ഡൽഹി, ജയ്പൂർ ഹൈകോടതി വിധികളിലെ നീതിയുടെ താൽപര്യം
text_fieldsജനങ്ങളുടെമേൽ ഭരണകൂടം അടിച്ചേല്പിക്കുന്ന വ്യാജ ഭീകരതയുടെ ഉള്ളറകളിലേക്ക് കൃത്യമായി വെളിച്ചം വീശുന്നതാണ് സമീപ ദിനങ്ങളിൽ ഡൽഹി, രാജസ്ഥാൻ ഹൈകോടതികൾ പുറപ്പെടുവിച്ച രണ്ടു വിധികൾ.
ജയ്പുർ സ്ഫോടനക്കേസ് ആരോപിതരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ളതാണ് രാജസ്ഥാൻ ഹൈകോടതി വിധി, പൗരത്വ നിയമ ഭേദഗതിക്കെതിരെ പാർലമെന്റ് മാർച്ച് സംഘടിപ്പിച്ച ജാമിഅ മില്ലിയ സർവകലാശാല വിദ്യാർഥികൾക്കെതിരെ കെട്ടിച്ചമച്ച കേസിലെ വിധിയാണ് മറ്റൊന്ന്.
അന്വേഷണ ഏജൻസികളെയും ചില കോടതികളെയും വരെ ദുരുപയോഗം ചെയ്തു നീതി അട്ടിമറിക്കുന്നതിന്റെ കൃത്യമായ ഉദാഹരണങ്ങൾ കൂടിയാണ് ഈ കേസുകൾ.
2008 കാലത്താണ് ജയ്പുർ, ബംഗളൂരു, അഹ്മദാബാദ് തുടങ്ങിയ നഗരങ്ങളിൽ സ്ഫോടനങ്ങൾ അരങ്ങേറിയത്. 2008 മേയ് 13 ന് രാജസ്ഥാൻ തലസ്ഥാനമായ ജയ്പുർ നഗരത്തിൽ നടന്ന സ്ഫോടന പരമ്പരയിൽ 63 പേർ കൊല്ലപ്പെടുകയും 216 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ഔദ്യോഗിക കണക്ക്. രാജ്യത്തെ നടുക്കിയ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ടി.വി ചാനലുകൾക്ക് ഇ-മെയിൽ സന്ദേശം അയച്ചുകൊണ്ട് ‘ഇന്ത്യൻ മുജാഹിദീൻ’ എന്ന പുതിയൊരു ഭീകരസംഘടന നാമം രംഗപ്രവേശംചെയ്യുന്നത് ജയ്പുർ സ്ഫോടനം നടന്നതിന് അടുത്ത ദിവസങ്ങളിലാണ്. അതോടെ വ്യത്യസ്ത അന്വേഷണ സാധ്യതകളുടെ വാതിലടച്ച് എല്ലാ അന്വേഷണങ്ങളും ഒരേ ദിശയിലേക്ക് നീങ്ങി. രാജസ്ഥാനിലും ഡൽഹിയിലും യു.പിയിലും വ്യാപകമായി പൊലീസ് വേട്ടയും അറസ്റ്റുകളും നടന്നു.
ഇതിന്റെ തുടർച്ചയാണ് ബട്ല ഹൗസ് വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ. സംശയം ആരോപിച്ച് അറസ്റ്റ് ചെയ്ത മുസ്ലിം യുവാക്കളിൽപ്പെട്ട അഞ്ചുപേർക്കെതിരെ സമർപ്പിച്ച ചാർജ് ഷീറ്റിൽ വിചാരണകോടതി നാലുപേരെ ശിക്ഷിക്കുകയും ഒരാളെ വിട്ടയക്കുകയും ചെയ്തത്. നാലിൽ ഒരാൾക്ക് വധശിക്ഷയാണ് വിധിച്ചത്. വിട്ടയച്ചതിനെതിരെയും എല്ലാവർക്കും വധശിക്ഷ ആവശ്യപ്പെട്ടും പൊലീസ് സമർപ്പിച്ച അപ്പീലിന്മേലും വധശിക്ഷ റദ്ദു ചെയ്യണമെന്ന് അപേക്ഷിച്ച് മുഹമ്മദ് സൽമാൻ സമർപ്പിച്ച അപ്പീലിന്മേലും വാദം കേട്ട രാജസ്ഥാൻ ഹൈകോടതി നടത്തിയത് ഭീകരവാദ കെട്ടുകഥകളുടെ മുനയൊടിക്കുന്ന വിധിപ്രസ്താവമാണ്. ദുരുദ്ദേശ്യത്തോടെ നിരപരാധികളെ സ്ഫോടനക്കേസിൽ പെടുത്താൻ കള്ളക്കളി നടത്തിയ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ രൂക്ഷപരാമർശങ്ങളാണ് ഈ വിധിയെ വേറിട്ടതാക്കി മാറ്റുന്നത്.
