ചീഫ് ജസ്റ്റിസ്, ആ മോശം വിധിന്യായത്തിന്റെ പഴി ദൈവത്തിന് ചാർത്തിക്കൊടുക്കരുത്
text_fieldsമഹാരാഷ്ട്രയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവേ, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സുപ്രീംകോടതിയിൽ താൻ പങ്കാളിയായ ഏറ്റവും വിവാദപരമായ ഒരു വിധിയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തി.
“പലപ്പോഴും ഞങ്ങൾക്ക് വിധി പറയാനുള്ള കേസുകളിൽ തീരുമാനത്തിലെത്താൻ കഴിയാതാവാറുണ്ട്. മൂന്നു മാസമായി എന്റെ മുന്നിലുണ്ടായിരുന്ന അയോധ്യ (രാമജന്മഭൂമി-ബാബരി മസ്ജിദ്) തർക്ക കേസും സമാനമായിരുന്നു. ഈ വിഷയത്തിൽ ഒരു പരിഹാരം കണ്ടെത്തിത്തരണമെന്നു പറഞ്ഞ് ഞാൻ ഭഗവാന് മുന്നിലിരുന്നു’’ -അദ്ദേഹം കൂട്ടിച്ചേർത്തു. ഭഗവാൻ വെളിപ്പെട്ട് ‘പരിഹാരം’ ലഭ്യമാക്കുന്നത് നമുക്ക് ചിത്രീകരിക്കാൻ കഴിയുന്നത്ര വർണാഞ്ചിതവും മനസ്സിൽ തട്ടുന്നതുമായ ഒരു വിവരണമാണ് രാജ്യത്തിന്റെ ഉന്നത ന്യായാധിപൻ നൽകുന്നത്. ജസ്റ്റിസ് ചന്ദ്രചൂഡും സഹപ്രവർത്തകരും പുറപ്പെടുവിച്ച വിധി പരിശോധിക്കുമ്പോൾ എനിക്ക് മറ്റൊരു ക്ഷേത്രം ഉണ്ടാക്കാൻ ഭൂമി തരൂ എന്നാണ് ഭഗവാൻ പറഞ്ഞതെന്ന് തോന്നിപ്പോവും.
ഭഗവാൻ വെളിപാടു നടത്തിയ സ്ഥിതിക്ക് ന്യായാധിപന്മാർക്കു മുന്നിൽ അവശേഷിച്ചിരുന്ന ഒരേയൊരു കർമം അവരുടെ പരമാവധി കഴിവുകൾ ഉപയോഗിച്ച് ഈ ‘പരിഹാര’ത്തെ ജുഡീഷ്യൽ ന്യായത്തിന്റെ കുപ്പായം അണിയിപ്പിക്കുക എന്ന് മാത്രമായിരുന്നു. തന്റെ ക്ഷേത്രം ഉറപ്പാക്കിക്കൊണ്ട് ദിവ്യവിധിയിൽ അഞ്ചു ന്യായാധിപന്മാരും പുലർത്തിയ വിശ്വാസത്തെ ഭഗവാൻ ആദരിച്ചു. അന്ന് ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയിയെ ഭഗവാൻ രാജ്യസഭയിലേക്കയച്ചു. രണ്ട് ജഡ്ജിമാർക്ക് യഥാ സമയം ചീഫ് ജസ്റ്റിസുമാരായി സ്ഥാനക്കയറ്റം നൽകി. മറ്റൊരാൾ വിരമിച്ചപ്പോൾ ഗവർണറും അടുത്തയാളെ നാഷനൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ മേധാവിയുമാക്കി.
വിധിയിൽ ഭഗവാൻ വഹിച്ച പങ്ക് അയോധ്യ വിധിന്യായം സംബന്ധിച്ച ഒരു ദുരൂഹതയെ മായ്ക്കാനും സഹായകമാവുന്നു -സുപ്രീംകോടതി നാളിതുവരെ പുറപ്പെടുവിച്ച വിധികളിൽ ഒപ്പില്ലാത്തത് അയോധ്യ വിധിയിൽ മാത്രമായിരുന്നു. ദൈവത്തിന്റെ കൈ ഔപചാരികമായി ചേർക്കാൻ ആർക്കും സാധിക്കില്ലല്ലോ അല്ലേ?
തമാശ കളഞ്ഞാൽ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പ്രസ്താവന ഏറ്റവും കുറഞ്ഞത് അഞ്ചു കാരണങ്ങളാൽ ഭീതിയുണർത്തുന്നതാണ്.
ഒന്നാമതായി, അദ്ദേഹവും അയോധ്യ വിധി പറഞ്ഞ ബെഞ്ചും തീർച്ചയായും ഒരു ‘പരിഹാരം കണ്ടെത്തുക’യായിരുന്നില്ല, അങ്ങനെയല്ലെന്ന് നടിക്കുന്നത് സത്യസന്ധതയില്ലായ്മയാണ്. മസ്ജിദ് അനധികൃതമായി തകർത്തതിൽ ഉൾപ്പെട്ട പ്രബലരായ കക്ഷിക്ക് അനുകൂലമായി വിധി നൽകുകയാണ് അവർ ചെയ്തത്. പള്ളി തകർത്തത് ഹീനമായ കുറ്റകൃത്യമാണെന്ന് സമ്മതിച്ച ജഡ്ജിമാർ ആ ഭൂമി കൈക്കലാക്കുന്നതിന് നാശകാരികളെയും അവരുടെ പ്രോക്സികളെയും അനുവദിക്കുന്നതിൽ ഒരു തെറ്റും കണ്ടില്ല. ‘കൈയൂക്കുള്ളവർ കാര്യക്കാരൻ’ എന്ന നിലപാടിനെ പരിഹാരം എന്ന് വിളിക്കാനാവില്ല. അയോധ്യക്ക് വെളിയിൽ പുതിയൊരു പള്ളി പണിയാൻ അഞ്ചേക്കർ ഭൂമി നൽകണമെന്ന െബഞ്ചിന്റെ വിധി ഏതെങ്കിലും വിധത്തിൽ ദൈവിക നീതിയെ പ്രതിനിധാനം ചെയ്യുന്നുവെന്ന് വിശ്വസിക്കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ആഗ്രഹിക്കുന്നുവെങ്കിൽ ചിരിക്കുകയേ നിർവാഹമുള്ളൂ. മുസ്‌ലിംകൾക്ക് പ്രാർഥന നിർവഹിക്കാൻ ഒരു പള്ളിയുണ്ടോ എന്നതായിരുന്നില്ല, ഒരു വ്യക്തിയിൽനിന്നോ സമൂഹത്തിൽനിന്നോ തെമ്മാടിക്കൂട്ടങ്ങൾ അക്രമാസക്തമായി അവകാശം കവർന്നെടുക്കുന്നത് അനുവദനീയമാണോ അല്ലയോ എന്നതായിരുന്നു ബെഞ്ചിന്റെ പരിഗണനയിൽ വന്ന വിഷയം. ആ ചോദ്യത്തിന് അയോധ്യ ബെഞ്ച് നൽകിയത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് എക്കാലത്തേക്കും നാണക്കേട് പകരുന്ന ഒരു ഉത്തരമായിരുന്നു.
