ധർമായുക്തൻ
text_fields''മറച്ചുവെക്കേണ്ടത് മറച്ചുവെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്''-അർജുനനോടുള്ള ശ്രീകൃഷ്ണ ധർമോപദേശമാണെന്നൊന്നും കരുതേണ്ട. മുൻമന്ത്രി സാക്ഷാൽ കെ.ടി. ജലീലിന്റെ 'ധർമയുദ്ധ സിദ്ധാന്ത'ങ്ങളിലൊന്നു മാത്രമാണിത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ, അതിരാവിലെ ആരും കാണാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ കിട്ടിയ വെളിപാടാണോ എന്നറിയില്ല.
അതെന്തായാലും ജീവിത നിയോഗം ധർമയുദ്ധമായി സ്വീകരിച്ച ഒരാൾക്ക് ഇങ്ങനെയൊക്കെ മാത്രമേ അവതരിപ്പിക്കാനാവൂ. ഓരോ വാക്കും പ്രവൃത്തിയും ധർമയുദ്ധമാക്കാൻ തീർച്ചപ്പെടുത്തിയയാൾക്ക് അനീതിയോടും അഴിമതിയോടും രാജിയാവാനാവില്ല. യുദ്ധം എന്നു പറഞ്ഞാൽ കണ്ണും മൂക്കുമൊന്നുമില്ല. ജനപ്രതിനിധികളോ, ഉദ്യോഗസ്ഥരോ എന്നല്ല, അഴിമതിയും സ്വജനപക്ഷപാതവും തടയാൻ നിയോഗിക്കപ്പെട്ട സാക്ഷാൽ ലോകായുക്തയാണെങ്കിലും കടുകിട വിടില്ല. സർവമേഖലയും അഴിമതി മുക്തമാക്കാൻ തുനിഞ്ഞിറങ്ങിയ ലോക(യുക്ത)മാന്യരുടെ നെറികേടുകൾക്കെതിെര സന്ധിയില്ലാ സമരമാണ്. കൂടെ ആരുണ്ടെന്നു നോക്കിയൊന്നുമല്ല. ആരുടെ പിന്തുണയില്ലെങ്കിലും മന്ത്രിസ്ഥാനം തെറിപ്പിച്ച ലോകായുക്തയെ വിരട്ടിയിട്ടു തന്നെ കാര്യം.
പാർട്ടി ജലീലിനൊപ്പം നിൽക്കേണ്ടതായിരുന്നു. ജലീൽ മുന്നോട്ടുവെച്ചതിലും ഒരു ചുവടു മുന്നിലാണ് സത്യത്തിൽ പാർട്ടി. അവർക്ക് ലോകായുക്തയുടെ അഴിമതിയല്ല; ലോകായുക്തതന്നെയാണ് പ്രശ്നം. അതുകൊണ്ടാണ്, ടി സംവിധാനത്തിൽ അൽപം വെള്ളം ചേർക്കാനായി ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. വിഷയത്തിൽ ഉടക്കിടാൻ പ്രതിപക്ഷവും പൗരസമൂഹവും തുനിഞ്ഞിറങ്ങിയപ്പോൾ ജലീലിനെ മുന്നിൽവെച്ചാണ് ന്യായീകരണ ക്യാപ്സൂളുകൾ ഇറക്കിയതും. ബന്ധുനിയമന കേസിൽ തന്നെ കേൾക്കാൻ തയാറാകാതെയാണ് ലോകായുക്ത വിധി പറഞ്ഞ് മലപ്പുറം സുൽത്താനെ നാറ്റിച്ചതെന്ന് സർവ ചാനൽ ചർച്ചകളിലും പാർട്ടി വക്താക്കൾ ആവർത്തിച്ചുപറഞ്ഞു.
ഈ ഗതി ഇനിയാർക്കും വരാതിരിക്കാനാണ് ലോകായുക്ത നിയമത്തിൽ അൽപം മാറ്റം വരുത്താൻ തിടുക്കത്തിൽ തീരുമാനിച്ചത്. പാർട്ടിയുടെ ഈ ക്യാപ്സൂളിലേക്ക് തന്റെ വകയായി ചില്ലറ രസക്കൂട്ടുകൾ വിതറുക മാത്രമാണ് ജലീൽ ചെയ്തത്. പക്ഷേ, അതിൽ പതിവുപോലെ അൽപം ഗുളികൻ കയറിയോ? ബന്ധുനിയമനത്തിൽ ഗത്യന്തരമില്ലാതെ രാജിവെക്കേണ്ടിവന്നയാളാണ്. അതുവരെയും പിണറായിയുടെ സ്വന്തക്കാരനും വിശ്വസ്തനുമായിരുന്നു. ലോകായുക്ത അങ്ങനെയൊരു വിധി പുറപ്പെടുവിച്ചില്ലായിരുന്നുവെങ്കിൽ മന്ത്രിസഭയിൽ രണ്ടാമൂഴം ലഭിക്കേണ്ടതായിരുന്നു.
