മാധ്യമങ്ങളിലെ വ്യക്തി: വി ആർ വിനി
text_fieldsസിഗരറ്റുകൂടിനു പുറത്തെ അർബുദ ബോധവത്കരണംപോലെയാണ് യൂറോപ്യൻ സോക്കർ മത്സരങ്ങൾക്കിടയിലെ വംശീയതവിരുദ്ധ കെട്ടുകാഴ്ചകൾ. കാണുമ്പോൾ സംഗതി കൊള്ളാമല്ലോ എന്നൊരു തോന്നലൊക്കെയുണ്ടാകും. കളി തുടങ്ങും മുമ്പേ, കളിക്കാരെല്ലാം ചേർന്നുനിന്നൊരു വംശീയതവിരുദ്ധ പ്രതിജ്ഞ; പിന്നെ ‘സെ നോ റ്റു റേസിസം’ ബാനറിന് മുന്നിൽ എല്ലാവരും ചേർന്നൊരു ഫോട്ടോ സെഷൻ; ക്യാപ്റ്റന്മാരുടെ ആം ബാൻഡിലുമുണ്ടാവും വംശീയതവിരുദ്ധ മുദ്രാവാക്യം.
ഇതെല്ലാം കാണുമ്പോൾ ഗാലറികളിലും പ്രസ് റൂമിലുമെല്ലാം ആവേശം നിറയും. കുമ്മായവരക്കുള്ളിലും പുറത്തും വംശീയതയുടെയും കുടിയേറ്റ വിരുദ്ധതയുടെയും കുത്തുവാക്കുകളിനി ഉയരില്ലെന്ന് തോന്നിപ്പോകും. പക്ഷെ, കിക്ക് ഓഫ് വിസിൽ മുഴങ്ങുന്നതോടെ കളിയാകെ മാറും. അകത്തുനിന്നും പുറത്തുനിന്നും ഉയർന്നുകേൾക്കുന്ന ആർപ്പുവിളികളിൽ കാൽപന്തുകളിയുടെ ആവേശമാകില്ല; അപരവിദ്വേഷത്തിന്റെയും വംശീയതയുടെയും തെറിവിളികളായിരിക്കും മുഴച്ചുനിൽക്കുക.
അത്തരം കുത്തുവാക്കുകൾ കേട്ട് ഏറ്റവുമൊടുവിൽ ഹൃദയം മരവിച്ചുപോയത് വിനീഷ്യസ് ജൂനിയർ എന്ന ബ്രസീലിയൻ താരത്തിനാണ്. റയൽ മഡ്രിഡും വലൻസിയയും തമ്മിലെ വാശിയേറിയ പോരാട്ടം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കവേയാണ് വിനീഷ്യസിന് കണ്ണീരോടെ കളം വിടേണ്ടി വന്നത്.
വലൻസിയയുടെ ഹോം ഗ്രൗണ്ടായ സ്പെയിനിലെ മെസ്റ്റല്ലയിലാണ് സംഭവം. വലൻസിയ പഴയ വലൻസിയയല്ല. ഇതിഹാസ താരം ആൽബർട്ടൊ കെംപസും പിന്നീട് റോബർട്ടോ അയാലയുമെല്ലാം തീർത്ത തരംഗം പിന്നീട് ആവർത്തിക്കാൻ ക്ലബിനായിട്ടില്ല.
സ്പാനിഷ് ലീഗായ ‘ലാ ലിഗ’ നേടിയിട്ട് വർഷം 20 കഴിഞ്ഞു. അഞ്ചുവർഷം മുമ്പ് നേടിയ കോപ ഡെൽ റെയാണ് എടുത്തുപറയാവുന്ന അവസാനത്തെ നേട്ടം. ഇക്കുറിയാണെങ്കിൽ കാര്യങ്ങൾ വലിയ കഷ്ടമാണ്. തെളിച്ചുപറഞ്ഞാൽ ലീഗിൽ തരംതാഴ്ത്തൽ ഭീഷണി ഇനിയും ഒഴിഞ്ഞിട്ടില്ല. അപ്പോഴാണ്, റയലുമായുള്ള നിർണായക മത്സരം.
റയലിനും ഇക്കുറി ശനിദശയാണ്. ലാ ലിഗയിൽ രണ്ടാമതാണ്; സ്വപ്നം കണ്ട ചാമ്പ്യൻസ് ലീഗ് സ്വപ്നം മാഞ്ചസ്റ്റർ സിറ്റിയും തല്ലിത്തകർത്തു. കപ്പില്ലാത്തൊരു സോക്കർ സീസൺ റയലിന് ആലോചിക്കാൻ പോലുമാകില്ല. റയലിന്റെ സൂപ്പർ താരം, വിനീഷ്യസിലും ഈ നിരാശ പ്രകടം. വിനിയെ സംബന്ധിച്ച്, നിരാശയുടെ ആഴം കൂടാൻ കാരണങ്ങൾ വേറെയുമുണ്ട്.