രണ്ടാമത്, താൻ ദൈവിക നിശ്ചയത്തിലൂന്നിയ പരിഹാരമാണ് നൽകിയത് എന്ന ചീഫ് ജസ്റ്റിസിന്റെ ചിന്ത ആരാധനാലയങ്ങളുടെ സ്വഭാവം 1947 ആഗസ്റ്റ് 15ന് ഉണ്ടായിരുന്നതിൽനിന്ന് മാറ്റം വരുത്തുന്നതിനെ 1991ലെ ആരാധനാലയ നിയമം കർശനമായി വിലക്കിയിട്ടും ഗ്യാൻവാപി തർക്കം (തദ്ഫലമായി എണ്ണമറ്റ മറ്റനേകം തർക്കങ്ങളും) പുനരാരംഭിക്കാൻ അദ്ദേഹം സഹായിച്ചത് എന്തുകൊണ്ടാണെന്നത് വിശദമാക്കുന്നു. രാജ്യത്തുടനീളമുള്ള മുസ്‍ലിം ആരാധനാലയങ്ങൾക്ക് മേൽ ഹിന്ദുത്വ ഗ്രൂപ്പുകൾ അവകാശവാദം ഉന്നയിക്കുമ്പോൾ നമ്മുടെ കോടതി മുറികൾ സംശയലേശമില്ലാതെ പിന്തുടരാൻ പോകുന്ന ദൈവിക നിയമപരമായ പരിഹാരങ്ങളിലേക്കുള്ള ഒരു സൂചനകൂടിയാണിത്. ഈ മാസം ആദ്യം, തന്റെ പാരമ്പര്യം എന്തായിരിക്കുമെന്ന് ചിന്തിക്കുന്നതായി ചീഫ് ജസ്റ്റിസ് ഉറക്കെ പറഞ്ഞിരുന്നു. അതെന്തായിരിക്കുമെന്ന കാര്യത്തിൽ ഇനി കൂടുതൽ ആശ്ചര്യപ്പെടുകയോ കാത്തിരിക്കുകയോ വേണ്ടതില്ല. ഹിന്ദുത്വ സംഘടനകളുടെ നൂറുകണക്കിന് വിനാശകരമായ അവകാശവാദങ്ങൾക്കുള്ള വാതിൽ അദ്ദേഹം തുറന്നുകൊടുത്തിരിക്കുന്നു. ആ കേസുകളിലെ വിധിന്യായങ്ങൾ ജസ്റ്റിസ് ചന്ദ്രചൂഡ് പുതുതായി സജ്ജമാക്കിയ ‘നീതിദേവതയുടെ’ കാൽക്കൽ ആദരപൂർവം വെക്കാവുന്നതാണ്.
മൂന്ന്: അടുത്ത സുഹൃത്താണെങ്കിലും ഈ തർക്കത്തിൽ ഒരു കക്ഷിയാണെന്നിരിക്കെ പ്രശ്ന പരിഹാരം കണ്ടെത്തിത്തരാൻ ഭഗവാനോട് ജസ്റ്റിസ് ചന്ദ്രചൂഡിന് എങ്ങനെ ചോദിക്കാൻ സാധിച്ചു? അതിൽ താൽപര്യങ്ങളുടെ വൈരുധ്യമില്ലേ? ഒപ്പം അതിലെ അനൗചിത്യം ഒന്നാലോചിച്ചു നോക്കു: ഒരു മുസ്‌ലിമും ഹിന്ദു വ്യവഹാരക്കാരനും തമ്മിലെ ഒരു കൊടിയ തർക്കത്തിൽ മുസ്‌ലിമിന് അനുകൂലമായ വിധി പുറപ്പെടുവിച്ച ശേഷം ഈ പരിഹാരം വന്നത് അല്ലാഹുവിൽനിന്നാണെന്ന് ഏതെങ്കിലുമൊരു മുസ്‍ലിം ജഡ്ജി പറഞ്ഞാൽ ഇപ്പോൾ ചീഫ് ജസ്റ്റിസിന്റെ നിഷ്കളങ്കതയെച്ചൊല്ലി രോമാഞ്ചമണിയുന്ന ഹിന്ദുത്വ രാഷ്ട്രീയക്കാരാവും പക്ഷപാതം എന്ന് പറഞ്ഞ് ആദ്യമായി ഒച്ചപ്പാടുണ്ടാക്കുക.
