‘വി’ ഫോർ വിദ്വേഷം
text_fieldsകുരീപ്പുഴയുടെ ‘നഗ്നകവിത’കളിലൊന്നായ ‘തപാൽ മുദ്ര’ ഇങ്ങനെ വായിക്കാം: ‘‘ഗോഡ്സെക്കു/ പോസ്ടോഫീസില്/ ജോലികിട്ടി./ മൂപ്പര്/ ആഹ്ലാദഭരിതനാണ്./ ഓരോ ദിവസവും/ ഭാരിച്ച ലോഹമുദ്ര കൊണ്ട്/ ഗാന്ധിയെ.......’’. കാവിപ്പടയുടെ എണ്ണം പറഞ്ഞൊരു മഹിളാ നേതാവ് അങ്ങ് തമിഴകത്ത് ന്യായാധിപ സ്ഥാനത്ത് അവരോധിക്കപ്പെട്ടപ്പോൾ ഈ വരികളാണ് ഓർമവന്നത്. ‘പഠിച്ച പണി’ തന്നെയാണ് തുടരുന്നതെങ്കിൽ സംഗതി കുഴഞ്ഞതുതന്നെ.
വിക്ടോറിയ ഗൗരി എന്നാണ് നാമധേയം. ഹിന്ദുത്വയുടെ വിദ്വേഷ പ്രചാരക സംഘത്തിന്റെ ദക്ഷിണേന്ത്യൻ മുഖമെന്നൊക്കെയാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്. പ്രഭാഷണ കലയിൽ മാത്രമല്ല, എഴുത്തിലും ആ പ്രതിഭാവിലാസമുണ്ട്. ‘ഭാരിച്ച ലോഹമുദ്ര’ കൊണ്ടുള്ള ഗൗരിയുടെ പ്രഹരത്താൽ നീതി ദേവത അതിജീവിച്ചാൽ അത്രയും നല്ലത് എന്നേ ഇപ്പോൾ പറയാനാകൂ.
സംഘ്പരിവാറിന്റെ തീപ്പൊരി വിദ്വേഷകരിൽ അധികപേരും ഉത്തരേന്ത്യക്കാരാണ്. തെന്നിന്ത്യയിൽനിന്ന് ഉമാ ഭാരതിയെപ്പോലെ അല്ലെങ്കിൽ പ്രഗ്യയെപ്പോലൊരാളുടെ കുറവുണ്ട് എന്ന കാര്യം വളരെ നേരത്തേ തിരിച്ചറിഞ്ഞയാളാണ് ഗൗരി. ആ ദിശയിൽ കുറെയേറെ പണിയെടുക്കുകയും ചെയ്തിട്ടുണ്ട്. സംഘമേൽപിച്ച ആ ദൗത്യം തുടങ്ങാൻ കേന്ദ്രത്തിൽ മോദി അധികാരത്തിലേറാനൊന്നും കാത്തിരുന്നിട്ടില്ല. ദ്രാവിഡ മണ്ണ് രാഷ്ട്രീയമായി എതിരായിരുന്നിട്ടും അധികാരത്തിന്റെ അകമ്പടിയില്ലാഞ്ഞിട്ടും കഴിയാവുന്നടിത്തോളം പ്രയത്നിച്ചു. കന്യാകുമാരിയും പരിസര പ്രദേശങ്ങളുമായിരുന്നു മേഖല. അവിടത്തെ സർവ ക്രൈസ്തവ സംഘടനകൾക്കുമെതിരെ പരമാവധി ഉറഞ്ഞുതുള്ളി.
കാവിപ്പടയുടെ സ്ഥിരം ആയുധമായ നിർബന്ധിത മതപരിവർത്തനം തന്നെയായിരുന്നു വിഷയം. പ്രദേശത്ത് അല്ലറ ചില്ലറ പ്രശ്നങ്ങളൊക്കെയുണ്ടാക്കാൻ അതുവഴി സാധിക്കുകയും ചെയ്തിട്ടുണ്ട്. തെക്കൻ മുനമ്പിലെ ഈ നിസ്വാർഥ സേവനം രണ്ടാമൂഴത്തിലും മോദിക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. അതുകൊണ്ടാണ്, രണ്ടു വർഷം മുമ്പ് സോളിസിറ്റർ ജനറലായി നിയമിച്ചത്. അതൊരു സർക്കാർ പദവിയായതിനാൽ ആരും ഒന്നും മിണ്ടിയില്ല. ഇപ്പോഴിതാ, ജഡ്ജിയായി സ്ഥാനക്കയറ്റം നൽകിയിരിക്കുന്നു. സോളിസിറ്റർപോലെ സർക്കാർ പദവിയല്ല ജഡ്ജി പണി. അതുകൊണ്ടാണ് മധുര ബെഞ്ചിലെ 40 അഭിഭാഷകർ സുപ്രീംകോടതിക്ക് പരാതി നൽകിയത്. അതാണ് ഏറ്റവും വലിയ തമാശ. ടി കോടതിയുടെ മുഖ്യജഡ്ജികൂടി അംഗമായ സമിതിയാണല്ലോ ഇപ്പറയുന്ന കൊളീജിയം എന്ന സംവിധാനം. അവരാണ് ഗൗരിയെ നിയമിച്ചിരിക്കുന്നത്.