ഖത്തർ ലോകകപ്പ് ക്വാർട്ടറിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടി മറക്കാനാവില്ല. അതിനും മാസങ്ങൾക്ക് മുമ്പേയാണ് സ്വന്തം തട്ടകമായ മാറക്കാനയിൽവെച്ച് ചിരവൈരികളായ അർജന്റീന കോപ്പ അമേരിക്ക കപ്പുയർത്തിയത്. കൈയെത്തും ദൂരത്താണ് ഈ നഷ്ടങ്ങളൊക്കെയും. ആ നിരാശ വിനീഷ്യസിൽ പ്രകടമായിരുന്നു. എന്നിട്ടും അയാൾ മെസ്റ്റല്ലയിൽ ഉജ്ജ്വലമായി പന്തുതട്ടി.
സ്വതസിദ്ധമായ ശൈലിയിൽ പലകുറി ഇടതുവശത്തുകൂടി ഇരമ്പിയാർത്തുവന്ന് അയാൾ എതിർ പെനാൽറ്റി ബോക്സിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു. അയാളെ തടയാൻ പലപ്പോഴും വലൻസിയയുടെ പ്രതിരോധം പണിപ്പെട്ടു. ഇതിനിടയിൽ വലൻസിയ ഒരു ഗോൾ നേടിയതോടെ വിനീഷ്യസിനും ബെൻസേമക്കുമെല്ലാം വേഗമേറി. ഏതു നിമിഷവും ഗോൾ വീഴുമെന്നുറപ്പ്. അപ്പോഴാണ് ഗാലറിയിൽനിന്നുള്ള ‘പ്രതിരോധപ്പൂട്ട്’! വംശീയാവഹേളനംതന്നെ.
ഗാലറിയിലെ ആ വെറിയൻ സംഘത്തെ വിനീഷ്യസ് റഫറിക്ക് കാണിച്ചുകൊടുത്തു. എന്നിട്ടും ഫലമുണ്ടായില്ല. ഇങ്ങനെ പോയാൽ കളി തുടരാനാവില്ലെന്നായി വിനി. പത്ത് മിനിറ്റോളം കളി നിർത്തിവെച്ചു. ഇതിനിടയിൽ അയാളനുഭവിച്ച മാനസിക സംഘർഷങ്ങൾ എത്രയായിരിക്കും.
അവഹേളിക്കപ്പെട്ട് കണ്ണീരോടെ ഇതുപോലെ കളംവിട്ട എത്രയോ താരങ്ങൾ അയാളുടെ മനസ്സിൽ മിന്നിമറഞ്ഞിരിക്കാം. അതിനിടയിലെപ്പോഴോ ആണ് എതിർ താരങ്ങളുമായുള്ള വാക്കേറ്റം. അത് ചെറിയൊരു കൈയാങ്കളിയിലേക്ക് മാറിയതോടെ വിനീഷ്യസിന് ചുവപ്പുകാർഡ്!
മത്സരം അവസാനിച്ചതോടെ വിവാദങ്ങളുടെ പുതിയ മത്സരത്തിനാണ് തിരികൊളുത്തിയത്. അവിടെയും നായകൻ വിനീഷ്യസ് തന്നെ. ‘‘മുമ്പ് ലാ ലിഗയെന്നാൽ റൊണാൾഡീന്യോയും റൊണാൾഡോമാരും നെയ്മറും മെസ്സിയുമൊക്കെയായിരുന്നു. ഇന്നിപ്പോൾ അത് വംശവെറിയന്മാരായിരിക്കുന്നു. എനിക്കിത് ആദ്യത്തേതല്ല, രണ്ടാമത്തെ അനുഭവവുമല്ല; മൂന്നാമത്തേതുമല്ല... ലാ ലിഗയിൽ വംശീയത ഒരു സാധാരണ സംഭവമായിരിക്കുന്നു.
ടീമുകളും ഫെഡറേഷനുമെല്ലാം ഇതിനെ നിസ്സാരവത്കരിക്കുന്നു; എതിരാളികൾ പരസ്പരം ഇത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.’’ ഇങ്ങനെ പോകുന്നു വിനിയുടെ വൈറലായ ആ ട്വീറ്റ്. സമൂഹ മാധ്യമത്തിലെ ഈ കളി ലാ ലിഗയുടെ സംഘാടകർക്ക് അത്ര ഇഷ്ടപ്പെട്ടില്ല. അവരതിനെ കെട്ടിച്ചമച്ച വാദങ്ങൾ എന്നുപറഞ്ഞു തള്ളി. പക്ഷെ, സോക്കർ ആരാധകർ വിട്ടുകൊടുത്തില്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെല്ലാം ഐക്യദാർഢ്യസന്ദേശങ്ങളെത്തി. തൊട്ടടുത്ത കളിക്കുമുമ്പേ റയൽ താരങ്ങളെല്ലാം വിനീഷ്യസിന്റെ 20ാം നമ്പർ ജഴ്സിയണിഞ്ഞ് ഗ്രൗണ്ടിൽ അണിനിരന്നു. ‘ഞങ്ങളെല്ലാം വിനീഷ്യസ്’ എന്ന മുദ്രാവാക്യം മൈതാനമെങ്ങും മുഴങ്ങി. അതോടെ, കമ്മിറ്റിക്കാർ ഒന്നടങ്ങി. ആദ്യം ചുവപ്പു കാർഡ് പിൻവലിച്ചു; പിന്നെ, ട്വീറ്റിനെതിരെ പ്രതികരിച്ചതിന് മാപ്പും പറഞ്ഞു.
