ശ്രീനാരായണ ഗുരു: പരാജിതനായ വിശ്വമാനവൻ
text_fieldsഇതര സാമൂഹിക പരിഷ്കർത്താക്കളിൽനിന്ന് ശ്രീനാരായണഗുരുവിനെ വേറിട്ടുനിർത്തുന്നത് കാലാനുവർത്തിയായ അദ്ദേഹത്തിെൻറ ദർശനങ്ങളുടെ മികവാണ്. പക്ഷേ, ആധുനികലോകം അദ്ദേഹത്തെ ഒരു വിജയിയായിതന്നെയാണോ അടയാളപ്പെടുത്തുന്നത് എന്ന സന്ദേഹം നിലനിൽക്കുന്നു. ജാതിയുടെയും മതത്തിെൻറയും പേരിൽ നടക്കുന്ന കലാപങ്ങൾക്ക് ഇന്നും കുറവൊന്നുമില്ല. ഗുരുവും അദ്ദേഹത്തിെൻറ ലക്ഷ്യങ്ങളും വിജയമായിരുന്നെങ്കിൽ ഇതെങ്ങനെ സംഭവിക്കും?
ജാതിചിന്തകൾ സമൂഹത്തിെൻറ ശരിയാണെന്ന മേലാളചിന്തകൾക്കുമേൽ ഒരുപിടി കനലുകൾ വാരിയിട്ടാണ് വിശ്വഗുരു ഉച്ചനീചത്വത്തിനെതിരെ ഉറക്കെ ശബ്ദിച്ചത്. ജാതിമത ചിന്തകളിൽ തളച്ചിടപ്പെടുന്ന സമൂഹത്തിെൻറ കുറവുകൾ മുൻകൂട്ടിക്കണ്ട്, അത്തരം ചിന്തകൾക്കതീതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്നതായിരുന്നു ഗുരുവിെൻറ ലക്ഷ്യം.
'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്നരുളിചെയ്തപ്പോൾ; അതിൽത്തന്നെ ഗുരു ജാതിയും മതവും പറഞ്ഞെന്ന് ആരോപിക്കുന്നവർക്ക് ഗുരുതന്നെ ജാതിയുടെയും മതത്തിെൻറയും ദൈവത്തിെൻറയും കൃത്യമായ നിർവചനം നൽകിയിട്ടുമുണ്ട്. 'ഒന്നിെൻറ ജാതി നിർണയിക്കപ്പെടുന്നത് അതിെൻറ സ്വരൂപലക്ഷണങ്ങൾ വെച്ചാണ്.
ആ ലക്ഷണങ്ങൾ തത്ത്വചിന്തക്കും ശാസ്ത്രത്തിനും യുക്തിക്കും നിരക്കുന്നതായിരിക്കുകയും വേണം. അവ്യാപ്തി, അതിവ്യാപ്തി, അസംഭവം എന്നീ ത്രിദോഷങ്ങൾ ബാധിക്കാത്ത യഥാർഥ ലക്ഷണങ്ങളാണ് ഏതൊരു ജീവിയുടെയും ജാതിയേതെന്ന് വെളിപ്പെടുത്തുന്നത് (ജാതിനിർണയം, ജാതിലക്ഷണം -ശ്രീനാരായണഗുരു).
ലോകത്താകമാനമുള്ള മനുഷ്യകുലത്തിെൻറ പിറവിയും അടിസ്ഥാന ശരീരനിർമിതിയും ഒരുപോലെ ആകയാൽ അവൻ ഒരു ജാതിതന്നെയാണ്. സന്താനോൽപാദനത്തിനായി അവൻ സ്വന്തം ഇനത്തിൽപെട്ടവരെ മാത്രമാണ് ആശ്രയിക്കുന്നത്. അതിൽത്തന്നെ അവരുടെ ഭാവവും ശബ്ദവും ഗന്ധവും നോട്ടവും ഊഷ്മാവുമൊക്കെ വെവ്വേറെയാണെങ്കിലും അടിസ്ഥാനപരമായി ഒരു ജാതിയിൽതന്നെ ഉൾപ്പെടുന്നു.
