സല്യൂട്ട്
text_fieldsപത്തുമുപ്പത് പേജ് വരുന്ന ഡയലോഗുകൾ ഒറ്റശ്വാസത്തിൽ അടിച്ചുവിട്ടാൽ തിയറ്ററുകൾ പ്രകമ്പനം കൊള്ളുന്ന കാലമൊക്കെ എന്നേ കഴിഞ്ഞിരിക്കുന്നു. പക്ഷേ, ആ ഡയലോഗുകളിലൂടെ ജീവിച്ച് സൂപ്പർസ്റ്റാർ പദവിയിലെത്തിയ സുരേഷ് ഗോപിക്ക് ഇടക്കെങ്കിലും 'ഏകലവ്യനി'ലെ മാധവനാകണം; അല്ലെങ്കിൽ, 'കമീഷണറി'ലെ ഭരത്ചന്ദ്രനാകണം; ചുരുങ്ങിയപക്ഷം 'പത്ര'ത്തിലെ നന്ദഗോപാലെങ്കിലുമായി പകർന്നാടണം. ആ കാലവും കഥാപാത്രങ്ങളും അവർ വായിട്ടലച്ച ഡയലോഗുകളുമെല്ലാം വിടാതെ പിന്തുടരുന്നതുകൊണ്ടാണ് 'ഒാർമയുണ്ടോ ഇൗ മുഖം' എന്ന ചോദ്യം ആവർത്തിക്കേണ്ടി വരുന്നത്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട എം.പിമാരും എം.എൽ.എമാരുമൊക്കെ ധാരാളമുണ്ടായിരിക്കെ, ഒരു നോമിനേറ്റഡ് എം.പിയെ ചിലപ്പോൾ പൊലീസ് ഏമാന്മാർക്ക് കണ്ണിൽപിടിച്ചെന്ന് വരില്ല. അത്തരക്കാരോട് 'മേയറല്ല, എം.പിയാണ്' എന്ന് ഒാർമപ്പെടുത്തുേമ്പാൾ െപാലീസ് മാന്വലിലെ സല്യൂട്ട് പ്രോേട്ടാകോൾ പറഞ്ഞ് പിടിച്ചുനിന്നിട്ട് കാര്യമില്ല. നിന്നനിൽപിൽ സല്യൂട്ടടിക്കുകതന്നെ.
പൊലീസ് മാന്വൽ പ്രകാരം, എം.പിയുടെയും എം.എൽ.എയുടേയുമൊന്നും മുന്നിൽ പോയി ഇങ്ങനെ സല്യൂട്ടടിച്ച് ഷൂസിെൻറ ലാടം തേയ്ച്ചുകളയേണ്ടതില്ല. അല്ലെങ്കിലും കൊേളാണിയൽ കാലത്തെ 'ഹോണററി സല്യൂട്ട്' എന്ന കവാത്തിനെ ഇൗ ജനാധിപത്യ യുഗത്തിലും ഇങ്ങനെ പേറിനടക്കേണ്ടതുണ്ടോ എന്നും ജനം ചോദിച്ചുതുടങ്ങിയിരിക്കുന്നു. '90കളിലെ സൂപ്പർ ഡയലോഗുകളുടെ ആലസ്യത്തിൽ കഴിയുന്നവർക്ക് ഇപ്പറഞ്ഞെതാന്നും ബാധകമല്ലാത്തതുകൊണ്ടാണ് അക്കാലത്തെ സിനിമ സ്റ്റൈലിൽതന്നെ എസ്.െഎയെക്കൊണ്ട് സുരേഷ് ഗോപി സല്യൂട്ടടിപ്പിച്ചത്. തട്ടുപൊളിപ്പൻ ഡയലോഗുകളുടെ ആലസ്യം മാത്രമല്ല, ഹോണററി സല്യൂട്ടിലൂടെ പ്രതിഫലിക്കുന്ന അടിമബോധവും സുരേഷ് ഗോപിയെ അലട്ടുന്നുണ്ട്. ദളവാ ഭരണവും രാജാധിപത്യവും അവസാനിച്ച് നൂറ്റാണ്ടിേലക്കടുക്കുേമ്പാഴും പൗരനായി വികസിച്ചിട്ടില്ല. എന്തിന്, പ്രജാബോധം പോലുമില്ല; വികസനം കൊണ്ടുവന്നാൽ മോദിയുടെ അടിമയായിരിക്കാനും തയാറാണെന്ന് പ്രഖ്യാപിച്ചയാളാണ്. അങ്ങനെയൊരാൾക്ക് അധികാരം വീണുകിട്ടുേമ്പാൾ സല്യൂട്ടടിപ്പിച്ചിെല്ലങ്കിലേ അത്ഭുതമുള്ളൂ.
