പുറപ്പാട്
text_fieldsബോളിവുഡ് പോലെത്തന്നെയാണ് അതിെൻറ ആസ്ഥാനഭൂമികയായ മറാത്താദേശത്തിെൻറയും അവിടത്തെ രാഷ്ട്രീയത്തിെൻറയും അവസ്ഥയെന്ന് തോന്നുന്നു. വെള്ളിത്തിരയിലെ പകർന്നാട്ടങ്ങൾക്കപ്പുറം, പണവും ലഹരിയും ഗ്ലാമറുമെല്ലാം തീർത്ത മറ്റൊരു അധോലോകം ബോളിവുഡിനെ നയിക്കുന്നതുപോലെ, രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ചേർന്നൊരു അവിശുദ്ധ സഖ്യമാണോ മഹാരാഷ്ട്രയിൽ കാര്യങ്ങൾ നീക്കിക്കൊണ്ടിരിക്കുന്നതെന്ന് ആർക്കും തോന്നിപ്പോകുമിപ്പോൾ.
യഥാർഥ ബോളിവുഡ് ചിത്രങ്ങളെക്കാൾ അണിയറയിൽ കാലങ്ങളായി കളിച്ചുകൊണ്ടിരിക്കുന്ന 'അധോലോക മസാലപ്പടങ്ങളെ' ഒാർമിപ്പിക്കുംവിധമാണ് ഇൗ അവിശുദ്ധ സഖ്യത്തിെൻറ പെരുമാറ്റം. ബോളിവുഡ് താരം ഷാറൂഖ് ഖാെൻറ മകൻ ആര്യൻ ഖാനെ ആഘോഷങ്ങളോടെ പിടിച്ചുകൊണ്ടുപോയി കുറച്ചുദിവസം അകത്തിട്ട് പരിശോധിച്ച നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെയും (എൻ.സി.ബി) അതിെൻറ നായകൻ സമീർ വാങ്കഡെയുടെയും നാടകമിപ്പോൾ എവിടെയെത്തിനിൽക്കുന്നുവെന്ന് മാത്രം അന്വേഷിച്ചാൽ ആർക്കും മനസ്സിലാകുമിതൊക്കെ. 'കോർഡീലിയ' എന്ന ആഡംബരക്കപ്പലിൽ ഫാഷൻ ടി.വി സംഘടിപ്പിച്ച പാർട്ടിക്കിടെയാണ് ആര്യൻ ഖാനെയും മറ്റു ചിലരെയും മയക്കുമരുന്ന് കേസിൽപെടുത്തി എൻ.സി.ബി പിടിച്ചുകൊണ്ടുപോയത്. ആയിരത്തിലധികം പേർ പെങ്കടുത്ത പരിപാടിയിൽനിന്ന് ഏതാനും ചിലരെ തിരഞ്ഞുപിടിച്ച് പൊക്കിയതെന്തുകൊണ്ടെന്ന് സംസ്ഥാന മന്ത്രി നവാബ് മാലികിന് സംശയം തോന്നിയത് സ്വാഭാവികം മാത്രം. ആ സംശയത്തിൽനിന്ന് നവാബ് മാലിക് തുടങ്ങിയ അനേഷണമാണ് വാങ്കഡെയെ വട്ടപ്പൂജ്യമാക്കി മാറ്റിയിരിക്കുന്നത്. വാങ്കഡെയെപ്പോലുള്ള 'നുഴഞ്ഞുകയറ്റ'ക്കാരെ പുറത്തുകൊണ്ടുവന്ന നവാബിനിപ്പോൾ ശരിക്കുമൊരു 'വിസിൽബ്ലോവറു'ടെ പരിവേഷമാണ്.