മതങ്ങളെപ്പറ്റിയും ഗുരുവിന് കൃത്യമായ നിർവചനമുണ്ട്. ലോകത്തുള്ള മതങ്ങളുടെ മുഴുവൻ സാരാംശങ്ങൾ ഒന്നാണെന്ന അരുളിപ്പാടാണ് ഗുരു മനുഷ്യർക്ക് നൽകിയത്. എല്ലാ മതങ്ങളും പഠിക്കുകയും അവയുടെ സാരാംശങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഒന്നുംതന്നെ ഇല്ലെന്ന തിരിച്ചറിവാണ് ഗുരു അർഥമാക്കിയ മതം. അങ്ങനെ മതമില്ല എന്ന തിരിച്ചറിവ് എന്ന മതം മനുഷ്യനെ ഒന്നായി ചേർത്തുനിർത്തുമെന്നും ഗുരു വിശ്വസിച്ചു.
ഗുരുവിെൻറ ദൈവത്തെക്കുറിച്ചുള്ള അഭിപ്രായവും അതിസമ്പന്നമായ അർഥത്തിൽതന്നെയാണ്. ദൈവദശകത്തിൽ 'നീ സത്യം ജ്ഞാനം ആനന്ദം' എന്നാണ് ദൈവത്തെ അർഥമാക്കിയിരിക്കുന്നത്. കണ്ണാടി പ്രതിഷ്ഠിച്ചപ്പോഴും നമ്മുടെ ദൈവം നമ്മിൽത്തന്നെ കുടികൊള്ളുന്നു എന്ന് ഉദ്ഘോഷിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതല്ലാതെ കല്ലിലോ മണ്ണിലോ ജലത്തിലോ ഒന്നും ദൈവത്തെ നിയന്ത്രിച്ചുനിർത്താൻ ആ മഹാനുഭാവന് കഴിയുമായിരുന്നില്ല.
മനുഷ്യരാശി ഉള്ളിടത്തോളം കാലം മൂല്യവത്തായ ജീവിതദർശനങ്ങൾ പകർന്നുനൽകാനായി ഒരു മനുഷ്യായുസ്സ് മുഴുവൻ മാറ്റിെവച്ച ആളായിരുന്നു ഗുരു. അതൊക്കെത്തന്നെ കാലത്തെ അതിജീവിക്കുന്നു എന്നതിെൻറ ഉദാഹരണമാണ് ഇന്നും ഗുരുവിെൻറ വാക്ശകലങ്ങൾ അതേ തിളക്കത്തോടെ നിലനിൽക്കുന്നത്.
ഗുരു മഹത്തരമായ കാര്യങ്ങൾ ചെയ്തതിനേക്കാൾ കാലം അവയെയൊക്കെ മഹത്തരമായ ശ്രേണിയിലേക്ക് ഉയർത്തുകയാണ് ചെയ്തത് എന്നു പറയുന്നതാവും കൂടുതൽ ഉചിതം. സഹജീവികളുടെ ദുഃഖവും നൊമ്പരവുമൊക്കെ തേൻറതാക്കിമാറ്റി അവർക്ക് സുഖവും സന്തോഷവും പ്രദാനംചെയ്യാൻ ഗുരുവിന് കഴിഞ്ഞു. അദ്ദേഹത്തിെൻറ കാലഘട്ടത്തിൽ ഒരു കറയായി നിന്ന ഉച്ചനീചത്വത്തിനെതിരെ മനുഷ്യത്വം എന്ന വികാരത്തെ അദ്ദേഹം സുന്ദരമായി നിർവചിച്ചു. ദാഹിച്ചുവലഞ്ഞവനു മുന്നിൽ, അവെൻറ കവിൾ നിറയെ ദാഹജലം കൊടുക്കുകയെന്ന പ്രവൃത്തി മാത്രമായിരുന്നു അദ്ദേഹത്തിെൻറ മനുഷ്യത്വം.
അവെൻറ ജാതിയും മതവും പരിശോധിച്ചു മാത്രം പരിചരിച്ച കാലത്തോടും സമൂഹത്തോടും അദ്ദേഹം മനുഷ്യത്വത്തിൽ ഊന്നിനിന്നു കലഹിച്ചു. നിരന്തരകലഹത്തിലൂടെ അദ്ദേഹം അവർക്ക് അസ്തിത്വം പകർന്നു. മേലാളർ ഒരു മനുഷ്യനായിപ്പോലും കാണാൻ മടിച്ച കീഴാളരുടെ കൈപിടിച്ച് അദ്ദേഹം വെള്ളവും ആഹാരവും ആരാധിക്കാനുള്ള അവകാശവും അവർക്ക് നേടിക്കൊടുത്തു. അതൊക്കെ അന്നേവരെ നാട് പിന്തുടർന്ന ശരികളെ മാറ്റിമറിക്കുന്നതായിരുന്നതുകൊണ്ട് എതിർപ്പുകൾ ശക്തമായിരുന്നു. എന്നാൽ, ആ എതിർപ്പുകളെയൊക്കെ ആശയങ്ങൾകൊണ്ട് തച്ചുടക്കാൻ ശക്തനായിരുന്നു ഗുരു.