പൊളിറ്റിക്സ് ഇൗസ് ദ ലാസ്റ്റ് റഫ്യൂഫ് ഒാഫ് ഇൻകോമ്പീറ്റൻറ്. എന്നുവെച്ചാൽ, അയോഗ്യെൻറ ഏറ്റവും അവസാനത്തെ അത്താണിയാണ് രാഷ്ട്രീയമെന്ന്. 'ഏകലവ്യനി'ൽ ടിയാൻതന്നെ കലക്കിമറിച്ച ഒരു ഡയലോഗിനെ ചെറുതായൊന്നു മാറ്റിപ്പിടിച്ചാൽ അതിനെ ഇങ്ങനെ വ്യാഖ്യാനിക്കാം: ''എടോ, വിവരമുള്ളവർ എഴുതിവെച്ചിട്ടുണ്ട് എ പൊളിറ്റീഷ്യൻ കാൻ ബി ആൻ ആക്ടർ, ബട്ട് ആൻ ആക്ടർ കാൻ നെവർ ബി എ സ്റ്റുപിഡ് പൊളിറ്റീഷ്യൻ എന്ന്. ഒരു രാഷ്ട്രീയക്കാരന് അഭിനേതാവാകാം. പക്ഷേ, ഒരു അഭിനേതാവിന് ഒരിക്കലും രാഷ്ട്രീയക്കാരനാകാൻ കഴിയില്ല.'' കത്തിക്കയറിയ ഒരുപിടി സിനിമകൾക്കുശേഷം നടിച്ച പടങ്ങളെല്ലാം ബോക്സ് ഒാഫിസിൽ മൂക്കുകുത്തി വീണപ്പോഴാണ് ഗുജറാത്തിലേക്ക് വണ്ടികയറി മോദിയിൽ അടിമത്തം പ്രഖ്യാപിച്ചത്. കേരളമെന്ന ഇട്ടാവട്ടത്തിരുന്ന് തായം കളിക്കാനല്ല, ഡൽഹിയാണ് രാഷ്ട്രീയ തട്ടകമെന്നും അന്നേ തീരുമാനിച്ചതാണ്. ഖദർകൊണ്ട് കോട്ടും കോണകവും ധരിച്ചിരുന്ന പഴയ ദരിദ്രവാസി രാഷ്ട്രീയക്കാരുടെ ഏറ്റവുമൊടുവിലത്തെ തലമുറപോലും 'മോദി പ്രഭാവ'ത്തിൽ കുറ്റിയറ്റു പോയിരുന്നു അപ്പോഴേക്കും ഇന്ദ്രപ്രസ്ഥത്തിൽ. ഹൈടെക്കിലും ബ്ലൂ ചിപ്പിലും ഇൻറർനെറ്റിലുമെല്ലാം വിദ്വേഷം വിളമ്പുന്ന ഹിന്ദുത്വയുടെ ഡൽഹിയെയാണ് കർമമണ്ഡലമായി സ്വയം പ്രതിഷ്ഠിച്ചത്. ദേശീയ ചലച്ചിത്ര വികസന കോർപറേഷെൻറ തലപ്പത്ത് കയറിക്കൂടാനായിരുന്നു ആദ്യ മോഹം.
'ആ കോർപറേഷൻ ഞാനങ്ങ് എടുത്തേക്കുവാ' എന്ന മട്ടിൽ പത്രക്കാരോട് വീമ്പടിച്ചിരുന്നു അക്കാലത്ത്. ഇങ്ങനെയൊരാളെ നിയമിച്ചിട്ടില്ലെന്ന് സാക്ഷാൽ കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം വെളിപ്പെടുത്തിയത് വല്ലാത്ത ക്ഷീണമായി. പക്ഷേ, തളർന്നില്ല. പിന്നെയും അടിമത്തം ഉച്ചൈസ്തരം പ്രഖ്യാപിച്ചു. അങ്ങനെ രണ്ടു വർഷത്തിനുശേഷം രാജ്യസഭയിൽ കലാകാരന്മാർക്കുള്ള നോമിനേറ്റഡ് കസേരകൾ ഒഴിവുവന്നപ്പോൾ ഒന്നു കിട്ടി. രാജ്യസഭാംഗമായപ്പോഴും ഒരു മിസ്ഡ്കാൾ കൊണ്ടുപോലും ബി.ജെ.പിയിൽ അംഗമായിരുന്നില്ല. പിന്നെയും ആറുമാസത്തിനുശേഷമാണ് പാർട്ടിയിൽ അംഗത്വമെടുത്തത്.