സർക്കാർ ഖജനാവിന് പ്രത്യേകിച്ച് നഷ്ടമൊന്നുമില്ലാത്തതും സ്വന്തം പോക്കറ്റിന് കാൽകാശിന്റെ നേട്ടമില്ലാത്തതുമായ നിർദോഷകരമായൊരു പ്രവൃത്തിയെയാണ് രാഷ്ട്രീയ ശത്രുക്കൾ ചേർന്ന് 'ബന്ധുനിയമനം' എന്നൊക്കെ പറഞ്ഞത് വലുതാക്കി ലോകായുക്തക്ക് മുന്നിലെത്തിച്ചത്. ലോകായുക്തയും ശത്രുപക്ഷത്തായിരുന്നു. അതിനാൽ, ജലീലിന്റെ ഭാഗം കേൾക്കാതെ കുറ്റക്കാരനെന്ന് വിധിച്ചു. രാജിവെച്ചപ്പോൾ മന്ത്രിയുടെ പ്രസ്താവന ഇങ്ങനെ: ''എന്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം''. രക്തദാഹികളുടെ കൂട്ടത്തിൽ ഒന്നാമൻ സാക്ഷാൽ ലോകായുക്തയായിരുന്നുവെന്ന് ഇപ്പോഴാണ് മാലോകർ അറിയുന്നത്.
ലോകായുക്ത ആളത്ര വെടിപ്പല്ല എന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ജലീലിന്റെ ഓരോ വെടിയും. പക്ഷേ, വെടി ലക്ഷ്യംതെറ്റി സ്വന്തം മുന്നണിയിലേക്കും ചിലപ്പോൾ സ്വന്തം നെഞ്ചത്തേക്കും പതിക്കുന്നുവെന്നതാണ് ദുര്യോഗം. ജഡ്ജിയദ്ദേഹത്തിന്റെ സഹോദര ഭാര്യക്ക് വി.സി നിയമനം തരപ്പെടുത്തിയതിന്റെ പ്രത്യുപകാരമായി പ്രമുഖ രാഷ്ട്രീയ നേതാവിനെ ടിയാൻ പ്രമാദമായ കേസിൽനിന്ന് കുറ്റമുക്തനാക്കി എന്നതാണ് ഒന്നാമത്തെ വെടി. ജാൻസി ജെയിംസിനെ ഉമ്മൻ ചാണ്ടി സർക്കാർ എം.ജി വി.സിയാക്കി നിയമിച്ചതും തൊട്ടടുത്ത വർഷം കുഞ്ഞാലിക്കുട്ടി ഐസ്ക്രീം പാർലർ കേസിൽനിന്ന് കുറ്റമുക്തമായതുമാണ് കവി ഉദ്ദേശ്യം. 'വിധിന്യായമെഴുതാത്ത ജഡ്ജി'യെന്ന് മുമ്പ് പലരും ടി ലോകായുക്തയെ വിശേഷിപ്പിച്ചിട്ടുണ്ട്.
സുഷമ സ്വരാജ് മുതൽ സുധാൻഷു രഞ്ജൻ വരെയുണ്ട് ഇക്കൂട്ടത്തിൽ. സുപ്രീംകോടതിയിൽ ചെലവഴിച്ച മൂന്നര വർഷത്തിനിടെ വെറും ആറ് കേസുകളിൽ മാത്രം വിധി പറഞ്ഞ മഹാൻ തന്റെ കാര്യത്തിൽ രണ്ടാഴ്ചകൊണ്ട് കേസ് തീർപ്പാക്കിയതിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നാണ് ആരോപണത്തിന്റെ പൊരുൾ. ബന്ധുനിയമനത്തിൽ തന്നെ കുടുക്കിയ ലോകായുക്ത അഭയ കേസിൽ ബന്ധുവിനെ രക്ഷപ്പെടുത്താനും ശ്രമിച്ചുവത്രെ. പക്ഷെ, ഇത്രയും വലിയ ആരോപണം ഏറ്റുപിടിക്കാൻ സ്വന്തം പക്ഷത്തുള്ളവർപോലും തയാറായില്ല.