കേന്ദ്രം കെട്ടിയിറക്കിയ നാൾതൊേട്ട സമീർ വാങ്കഡെയെ നവാബ് സംശയത്തോടെയാണ് വീക്ഷിക്കുന്നത്. തെൻറ മരുമകനെ കഞ്ചാവു കേസിൽ കുടുക്കിയതിെൻറ കെറുവ് മാത്രമല്ല അതിെൻറ കാരണം. ബോളിവുഡിനെ 'ശുദ്ധീകരിക്കു'ന്നതിെൻറ ഭാഗമായാണ് വാങ്കഡെയുടെ സർവ ഒാപറേഷനുകളും. ദൗത്യങ്ങൾക്കൊടുവിൽ അത് കേന്ദ്രത്തിനും ബി.ജെ.പിക്കും താങ്ങും തണലുമാകുന്നവിധം സാമാന്യം നല്ലൊരു തിരക്കഥയൊരുക്കുന്നതിലും അയാൾ വിദഗ്ധനാണ്. ബിഹാറുകാരനായ ബോളിവുഡ് നടൻ സുശാന്ത് സിങ്ങിെൻറ മരണത്തെയൊക്കെ എത്രപെെട്ടന്നാണ് കോൺഗ്രസിനും എൻ.സി.പിക്കുമെതിരായ രാഷ്ട്രീയായുധമാക്കി മാറ്റിയത്.
ഇങ്ങനെ കേന്ദ്രത്തിനുവേണ്ടി മെയ്യനങ്ങി പണിയെടുക്കുന്നൊരു പടതന്നെയുണ്ട് മറാത്താദേശത്ത്. രാജ്യത്തിെൻറ വാണിജ്യ തലസ്ഥാനം കാത്തുസംരക്ഷിക്കാനെന്നാണ് ഇതിനുള്ള കേന്ദ്രന്യായം. മഹാരാഷ്ട്രയിൽ ബി.ജെ.പി നിലംപതിച്ച നാൾതൊട്ടു തുടങ്ങിയതാണീ ദേശസ്നേഹം -സംസ്ഥാന സർക്കാറിനെ നോക്കുകുത്തിയാക്കി, എല്ലാം കേന്ദ്രത്തിെൻറ നിയന്ത്രണത്തിൽ മുന്നോട്ടുപോകുന്ന ഫാഷിസ്റ്റ് കലാപരിപാടി. വാങ്കഡെയെ തുറന്നുകാട്ടി, ആ പരിപാടിയാണ് നവാബ് പൊളിച്ചിരിക്കുന്നത്. മൂന്നു ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മുക്കൂട്ടുമുന്നണിയാണ് അവിടം ഭരിച്ചുകൊണ്ടിരിക്കുന്നതെന്നറിയാമേല്ലാ. പൊതുമിനിമം പരിപാടിപോലും സാധ്യമാകാത്തയിടം; മുന്നണിയോഗത്തിൽ മുപ്പത് അഭിപ്രായങ്ങളെങ്കിലും ഉയരും. എന്നിട്ടും, ഇക്കാര്യത്തിൽ ശിവസേനയും കോൺഗ്രസും എൻ.സി.പി മന്ത്രിക്ക് പൂർണപിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. കാരണം വ്യക്തം; അവർ അവരുടെ രാഷ്ട്രീയ ശത്രുവിനെ തിരിച്ചറിഞ്ഞിരിക്കുന്നു.
