സമരകവിത
text_fieldsറെയ്ഡ്, കേസ്, അറസ്റ്റ്- വഴങ്ങില്ലെന്നു കരുതുന്നവരെ വരുതിയിൽ കൊണ്ടുവരാൻ കേന്ദ്രം വാഴുവോർ നടത്തുന്ന എളുപ്പവഴി ക്രിയയുടെ മൂന്ന് പടികളാണിത്. ഫലസിദ്ധിയുടെ തോത് വർധിച്ചതോടെ കശ്മീർ മുതൽ കന്യാകുമാരി വരെ ഈ ക്രിയ വ്യാപിപ്പിച്ചു. ഇ.ഡി, സി.ബി.ഐ, എൻ.ഐ.എ, എൻ.സി.ബി തുടങ്ങിയ ഏജൻസികളെല്ലാം കാലാൾപടപോലെ അധികവേല ചെയ്യുന്നതിനാൽ ഭരണകൂടത്തിന് ശത്രുസംഹാരം, വശീകരണം, ധനാകർഷണം എല്ലാം എന്തെളുപ്പം! മന്ത്രിസഭകളും മുന്നണികളും മാറിമറിയുന്നു, ഇന്നലെവരെ കേന്ദ്രത്തിന്റെ അന്യായങ്ങൾക്കെതിരെ ശബ്ദിച്ച മാധ്യമങ്ങൾ പൊടുന്നനെ വാഴ്ത്തുപാട്ടുകാരാകുന്നു, പ്രധാനമന്ത്രിക്കെതിരെ സമൂഹമാധ്യമത്തിലിട്ട കുറിപ്പ് നൂറു ലൈക് തികക്കും മുമ്പേ പോസ്റ്റ്മാൻ ഓൺലൈൻ കർസേവകനായി മാറുന്നു. ആംബുലൻസിന്റെ സൈറൺ റെയ്ഡ് സംഘത്തിന്റെ വാഹനത്തിന്റേതാണെന്ന് ധരിച്ച് പേടിച്ചുവശായി പാർട്ടി മാറി ബി.ജെ.പിയിലെത്തിയ നേതാക്കൾ വരെയുണ്ടായി. എന്നാൽ, റെയ്ഡും സമൻസും കണ്ട് വഴങ്ങുന്ന പേടിക്കുടലൻമാർ മാത്രമല്ല ഇന്നാട്ടിൽ പൊതുപ്രവർത്തനവും രാഷ്ട്രീയവും പയറ്റുന്നതെന്ന് ഓർമപ്പെടുത്തുകയാണ് പെണ്ണൊരുത്തി; കാൽവകുണ്ട്ല കവിത എന്ന തെലങ്കാനക്കാരി.
കൊച്ചുനാൾ മുതലേ കണ്ടുവളരുന്നതായതുകൊണ്ട് സമരവും പ്രതിഷേധവും അറസ്റ്റുമൊന്നും പുതുതല്ല തെലങ്കാന മുഖ്യൻ കെ. ചന്ദ്രശേഖർ റാവു (കെ.സി.ആർ)വിന്റെ മകൾക്ക്. സതേൺ മിസിസിപ്പി സർവകലാശാലയിലെ പഠനശേഷം യു.എസിൽതന്നെ ജോലിയും വിവാഹജീവിതവുമൊക്കെയായി മുന്നോട്ടുപോകവെയാണ് 2006ൽ തെലങ്കാന സംസ്ഥാനം അനുവദിക്കുന്നതിൽ കേന്ദ്രത്തിന് ആത്മാർഥതയില്ലെന്ന് ചൊടിച്ച് യു.പി.എ സർക്കാറിലെ തൊഴിൽമന്ത്രിപ്പണി വിട്ടെറിഞ്ഞ് പിതാവ് വീട്ടിലേക്ക് വരുന്നത്. അടുത്ത വിമാനം പിടിച്ച് ഹൈദരാബാദിൽ വന്നിറങ്ങിയ കവിത അന്നുമുതൽ ഓരോ ദൗത്യവും മുന്നോട്ടുകൊണ്ടുപോകാൻ കെ.സി.ആറിന്റെ നിഴലായി നടന്നു. തെലങ്കാന എന്ന സ്വപ്നം ആളിക്കത്തിക്കാൻ തെലങ്കാന രാഷ്ട്രസമിതി(ടി.ആർ.