ദുരിതാശ്വാസ നിധി തുരന്നുതിന്നുന്നവർ
text_fieldsദുരിതാശ്വാസ നിധിയിൽനിന്ന് ലക്ഷങ്ങൾ അനുവദിച്ചതുമായി ബന്ധപ്പെട്ട പരാതികൾ ലോകായുക്തയിലും വിജിലൻസിനുമെല്ലാം മുന്നിലുണ്ട്. അപ്പോൾ ഇതുതന്നെ വിളവു തിന്നാൻ പറ്റിയ മാർഗമെന്ന് തട്ടിപ്പു സംഘം തിരിച്ചറിഞ്ഞതിൽ കുറ്റം പറയാനുമാകില്ല
വൈകീട്ട് ആറിനുള്ള മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്തസമ്മേളനത്തിന് ലോകമെമ്പാടുമുള്ള മലയാളികൾ കണ്ണും കാതും കൂർപ്പിച്ച് കാത്തിരുന്ന കാലമുണ്ടായിരുന്നു. ഓഖി, പ്രളയം, കോവിഡ് കാലങ്ങളിലെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അകമഴിഞ്ഞ് സംഭാവന നൽകിയവരുടെ നീണ്ട പട്ടിക മുഖ്യമന്ത്രി അതിൽ വായിക്കുന്നതും പതിവായിരുന്നു.
ആടിനെ വിറ്റ് തുക നൽകിയ സ്ത്രീയും രണ്ടുലക്ഷത്തിലേറെ രൂപ നൽകിയ ബീഡി തൊഴിലാളിയും കുടുക്ക പൊട്ടിച്ച കുരുന്നുകളും ശസ്ത്രക്രിയക്ക് വെച്ചിരുന്ന പണംപോലും ജനനന്മക്കായി സംഭാവന ചെയ്തവരുമൊക്കെ ഈ പട്ടികയിലുണ്ട്. മുണ്ടുമുറുക്കിയുടുത്ത് ജനങ്ങളെ സഹായിക്കാൻ ഉറുമ്പ് അരിമണി ശേഖരിക്കുന്നതുപോലെ സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയവർ വഞ്ചിക്കപ്പെട്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.
സുതാര്യമെന്ന് സർക്കാർ ഇപ്പോഴും അവകാശപ്പെടുന്ന ദുരിതാശ്വാസ നിധിയിൽനിന്ന് പാവങ്ങളുടെ പേരിൽ സംഘം തട്ടിയത് ലക്ഷങ്ങളാണെന്ന വിവരങ്ങളാണ് സർക്കാറിന്റെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പരിശോധനയിൽ വ്യക്തമാകുന്നത്. ജനപ്രതിനിധികളെപ്പോലും തെറ്റിദ്ധരിപ്പിച്ച് ഏജന്റുമാർ ഉൾപ്പെട്ട സംഘത്തിന് പണം തട്ടാൻ സാധിച്ചെങ്കിൽ അത് നമ്മുടെ ഭരണസംവിധാനത്തിന്റെ പാളിച്ചതന്നെ.
തൊലിപ്പുറത്തെ ചികിത്സകൊണ്ട് മാത്രം പരിഹാരം കാണാവുന്ന വിഷയമല്ല ഇത്. കാരണം, ഏജന്റുമാർ മാത്രമല്ല ഇതിൽ കുറ്റക്കാർ. വില്ലേജ് ഓഫിസ് മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള വിവിധതല ഓഫിസുകളിലെ ജീവനക്കാരും സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുമുൾപ്പെട്ട ഗൂഢസംഘമാണ് പാവപ്പെട്ടവന്റെ ‘പിച്ചച്ചട്ടിയിൽ’ കൈയിട്ട് വാരുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, വരുമാനം രണ്ടുലക്ഷത്തിൽ താഴെയുള്ള ജനവിഭാഗത്തിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ആശ്വാസധനം അനുവദിക്കുന്നത്. താരതമ്യേന കുറഞ്ഞ തുകയാണ് അനുവദിക്കുന്നതെങ്കിലും അതിനുള്ള കടമ്പകളും ഏറെ. ആ കടമ്പകളാണ് ഈ തട്ടിപ്പ് സംഘം ദുരുപയോഗം ചെയ്യുന്നത്.