ആര്യൻ ഖാനെ കേസിൽ കുടുക്കിയത് പ്രത്യേക ലക്ഷ്യങ്ങളോടെയാണെന്നാണ് നവാബിെൻറ ഉറച്ച നിലപാട്. കേന്ദ്രം ഭരിക്കുന്ന മുന്നണിയോട് വലിയ ആഭിമുഖ്യമോ വിധേയത്വമോ പ്രകടിപ്പിച്ചിട്ടില്ലാത്തയാളാണ് ഷാറൂഖ് ഖാൻ. പ്രതിപക്ഷത്തുള്ള നേതാക്കളോട് അദ്ദേഹത്തിന് പ്രത്യേക താൽപര്യവുമുണ്ടുതാനും. ഇൗ സാഹചര്യത്തിൽ, അന്വേഷണ ഏജൻസികളെ മറയാക്കി കേന്ദ്രത്തിെൻറ വക കിങ് ഖാന് ഒരു പണികിട്ടുന്നതിൽ അസ്വാഭാവികതയൊന്നുമില്ല; മോദിയുടെ ഇന്ത്യയിൽ അതൊരു കീഴ്വഴക്കം കൂടിയാണ്. ഇൗ എപിസോഡിൽ അതിന് നിയോഗിക്കപ്പെട്ടത് വാങ്കഡെയാണെന്നു മാത്രം. ആറു മാസത്തെ ഡെപ്യൂേട്ടഷനിൽ എൻ.സി.ബിയിലേക്ക് വന്നയാളാണ് വാങ്കഡെ; ഇതിപ്പോൾ വർഷമൊന്നു കഴിഞ്ഞു. സുശാന്ത് സിങ് കേസിൽ സുഹൃത്ത് റിയ ചക്രവർത്തിയെ അറസ്റ്റ് ചെയ്തായിരുന്നു മാസ് എൻട്രി. പിന്നീട്, ബോളിവുഡിലെ മറ്റു ചിലരെയും ചില്ലറ മയക്കുമരുന്നുകൾ കൈവശംവെച്ചതിന് അറസ്റ്റ് ചെയ്തു. അതോടെ, ആള് പോപ്പുലറായി; മുംബൈ നഗരത്തിെൻറ പുതിയ രക്ഷകൻ എന്നൊക്കെ മാധ്യമങ്ങൾ വാഴ്ത്തി.
പേക്ഷ, ഇൗ മേഖലയിലെ വൻസ്രാവുകൾ പിടിക്കപ്പെടാതിരിക്കാൻ ഏമാൻ പരമാവധി ശ്രമിച്ചു. നഗരത്തിൽ ലഹരി കച്ചവടം ചെയ്യുന്നവരെയല്ല, അതുപയോഗിക്കുന്നവരെ മാത്രമാണ് വാങ്കഡെ ലക്ഷ്യമിട്ടത്. ആ രീതിയെയാണ് നവാബ് ആദ്യം ചോദ്യം ചെയ്തത്. ലഹരിക്കടിമപ്പെട്ടവരെ ജയിലിലേക്കല്ല, പുനരധിവാസ കേന്ദ്രങ്ങളിലേക്കാണ് മാറ്റേണ്ടതെന്നും നവാബ് തുറന്നടിച്ചു. തെൻറ പ്രവൃത്തികൾ പൂർണമായും ദേശത്തിനുവേണ്ടിയെന്നായിരുന്നു വാങ്കഡെയുടെ മറുപടി. പേക്ഷ, ഇൗ ദേശസ്നേഹിക്ക് അറസ്റ്റിൽ മാത്രമേ താൽപര്യമുണ്ടായിരുന്നുള്ളൂ. പലപ്പോഴും എഫ്.െഎ.ആർപോലും ഉണ്ടായിരുന്നില്ല. വാങ്കഡെയുടെ ഇൗ ശരികേടിനെ നവാബ് പരസ്യമായി ചോദ്യം ചെയ്തപ്പോഴാണ് മരുമകനെയും പിടിച്ചുകൊണ്ടുപോയത്.
