മാധ്യമങ്ങളിലെ വ്യക്തി: വിവ ലുല
text_fieldsഭൂഗോളമൊരു കാൽപന്തിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന സമയമാണ്. ഖത്തറിൽനിന്ന് വിസിൽ മുഴങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. പ്രവചനങ്ങൾക്കും കണക്കുകൂട്ടലുകൾക്കുമപ്പുറം, ഭാഗ്യനിർഭാഗ്യങ്ങളുടെ കുമ്മായവരക്കുള്ളിൽ നടക്കാനിരിക്കുന്ന നാടകീയ മുഹൂർത്തങ്ങളെന്തൊക്കെയായിരിക്കുമെന്നാണ് സോക്കർലോകം ചർച്ചചെയ്തുകൊണ്ടിരിക്കുന്നത്. ഡിസംബർ 18ലെ കലാശപ്പോരിൽ ഒരുവശത്ത് നെയ്മറും സംഘവുമായിരിക്കുമോ? 20 വർഷത്തിനുശേഷം, മഞ്ഞക്കുപ്പായക്കാർ കപ്പുയർത്തുമോ? ആ ദിവസം ലുസൈൽ സ്റ്റേഡിയത്തിൽ എന്തുതന്നെ സംഭവിച്ചാലും, വരുന്ന പുതുവർഷപ്പുലരിയിൽ സാംബാതാളവുമായി തെരുവിലിറങ്ങാൻ ബ്രസീലുകാർക്ക് മറ്റൊരു കാരണമുണ്ട്. ലോകകപ്പിനേക്കാൾ വലിയൊരു പോരിൽ ജയിച്ചിരിക്കുകയാണവർ. നാലു വർഷമായി, ജനതയെയും ജനാധിപത്യത്തെയും ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നൊരാളെ അവർ തോൽപിച്ചുവിട്ടിരിക്കുന്നു; പകരം, മുൻ പ്രസിഡന്റ് കൂടിയായ ജനപ്രിയ നേതാവിനെ അധികാരത്തിലേറ്റിയിരിക്കുന്നു. ലൂയിസ് ഇനാസിയോ ലുല ഡ സിൽവ എന്നാണ് നാമധേയം. ഇടതുകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ അമരക്കാരനാണ്. ജനുവരി ഒന്നിന് പ്രസിഡന്റായി അധികാരമേൽക്കുമ്പോൾ അത് പുതിയൊരു ചരിത്രമാകും.
അറിയാമല്ലോ, ഭൂമിയുടെ ചരിവ് ഇടത്തോട്ടാണെങ്കിലും രാഷ്ട്രീയ ചായ്വ് പൊതുവിൽ വലത്തോട്ടാണ്. സർവം തീവ്ര വലതുപക്ഷം പിടിച്ചുകൊണ്ടിരിക്കുകയാണ്. സൂക്ഷിച്ചുനോക്കിയാൽ, എല്ലായിടത്തും കാണാം ഒരു ഹിറ്റ്ലറെ; ചുരുങ്ങിയപക്ഷം ട്രംപിനെയെങ്കിലും. ബ്രിട്ടനിലെ ട്രംപായിരുന്നല്ലോ ബോറിസ് ജോൺസൺ. അതുപോലെ, ബ്രസീലിലുമുണ്ട് ഒരു ട്രംപ് -ലിബറൽ പാർട്ടി നേതാവ് ജെയ്ർ ബോൾസനാരോ. ടിയാനെയാണ് ലുല മലർത്തിയടിച്ചിരിക്കുന്നത്. കോവിഡ് കേവലമൊരു ജലദോഷപ്പനി മാത്രമാണെന്ന ട്രംപിന്റെ അതേ നിലപാടായിരുന്നു ഈ മൂപ്പർക്കും. അതുകൊണ്ടുതന്നെ, കോവിഡ് പടർന്നുപിടിച്ചു തുടങ്ങിയ സമയത്ത് പലരും ലോക്ഡൗണിന് ഉപദേശിച്ചെങ്കിലും കേട്ടതായി നടിച്ചില്ല. അമേരിക്കയിൽ ഫ്ലൂ ബാധിച്ച് വർഷംതോറും 40,000 പേർ മരിക്കുന്നില്ലേ എന്ന് ട്രംപ് ചോദിച്ചതുപോലെയുള്ള പ്രസ്താവനകളൊന്നും ബോൾസനാരോയുടെ ഭാഗത്തുനിന്നുണ്ടായില്ലെങ്കിലും സമീപനം ഏതാണ്ട് അതുപോലെയായിരുന്നു. അതിന് ബ്രസീൽ ജനത ശരിക്കും അനുഭവിച്ചു. മഹാമാരിയിൽ ഇത്രമാത്രം നരകിച്ച മറ്റൊരു രാജ്യമുണ്ടാകില്ല. ഏഴുലക്ഷം പേരാണ് അവിടെ മരിച്ചുവീണത്.