എന്നാലും, പരാതി കേൾക്കാമെന്നായി ചീഫ് ജസ്റ്റിസ്. പറഞ്ഞതുപോലെ, കോടതി പരാതി വിശദമായി കേട്ടു; ഉടൻ തള്ളുകയും ചെയ്തു. ഗൗരി വിദ്വേഷ പ്രസംഗം നടത്തുന്നുവെന്നാണല്ലോ ആക്ഷേപം. ഗൗരിയുടെ രാഷ്ട്രീയ പശ്ചാത്തലമോ നടത്തിയ വിദ്വേഷ പ്രസ്താവനകളോ അവരെ ശിപാർശ ചെയ്ത ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയം അറിഞ്ഞിട്ടില്ലെന്ന് എങ്ങനെ കരുതുമെന്നാണ് കേസ് കേട്ട ജഡ്ജി സംഘത്തിന്റെ മറു ചോദ്യം. അപ്പോൾ, എല്ലാം അറിഞ്ഞിട്ടുതന്നെയാണ്. അതുകൊണ്ടാണല്ലോ, കേസ് വിധി പറയുംമുമ്പേതന്നെ സത്യപ്രതിജ്ഞ ചടങ്ങ് തട്ടിക്കൂട്ടിയത്.
തെക്കൻ തമിഴകത്തിന്റെ സാംസ്കാരിക ഭൂമികയായ നാഞ്ചിനാട്ടുകാരിയാണ് ഗൗരി. ചോള, പാണ്ഡ്യ, ആയ്, വേണാട് തുടങ്ങിയ നാട്ടുരാജ്യങ്ങളുടെ ഭാഗമായിരുന്ന ചരിത്രഭൂമിയിൽനിന്നാണെങ്കിലും ഗൗരിയുടെ ചരിത്രബോധം മറ്റൊന്നാണ്. അവിടത്തെ കുളങ്ങളും വിശാലമായ നെൽവയലുകളും കാവൽദൈവങ്ങളും പൂപാടങ്ങളുമെല്ലാം ഒരുക്കുന്ന സൗന്ദര്യങ്ങളൊന്നും ഒരുകാലത്തും അവർ ആസ്വദിച്ചിട്ടുണ്ടാവില്ല. എങ്ങനെ ആസ്വദിക്കും? ക്രൈസ്തവ സംഘടനകളും മിഷനറിമാരും ചേർന്ന് നാഞ്ചിനാട് കൈയടക്കിയെന്നൊക്കെയാണല്ലോ പരിഭവം.
വിവേകാനന്ദന്റെ ഭൂമിയിൽ ക്രൈസ്തവ അധിനിവേശം നടക്കുന്നുവെന്നും അതുവഴി കന്യാകുമാരി അടക്കമുള്ള സ്ഥലങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമായി എന്നൊക്കെയാണ് ഗൗരിയുടെ ആരോപണം. ഇവിടത്തെ ചില ഹിന്ദുത്വ നേതാക്കളെപ്പോലെ വെറുതെ പ്രസംഗിച്ചു നടക്കുകയല്ല; പാർട്ടി ജിഹ്വയായ ‘ഓർഗനൈസറി’ൽ അടക്കം പലവട്ടം കനപ്പെട്ട ലേഖനങ്ങൾ എഴുതിയാണ് മതംമാറ്റ തിയറി സമർഥിച്ചത്. ആ സമയത്ത് കന്യാകുമാരിയും മധുരയും കേന്ദ്രീകരിച്ച് വക്കീൽ പണിയും എടുക്കുന്നുണ്ടായിരുന്നു. ഒപ്പം, സേവാഭാരതിയിലും സജീവമായി. കോടതിയും സേവാഭാരതിയുമൊക്കെയാണ് തൊഴിലിടമെങ്കിലും പണി എല്ലായിടത്തും ഒന്നുതന്നെയായിരുന്നു.