എസ്)യുടെ കൊടിയും പിടിച്ച് ഗ്രാമഗ്രാമാന്തരങ്ങൾ സഞ്ചരിച്ചു, അവിടത്തെ മനുഷ്യരുടെ സ്വപ്നങ്ങളും സങ്കടങ്ങളുമെന്തെന്ന് നേരിട്ടറിഞ്ഞു. തെലങ്കാന ജാഗ്രതി എന്ന സന്നദ്ധ സംഘടനയുണ്ടാക്കി എല്ലാ വേദനക്കും ശമനമുണ്ടാകുമെന്ന് വാക്കുകൊടുത്തു. പിന്നെയും മൂന്നു വർഷം കഴിഞ്ഞാണ് ഏട്ടനും ഇപ്പോൾ തെലങ്കാന വാണിജ്യമന്ത്രിയുമായ കെ.ടി.രാമറാവു തെരഞ്ഞെടുപ്പിൽ അങ്കം കുറിക്കുന്നത്. സമരങ്ങൾക്കും സമ്മർദങ്ങൾക്കുമൊടുവിൽ 2014ൽ തെലങ്കാന യാഥാർഥ്യമാവുകയും കെ.സി.ആർ പ്രഥമ മുഖ്യമന്ത്രിയാവുകയും ചെയ്തപ്പോൾ സംസ്ഥാനത്തെ സുപ്രധാന മണ്ഡലങ്ങളിലൊന്നായ നിസാമാബാദിനെ പ്രതിനിധാനംചെയ്ത് ലോക്സഭയിലേക്ക് പോയതും കവിത. ഗുജറാത്തും മഹാരാഷ്ട്രയുമെല്ലാം വാഴുന്ന വ്യാപാര ലോകത്ത് തെലങ്കാന എന്ന ബ്രാൻഡിനെ പടർത്തിയെടുക്കാൻ പിതാവിനൊപ്പം നിന്നു. തെലങ്കാനയിലെ സ്ത്രീകളുടെ നവരാത്രികാല പുഷ്പോത്സവമായ ബാത്തുകമ്മ കാണാൻ പുറംനാടുകളിൽനിന്ന് സഞ്ചാരികളെയെത്തിച്ചു. 2019ലെ മോദി തരംഗത്തിൽ മണ്ഡലം സംരക്ഷിക്കാനായില്ല. പിന്നെവന്ന ആദ്യ ഒഴിവിൽ നിസാമാബാദിൽ നിന്ന് ലെജിസ്ലേറ്റിവ് കൗൺസിലിലേക്ക് ജയിച്ചുകയറി.
തെലങ്കാനയുടെ ‘ഠ’ വട്ടത്തിൽനിന്ന് രാജ്യമാകെ പടരാനും ദേശീയ രാഷ്ട്രീയത്തിൽ ഒരു കൈ നോക്കാനും ലക്ഷ്യമിട്ട് ടി.ആർ.എസിനെ ഭാരത രാഷ്ട്ര സമിതി (ബി.ആർ.എസ്)യാക്കിയതോടെയാണ് കേന്ദ്രസർക്കാർ ഏജൻസികളുടെ വണ്ടികൾ കെ.സി.ആർ വീടിനു ചുറ്റും വട്ടമിടാൻ തുടങ്ങിയത്. ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവിന് ഹൈദരാബാദിൽ വന്നിറങ്ങിയ പ്രധാനമന്ത്രിയെ ട്രോളുകൾ നിറഞ്ഞ കമാനങ്ങൾകൊണ്ട് സ്വാഗതം ചെയ്തതോടെ ബി.ജെ.പി-ബി.ആർ.എസ് പോരിന് ഔദ്യോഗിക പ്രഖ്യാപനമായി. ‘ഞങ്ങൾ ബാങ്കുകൾ മാത്രം കൊള്ളയടിക്കുമ്പോൾ താങ്കളീ രാജ്യം മൊത്തം കൊള്ളയടിക്കുന്നു’ എന്ന പ്ലക്കാഡ് പിടിച്ച മണി ഹീസ്റ്റ് കഥാപാത്രങ്ങളെക്കണ്ട് ബി.ജെ.പിക്കാരുടെ ചങ്ക് കലങ്ങി. ജൂനിയർ വെള്ളാപ്പള്ളി മുഖേന കോടികൾ ഇറക്കി എം.പിമാരെ വാങ്ങാനുള്ള നീക്കം കെ.സി.ആർ സംഘം കൈയോടെ പിടിച്ച് പൊളിച്ചതോടെ വാശിയും വിരോധവും ഏറി.
ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത സ്റ്റാൻസ്വാമി മുതൽ ഹാനി ബാബുവരെ വ്യത്യസ്ത പ്രവർത്തനമണ്ഡലങ്ങളിലെ പൊതുപ്രവർത്തകരെ ഒറ്റ കേസിൽ കുടുക്കി ജയിലിലാക്കിയ അതേ പാറ്റേണിൽ പഥ്യമില്ലാത്ത രാഷ്ട്രീയനേതാക്കളെ ഒന്നിച്ച് അകത്തിടാനും പൊതുതെരഞ്ഞെടുപ്പ് എത്തുംമുന്നേ ഓരോ സംസ്ഥാനത്തെയും ഭീഷണികളെ ഒതുക്കാനുമുള്ള തിരക്കിട്ട ഓപറേഷനുകളാണ് ഇപ്പോൾ നടക്കുന്നത് എന്നുവേണം കരുതാൻ. ഡൽഹിയിൽ ഉപമുഖ്യമന്ത്രിയും കെജ്രിവാളിന്റെ ജിഗർ ദോസ്തുമായിരുന്ന മനീഷ് സിസോദിയയെ കുടുക്കിയ അതേ മദ്യനയക്കേസിന്റെ കണ്ണികളെ കവിതയിലേക്ക് കൊണ്ടെത്തിച്ചത് പലതും തീരുമാനിച്ചുറപ്പിച്ചുതന്നെയാണ്. എന്നാൽ, പ്രതീക്ഷിച്ച പോലെയങ് വർക്കായില്ല.
സിസോദിയയെ അറസ്റ്റ് ചെയ്ത ഇ.ഡി അവരെ ചോദ്യംചെയ്യാൻ സമൻസയച്ചു. പേടിച്ചുവിറച്ചില്ല, പോയതുമില്ല- വനിതാ സംവരണ ബിൽ പാസാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരത്തിൽ പങ്കെടുക്കാനുള്ളതിനാൽ ചോദ്യംചെയ്യലിന് വരാൻ അന്ന് സമയമില്ലെന്ന് മറുപടി കൊടുത്തയച്ചു. കാലങ്ങൾക്കുശേഷമാകും വനിതാ സംവരണം ആവശ്യപ്പെട്ടുള്ള ഒരു സമരം ഇത്ര പ്രാധാന്യപൂർവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കേരളത്തിൽ നിന്നുള്ള എം.പിമാരായ ബിനോയ് വിശ്വവും എൻ.കെ. പ്രേമചന്ദ്രനും ജോൺ ബ്രിട്ടാസുമൊക്കെ ഐക്യദാർഢ്യം നൽകാനെത്തി. സമയവും സാഹചര്യവും മുതലാക്കി സകല പ്രതിപക്ഷ പാർട്ടികളെയും ഒരുമിച്ചുകൂട്ടി കേന്ദ്ര സർക്കാറിനെതിരെ ഐക്യം തീർക്കാനും ഈ സന്ദർഭം നന്നായി ഉപയോഗിച്ചു. സമരത്തിൽ കൂടാൻ കൂട്ടാക്കാതിരുന്ന കോൺഗ്രസിനെ പ്രാദേശിക പാർട്ടിയെന്നും വിളിച്ചു.
ചോദ്യം ചെയ്യലുകൾക്ക് ഹാജരായ ശേഷം സ്ത്രീയെന്ന നിലയിൽ തനിക്ക് ലഭിക്കേണ്ട അവകാശങ്ങൾ ലംഘിക്കപ്പെട്ടതിനെക്കുറിച്ച് പരമോന്നത കോടതിയിൽ പരാതി കൊടുത്തു. കവിതയുടെ അക്കൗണ്ടന്റിനെ ചോദ്യം ചെയ്തിട്ടുണ്ട്, പാർട്ടിയിലെ മറ്റു പല ഉന്നതരുടെ വിലാസത്തിലേക്കും വൈകാതെ സമൻസുകൾ എത്താനും മതി.
അവസാന വിജയം ആർക്കായിരിക്കുമെന്ന് ഇപ്പോൾ പ്രവചിക്കുന്നതിൽ അഭംഗിയുണ്ട്. എന്തായാലും ഇതുവരെയുള്ള കളി വിലയിരുത്തിയാൽ സ്കോർ ചെയ്തത് സമൻസിനെപ്പോലും സമരമാക്കി മാറ്റിയ കവിത തന്നെ. തെലങ്കാനക്കാരുടെ കവിതമ്മ ഉത്തരേന്ത്യക്കാർക്കിടയിൽ കവിത ദീദിയെന്ന് ചിരപരിചിതയായിക്കഴിഞ്ഞിരിക്കുന്നു. ഹൈദരാബാദിലും നിസാമാബാദിലും ഒതുങ്ങിയിരുന്ന രാഷ്ട്രീയ വ്യവഹാരം രാജ്യം മുഴുവൻ വ്യാപിപ്പിക്കാൻ ഇതിലേറെ നല്ല സന്ദർഭമില്ലെന്ന് അവർ കരുതുന്നുണ്ട്. മോദിയെ ട്രോളുന്ന ബി.ആർ.എസിന്റെ കൂറ്റൻ പോസ്റ്ററുകൾ തെലങ്കാന വിട്ട് അയൽ സംസ്ഥാനങ്ങളിലും പ്രത്യക്ഷപ്പെട്ടത് അതിന്റെ തുടക്കംതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.