കാലാവസ്ഥ വ്യതിയാനം എന്ന് പറയുന്നതൊക്കെ ഒന്നാംതരം കെട്ടുകഥയാണെന്ന പക്ഷക്കാരനാണ്; അതിനാൽ, ആമസോൺ നദിയും വനവുമെല്ലാം യഥേഷ്ടം വേണ്ടപ്പെട്ടവർക്ക് തീറെഴുതി. ഇങ്ങനെ നാടിനെയും നാട്ടുകാരെയും നിരന്തരം മുൾമുനയിൽനിർത്തിയ ലക്ഷണമൊത്തൊരു ഏകാധിപതിയെയാണ് തോൽപിച്ചുവിട്ടിരിക്കുന്നത്. ബ്രസീലുകാർക്ക് സന്തോഷിക്കാൻ ഇതിൽപരമെന്തുവേണം? 'ബ്രസീലിനെ തിരിച്ചുപിടിച്ചു'വെന്നാണ് സാവോപോളോയിലെയും മറ്റും തെരുവുകളിൽനിന്ന് മുഴങ്ങിക്കേൾക്കുന്നത്.
ലുലയെ സംബന്ധിച്ച് ഇത് ചരിത്രപരമായൊരു തിരിച്ചുവരവുകൂടിയാണ്; അതും മധുരപ്രതികാരത്തിന്റെ നിർവൃതിയിൽ. 'അവരെന്നെ കുഴിച്ചുമൂടാൻ നോക്കി, എന്നാൽ ഞാനിതാ നിങ്ങളുടെ മുന്നിൽ വിജയിയായി നിൽക്കുന്നു'-തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം ലുലയുടെ ആദ്യ പ്രതികരണം. ആ വാക്കുകളിൽ എല്ലാമുണ്ട്; തീവ്രവലതുപക്ഷം ഒരു ജനകീയ നേതാവിനെ ഇല്ലാക്കഥകളുടെ പേരിൽ വിചാരണ ചെയ്ത് 580 ദിവസം ജയിലിലടച്ച സംഭവമടക്കം. കെട്ടിച്ചമച്ച കേസുകെട്ടുകളുടെ നൂലാമാലകൾ പരിഹരിച്ച് തെരഞ്ഞെടുപ്പ് ഗോദയിലെത്തിയാണ് സഖാവ് ചരിത്ര വിജയം നേടിയിരിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാം റൗണ്ടിൽതന്നെ ലുലക്ക് 48 ശതമാനം വോട്ട് ലഭിച്ചിരുന്നു. 50 ശതമാനം വോട്ടില്ലാതെ ജയിച്ചുകയറാൻ അവിടെ വകുപ്പില്ല. അപ്പോൾ പിന്നെ 'റൺ ഓഫ്'മത്സരമാണ്. എന്നുവെച്ചാൽ, ആദ്യ റൗണ്ടിൽ ഏറ്റവുമധികം വോട്ട് നേടിയ രണ്ട് സ്ഥാനാർഥികൾ തമ്മിലുള്ള മത്സരം. ലുലയും ബോൾസനാരോയും നേർക്കുനേർ നിൽക്കുകയാണ്. നവംബർ ഒന്നിന് ഫലം വന്നപ്പോൾ, ലുലക്ക് 51.9 ശതമാനം വോട്ട്! എന്നാൽ, ലിബറലുകളുടെയും മേൽത്തട്ടുകാരുടെയും ഇവാഞ്ചലിക്കൽ ചർച്ചിന്റെയുമെല്ലാം പിന്തുണയിൽ ഭരണത്തുടർച്ച പ്രതീക്ഷിച്ച ബോൾസനാരോക്ക് അടിതെറ്റി. ഇനി മാറ്റത്തിന്റെ നാളുകളാണ്. ആമസോൺ തിരിച്ചുപിടിക്കുമെന്നാണ് ആദ്യ വാഗ്ദാനം. അറിയാമല്ലോ, ഭൂമിയുടെ ശ്വാസകോശമാണ് ആമസോൺ. അപ്പോൾ ആ പ്രഖ്യാപനം ബ്രസീലുകാർക്കു മാത്രമുള്ളതല്ല.