സംഘ്പരിവാർ ദേശീയതലത്തിൽ പ്രചരിപ്പിക്കുന്ന വിദ്വേഷ വർത്തമാനങ്ങളെ ഇങ്ങ് തെക്കൻ ദേശത്ത് അവതരിപ്പിക്കുക. സ്പെഷലൈസേഷൻ ക്രിസ്ത്യാനിറ്റിയിലായതിനാലാകാം, മുസ്ലിംകളെക്കാൾ ‘പ്രശ്നക്കാർ’ ക്രിസ്ത്യാനികളാണെന്ന് ആവർത്തിച്ച് പറഞ്ഞത്. രണ്ടുകൂട്ടരും പ്രശ്നക്കാരാണെന്നതിൽ തർക്കമില്ല. അതുകൊണ്ടാണ്, പൗരത്വ ബില്ലിനായി ഘോരഘോരം പ്രസംഗിച്ചത്. ജഡ്ജി നിയമനത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളെല്ലാം പൂട്ടിവെച്ചിരിക്കുകയാണ്. അല്ലായിരുന്നൂവെങ്കിൽ ആ യൂട്യൂബ് പ്രസംഗങ്ങളും ഫേസ്ബുക്ക് പോസ്റ്റുകളും ട്വീറ്റുകളുമൊക്കെയൊന്ന് കാണാമായിരുന്നു.
എത്ര ഒളിപ്പിച്ചുവെച്ചാലും എവിടെയെങ്കിലുമൊക്കെ അതിൽ ചിലത് പൊങ്ങിവരുമല്ലോ. അത്തരത്തിലൊരു ട്വീറ്റ് ഇങ്ങനെ: ‘‘ഭരതനാട്യത്തെ വെട്ടിക്കൊലപ്പെടുത്തി’’. സംഗതിയെന്താണെന്നുവെച്ചാൽ, കന്യാകുമാരിയിലോ മറ്റോ ഏതോ ക്രൈസ്തവ സംഘടനയുടെ കീഴിൽ കുറച്ചുപെൺകുട്ടികൾ ഭരതനാട്യം കളിച്ചതാണ്. ക്രിസ്തീയ ഗാനങ്ങളുടെ അകമ്പടിയോടെ ഭാരതീയമായ ഒരു നൃത്തത്തെ അവതരിപ്പിച്ചതിനെ വലിയൊരു ദേശീയ പ്രശ്നമായി ഉയർത്തിക്കാണിക്കുകയായിരുന്നു ഗൗരി. ഇമ്മാതിരി, ഒട്ടേറെ ദേശീയ വിഷയങ്ങളിൽ ഇടപെടാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.
1973 മേയ് 21ന് നാഗർകോവിലിനടുത്ത തക്കലയിലെ പരമ്പരാഗത സംഘ്പരിവാർ കുടുംബത്തിൽ ജനനം. ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരി എന്നാണ് മുഴുപ്പേര്. ചെറുപ്പത്തിലേ, ആർ.എസ്.എസിൽ സജീവമായി. ഉള്ളുനിറയെ ക്രൈസ്തവ വിരോധമാണെങ്കിലും സ്കൂൾ പഠനം നാഗർകോവിൽ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിലും ബിരുദാനന്തര ബിരുദമെടുത്തത് കൊടൈക്കനാൽ മദർ തെരേസ യൂനിവേഴ്സിറ്റിയിൽനിന്നുമാണ്. മധുര ഗവൺമെന്റ് കോളജിൽനിന്ന് നിയമ ബിരുദമെടുത്ത് 1995ൽ വക്കീൽ പണിയാരംഭിച്ചു. രണ്ടു വർഷം കഴിഞ്ഞപ്പോൾ ‘വി വിക്ടോറിയ’ എന്ന പേരിൽ സ്വന്തമായി കന്യാകുമാരിയിൽ ഓഫിസിട്ടു.
പത്തു വർഷം കഴിഞ്ഞപ്പോൾ ഹൈകോടതിയുടെ മധുര ബെഞ്ചിലേക്ക് മാറ്റി. ഇതിനിടയിൽ ബി.ജെ.പിയിലും സജീവമായി. മഹിള മോർച്ചയുടെ ദേശീയ സെക്രട്ടറി വരെയായി. 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. അന്ന് ‘ഛൗകിദാർ ഗൗരി’ എന്നാണ് സ്വയം വിശേഷിപ്പിച്ചത്. മോദിഭക്തി വല്ലാതെ പ്രവഹിച്ചപ്പോഴായിരുന്നു അങ്ങനെയൊരു വിശേഷണം. അതിന് ഗുണവുമുണ്ടായി. രാഷ്ട്രീയത്തിൽ ഗുരുവും ദൈവവുമൊക്കെ മോദിയാണ്. മാതാ അമൃതാനന്ദമയിയാണ് മറ്റൊരു കൺകണ്ട ദൈവം. തുളസി മുത്തുറാം ആണ് ജീവിത സുഹൃത്ത്. രണ്ടു പെൺമക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.