറുകൾപോലും വ്യാജ വാർത്തകൾ പടച്ചുവിടുന്നു. ഇതിനു പിന്നിൽ രണ്ട് ലക്ഷ്യങ്ങളുണ്ട്. ഒന്നാമതായി, ജനാധിപത്യ പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസത്തെയും ഒരുമിച്ചു വർത്തിക്കാനുള്ള അവരുടെ കഴിവിനെയും ദുർബലപ്പെടുത്തി സാമൂഹിക ബന്ധം വഷളാക്കൽ. രണ്ടാമത്, പ്രധാനപ്പെട്ട പ്രശ്നങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കൽ.
തൊഴിലില്ലായ്മയും വിലക്കയറ്റവും ദാരിദ്ര്യവുമുൾപ്പെടെ നീറുന്ന പ്രശ്നങ്ങളാൽ ഒരുപോലെ വേദനിച്ചു കഴിഞ്ഞുപോകുന്ന ജനങ്ങൾക്കിടയിലേക്ക് ഭിന്നിപ്പിന് വഴിയൊരുക്കുംവിധത്തിലുള്ള വ്യാജ വാർത്തകൾ പടച്ചുവിടുന്നതോടെ നീറുന്ന വേദനകളും എരിയുന്ന വയറിന്റെ കാളലും മറന്ന് അവർ പരസ്പരം തമ്മിലടിക്കാൻ തുടങ്ങും. അടിസ്ഥാന ജീവിതപ്രശ്നങ്ങൾ പരിഹരിക്കപ്പെടുക എന്നത് പരിഗണന വിഷയം പോലുമല്ലാതെയാവും. വ്യാജ വാർത്തകൾ എങ്ങനെ സൃഷ്ടിക്കണം, എപ്പോൾ ഏതു മാർഗത്തിലൂടെ പുറത്തുവിടണം എന്നതിനെക്കുറിച്ച് ചിലർ പര്യവേക്ഷണംതന്നെ നടത്തുന്നുണ്ട്.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ഇന്നും വ്യാജ വാർത്ത നിർമാതാക്കളുടെ പ്രധാന ഉന്നമാണ്. ജവഹർലാൽ നെഹ്റു ഉയർത്തിപ്പിടിച്ച മൂല്യങ്ങളും രാജ്യത്തിനർപ്പിച്ച സംഭാവനകളും ചെറുതാക്കിക്കാണിക്കാൻ ശ്രമിക്കുന്നവർ അവ വസ്തുതകൾകൊണ്ട് സമർഥിക്കാൻ സാധിക്കാത്തതിനാൽ വ്യാജ കഥകളും സ്വഭാവഹത്യയും ആയുധമാക്കുന്നു. രാഷ്ട്രീയമായ ലക്ഷ്യങ്ങൾക്കായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനു പുറമെ സയൻസ്, ആരോഗ്യം, വൈദ്യശാസ്ത്രം എന്നിവയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളും സമൂഹ മാധ്യമങ്ങളും വ്യവസ്ഥാപിത മാധ്യമങ്ങളും ഉപയോഗിച്ച് പടച്ചുവിടുന്നുണ്ട്. കൃത്യമായ പരിശോധനകളും ചികിത്സയും ആവശ്യമായ ഗുരുതര രോഗങ്ങൾ ആശുപത്രിൽ പോകാതെ മാറ്റാമെന്ന പേരിൽ ഏതെങ്കിലും ഡോക്ടറുടെ പേരുവെച്ചുള്ള മെസേജുകളും ശബ്ദസന്ദേശങ്ങളും 'ആധികാരിക'മായി പ്രചരിപ്പിക്കപ്പെടുന്നു- അത് ആളെക്കൊല്ലുന്ന കളിയാണെന്ന് പറയാതെ വയ്യ.
സമൂഹ മാധ്യമത്തിലൂടെയോ വാട്സ്ആപ് പോലുള്ള സേവനങ്ങളിലൂടെയോ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ വിശ്വസനീയമായി തോന്നാൻ ഒരു പ്രധാന കാരണം അത് മിക്കവാറും ബന്ധുക്കളിൽനിന്നോ സുഹൃത്തുക്കളിൽനിന്നോ അതല്ലെങ്കിൽ നേരിട്ടറിയാവുന്ന ആളുകളിൽനിന്നോ കൈമാറിക്കിട്ടുന്നതുകൊണ്ടാണ്. വ്യാജമാണെന്നറിയാതെയും ആർക്കെങ്കിലും ഉപകരിക്കട്ടെ എന്ന ഉദ്ദേശ്യത്തിലുമാണ് അവരിൽ പലരും തങ്ങൾക്ക് കിട്ടിയ വ്യാജ വിവരങ്ങൾ അതുപോലെതന്നെ മറ്റുള്ളവരുമായി പങ്കുവെക്കുന്നത്. വാർത്തയുടെ യഥാർഥ ഉറവിടം അറിയാതെ ഇത്തരം വാർത്തകളെ കണ്ണടച്ച് വിശ്വസിക്കരുത്. റീപോസ്റ്റ് ചെയ്യുകയോ റീട്വീറ്റ് ചെയ്യുകയോ അതല്ലെങ്കിൽ ഫോർവേഡ് ചെയ്യുകയോ ചെയ്യുന്നതിനുമുമ്പ് നമുക്ക് ലഭിച്ച വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തുകതന്നെ വേണം. സമൂഹ മാധ്യമങ്ങളും ഓൺലൈൻ സൈറ്റുകളും പത്രങ്ങളും വഴി നിർമിച്ചു പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകളെ പൊളിച്ച് സത്യം ജനങ്ങളെ ബോധ്യപ്പെടുത്തിയ ആൾട്ട് ന്യൂസ് എന്ന ഫാക്ട് ചെക്കിങ് വെബ്സൈറ്റിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ നടന്ന നീക്കങ്ങൾ നമുക്ക് മുന്നിലുണ്ട്. അതായത് സാമൂഹിക കുറ്റകൃത്യമായ വ്യാജ വാർത്തകൾ ചോദ്യം ചെയ്യപ്പെടാതെ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന പലരും ശക്തിയും സ്വാധീനവുമുള്ള സ്ഥാനങ്ങളിൽ ഇരിപ്പുണ്ട് എന്നു സാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.