ആര്യൻ കേസിലും ഏതാണ്ടിതൊക്കെത്തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് നവാബ് വീണ്ടും വെടിപൊട്ടിച്ചു തുടങ്ങിയത്. ആര്യെൻറ അറസ്റ്റ് വാർത്തകളുടെ ചാനൽദൃശ്യങ്ങളിൽ പതിഞ്ഞ ചില മുഖങ്ങൾ സംഘ്പരിവാറിേൻറതാണെന്ന് തിരിച്ചറിഞ്ഞതോടെ നവാബ് പോരാട്ടത്തിെൻറ വേഗം കൂട്ടി. അങ്ങനെയാണ് സുപ്രധാനമായ രണ്ട് ആരോപണങ്ങളുമായി അദ്ദേഹം മാധ്യമങ്ങൾക്കുമുന്നിൽ വന്നത്. ആര്യനെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ എൻ.സി.ബി ഉദ്യോഗസ്ഥർ ഷാറൂഖ് ഖാനിൽനിന്ന് 25 കോടി ആവശ്യപ്പെെട്ടന്നാണ് അതിലൊന്ന്. ഇതിൽ എട്ടു കോടിയും വാങ്കഡെക്കായിരുന്നുവത്രെ. കള്ളപ്രമാണങ്ങൾ നിരത്തിയാണ് വാങ്കഡെ ഇൗ ജോലിയൊക്കെ ചെയ്യുന്നതെന്നാണ് രണ്ടാമത്തെ ആരോപണം. സമീർ വാങ്കഡെ ഒരു മുസ്ലിമാണെന്നാണ് നവാബിെൻറ കണ്ടെത്തൽ. തെളിവായി ജനന സർട്ടിഫിക്കറ്റ് അടക്കം ഹൈകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പിതാവ് ഹിന്ദുവും മാതാവ് മുസ്ലിമുമായിരുന്നു എന്നാണ് വാങ്കഡെയുടെ വിശദീകരണം. വിവാഹം കഴിച്ചത് മുസ്ലിം സ്ത്രീയെയായിരുന്നുവെന്ന നവാബിെൻറ കണ്ടെത്തൽ വാങ്കെഡ നിഷേധിച്ചിട്ടില്ല. പേക്ഷ, അവരെ വിവാഹമോചനം ചെയ്ത് മറ്റൊരു ഹിന്ദു സ്ത്രീയെ കല്യാണം കഴിെച്ചന്നാണ് കോടതിയിൽ ബോധിപ്പിച്ചിട്ടുള്ളത്. ഇരുവരുടെയും വാദം കേട്ട കോടതിക്ക് നവാബിെൻറ ഇൗ അേന്വഷണത്വര അത്ര രസിച്ചിട്ടില്ല. താങ്കളൊരു മന്ത്രിയും ദേശീയ പാർട്ടിയുടെ നേതാവുമേല്ലയെന്നാണ് ബെഞ്ചിലിരുന്ന ഒരു ജസ്റ്റിസ് ചോദിച്ചത്.
സംഗതി ശരിയാണ്. മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ നയിക്കുന്ന മഹാ വികാസ് അഘാഡി സർക്കാറിൽ ന്യൂനപക്ഷ വകുപ്പ് മന്ത്രിയാണ് നവാബ് മാലിക്; നൈപുണ്യ വികസനമാണ് കൈകാര്യം ചെയ്യുന്ന മറ്റൊരു വകുപ്പ്. എൻ.സി.പിയുടെ വക്താവും മുംബൈ ഘടകത്തിെൻറ അധ്യക്ഷനുമാണ് ഇൗ 62കാരൻ. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾക്കിടയിൽ സാമാന്യം നല്ല പിടിപാടുള്ള കക്ഷിയാണ്. എന്നുവെച്ച്, മതംവിറ്റ് രാഷ്ട്രീയം കളിക്കുന്നയാളൊന്നുമല്ല. യു.പിയിലെ ദുശ്വയിലായിരുന്നു ജനനം. 1970കളിൽ ബിസിനസ് ആവശ്യാർഥം കുടുംബം മുംബൈയിലേക്കു മാറുകയായിരുന്നു. ബിസിനസ്തന്നെയായിരുന്നു നവാബിെൻറയും ആദ്യതട്ടകം. പിന്നീടാണ് സമാജ്വാദി പാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയത്. 1995ൽ ആദ്യമായി നെഹ്റു നഗറിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ തോറ്റു. തൊട്ടടുത്ത വർഷം അതേ മണ്ഡലത്തിൽനിന്ന് ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്തി. പിന്നീട്, നാലു തവണ മത്സരിച്ചു; മൂന്നിലും വിജയം. ഇതിനിടെ, 2001ൽ എൻ.സി.പിയിലേക്ക് കൂടുമാറി. തൊട്ടുമുൻവർഷത്തെ സഖ്യ സർക്കാറിൽ മന്ത്രിയുമായിരുന്നു. മെഹ്ജബിൻ ആണ് ഭാര്യ. നാലു മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.