മാധ്യമങ്ങളിലെ വ്യക്തി-ദാദാഗിരി
text_fieldsവംഗനാട്ടിന്റെ മഹാരാജയാണ്, ദാദയെന്ന് സ്നേഹത്തോടെ വിളിക്കും. ക്രീസ് വാണത് ബാറ്റുപിടിച്ചായതിനാൽ ഇടംകൈക്കാണ് കേളി കൂടുതൽ. ഏകദിനത്തിൽ 100 വിക്കറ്റെടുത്ത് വലംകൈയിലും മികവിന്റെ താരമായവൻ. ദേശീയ ടീം നായകനായും ബി.സി.സി.ഐ അധ്യക്ഷനായും ചരിത്രമേറെ സ്വന്തം പേരിൽ ചാർത്തിയ കരിയർ. സചിനൊപ്പം ലോകം ചേർത്തുപറയുന്ന സൗരവ് ഗാംഗുലിയെന്ന ഇതിഹാസത്തെ ചൊല്ലിയാണിപ്പോൾ രാഷ്ട്രീയച്ചൂടേറിയ കഥകൾ പാറുന്നത്.
ഒക്ടോബർ 11ന് ദേശീയ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ആസ്ഥാനമായ മുംബൈയിൽ യോഗം കഴിഞ്ഞ് അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രതിനിധികളെ പ്രഖ്യാപിച്ച സന്ദർഭം. ക്രിക്കറ്റ് ബോർഡിൽ ഭാരവാഹികൾക്ക് നിശ്ചയിച്ച കാലാവധി കഴിഞ്ഞും തുടരാൻ രാജ്യത്തെ പരമോന്നത കോടതി അനുമതി നൽകിയതിനു പിന്നാലെയായിരുന്നു പ്രഖ്യാപനം. അതുവരെ പദവിയിലുള്ള ഏകദേശം ആളുകളെയെല്ലാം നിലനിർത്തിയിരിക്കുന്നു. കോൺഗ്രസിനെ മുനയിൽനിർത്തിയ കുടുംബവാഴ്ച അതേ അർഥത്തിൽ തുടർന്ന് ആഭ്യന്തര മന്ത്രി അമിത് ഷായുടെ പുത്രൻ ജയ്ഷാ തന്നെ വീണ്ടും സെക്രട്ടറി. കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കുറിന്റെ ഇളയ സഹോദരൻ അരുൺ ധമ്മാൽ ബി.സി.സി.ഐ ട്രഷറർ പദവി വിട്ട് ഇന്ത്യൻ പ്രീമിയർ ലീഗ് ചെയർമാൻ. രാജീവ് ശുക്ലയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും നിലനിർത്തപ്പെട്ടിരിക്കുന്നു. പക്ഷേ, കോവിഡ്കാലത്തും രാജ്യത്ത് ക്രിക്കറ്റിനെയും ടീമിനെയും ഇരട്ടി ഊർജത്തിൽ പ്രവർത്തിക്കുന്ന എൻജിനായി നിലനിർത്താൻ മുന്നിൽനിന്ന ദാദ മാത്രം ഔട്ട്. പകരം, തൊപ്പി കിട്ടിയത് മുൻ ക്രിക്കറ്റർ റോജർ ബിന്നിക്ക്. ദാദ പുറത്താക്കപ്പെട്ടത് ഒരു സ്വാഭാവിക പ്രക്രിയയല്ല എന്നുറപ്പ്.
പട്ടിക പുറത്തുവന്നതോടെ ബംഗാളിൽ ദീദിയുടെ തൃണമൂൽ പാർട്ടിയാണ് ഇതിന് പിന്നിലെ രാഷ്ട്രീയം ചൂണ്ടിക്കാട്ടി ആദ്യം രംഗത്തെത്തിയത്. രാഷ്ട്രീയ വൈരനിര്യാതനത്തിന്റെ ഭാഗമാണിതെന്നും ബി.ജെ.പി അംഗത്വമെടുക്കാത്തതിന് ബംഗാൾ മഹാരാജയെ നാണംകെടുത്തിയെന്നുമായിരുന്നു കുറ്റപ്പെടുത്തൽ. ബി.സി.സി.ഐയെ ആവേശിച്ച കുടുംബവാഴ്ചയുടെ പട്ടിക വിശദമായി ഗ്രാഫ് സഹിതം ട്വിറ്ററിൽ പങ്കുവെച്ചു, തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയൻ. വിദേശ മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു. രാജ്യമൊട്ടുക്ക് സകല ജനങ്ങളും അളവറ്റ രീതിയിൽ ബഹുമാനിക്കുന്ന ദാദയെ ബി.സി.സി.ഐ തലപ്പത്തുനിന്ന് തോണ്ടി പുറത്തുകളഞ്ഞതിന് പിന്നിലെ കാരണമറിയണമെങ്കിൽ അൽപം പഴയ കഥകൾ തിരയണം.
