തിരിച്ചടി
text_fields‘ജീവിവർഗങ്ങളിൽ ഏറ്റവും കുലീനൻ മനുഷ്യനാണ്. നീതിയും നിയമവും അകലുന്നതോടെ ഭൂമുഖത്തെ ഏറ്റവും മോശം ജീവിയും അവൻതന്നെ’ എന്നുപറഞ്ഞത് അരിസ്റ്റോട്ടിലാണ്. നീതിയും നിയമവും സംബന്ധിച്ച പൗരാണിക സങ്കൽപംതന്നെ ഇത്രയും കനപ്പെട്ടതാണെങ്കിൽ, ആധുനിക ജനാധിപത്യലോകം അതിനെ എത്രമാത്രം സൂക്ഷ്മതയോടെ കൈകാര്യംചെയ്യുമെന്ന് പറയാനുണ്ടോ? ജനാധിപത്യസങ്കൽപത്തിൽ, സ്വയമൊരു തൂണായിരിക്കെത്തന്നെ ഇതര തൂണുകളെ താങ്ങിനിർത്താനുള്ള ബാധ്യത ജുഡീഷ്യറിക്കാണ്. നിയമത്തെ താഴെവീഴാതെ, ഉടയാതെ, കളങ്കപ്പെടുത്താതെ മുറുകെപ്പിടിക്കുന്ന സംവിധാനമെന്നൊക്കെയാണ് പറയാറുള്ളതെങ്കിലും കാര്യത്തോടടുക്കുമ്പോൾ എല്ലാം മാറിമറിയുമെന്നത് ലോകത്തെ മിക്ക ജനാധിപത്യരാജ്യങ്ങളുടെയും അനുഭവമാണ്. എല്ലാ തൂണുകളെയും താങ്ങിനിർത്തേണ്ട ജുഡീഷ്യറി പലപ്പോഴും സ്വയം ഇടിഞ്ഞുവീഴുന്ന ദയനീയകാഴ്ച നിത്യസംഭവമാണ്. ഇതിനൊരു അറുതിവരുത്താനാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു എന്ന ‘ബീബി’ ഒരു രാഷ്ട്രീയപരീക്ഷണത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. പക്ഷേ, സ്വന്തം കാബിനറ്റിലെ അംഗങ്ങൾക്കുപോലും അതിന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലായില്ല; ടിയാനെ സർവരും ചേർന്ന് ഒറ്റപ്പെടുത്തി. ജൂതരാഷ്ട്രത്തെ നെതന്യാഹു അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നുവരെ ആരോപിച്ചുകളഞ്ഞു ഈ കുലംകുത്തികൾ. ജനങ്ങളും പട്ടാളവുമെല്ലാം തെരുവിലിറങ്ങിയതോടെ, തൽക്കാലം പരീക്ഷണം നിർത്തിവെച്ചിരിക്കുകയാണ് ബീബി.
ഒന്നരവർഷത്തോളം പ്രതിപക്ഷത്തിരുന്നശേഷം കഴിഞ്ഞ ഡിസംബറിലാണ് വീണ്ടും അധികാരത്തിൽ വന്നത്. ഏതാനും വർഷങ്ങളായി ഇസ്രായേലിൽ ഭരണപ്രതിസന്ധിയാണ്. തെരഞ്ഞെടുപ്പ് നടന്നാൽ ആർക്കും കൃത്യമായ ഭൂരിപക്ഷമില്ലാത്ത അവസ്ഥ. പിന്നെ, ഞാണിന്മേൽ കളിയാണ്, ഭരണം നിലനിർത്താൻ. അല്ലെങ്കിലും അതങ്ങനെയല്ലേ വരൂ. മുഖ്യധാരാ പാർട്ടികളെല്ലാം ഒരേ ആശയധാരയിലാണ്; പേരിന് ചില്ലറ പ്രത്യയശാസ്ത്ര ഭിന്നതകളോടെ തെരഞ്ഞെടുപ്പ് ഗോദയിൽ കൊമ്പുകോർക്കുന്നുവെന്നുമാത്രം. 2022ലെ തെരഞ്ഞെടുപ്പിലും ഈ പ്രതിസന്ധി ആവർത്തിച്ചു. 