കേരളത്തിന്റെ മനസ്സ് സൗഹാർദത്തിനൊപ്പമാണ്
text_fieldsവെറുപ്പും വിദ്വേഷവും അധികാരത്തിന്റെ തണലിൽ ആസൂത്രിതമായി പ്രചരിപ്പിക്കപ്പെടുന്ന ഇന്ത്യൻ സാഹചര്യത്തിൽ, മതവിഭാഗങ്ങളെ തമ്മിലകറ്റാൻ ബോധപൂർവമായ അജണ്ടകൾ കേരളത്തിലും നടപ്പാക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമങ്ങൾ നടക്കുന്ന ഘട്ടത്തിലാണ് ‘സൗഹൃദ കേരളത്തിന് യുവത്വം കാവലിരിക്കുന്നു’ എന്ന പ്രമേയത്തിൽ കേരള മൈത്രി ജാഥ നടത്താൻ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമയുടെ യുവജന വിഭാഗമായ കേരള മുസ്ലിം യൂത്ത് ഫെഡറേഷൻ (കെ.എം.വൈ.എഫ്) തീരുമാനിച്ചത്. മലയാള നാടിന്റെ മൈത്രിയുടെ അടയാള ഭൂമികളിലൊന്നായ കൊടുങ്ങല്ലൂരിൽനിന്ന് ഫെബ്രുവരി 17നാണ് ജാഥ പ്രയാണമാരംഭിച്ചത്. കടന്നുപോയ എട്ടു ജില്ലകളിൽ 45 ഇടങ്ങളിലായി സ്വീകരണ പരിപാടികളും സൗഹൃദ സദസ്സുകളും ചർച്ചാസംഗമങ്ങളും സംഘടിപ്പിക്കപ്പെട്ടു. സംഘടന പ്രവർത്തകരിലും മുസ്ലിം സമുദായാംഗങ്ങളിലും ഒതുങ്ങുന്നതായിരുന്നില്ല ഇവിടത്തെ സാന്നിധ്യവും പങ്കാളിത്തവും. വിവിധ മതസമൂഹങ്ങളിലെ നേതാക്കളും ഉന്നത മതാചാര്യന്മാരുമുൾപ്പെടെ 300 പേരാണ് ഈ ഉദ്യമത്തിന് നന്മ നേരാനും നെഞ്ചോടുചേർക്കാനും മുന്നോട്ടുവന്നത്. അകൽച്ച വർധിപ്പിക്കാൻ ആസൂത്രിത ശ്രമങ്ങൾ കൊണ്ടുപിടിച്ചു നടക്കവെ പ്രകാശത്തിന്റെ കണികകൾ ആവോളം അവശേഷിക്കുന്നുണ്ടെന്ന വലിയ പ്രതീക്ഷയാണ് ഈ യാത്ര ഞങ്ങൾക്ക് സമ്മാനിച്ചത്.
സൗഹൃദവും സ്നേഹവും നിറഞ്ഞുനിന്ന, അറിയാനും പഠിക്കാനും അവസരമേകിയ തുറന്ന ചർച്ചകളിൽ പലതരം തെറ്റിദ്ധാരണകൾ തിരുത്താനും വിവിധ സമൂഹങ്ങളുടെ വൈവിധ്യമാർന്ന ആചാരങ്ങളുടെ മാനവികത തിരിച്ചറിയാനും സാധിച്ചു.
ഞായറാഴ്ച ദിവസത്തെ രണ്ടു കുർബാനകൾ ഒന്നായി ക്രമീകരിച്ചാണ് അടിമാലിയിലെ ഫാ. എൽദോസ് കൂറ്റംപാല മൈത്രി ജാഥക്ക് അഭിവാദ്യമർപ്പിക്കാനെത്തിയത്. കോവിഡ് സൃഷ്ടിച്ച ശാരീരിക പ്രയാസങ്ങൾ കാരണം രണ്ടു വർഷമായി പൊതു പരിപാടികളിൽനിന്ന് വിട്ടുനിൽക്കുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്രം സെക്രട്ടറി അഡ്വ. ഗോപിനാഥൻ ഓച്ചിറ ക്ഷേത്രത്തിനു മുന്നിൽ കാത്തുനിന്ന് ജാഥയെ വരവേറ്റ് ഹൃദയം തൊട്ടു.
എറണാകുളം വടക്കേക്കരയിൽ നടന്ന സൗഹൃദ ചർച്ചയിലേക്ക് ജോസ് മാഷ് എന്ന കോളജ് അധ്യാപകൻ വന്നത് ബാബരി മസ്ജിദ് തകർക്കപ്പെട്ട കാലത്ത് സാമുദായിക സൗഹാർദം തകരാതിരിക്കാൻ തന്റെ കൈപ്പടയിൽ എഴുതിയ, വിദ്യാർഥികൾക്ക് ഒപ്പം തെരുവുകൾതോറും പാടിനടന്ന മതേതരത്വത്തിന്റെ ഗീതികളുമായാണ്. 31 വർഷത്തിനുശേഷം അദ്ദേഹം ആ വരികൾ ഓർത്തെടുത്ത് പാടുമ്പോൾ ഇതുപോലുള്ള അധ്യാപകർ ഉള്ളിടത്തോളം കേരളത്തിലെ വിദ്യാർഥികൾക്ക് ദിശാബോധം നഷ്ടപ്പെടില്ലെന്ന ആശ്വാസമാണ് മനസ്സിൽ നാമ്പിട്ടത്.
എരുമേലിയിലെ വാവരുപള്ളിയിൽ നടന്ന സംഗമത്തിൽ മലയരയ സമൂഹത്തിന്റെ പ്രാദേശിക നേതാവ് ഹർഷൻ പറഞ്ഞ വാക്കുകൾ മറക്കാനാവില്ല. ‘ഒരുപാട് ചൂഷണം ചെയ്യപ്പെട്ട ജീവിതമാണ് ഞങ്ങളുടേത് എങ്കിലും എല്ലാവരോടും സ്നേഹം മാത്രമാണുള്ളത്. ചൂഷണം ചെയ്തവരോടും ഞങ്ങൾക്ക് വിദ്വേഷമില്ല. മൈത്രിക്കായി ഏതറ്റംവരെ പോകാനും നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട്' എന്നായിരുന്നു അദ്ദേഹം നൽകിയ ഉറപ്പ്.
തൊടുപുഴയിലെ സ്വീകരണത്തിൽ പങ്കെടുത്ത ദലിത് ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.കെ. ജിൻഷു കീഴാള ജനതയുടെ മുഴുവൻ പിന്തുണയും യാത്രക്ക് വാഗ്ദാനം ചെയ്തു.
മതസൗഹാർദം നേരിടുന്ന പ്രധാന വെല്ലുവിളി അസഹിഷ്ണുതയാണെന്നും അതിനെതിരെ നാമെല്ലാം ഒരുമിച്ചു നിൽക്കണമെന്നും പറഞ്ഞാണ് മലങ്കര സുറിയാനി കത്തോലിക്ക സഭ മാവേലിക്കര രൂപത അധ്യക്ഷൻ ബിഷപ് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് കായംകുളത്ത് നടന്ന സ്വീകരണച്ചടങ്ങിൽ ഈ വിനീതനെ ചേർത്തുപിടിച്ചത്.
ജാഥയെ തന്റെ ആസ്ഥാനത്തുതന്നെ സ്വീകരിച്ച ഡോ. ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി സമ്പൂർണ പിന്തുണയുമേകി. മാധ്യമങ്ങൾക്കു മുന്നിൽ ജാഥ ക്യാപ്റ്റനെ ചേർത്തുപിടിച്ചായിരുന്നു ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഐക്യദാർഢ്യം അറിയിച്ചത്. മാപ്പിളപ്പാട്ട് പാട്ടുകളിലൂടെ ശ്രദ്ധേയനായ ഫാ. സേവേറിയോസ് യാത്രാവേദിയിലും സ്നേഹഗാനാലാപനവുമായെത്തി.
മുൻ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മാത്യു ടി. തോമസ് എന്നിവർ കോട്ടയത്തും തിരുവല്ലയിലുമെത്തി പിന്തുണയേകി. കൊടുങ്ങല്ലൂരിൽ ഇ.ടി. ടൈസൻ മാസ്റ്റർ എം.എൽ.എ ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തി.
സി.എസ്.ഐ മധ്യകേരള മഹാ ഇടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ തന്റെ ആസ്ഥാനത്ത് വിരുന്നൊരുക്കിയാണ് ജാഥാംഗങ്ങളെ സ്വീകരിച്ചത്. മുസ്ലിം സമുദായ സംഘടനകളിലെ പ്രമുഖ നേതാക്കളും വിവിധയിടങ്ങളിൽ ഐക്യദാർഢ്യവുമായി എത്തി.
തിരുവനന്തപുരം ഏകലവ്യാശ്രമ മഠാധിപതി സ്വാമി അശ്വതി തിരുനാളും കോട്ടയത്ത് ഫാ. മോഹൻ ജോസഫും ആലപ്പുഴ മണ്ണഞ്ചേരിയിൽ ഫാ. കുര്യൻ ഇളംകുളവും പു.ക.സ ജില്ല പ്രസിഡന്റ് രാമപുരം ചന്ദ്രബാബുവും തിരുവല്ലയിൽ സ്വാമി നിർവിണാനന്ദയും ഓച്ചിറയിൽ സ്വാമി സുനിൽ സിത്താറും തേവലക്കരയിൽ മേജർ മഹാദേവി ക്ഷേത്രം വൈസ് പ്രസിഡന്റ് ജി. കൃഷ്ണകുമാറും ഫാ. ഫിലിപ് തരകനും പ്രഭാഷണങ്ങളിൽ ഓർമപ്പെടുത്തിയത് ഒരേ കാര്യമായിരുന്നു- ഈ യാത്രക്ക് തുടർചലനങ്ങൾ ഉണ്ടാകേണ്ടതുണ്ട് എന്ന്. ഒരുമയുടെ സന്ദേശ പ്രചാരണങ്ങൾക്കായി സ്ഥിരം വേദി ആവശ്യമുണ്ടെന്ന് ഞങ്ങളോട് ആവശ്യപ്പെട്ട് യാത്രയുടെ ഭാഗമായവരും പുറമെനിന്ന് വീക്ഷിച്ചവരും ഐക്യദാർഢ്യവുമായി എത്തിയവരുമായ നിരവധി പേരുണ്ട്.
കല്മഷവും കാലുഷ്യവുമല്ല, സ്നേഹവും സൗഹാർദവുമാണ് നമ്മുടെ നാടിന്റെ പൊതുവികാരമെന്നാണ് ഈ യാത്രയിലുടനീളം ഞങ്ങൾ വായിച്ചെടുത്തത്, കണ്ണിലെ കൃഷ്ണമണി പോലെ അതു സംരക്ഷിക്കപ്പെടാൻ നാം കാവലിരിക്കേണ്ടതുണ്ട് എന്നും.
(കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്റും
കേരള മൈത്രി ജാഥ ക്യാപ്റ്റനുമാണ് ലേഖകൻ)
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.