1990കളുടെ തുടക്കത്തിൽ ദേശീയ ജഴ്സിയണിഞ്ഞ സൗരവ് ചണ്ഡിദാസ് ഗാംഗുലി ഒന്നര പതിറ്റാണ്ടിലേറെ നീണ്ട കരിയറിനിടെ കുറിച്ചിട്ട റെക്കോഡുകൾക്ക് സമാനതകളേറെയുണ്ടാകില്ല. ഏകദിനത്തിൽ 10,000 റൺസ് പിന്നിട്ട താരം ഫസ്റ്റ് ക്ലാസിൽ 15,000 എന്ന കടമ്പയും കടന്നതാണ്. ബൗളിങ്ങിലാകട്ടെ, 171 ഏകദിനങ്ങളിലായി എറിഞ്ഞിട്ടത് 100 വിക്കറ്റ്. ഫസ്റ്റ്ക്ലാസിൽ 167ഉം. വ്യക്തിഗത മികവിനപ്പുറം കളിക്കൂട്ടത്തെ വലിയ ഉയരങ്ങളിലേക്ക് കൈപിടിച്ച അമരക്കാരൻ എന്ന നിലയിലും രാജ്യം അദ്ദേഹത്തെ നെഞ്ചേറ്റുന്നു. 49 ടെസ്റ്റിൽ ടീമിനെ നയിച്ച് ജയം പിടിച്ചത് 21 എണ്ണത്തിൽ. നായകസ്ഥാനത്ത് അവരോധിതനാകുമ്പോൾ റാങ്കിങ്ങിൽ എട്ടാമതായിരുന്ന ഇന്ത്യയെ രണ്ടാം സ്ഥാനത്തെത്തിച്ചു. 2003ൽ ലോകകപ്പ് ഫൈനൽ കളിച്ച ടീമിന്റെ നായകൻ. പിന്നെയും എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളുടെ മഹാരാജാവ്. കളി നിർത്തി കമന്റേറ്ററായും മറ്റും തിളങ്ങിനിൽക്കെ 2019ൽ അപ്രതീക്ഷിതമായാണ് ബി.സി.സി.ഐ അധ്യക്ഷ പദവിയിലെത്തുന്നത്. പറഞ്ഞുകേട്ടിരുന്നത് ആദ്യം ബ്രിജേഷ് പട്ടേലിന്റെ പേരായിരുന്നു. സൂചനകൾ വെച്ച് മാധ്യമങ്ങൾ വാർത്തയും നൽകി. അവസാനം നാമനിർദേശം നൽകുന്നിടത്തെത്തിയപ്പോൾ പക്ഷേ, ഗാംഗുലി മാത്രമായി. കൂട്ടായി ജയ് ഷായും തെരഞ്ഞെടുക്കപ്പെട്ടു.
വലിയ പദവി നൽകി പാർട്ടിയിലെത്തിച്ച് ബംഗാൾ പിടിക്കുകയെന്ന വമ്പൻ പ്ലാൻ കാവിപ്പടക്കുണ്ടെന്ന് അന്നേ പറഞ്ഞുകേട്ടിരുന്നു. ബുദ്ധദേവ് ഭട്ടാചാര്യ ഉൾപ്പെടെ ഇടത് നേതാക്കളുമായും മമത നയിക്കുന്ന തൃണമൂലുമായും ഹൃദയബന്ധം നിലനിർത്തിപ്പോന്നിരുന്ന ഗാംഗുലി പദവി ലഭിച്ചതോടെ കൂറുമാറി കാവിപ്പാളയത്തിൽ എത്തുമെന്നായിരുന്നു വർത്തമാനങ്ങൾ. പപ്പരാസികൾ കണ്ണുംമിഴിച്ച് ബിഹാലയിലെ വീട്ടു കവാടത്തിനരികെ കാത്തുകെട്ടിക്കിടന്നെങ്കിലും ഒന്നും സംഭവിച്ചില്ല. എല്ലാത്തിനെയും സ്പോർട്സ്മാൻ സ്പിരിറ്റിൽ കണ്ട ദാദ ആരുടെയും ചട്ടുകമാവാൻ കൂട്ടാക്കാതെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഉയർച്ചയിൽ മാത്രം ശ്രദ്ധവെച്ചു.