നാൽപത് വർഷം മുമ്പ്, സാവോപോളോ ഗവർണർ സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റപ്പോൾ പൊതുപ്രവർത്തനം മതിയാക്കാൻ തീരുമാനിച്ചതായിരുന്നു ലുല. ഇതറിഞ്ഞ സാക്ഷാൽ ഫിദൽ കാസ്ട്രോ അദ്ദേഹത്തെ ഹവാനയിലേക്ക് ക്ഷണിച്ചു. 'നോക്കൂ, താങ്കൾക്കൊരിക്കലും രാഷ്ട്രീയം ഉപേക്ഷിക്കാൻ അവകാശമില്ല. തൊഴിലാളികൾക്കുവേണ്ടി ഈ പണി ഏറ്റെടുത്തേ മതിയാകൂ'എന്ന് തറപ്പിച്ച് പറഞ്ഞു. കാസ്ട്രോയുടെ ആ ഉപദേശമാണ് പട്ടാളഭരണത്തിനെതിരായ തൊഴിലാളി വർഗത്തിന്റെ പോരാട്ടത്തിന് നേതൃത്വം നൽകാൻ പ്രേരണയായത്. 85ൽ, രാജ്യം പട്ടാള ഭരണത്തിൽനിന്ന് മോചിതമായി. നാലു വർഷം കഴിഞ്ഞ് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ലുലയും മത്സരിച്ചു. ആകെ ലഭിച്ചത് 17 ശതമാനം വോട്ടുകൾ. അടുത്ത രണ്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിലും വർക്കേഴ്സ് പാർട്ടി സ്ഥാനാർഥിയായി. തോൽവി തന്നെയായിരുന്നു ഫലമെങ്കിലും വോട്ടുവിഹിതം 32 ശതമാനം വരെയെത്തി. 2002ൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. തൊട്ടടുത്ത വർഷം ജനുവരി ഒന്നിന് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ രാജ്യത്ത് ആദ്യമായി ഒരു തൊഴിലാളി പാർട്ടിയുടെ അധികാര പ്രവേശമായിരുന്നു അത്. 2006ലെ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ചു. ലുലയുടെ എട്ടു വർഷക്കാലം ബ്രസീലിന്റെ സുവർണ യുഗമായിരുന്നു. രാജ്യം അടിസ്ഥാന സൗകര്യങ്ങളിലും സാമ്പത്തികമായും ഏറെ മെച്ചപ്പെട്ടു. ഇടതു സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രക്കാരനാണെങ്കിലും, പ്രായോഗികതലത്തിൽ അൽപം വിട്ടുവീഴ്ചയാകാമെന്നായിരുന്നു ഭരണനയം. ഇതിനെ 'സോഷ്യൽ ലിബറൽ'നയം എന്നുവിളിച്ചവരുണ്ട്; 'ലൂലിസം'എന്നു വിശേഷിപ്പിച്ചവരുണ്ട്. അതെന്തായാലും, ബ്രസീലിനെ 2014ലെ ലോകകപ്പിനും രണ്ട് വർഷം കഴിഞ്ഞ് നടന്ന ഒളിമ്പിക്സിനും ആതിഥേയത്വം വഹിക്കാൻ പ്രാപ്തമാക്കിയത് ആ നയങ്ങളായിരുന്നു. ഈ സവിശേഷ വികസന നയങ്ങൾക്കിടയിൽ ആമസോണിലെ ഗോത്രവിഭാഗങ്ങളെയൊന്നും മറന്നതുമില്ല. 2012ലും പ്രസിഡന്റ് തെരഞ്ഞെുടുപ്പിൽ വിജയം വർക്കേഴ്സ് പാർട്ടിക്കായിരുന്നു. പക്ഷേ, ദിൽമ റൂസഫിനാണ് പാർട്ടി അവസരം നൽകിയത്. ഇക്കാലത്താണ്, ലുലക്കെതിരെ പല അഴിമതിയാരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തിയത്. വിഷയത്തിൽ കോടതി ഇടപെട്ടതോടെ ലുല ജയിലിലായി. ഒന്നര വർഷം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും രാജ്യഭരണം ബ്രസീലിലെ 'ട്രംപ്' കൈക്കലാക്കിയിരുന്നു.
1945 ഒക്ടോബർ 27ന്, വടക്കുകിഴക്കൻ സംസ്ഥാനമായ പെർണാമ്പുക്കോയിലെ ദരിദ്രകുടുംബത്തിൽ ജനനം. ഏഴാം വയസ്സിൽ കുടുംബത്തോടൊപ്പം സാവോപോളോയിലേക്ക് പലായനം ചെയ്തു. പട്ടിണിയായിരുന്നു. അതിനാൽ, ഔപചാരിക വിദ്യാഭ്യാസം പതിനഞ്ച് വയസ്സിനുമുന്നേ മതിയാക്കി കുടുംബത്തെ സഹായിക്കാൻ ഫാക്ടറി തൊഴിലാളിയായി. ഒരു ഓട്ടോമൊബൈൽ ഫാക്ടറിയിൽ ജോലിചെയ്യവെ, 19ാം വയസ്സിൽ വലിയൊരു അപകടം പറ്റി. വലതു കൈയിലെ ചെറുവിരൽ ആ അപകടത്തിൽ നഷ്ടമായി. അതിന്റെ ചികിത്സയുമായിക്കഴിയുന്ന കാലത്താണ് തൊഴിലാളി യൂനിയൻ നേതൃത്വത്തിന്റെ ഭാഗമാകുന്നത്. 1975ൽ, സാവോപോളോയിലെ സ്റ്റീൽ വർക്കേഴ്സ് യൂനിയൻ പ്രസിഡന്റായി; പിന്നീട് മേഖലയിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെതന്നെ നേതൃത്വത്തിലെത്തി. അതങ്ങനെ, പട്ടാളഭരണത്തിനെതിരായ പോരാട്ടംകൂടിയായി മാറി. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും ചരിത്രം: ബ്രസീലിലെ വിജയത്തോടെ ലാറ്റിനമേരിക്ക കൂടുതൽ ഇടത്തേക്ക് ചാഞ്ഞിരിക്കുന്നു. കൊളംബിയയും ചിലിയും ഹോണ്ടുറസും വെനസ്വേലയും നികരാഗ്വയും ബൊളീവിയയും പെറുവും മെക്സികോയും ക്യൂബയും അർജന്റീനയുമെല്ലാം ഇതിനകം ഇടതുറപ്പിച്ചുകഴിഞ്ഞു. ആ വസന്തത്തിലേക്കാണ് ലുലയുടെ ബ്രസീലും വന്നുചേർന്നിരിക്കുന്നത്. ഫിഫയുടെ സ്വർണക്കപ്പിനുണ്ടാകുമോ ഇത്ര തിളക്കം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.