മാർച്ച് 29ന് രാജസ്ഥാൻ ഹൈകോടതിയിലെ ജസ്റ്റിസ് പങ്കജ് ഭണ്ഡാരി, ജസ്റ്റിസ് സമീർജയിൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ നിരപരാധികളായ യുവാക്കളുടെ ജീവിതം അപകടപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ ഭീകരവാദക്കേസ് ചുമത്തി ജയിലിലടച്ച പൊലീസ് ഉേദ്യാഗസ്ഥർക്കെതിരെ അന്വേഷണവും നടപടിയും സ്വീകരിക്കാൻ ഡി.ജി.പിയോട് ആവശ്യപ്പെടുകയും കേസ് പുനഃപരിശോധിക്കണമെന്ന് ചീഫ് സെക്രട്ടറിയോട് നിർദേശിക്കുകയും ചെയ്യുന്നു. എട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യപ്പെട്ട സ്ഫോടനക്കേസിൽ ശിക്ഷ ശരിവെക്കാൻ പഴുതില്ലാത്തവിധം ദുർബലമായ തെളിവുകൾ നിരത്തുന്ന അന്വേഷണ രീതിയെ ‘നീചമായ വഴികൾ തേടിയ അന്വേഷണം’ എന്നാണ് കോടതി വിശേഷിപ്പിക്കുന്നത്. അന്വേഷണം നിഷ്പക്ഷമല്ല. വധശിക്ഷ വിധിക്കാൻ പര്യാപ്തമായ തെളിവുകൾ പൊലീസ് സമർപ്പിച്ചിട്ടില്ല. കെട്ടിച്ചമച്ചും കൃത്രിമമായി ഉണ്ടാക്കിയും കൊണ്ടുവന്ന തെളിവുകൾ വൈരുധ്യംനിറഞ്ഞതും അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാവനാവിലാസവുമാണ്. സാമാന്യ നീതിയും സമൂഹത്തിന്റെ ഉത്തമ താല്പര്യവും പരിഗണിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ അന്വേഷണവും അർഹിക്കുന്ന അച്ചടക്ക നടപടിയും കൈക്കൊള്ളുന്നതിന് മുൻകൈ എടുക്കണമെന്ന് സംസ്ഥാന ഡി.ജി.പിയോട് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ജസ്റ്റിസ് ഭണ്ഡാരിയെ പിന്തുണച്ച ജസ്റ്റിസ് ജയിൻ വ്യാജ കുറ്റമാരോപിച്ചു ശിക്ഷിക്കപ്പെട്ടവർ യുവാക്കളാണെന്നും അവരുടെ സാധാരണ ജീവിതം അപകടത്തിലാക്കിയ വിചാരണകോടതി വിധി നിയമത്തിന്റെ സാമാന്യ വ്യവസ്ഥകളുടെ ലംഘനവും തെളിവുകളിലെ വൈരുധ്യങ്ങൾ അവഗണിക്കുന്ന ശിക്ഷാവിധിയാണെന്നും കൂട്ടിച്ചേർത്തു. വിശാലമായ പൊതുതാല്പര്യം മുൻ നിർത്തി കേസിലെ പ്രശ്നങ്ങൾ പഠന വിധേയമാക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു.
വംശീയ വിരോധത്തോടെ മുസ്ലിംകൾക്കെതിരെ വ്യാജ കേസുകൾ കെട്ടിച്ചമക്കുന്ന അന്വേഷണ പ്രക്രിയക്കും അതിന് നേതൃത്വം നൽകുന്ന വർഗീയ വെറി ബാധിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കുമെതിരെ ശക്തമായ താക്കീതാണ് രാജസ്ഥാൻ ഹൈകോടതിയുടെ ജയ്പുർ സ്ഫോടനക്കേസ് വിധി.