ബി.ജെ.പിക്ക് കേന്ദ്രത്തിൽ ഭരണത്തുടർച്ച നൽകിയ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി വംഗനാട്ടിൽ അദ്ഭുതം കാട്ടിയതോടെ അഭ്യൂഹങ്ങൾക്ക് വീണ്ടും ജീവൻവെച്ചു. മോദിയും അമിത് ഷായും സംസ്ഥാനത്ത് തമ്പടിച്ച് പ്രചാരണം നയിച്ച 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സെലിബ്രിറ്റികൾ കൂട്ടമായി ബി.ജെ.പി പാളയത്തിലെത്തിയപ്പോൾ മുന്നിൽ സൗരവുമുണ്ടാകണമെന്ന് ആശിച്ചു, നേതൃത്വം. രാഷ്ട്രീയം കളിക്കാൻ താനില്ലെന്ന് പൊതുവേദികളിൽ തുറന്ന് പ്രഖ്യാപിച്ച് ആ മനക്കോട്ടകളും മുളയിലേ നുള്ളി. അതിനിടെ, ഹൃദയവാൽവുകൾ അടഞ്ഞ് ആശുപത്രിയിലായ വേളയിൽ പാർട്ടി നേതാക്കളുടെ പട താരത്തെ വലയം ചെയ്തുനിന്നു. ആരോഗ്യം വീണ്ടെടുത്ത് പൊതുവേദിയിലെത്തിത്തുടങ്ങിയാൽ സൗരവുണ്ടാകുമെന്നായിരുന്നു സ്വപ്നം. അമിത് ഷാ ദാദയുടെ വസതിയിലെത്തി ഒന്നിച്ച് ഭക്ഷണം കഴിച്ചും പ്രധാനമന്ത്രി നേരിട്ട് ഫോണിൽ വിശേഷങ്ങളാരാഞ്ഞും പിന്നാലെ കൂടി. ലോഹ്യമൊക്കെ നല്ലത് തന്നെ, പാർട്ടിയിലേക്കില്ല എന്ന് മുഖമടച്ച് പറഞ്ഞു. മോദിയും ഷായും തമ്പടിച്ച് പ്രചാരണം നടത്തിയിട്ടും വീഴാൻ കൂട്ടാക്കാതിരുന്ന ബംഗാൾ ജനതയുടെ അതേ മൈന്റ്സെറ്റ്. കരുനീക്കം പാളിയതിന് പകതീർക്കാൻ മേപ്പടിയാന്മാർ പേരുവെട്ടി. അതിൽ സൗരവിന് പരിഭവവുമില്ല. എന്നും കളിക്കാരനായി തുടരാനാകില്ലെന്നപോലെ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തുമുണ്ടാകില്ലെന്നാണ് ഇതേക്കുറിച്ച പ്രതികരണം.
പ്രമുഖ ബിസിനസ് കുടുംബത്തിൽ ജനിച്ച് കൊൽക്കത്തയുടെ രാജകുമാരനായി ജീവിച്ച് ആദ്യം ക്രിക്കറ്റിലും പിന്നീട് ബി.സി.സി.ഐയിലും നക്ഷത്രത്തിളക്കത്തോടെ ജ്വലിച്ച സൗരവ്, തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന ഐ.സി.സി അധ്യക്ഷനായേക്കുമെന്ന് ചിലർ പറയുന്നുണ്ടെങ്കിലും ഒരിക്കൽ അനഭിമതനായ ഒരാൾക്കൊപ്പം നിൽക്കാൻ ബോർഡുണ്ടാകില്ലെന്നാണ് സൂചന.
ക്യാപ്റ്റൻസി ഇല്ലെങ്കിലും ബി.സി.സി.ഐ അധ്യക്ഷ പദവി ഇല്ലെങ്കിലും ഓരോ ബംഗാളിയുടെയും മനസ്സിൽ ദാദയുണ്ട്. ദേശീയ ക്രിക്കറ്റ് ബോർഡ് അധ്യക്ഷ പദവിയിലിരിക്കെ നിരവധി യുവതാരങ്ങളുടെ ഗുരുവും വഴികാട്ടിയുമായിനിന്ന 50 കാരന് പദവികളില്ലാതെയും രാജ്യത്തെ ക്രിക്കറ്റിന്റെ വളർച്ചയിൽ നിർണായക സാന്നിധ്യമാകാനാകും, തീർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.