നാല്: വാസ്തവത്തിൽ, താൻകൂടി ചേർന്ന് തയാറാക്കിയ അയോധ്യ വിഷയത്തിലെ വിധി നിയമപരമായി തെറ്റാണെന്ന് അറിയാവുന്നതുകൊണ്ടാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ഇത്തരത്തിലെ ‘ദൈവിക യുക്തി’യിലും മഹത്ത്വവത്കരണത്തിലും അഭയം തേടുന്നത്. സ്വന്തം വികലമായ യുക്തിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാകാതെ വിവാദവിധിയുടെ ഉത്തരവാദിത്തം ചാർത്തിക്കൊടുക്കാൻ ശ്രമിക്കുക വഴി ഭഗവാനോടും കുറ്റകരമായ കടുത്ത അനീതിയാണ് അദ്ദേഹം ചെയ്യുന്നത്. ജസ്റ്റിസ് ചന്ദ്രചൂഡ് സ്വന്തം തീരുമാനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പഠിക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു.
അഞ്ച്: ഭരണഘടനയിലും നിയമപുസ്തകത്തിലും പ്രതിപാദിക്കുന്ന നിയമങ്ങൾക്കനുസൃതമായി നീതി നടപ്പാക്കുമെന്നാണ് ജഡ്ജിമാർ പ്രതിജ്ഞയെടുക്കാറ്. അവർക്ക് ദേവസങ്കൽപങ്ങളിലോ വിശുദ്ധ ഗ്രന്ഥങ്ങളിലോ വിശ്വസിക്കാനും ആ കൽപനകളും വാചാലമായ ജ്ഞാനവും വ്യക്തിജീവിതത്തിൽ പിന്തുടരാനും സ്വാതന്ത്ര്യമുണ്ട്. എന്നാൽ, നീതി നിർവഹണവേളയിൽ, ഒരു ദൈവത്തിനും ഭരണഘടനക്ക് മുകളിലായിരിക്കാനോ തീരുമാനത്തിന്റെ ഉറവിടമാകാനോ കഴിയില്ല. ദൈവവിശ്വാസം ചിലപ്പോൾ മനുഷ്യർക്ക് ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ എടുക്കാൻ ധൈര്യം നൽകുമെന്നത് ശരിതന്നെയാണ്. ബാബരി മസ്ജിദ് തകർത്ത ആളുകളെയും സംഘടനകളെയും ആ ഭൂമിയുടെ നിയന്ത്രണം കൈക്കലാക്കാൻ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് വിധിക്കണമെങ്കിൽ അത്യപാരമായ ധൈര്യം ആവശ്യമായിരുന്നേനെയെന്ന് ഞാൻ സമ്മതിക്കുന്നു.
എന്നാൽ, കേന്ദ്രം ഭരിക്കുന്ന പാർട്ടി ഒരു തെരഞ്ഞെടുപ്പ് തന്ത്രമെന്ന നിലയിൽ രാമക്ഷേത്രത്തിനായി രാഷ്ട്രീയമായി അത്യാഗ്രഹിച്ച ഒരു സമയത്ത് അയോധ്യ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ തരിമ്പുപോലും ധൈര്യം അടങ്ങിയിരുന്നില്ല.
ദൈവവുമായി നേരിട്ട് ആശയവിനിമയം നടത്തുകയും ദൈവഹിതവും നിർദേശങ്ങളും പാലിക്കുകയും ചെയ്യുന്ന ഒരു പ്രധാനമന്ത്രി ഇതിനകംതന്നെ ഇന്ത്യക്കുണ്ട്. മോദിയുടെ സ്വന്തം അജൈവ നിലവാരത്തിന് അനുഗുണനായ ഒരു ചീഫ് ജസ്റ്റിസിനെയും ഇപ്പോൾ രാജ്യത്തിന് ലഭിച്ചിരിക്കുന്നു.
നീതിദേവതയുടെ മാത്രമല്ല, നമ്മളേവരുടെയും കണ്ണുകളിൽ മൂടിയിരുന്ന കറുത്തപട്ട മാറ്റിത്തന്നതിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനോട് നമ്മൾ നന്ദി പറയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.