ട്രയൽകോടതിയുടെ പിഴവുകൾ തിരുത്തി നീതിയുടെ താൽപര്യങ്ങൾ പരമാവധി പാലിക്കാൻ ഈ വിധി ശ്രമിക്കുമ്പോൾ അതിന് നേരെ വിപരീത വശമാണ് 2023 മാർച്ച് 28 ന് ഡൽഹി ഹൈകോടതി പുറപ്പെടുവിച്ച മറ്റൊരു വിധി. 2019 ഡിസംബർ 19 ന് പൗരത്വ നിഷേധ നിയമത്തിനെതിരെ ഡൽഹിയിലെ കേന്ദ്ര സർവകലാശാലയായ ജാമിഅ മില്ലിയ്യയിൽനിന്ന് പുറപ്പെട്ട പാർലമെന്റ് മാർച്ചിനിടയിൽ അതിക്രമം കാണിച്ചെന്നാരോപിച്ചു ശർജീൽ ഇമാം, സഫൂറാ സർഗാർ, ആസിഫ് തൻഹ, മുഹമ്മദ് ശുഐബ്, അബൂദർ, മുഹമ്മദ് ഖാസിം, മഹ്മൂദ് അൻവർ, ശാഹ്സർ റസ, ഉമൈർ അഹ്മദ്, മുഹമ്മദ് ബിലാൽ നദീം, ചന്ദാ യാദവ് തുടങ്ങിയ വിദ്യാർഥി നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് ചുമത്തിയ കേസുകളുടെ എഫ്.ഐ.ആർ ഡിസ്ചാർജ് ചെയ്ത സാകേത് ജില്ല കോടതി ജഡ്ജി അരുൾ വർമയുടെ ശ്രദ്ധേയമായ വിധിയാണ് ഡൽഹി ഹൈകോടതി റദ്ദ് ചെയ്തത്. വ്യക്തമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി വിദ്യാർഥി നേതാക്കൾക്കെതിരെയുള്ള റദ്ദാക്കിയ കേസുകൾ പുനഃസ്ഥാപിക്കുന്നതിലൂടെ ഡൽഹി പൊലീസിനെ രക്ഷപ്പെടുത്തുന്നതാണ് ഹൈകോടതിയുടെ വിധി പ്രസ്താവം. ബസ് കത്തിക്കുന്നതിന്റെയും അക്രമം അഴിച്ചുവിടുന്നതിന്റെയും വിഡിയോ ചിത്രങ്ങൾ ലഭ്യമാണ് എന്നതിനാൽ വിദ്യാർഥി നേതാക്കൾക്കെതിരായ കേസുകൾ തുടരണം എന്നാണ് ഹൈകോടതി പക്ഷം. പക്ഷേ, എഫ്.ഐ.ആർ ഡിസ്ചാർജ് ചെയ്ത ജില്ല കോടതി നിരീക്ഷണങ്ങളെ യഥാവിധി മറികടക്കുന്ന ഒരു വാദവും ഈ വിധിയിൽ ലഭ്യമല്ലെന്നാണ് നിയമ വിദഗ്ദ്ധരും മനുഷ്യാവകാശ പ്രവർത്തകരും വിലയിരുത്തുന്നത്. വിധിയിൽ ഒരിടത്തും വിദ്യാർഥി നേതാക്കൾക്കുമേൽ അതിക്രമ കുറ്റം സ്ഥാപിച്ചിട്ടില്ല.
പൗരത്വ നിഷേധ നിയമത്തിനെതിരായ ജനകീയ പ്രക്ഷോഭംപോലെ രാജ്യത്ത് അലയടിച്ചുയർന്ന മഹാസമരത്തിന്റെ ഭാഗമായി ഒരു പ്രധാന സർവകലാശാലയിലെ വിദ്യാർഥികളുടെ സ്വാതന്ത്ര്യംപോലും തടഞ്ഞ പൊലീസ് നടപടികളെയും അത് ന്യായീകരിക്കാൻ നടത്തുന്ന വാദങ്ങളെയും ശരിവെക്കുന്നതിലൂടെ നിഷ്പക്ഷതയുടെ അതിരുകൾ ഭേദിച്ച് ഹിന്ദുത്വ രാഷ്ട്രീയ താല്പര്യങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങളുടെ വശത്തേക്ക് ചായുകയാണ് ഈ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.