അശാന്തിയിൽ അൽ അഖ്സ
text_fieldsഎന്തുകൊണ്ട് സംഘർഷങ്ങൾ?
1967ലെ ആറുനാൾ യുദ്ധശേഷം കിഴക്കൻ ജറൂസലമിൽ അധിനിവേശം ആരംഭിച്ച ഇസ്രായേൽ അൽ അഖ്സ ഉൾക്കൊള്ളുന്ന പ്രദേശത്തിനുമേൽ സമ്പൂർണ നിയന്ത്രണം അടിച്ചേല്പിക്കാൻ നിരന്തര ശ്രമങ്ങൾ നടത്തുന്നു. ഇസ്രായേലി അധികൃതർ യഹൂദ വിശ്വാസികളെ പടിഞ്ഞാറൻ മതിലിൽ പ്രാർഥന നടത്താൻ അനുവദിച്ചു. എന്നാൽ, അൽ-അഖ്സക്കുള്ളിൽ അനുമതിയില്ല. അൽ അഖ്സയുടെ അധികാരം പിടിച്ചെടുത്ത് അവിടെ ആരാധനാലയം നിർമിക്കുക എന്നത് തീവ്ര യഹൂദ ഗ്രൂപ്പുകളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്.
1988ൽ ഇസ്രായേൽ സൈന്യം നടത്തിയ അക്രമത്തിൽ നിരവധി തീർഥാടകർക്ക് പരിക്കു പറ്റിയിരുന്നു. പിന്നീട് ഇസ്രായേൽ പ്രധാനമന്ത്രിയായ ഏരിയൽ ഷാരോൺ പ്രതിപക്ഷ നേതാവായിരിക്കെ സായുധ സേനയുടെ അകമ്പടിയോടെ 2000 സെപ്റ്റംബറിൽ ഇവിടെയെത്തി ‘ടെമ്പിൾമൗണ്ട്’ തങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ചതോടെ അതിനെതിരെ പ്രതിരോധം തീർക്കാൻ ‘രണ്ടാം ഇൻതിഫാദ’യുമായി ഹമാസ് മുന്നോട്ടുവന്നു. ലോക മുസ്‍ലിംകളുടെയും ഫലസ്തീൻ ജനതയുടെയും മത-സാംസ്കാരിക വികാരങ്ങളെ മുറിവേല്പിക്കാൻ പോന്ന എളുപ്പവഴിയായി അൽ അഖ്സക്ക് നേരെയുള്ള അതിക്രമങ്ങളെ ഇസ്രായേൽ ഭരണകൂടവും തീവ്ര സയണിസ്റ്റ് ഗ്രൂപ്പുകളും കാണുന്നു.
എന്താണ്, എവിടെയാണ് അൽ അഖ്സ?
മ ക്കയിലെയും മദീനയിലെയും വിശുദ്ധഗേഹങ്ങൾ കഴിഞ്ഞാൽ മുസ്‍ലിംകളുടെ സുപ്രധാന പുണ്യകേന്ദ്രമാണ് ജറൂസലമിന്റെ ഹൃദയഭാഗത്തുള്ള മസ്ജിദ് അൽ അഖ്സ അഥവാ ബൈത്തുൽ മുഖദ്ദിസ്. അൽ അഖ്സ എന്നാൽ പരമോന്നതം എന്നർഥം. അൽ അഖ്സയെയും ചുറ്റുമുള്ള പ്രദേശങ്ങളെയും അനുഗൃഹീത ഭൂമി ആയാണ് ഖുർആൻ വിശേഷിപ്പിക്കുന്നത്. ഇസ്‍ലാമിക ചരിത്രത്തിലെ ആദ്യ ഖിബ്‍ലയാണിത്. യഹൂദ -ക്രൈസ്തവ മത വിശ്വാസികളും ഈ മേഖലയെ പുണ്യഭൂമിയായി മാനിക്കുകയും ഇവിടെ തീർത്ഥാടനം നടത്തുകയും ചെയ്യുന്നു.
ഓരോ റമദാനിലും ആവർത്തിക്കുമ്പോൾ
തങ്ങളുടെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രമായി കണക്കാക്കുന്ന അൽ അഖ്സയിൽ ഫലസ്തീനി സമൂഹം റമദാനിൽ ഒത്തുചേരുന്നു. എന്നാൽ, കാലക്രമേണ പല നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അവരെ പള്ളിവളപ്പിൽ കയറുന്നത് തടയുവാൻ വഴി തേടുകയാണ് ഇസ്രായേലി ഭരണകൂടം.
●2021ലെ റമദാനിൽ അൽ അഖ്സക്ക് അരികിലുള്ള ശൈഖ് ജർറാ മേഖലയിലെ ഫലസ്തീനി താമസക്കാരെ ബലംപ്രയോഗിച്ച് കുടിയിറക്കാനുള്ള ശ്രമത്തിന്റെ തുടർച്ചയായി പള്ളിയിലേക്ക് ഇരച്ചു കയറി ഇസ്രായേലി സേന നടത്തിയ അതിക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
●അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ 36 പേരുടെ ജീവഹാനിക്കിടയാക്കിയ അതിക്രമങ്ങളുടെ തുടർച്ചയായി കഴിഞ്ഞ റമദാനിലും ഇസ്രായേലി സേന പള്ളിയിൽ അതിക്രമം അഴിച്ചുവിട്ടു. 170 തീർഥാടകർക്കാണ് അക്രമത്തിൽ പരിക്കേറ്റത്.
● ഇക്കഴിഞ്ഞ ബുധനാഴ്ച പള്ളിയിൽ നമസ്കരിച്ചുകൊണ്ടിരുന്ന വിശ്വാസികളെ യഹൂദ തീർഥാടകർക്ക് സ്ഥലവും സമയവും അനുവദിക്കുന്നതിനായി ഇസ്രായേലി സേന ബലം പ്രയോഗിച്ച് നീക്കം ചെയ്തതോടെയാണ് പുതിയ സംഘർഷങ്ങളുടെ തുടക്കം. ആരാധകരെന്ന വ്യാജേന കല്ലുകളും വടികളും പടക്കങ്ങളുമായി പള്ളിക്കുള്ളിൽ തങ്ങിയ കലാപകാരികളെ പുറന്തള്ളുന്നതിനാണ് തങ്ങൾ രംഗപ്രവേശം ചെയ്തത് എന്നാണ് സൈന്യത്തിന്റെ വാദം. എന്നാൽ, പ്രാർഥന നിർവഹിച്ചുകൊണ്ടിരുന്ന ആളുകൾക്കുനേരെ സ്ഫോടകവസ്തുക്കളും ലാത്തികളും കൊണ്ട് ഏകപക്ഷീയ ആക്രമണമാണ് നടത്തിയതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. നാനൂറോളം ഫലസ്തീനികളെ ഇസ്രായേലി അധികൃതർ കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.