ഗുരു എന്താണോ ആഗ്രഹിച്ചത്, എന്തിനാണോ നിലകൊണ്ടത്, എന്തിനെതിരെയാണോ ശബ്ദിച്ചത് അത് ഗുരുവിെൻറ പേരിൽ അടിച്ചേൽപിക്കുകയാണ് ഇന്ന് അദ്ദേഹത്തിെൻറ പിന്മുറക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ജാതി-മതവ്യവസ്ഥകൾ നാൾക്കുനാൾ അതിർവരമ്പുകൾ ശക്തമാക്കുകയും അതിനൊപ്പം മനുഷ്യർ കൂടുതൽ അകലുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഗുരുവിെൻറ കാലത്തുനിന്നു ജാതി-മത ചിന്തകളുടെ സ്വഭാവം ഇന്ന് മാറിയിട്ടുണ്ട്. മേലാള-കീഴാള വ്യത്യാസങ്ങൾ പ്രകടമായില്ലെങ്കിലും നിശ്ശബ്ദമായ അതിെൻറ അലയൊലികൾ നിലനിൽക്കുന്നതിെൻറ തെളിവാണ് ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന ദലിത് പീഡനങ്ങൾ.
ഒരു ജനതയുടെ ഉന്നമനത്തിനായി നിലകൊണ്ട ഗുരുവിനെ ഒരു സമുദായത്തിെൻറ വക്താവായി മാത്രം ചുരുക്കിയതാണ് സമൂഹം അദ്ദേഹത്തോടും ദർശനങ്ങളോടും ചെയ്ത അപരാധം. ലോകം മുഴുവൻ ഉൾക്കൊള്ളേണ്ട മഹദ്വചനങ്ങളെ അവർ ഒരു അതിർത്തിക്കുള്ളിൽ കൊട്ടിയടച്ചു. ലോകം കണ്ട ബഹുമുഖപ്രതിഭയായും ഗുരുവിനെ കണക്കാക്കാം. കവി, ദാർശനികൻ, യോഗി, വിദ്യാഭ്യാസ വിചക്ഷണൻ, സാമ്പത്തിക വിദഗ്ധൻ, ഭിഷഗ്വരൻ, അധ്യാപകൻ എന്നിങ്ങനെ ഏതർഥത്തിൽ സ്വാമിയെ ദർശിക്കുന്നുവോ, ആ അർഥത്തിൽ കറകളഞ്ഞ വ്യക്തിത്വത്തിലേക്ക് വികസിക്കുന്ന അപൂർവം ചിലരിൽ ഒരാളായിരുന്നു ശ്രീനാരായണഗുരു.
ഗുരുവിെൻറ 166ാമത് ജയന്തി ആഘോഷിക്കുന്ന വേളയിലും കാലം ഇതേവരെ കാണാത്തതരത്തിൽ ജാതി, മത, വർഗ വ്യത്യാസം സമൂഹത്തിൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇനിയുമുണ്ടാകും ഗുരുവും ഗുരുദർശനങ്ങളും. അതൊക്കെ കാലങ്ങളോളം ക്ലാവുപിടിക്കാത്ത ഓർമകളും ജീവിതവീക്ഷണങ്ങളും ഒക്കെയായി നിലനിൽക്കും. കാലവും സമൂഹവുമാണ് അതിനെ എത്രമാത്രം കൊള്ളണമെന്നും തള്ളണമെന്നും തീരുമാനിക്കേണ്ടത്.
കോടി ജാതിയും, കോടി മതവും ഒക്കെ വിട്ട് ജാതിയല്ലാത്ത ജാതിയും, മതമല്ലാത്ത മതവും, ദൈവമായി കാണാത്ത ഒരു ദൈവവും മനുഷ്യൻ നെഞ്ചേറ്റുന്ന ഒരു പുലരി ഇവിടെ ഉണ്ടാകും. അന്ന് ഗുരു ജയിക്കും. അന്നുവരെ, ആ മഹാമുനി പരാജിതനായി ബാക്കിയാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.