അതങ്ങനെയാണ്. ജലീലിനെ ഈ നിമിഷം ഏറ്റുപിടിച്ചാൽ പല ആരോപണങ്ങളും ബൂമറാങ്ങുകളാവും. 'ഐസ്ക്രീ'മിൽ പോലും അത്തരം 'ഡീലു'കളുണ്ടെന്നാണല്ലോ സംസാരം. അതൊക്കെപ്പോട്ടെ, ഇത്രയുംവലിയ ക്രൂരനും അഴിമതിവീരനുമാണ് ലോകായുക്തയെങ്കിൽ അങ്ങനെയൊരാളെ ഒന്നാം പിണറായി സർക്കാർ എന്തിന് അവിടെ പ്രതിഷ്ഠിച്ചുവെന്നതിനെങ്കിലും ഇടതുപക്ഷം മറുപടി പറയേണ്ടേ? മാത്രമോ, ജലീലിനെ ശരിവെക്കുകയാണെങ്കിൽ മന്ത്രി ആർ. ബിന്ദുവിനെ കുറ്റമുക്തയാക്കിയതിന്റെ 'ഡീലും' പിണറായി വിശദീകരിക്കേണ്ടിവരും. ജലീൽ മന്ത്രിക്കേസരയിലിരിക്കുമ്പോൾ, ഉമ്മൻ ചാണ്ടി വി.സിയാക്കിയ ജാൻസി ജെയിംസിന്റെ മകൾ ഗവ. പ്ലീഡറായിരുന്നു. രണ്ടാം പിണറായിയുടെ കാലത്ത് അവർക്ക് സീനിയർ പ്ലീഡർ പദവിയും നൽകി.
ജലീലിയൻ യുക്തിവെച്ചുനോക്കുമ്പോൾ, ആ സ്ഥാനക്കയറ്റത്തെ ജലീലിനെതിരായ ലോകായുക്ത വിധിയുടെ ഉപകാരസ്മരണയായും കണക്കാക്കാം. ഇതൊക്കെ കൃത്യമായി അറിയാവുന്നതുകൊണ്ടാണ് ജലീൽ ഒരു പ്രസ്ഥാനമല്ലെന്ന് സഖാവ് കാനം തുറന്നടിച്ചത്. സി.പി.എമ്മും അത് ശരിവെച്ചു. അതുകൊണ്ടാണ്, 'കുറ്റിപ്പുറം വിപ്ലവ'കാലത്തുണ്ടായിരുന്ന പിന്തുണയൊന്നും ഇപ്പോഴില്ലാത്തത്. ലാഭമുള്ള ഡീലിലേ പാർട്ടി പിന്തുണയുണ്ടാവൂ.
അല്ലെങ്കിലും, കുറച്ചുകാലമായി ജലീലിന്റെ 'ധർമയുദ്ധങ്ങൾ' പാർട്ടി വേണ്ടത്ര ഗൗനിക്കുന്നില്ല. എ.ആർ നഗർ ബാങ്കിൽ നടന്ന കള്ളപ്പണ ഇടപാടുകളെക്കുറിച്ച് എത്ര ഒച്ചവെച്ചിട്ടും പിണറായി സഖാവ് മുഖം തിരിച്ചുകളഞ്ഞു. ബാങ്ക് തട്ടിപ്പ് ഇ.ഡി അന്വേഷിക്കണമെന്ന് പറഞ്ഞപ്പോൾ സഖാവ് അത് പരസ്യമായി തള്ളി. കുഞ്ഞാലിക്കുട്ടിയൊക്കെ ഏത് നിമിഷവും ഇരുമ്പഴിക്ക് അകത്താവുമെന്ന് പ്രതീക്ഷിച്ചവരൊക്കെ നിരാശരായി. പണ്ട് വിദ്യാർഥിരാഷ്ട്രീയകാലത്ത് പാർട്ടി പിന്തുണയില്ലാതെയും ധർമയുദ്ധത്തിനിറങ്ങി. ബാലറ്റ് തുറന്നപ്പോൾ ജലീൽ തോറ്റു. അന്നു തുടങ്ങിയതാണ് 'കുരുക്ഷേത്ര ഭൂമിയിൽ അർജുനൻ വീണേ' എന്ന വിലാപം. നാലാമതും എം.എൽ.എയായി എന്നതു ശരി. പക്ഷേ, മന്ത്രിസ്ഥാനം പോയതിൽപിന്നെ കുരുക്ഷേത്രവിലാപവുമായി തേങ്ങി നടപ്പാണ്. ആകെക്കൂടി പിന്തുണയുമായി എത്തിയിരിക്കുന്നത് പൂഞ്ഞാറിലെ പി.സി. ജോർജാണ്. 'ജലീലേ, ഇങ്ങു പോരേ...' എന്നു പി.സിയുടെ വിളി. ആ വിളി അറംപറ്റാതിരിക്കട്ടെ എന്നു മാത്രമാണിപ്പോൾ പ്രാർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.