പലരുടെയും പേരുകൾ ദുരുപയോഗം ചെയ്ത് വ്യാജരേഖകൾ തയാറാക്കി ഇക്കൂട്ടർ തട്ടിപ്പ് നടത്തിയെന്നാണ് വ്യക്തമാകുന്നത്. ഒരു രോഗിക്ക് വിവിധ ജില്ലകളിൽനിന്ന് സഹായം ലഭിച്ചതും ഹൃദ്രോഗിക്ക് വൃക്ക രോഗത്തിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോൾ പണം അനുവദിച്ചതും ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഒരു ഡോക്ടർ നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പണം അനുവദിച്ചതുമെല്ലാം തട്ടിപ്പിന്റെ വ്യാപ്തി വർധിപ്പിക്കുന്നു.
ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നിട്ട് വർഷങ്ങളായി. അനർഹർ തുക നേടിയെടുക്കുന്നതായി നിരവധി പരാതികൾ നിലവിലുണ്ട്. മന്ത്രിസഭതന്നെ ദുരിതാശ്വാസ നിധിയിൽനിന്ന് ലക്ഷങ്ങൾ അനുവദിച്ചതുമായി ബന്ധപ്പെട്ട പരാതികൾ ലോകായുക്തയിലും വിജിലൻസിനുമെല്ലാം മുന്നിലുണ്ട്.
അപ്പോൾ ഇതുതന്നെ വിളവു തിന്നാൻ പറ്റിയ മാർഗമെന്ന് തട്ടിപ്പ് സംഘം തിരിച്ചറിഞ്ഞതിൽ കുറ്റം പറയാനുമാകില്ല. എല്ലായിടങ്ങളിലും ഈ സംഘത്തിന് വേരോട്ടമുണ്ടെന്ന് വ്യക്തം. അതിനാലാണല്ലോ വില്ലേജ്, താലൂക്ക്, ജില്ല ഭരണകൂട തലങ്ങളിലൊക്കെ സൂക്ഷ്മപരിശോധന നടത്തണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും മരിച്ചവരുടെ പേരിൽപോലും അപേക്ഷ നൽകി പണം തട്ടിപ്പ് നടത്താൻ ഇൗ സംഘത്തിന് സാധിച്ചത്.
പല അപേക്ഷകളിലും സംശയം തോന്നിയതിനാൽ വിജിലൻസിനോട് അന്വേഷിക്കാൻ നിർദേശം നൽകിയെന്ന് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയുമൊക്കെ അവകാശപ്പെടുമ്പോൾ, പ്രതിപക്ഷത്തിലെ ചിലർക്കെതിരെ ആയുധമാക്കാമെന്ന പ്രതീക്ഷയിൽ നൽകിയ നിർദേശംകേട്ട വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലെ സംഘം ആഞ്ഞൊന്ന് ഇറങ്ങിയപ്പോൾ ഭരണ-പ്രതിപക്ഷ ഭേദമന്യേ ഈ തട്ടിപ്പിന് നേരിട്ടോ പരോക്ഷമായോ കൂട്ടുനിൽക്കുന്നെന്ന വിവരങ്ങളാണ് പുറത്തുവന്നത്.
പരിശോധനയുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും എന്ത് നടപടി സ്വീകരിക്കാൻ സർക്കാറിന് സാധിക്കുമെന്നത് ചോദ്യമായി നിലകൊള്ളുകയാണ്. ആറുമാസത്തിലൊരിക്കൽ പരിശോധന വേണമെന്ന് വിജിലൻസ് ഡയറക്ടർ ശിപാർശ നൽകുമ്പോൾ സുതാര്യം എന്നു പറയുന്ന ഈ നിധിയിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തം.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ ഇറങ്ങിത്തിരിച്ചാൽ റവന്യൂ, ആരോഗ്യ വകുപ്പുകളിലെ പലർക്കെതിരെയും കർശനനടപടികൾ വേണ്ടിവരും. പക്ഷേ, അതിലേക്ക് തിരിഞ്ഞാൽ അത് ഭരണപരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നും സർക്കാറിനറിയാം. കാലാകാലങ്ങളിൽ ഭരണപക്ഷ അനുകൂല സംഘടനകളാണ് വിവിധ വകുപ്പുകളെ നിയന്ത്രിക്കുന്നത്.
സർക്കാർ കർശനനടപടികളിലേക്ക് നീങ്ങിയാൽ വില്ലേജ് ഓഫിസുകൾ ഉൾപ്പെടെയുള്ളവയുടെയും ആശുപത്രികളുടെയും പ്രവർത്തനംതന്നെ സ്തംഭിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങാം. രാഷ്ട്രീയമായ പിന്തുണയാണ് സർക്കാർ ജീവനക്കാരിലെ അഴിമതിക്ക് പ്രധാന കാരണമെന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ.
‘അഴിമതിമുക്ത കേരളത്തിനായി’ സർക്കാറും വിജിലൻസും മുന്നോട്ടുപോകുമ്പോൾ അവർക്ക് മുന്നിലെ പ്രതിബന്ധവും ഈ രാഷ്ട്രീയ ഇടപെടൽതന്നെ. ക്രമക്കേടും കൃത്യവിലോപവും കാണിക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ മുതിർന്നാൽ ആരോപിതർക്ക് പിന്തുണയുമായി ഏതെങ്കിലും സർവിസ് സംഘടനകൾ രംഗത്തുവന്ന് നടപടികൾ മയപ്പെടുന്നതാണ് രീതി.
കേന്ദ്ര-സംസ്ഥാന ഭരണപാർട്ടികളുടെയും പ്രതിപക്ഷ പാർട്ടികളുടെയും യൂനിയനുകൾക്ക് ഇക്കാര്യത്തിൽ സമാന നിലപാടാണ്. ദുരിതാശ്വാസ നിധി തട്ടിപ്പിലും കാര്യങ്ങൾ അങ്ങനെയേ പോകൂവെന്ന് ഏറക്കുറെ വ്യക്തം. വിവിധ വകുപ്പുകളിൽ അഴിമതി തടയുന്നതിന് വിജിലൻസ് മിന്നൽപരിശോധന നടത്തുകയും ശിപാർശകൾ സമർപ്പിക്കുകയും ചെയ്യുന്ന ഒരു ആചാരം നിലവിലുണ്ട്.
കഴിഞ്ഞ വർഷം മാത്രം ഇത്തരത്തിൽ 13 പരിശോധനകളാണ് നടത്തിയത്. എന്നാൽ, ശിപാർശകളിൽ ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയുണ്ടായെന്നത് ഇപ്പോഴും അജ്ഞാതം. അഴിമതി കേസുകളിൽ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാറിന്റെ അനുമതി വേണമെന്ന വ്യവസ്ഥയാണ് ജീവനക്കാരുടെ രക്ഷക്കെത്തുന്ന മറ്റൊരു കാര്യം. പലപ്പോഴും രാഷ്ട്രീയ സമ്മർദത്തെതുടർന്ന് സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകാത്ത സാഹചര്യങ്ങളുമുണ്ട്.
അത്തരം കേസുകളിൽ വിജിലൻസിന് വെറും കാഴ്ചക്കാരനാകാനേ സാധിച്ചിരുന്നുള്ളൂ. എന്നാൽ, അതിന് ചെറിയ മാറ്റം വരുന്നെന്നാണ് വിജിലൻസിന്റെ പുതിയ സർക്കുലറിൽനിന്ന് വ്യക്തമാകുന്നത്. എന്നാൽ, അതും നിയമപരമായി ചോദ്യംചെയ്യപ്പെടുമെന്നതിൽ സംശയിക്കാനില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.