കേരളത്തിെൻറ ആവശ്യങ്ങൾക്കായി ശബ്ദമുയർത്തുമെന്നൊക്കെ ഇടിവെട്ടു ഡയലോഗുമായാണ് പാർലമെൻറിെൻറ പടി കയറിയതെങ്കിലും തുടക്കത്തിൽ ഒരു ചോദ്യം പോലും തൊണ്ടയിൽനിന്നു വന്നില്ല. മാസ് ഡയലോഗുകൾ പുറത്തുവരണമെങ്കിൽ ഷാജി കൈലാസും രഞ്ജി പണിക്കരുമൊക്കെ പാർലമെൻറിൽ വേണം! സഭയുടെ വിവര സാേങ്കതിക വിദ്യ സമിതിയിൽ അംഗമായിരുന്നു. സമിതി റിപ്പോർട്ട് സഭയുടെ മേശപ്പുറത്തുവെച്ചപ്പോൾ പറഞ്ഞ 'നമസ്കാര'മാണ് പാർലെമൻറിലെ ആദ്യ ഡയലോഗ്. അതിനുതന്നെ നിറഞ്ഞ കൈയടിയായിരുന്നു! അല്ലെങ്കിലും മലയാളത്തിൽ ന്യൂജെൻ തരംഗത്തിനുശേഷം പാളിപ്പോയ ഡയലോഗുകൾക്കു മാത്രമാണ് സുരേഷ് ഗോപിക്ക് കൈയടി കിട്ടിയിട്ടുള്ളത്. മോദി അധികാരമേറ്റ് കുറച്ചു കഴിഞ്ഞപ്പോഴാണ് മഹാരാഷ്ട്രയിൽ ബി.ജെ.പി സർക്കാർ ബീഫ് നിരോധനം ഏർപ്പെടുത്തിയത്. അതിനെതിരെ വലിയ പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടപ്പോൾ ഉടൻ വന്നു ഡയലോഗ്: ''ഞാൻ ബീഫ് കഴിക്കാറുമില്ല, എെൻറ വീട്ടിലത് കയറ്റാറുമില്ല.'' പണ്ട് മൂക്കുമുെട്ട ബീഫ് കഴിച്ച് തടിച്ചുകൊഴുത്തതിെൻറ കഥ പറയുന്ന സൂപ്പർ സ്റ്റാറിെൻറ അഭിമുഖ വിഡിയോ ശകലങ്ങൾ ട്രോളന്മാർ പുറത്തെത്തിച്ചതോടെ ആക്ഷൻ ഹീറോ വെറും കോമഡിയായി. വിഴിഞ്ഞം പദ്ധതിക്കുവേണ്ടി ഹിന്ദുക്കൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന ആഹ്വാനത്തിനും ലഭിച്ചു ട്രോൾ പെരുമഴ. വിഴിഞ്ഞത്തിന് ഫണ്ട് തികയില്ലെങ്കിൽ പത്മനാഭ ക്ഷേത്രത്തിലെ നിധിശേഖരം അതിനായി ഉപയോഗിക്കാമെന്നായിരുന്നു അടുത്ത നിർദേശം.
ശബരിമല വിഷയത്തിലും സൂപ്പർ സ്റ്റാറിന് വ്യത്യസ്തമായ പദ്ധതിയുണ്ട്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വിഷയം കത്തിനിൽക്കുന്ന സമയത്താണ് ടിയാൻ ആ പദ്ധതി പ്രഖ്യാപിച്ചത്. പൂങ്കാവനത്തോട് ചേർന്ന് സ്ത്രീകൾക്കുമാത്രമായി ഒരു അയ്യപ്പക്ഷേത്രം പണിയുമെന്നായിരുന്നു അത്. മാസ് ഡയലോഗുകളുടെ അസ്ക്യതകൾക്കിടയിലും മൃദുവായി ഹിന്ദുത്വ വാദങ്ങൾ അവതരിപ്പിക്കണമെങ്കിൽ ആള് ചില്ലറക്കാരനല്ല. നാർകോട്ടിക് ജിഹാദ് പരാമർശത്തിലൂടെ സൂപ്പർ സ്റ്റാർ പദവിയിലെത്തിയ പാതിരിയോട് െഎക്യദാർഢ്യം പ്രകടിപ്പിച്ചതും ഇതേ മാതൃകയിലായിരുന്നു. നാർകോട്ടിക് ജിഹാദ് വിഷയത്തിൽ താൻ ഭൂരിപക്ഷാഭിപ്രായത്തോടൊപ്പമാണെന്ന്. ഇൗ ഡിപ്ലോമസിക്കല്ലേ സല്യൂട്ട് കൊടുക്കേണ്ടത്!
പക്ഷേ, രാഷ്ട്രീയ പണ്ഡിറ്റുകൾ പറയുന്നത് ഇൗ ട്രോളുകളും ഡയലോഗുകളിൽ വഴിയുന്ന മോഡുലേഷനുമെല്ലാം ടിയാെൻറ രാഷ്ട്രീയ മൂലധനമായി മാറുമെന്നാണ്. അടുത്ത വർഷത്തോടെ രാജ്യസഭയിൽനിന്ന് ഒഴിഞ്ഞുകൊടുക്കേണ്ടിവരും. ഇതിനിടയിൽ തൃശൂരിൽനിന്ന് നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. സംസ്ഥാനത്ത് പാർട്ടിയുടെ കാര്യമാണെങ്കിൽ വലിയ കഷ്ടവുമാണ്. ഇൗ സാഹചര്യത്തിൽ പാർട്ടിയുടെ ചുമതല ലഭിക്കാൻ സാധ്യതയേറെയാണ്. അതിലേക്ക് കണ്ണുനട്ടാണ് ഇൗ കോപ്രായങ്ങളും ഡയലോഗുകളുമെന്നാണ് പണ്ഡിറ്റുകളുടെ പ്രവചനം. കാത്തിരുന്നു കാണാം. ജാഗ്രതയാണ് ഏറ്റവും വലിയ പ്രതിരോധം. ജസ്റ്റ് റിമംബർ ദാറ്റ്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.