120 അംഗ പാർലമെന്റിൽ ‘ബീബി’യുടെ ലിക്കുഡ് പാർട്ടിക്ക് വെറും 32 സീറ്റ്. കേവലഭൂരിപക്ഷത്തിന് 28 എണ്ണം കുറവ്. ലിക്കുഡിനോളം വരില്ലെങ്കിലും കടുത്ത സയണിസ്റ്റ് പാർട്ടികളെ കൂട്ടുപിടിക്കുകയാണ് അടുത്ത പരിപാടി. അതിൽ വിജയിച്ചു. ആ വകയിൽ 38 സീറ്റ് പിടിച്ചു. അങ്ങനെയാണ് ഒരുവിധം അധികാരത്തിലെത്തിയത്. അതിൽപിന്നെയാണ്, മേൽ സൂചിപ്പിച്ച ജനാധിപത്യപരീക്ഷണങ്ങളുടെ തുടക്കം. ഏറെ ലളിതമാണ് ഈ പരീക്ഷണം. അഴിമതിയിൽ മുങ്ങിക്കുളിച്ച ജുഡീഷ്യറിയെ തുടർന്നങ്ങോട്ട് വിശ്വസിക്കാൻ കൊള്ളില്ല. ആയതിനാൽ, നീതിപീഠം ഒരുവിധി പുറപ്പെടുവിച്ചുകഴിഞ്ഞാൽ പാർലമെന്റിന് അത് പരിശോധിക്കാനുള്ള അവകാശം വേണം. ആവശ്യമെങ്കിൽ, വോട്ടെടുപ്പിലൂടെ പാർലമെന്റിന് അത് തിരുത്താനും സാധിക്കണം. എന്നുവെച്ചാൽ, ജുഡീഷ്യറിക്കു മുകളിൽ നിൽക്കണം പാർലമെന്റ്. ഈ ‘ജുഡീഷ്യൽ പരിഷ്കരണ’ത്തിന്റെ വിശദാംശങ്ങൾ കേട്ടപാടെ, പ്രതിപക്ഷം തെരുവിലിറങ്ങി. ഒപ്പം, ലക്ഷക്കണക്കിന് ജനങ്ങളും. അവരുടെ വാദവും ലളിതമാണ്. ഒരുപാട് അഴിമതിക്കേസുകളിൽ കുടുങ്ങിക്കിടക്കുന്നയാളാണ് നെതന്യാഹു. ഏതുനിമിഷവും ടിയാനെതിരെ കോടതിവിധി വന്നേക്കാം. അങ്ങനെയൊരു വിധിയുണ്ടായാൽ തൊട്ടടുത്തനിമിഷം സ്ഥലംവിടേണ്ടിയുംവരും. പക്ഷേ, ‘ജുഡീഷ്യൽ പരിഷ്കരണ’ത്തിലൂടെ നെതന്യാഹുവിന് പാർലമെന്റ് വഴി എളുപ്പത്തിൽ രക്ഷപ്പെടാം. ഇനിയെങ്ങാനും പാർലമെന്റിൽ തിരിച്ചടിയുണ്ടായാലും പേടിക്കാനില്ല; അവിടെയും ചെറിയൊരു പരിഷ്കരണം ബീബി കണ്ടുവെച്ചിട്ടുണ്ട്. ആരോഗ്യ, മാനസിക പ്രശ്നങ്ങൾകൊണ്ടല്ലാതെ പ്രധാനമന്ത്രിയെ പുറത്താക്കുന്നത് വിലക്കിയുള്ള ബില്ലാണത്. എന്നുവെച്ചാൽ, അഴിമതിയുടെ പേരിൽ ഒരു കാരണവശാലും ബീബിയെ പുറത്താക്കാനാവില്ല. ബീബിയെപ്പോലെ കാഞ്ഞബുദ്ധിക്കാരാണ് പ്രതിപക്ഷവും. അവർ രാജ്യത്തെ തെരുവുകൾ കൈയേറി. വിഷയം അഴിമതിയായതിനാൽ ശക്തമായ ജനകീയപിന്തുണയും കിട്ടി. എന്തിനേറെ പറയുന്നു, ജറൂസലമിൽ നടന്ന പ്രതിഷേധത്തിൽ സൈന്യത്തിലെ റിസർവ് അംഗങ്ങൾവരെ പങ്കെടുത്തു. തെൽ അവീവിലൊക്കെ ഏഴും എട്ടും ലക്ഷം പേരാണ് പ്രകടനത്തിൽ പങ്കെടുക്കുന്നത്. സംഗതി കൈവിട്ടുപോകുന്നുവെന്ന് ബീബിയെ ആദ്യം ധരിപ്പിച്ചത് പ്രതിരോധമന്ത്രി യൊആവ് ഗാലന്റാണ്. ബീബിയെപ്പോലെത്തന്നെ ഗാലന്റും പണ്ട് പട്ടാളത്തിലായിരുന്നു. പട്ടാളത്തിന്റെ നീക്കുപോക്കുകളൊക്കെ നന്നായി അറിയുന്നയാളാണ്. ടിയാന് ചെറിയസംശയം തോന്നിയപ്പോഴാണ്, തൽക്കാലം പിൻവാങ്ങാമെന്ന് ബീബിയെ ഉപദേശിച്ചത്. ശനിദശയാകുമ്പോൾ മിത്രം പോലും ശത്രുവാകുമെന്നാണല്ലോ. ഉടൻ ഗാലന്റിനെ പിടിച്ച് പുറത്താക്കി. ഒടുവിൽ, പ്രസിഡന്റ് നേരിട്ടുവന്ന് അഭ്യർഥിച്ചപ്പോഴാണ് ബീബി യാഥാർഥ്യം തിരിച്ചറിഞ്ഞത്. എന്നുവെച്ച്, ജനാധിപത്യപരീക്ഷണം അവസാനിച്ചുവെന്ന് തെറ്റിധരിക്കരുത്. തൽക്കാലം, പ്രതിഷേധമൊന്ന് തണുപ്പിക്കാൻ ഒരടി പിന്നോട്ടുവെച്ചു എന്നുമാത്രം കരുതിയാൽ മതി. പിന്നെ, പാർലമെന്റിൽ അത്യാവശ്യത്തിനുള്ള ഭൂരിപക്ഷവുമുണ്ട്. ആയതിനാൽ, ഭരണപ്രതിസന്ധിയില്ല. ആകെ പേടിക്കാനുള്ളത് കോടതിയുടെ പരിഗണനയിലുള്ള കുറച്ച് അഴിമതിക്കേസുകളാണ്. അത് ഇടിത്തീയായി വന്നില്ലെങ്കിൽ ഭരണകാലം തികയ്ക്കാൻ വേറെ ബുദ്ധിമുട്ടില്ല. പ്രയാസങ്ങളൊന്നുമില്ല എന്നും ഇതിനർഥമില്ല. അഴിമതിക്കേസുകളൊന്നും അത്ര നിസ്സാരമല്ല. മാത്രവുമല്ല, പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ കാര്യമായ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. അതും ഒരുതരത്തിൽ തിരിച്ചടിയാണ്. സൗദിയും ഇറാനും സൗഹൃദപാതയിൽ മുന്നേറാൻ തീരുമാനിച്ചത് മേഖലയിൽ ക്ഷീണംചെയ്യുക ഇസ്രായേലിനായിരിക്കും. ട്രംപ് പോയതിൽപിന്നെ, അമേരിക്കയുടെ ഭാഗത്തുനിന്ന് കാര്യമായ സഹായമില്ല. ഇപ്പോഴത്തെ ജനാധിപത്യപരീക്ഷണത്തിൽ ബൈഡൻ പ്രതിപക്ഷത്തോടൊപ്പമായിരുന്നു. അല്ലെങ്കിലും, ബൈഡന് ബീബിയെ ഇഷ്ടമല്ല. പ്രധാനമന്ത്രിപദത്തിൽ തിരിച്ചെത്തി മാസം നാല് തികഞ്ഞിട്ടും ടിയാൻ അമേരിക്കയിലേക്ക് ബീബിയെ ക്ഷണിച്ചിട്ടില്ല. ഇക്കാര്യം കഴിഞ്ഞദിവസം ഓർമപ്പെടുത്തിയപ്പോൾ, തനിക്ക് അങ്ങനെയൊരു പദ്ധതിയില്ലെന്ന് തുറന്നുപറയുകയും ചെയ്തു. ഇതുകൂടി കേട്ടപ്പോഴാണ്, ബൈഡനോട് പോയി പണിനോക്കാൻ പറഞ്ഞത്. ചുരുക്കിപ്പറഞ്ഞാൽ, രാജ്യത്തിനകത്തും പുറത്തുമെല്ലാം ശത്രുക്കൾ നിറയുകയാണ്. ഈ ഘട്ടത്തിൽ എന്തുചെയ്യും? പതിവുപോലെ, ഗസ്സയിലേക്കും നാല് വ്യോമാക്രമണങ്ങൾ നടത്തുകതന്നെ. ഇപ്പോൾ കേൾക്കുന്ന വെടിയൊച്ചകൾ അതിന്റേതാണ്.
പ്രായം 73. തെൽ അവീവ് ആണ് ജന്മദേശം. 16ാം നൂറ്റാണ്ടിൽ പോപ്പിന്റെ ഉത്തരവുപ്രകാരം നാടുകടത്തപ്പെട്ട സഫാർദിയ്യ് ജൂതസമൂഹത്തിന്റെ സന്തതിയാണെന്നാണ് അവകാശവാദം. വെറുതെ പറയുന്നതല്ല; ഡി.എൻ.എ ടെസ്റ്റ് നടത്തി ഉറപ്പിച്ചതാണ്. ആ വംശബോധമാണ് പിന്നീട് വംശീയരാഷ്ട്രീയത്തിന്റെ കളിക്കളത്തിലേക്ക് ചുവടുവെക്കാൻ പ്രേരിപ്പിച്ചത്. പട്ടാളക്കാരനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. ’84 മുതൽ നാലു വർഷം യു.എന്നിൽ രാജ്യത്തിന്റെ പ്രതിനിധിയുമായി. 1988 മുതൽ രാഷ്ട്രീയത്തിൽ സജീവം. തുടക്കംമുതലേ ലിക്കുഡ് പാർട്ടിയിൽ. 1991ൽ പാർട്ടി വക്താവായി. തൊട്ടടുത്ത വർഷം പാർട്ടിയുടെ തലപ്പത്തുമെത്തി. ’96-99 കാലത്തും 2009-21ലും പ്രധാനമന്ത്രി. ഇതിനിടയിൽ പ്രതിപക്ഷനേതാവുമായി. ചെറിയ ഇടവേളക്കുശേഷം വീണ്ടും പ്രധാനമന്ത്രിക്കസേരയിലെത്തിയപ്പോഴാണ് ഈ സ്വയംനിർമിത പൊല്ലാപ്പുകളത്രയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.