എന്നുവെച്ച്, വിനീഷ്യസ് കൊളുത്തിവിട്ട തീ അണഞ്ഞുവെന്ന് കരുതരുത്. തന്റെ സ്വന്തം ബ്രസീലും ഇപ്പോൾ താൻ താമസിച്ചുകൊണ്ടിരിക്കുന്ന സ്പെയിനുമെല്ലാം വംശീയവാദികളുടെ നാടായി മാറിയിരിക്കുന്നുവെന്നുകൂടിയുണ്ടായിരുന്നു ആ ട്വീറ്റിൽ. യൂറോപ്പിൽ ഒരു കായികതാരം അടുത്ത കാലത്ത് നടത്തിയ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്താവനയാണത്.
ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും പ്രേതങ്ങളാണ് യൂറോപ്പിലെങ്ങും കാര്യങ്ങൾ തീരുമാനിച്ചുകൊണ്ടിരിക്കുന്നത്. വംശീയതയുടെയും ഇസ്ലാമോഫോബിയയുടെയും കുടിയേറ്റവിരുദ്ധതയുടെയും ഭൂഖണ്ഡമായി യൂറോപ് മാറിയിട്ട് കാലമേറെയായിരിക്കുന്നു.
അവിടെ വിനീഷ്യസിനെപ്പോലുള്ളവർ പന്തുതട്ടുമ്പോൾ എതിർതാരങ്ങൾ മാത്രമല്ല, ഗാലറികളിലെ ഉന്മാദികളായ വെറിയന്മാരും പ്രതിരോധപ്പൂട്ടുമായി രംഗത്തുണ്ടാകും. അവരെയും മറികടന്നുവേണം, വിനിക്കും സംഘത്തിനും ലക്ഷ്യത്തിലേക്ക് ഷോട്ട് പായിക്കാൻ.
2000 ജൂലൈ 12ന് ബ്രസീലിലെ ഏറ്റവും ജനസാന്ദ്രതയേറിയ, ചേരികൾ നിറഞ്ഞ സാവോ ഗോൺസാലോയിലെ ദരിദ്രകുടുംബത്തിൽ ജനനം. വിനീഷ്യസ് ജോസ് ഒലീവേറ-താഷ്യാന ദമ്പതികൾക്ക് വിനീഷ്യസിനെക്കൂടാതെ മൂന്നു മക്കൾകൂടിയുണ്ടായിരുന്നു. സീനിയർ വിനീഷ്യസിന്റെ തുച്ഛമായ വരുമാനംകൊണ്ട് കുടുംബം നോക്കാൻ കഴിയാതെ വന്നപ്പോൾ, അമ്മാവൻ യുലീസസാണ് പലപ്പോഴും രക്ഷകനായത്.
വിഖ്യാതമായ ഫ്ലെമിങ്ങോയിലേക്ക് വിനിയെ എത്തിച്ചത് യുലീസസാണെന്നു പറയാം. സാവോ ഗോൺസാലോയിൽ ഇലവൻസിനേക്കാൾ പ്രചാരം ഫുട്സാലിനാണ്. വിനിയും ആദ്യം ഒരു കൈ നോക്കിയത് ഈ ഫൈവ്സ് കളിയിലാണ്. അന്ന് ആറു വയസ്സാണ് പ്രായം. ഒമ്പതാം വയസ്സിലാണ് സെലക്ഷൻ ട്രയൽസിനായി ഫ്ലെമിങ്ങോയിലെത്തിയത്.
ഡ്രിബ്ലിങ് പാടവവും പ്രശസ്തമായ ‘ഷാപോവ്’ സ്കില്ലുമെല്ലാം കണ്ട കോച്ചിന് വിനിയെ ഇഷ്ടപ്പെട്ടെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കി. ഫുട്സാലിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചാണ് അവിടെനിന്ന് മടങ്ങിയത്. ഫുട്സാലിന്റെ ഇടുങ്ങിയ ലോകത്തുനിന്ന് യഥാർഥ സോക്കറിന്റെ വിശാലതയിലേക്ക് വരാൻ അന്ന് ഉപദേശിച്ചത് യുലീസസാണ്.
അതനുസരിച്ചാണ് തൊട്ടടുത്ത കൊല്ലവും ഫ്ലെമിങ്ങോയിലേക്ക് കിറ്റുമായി ചെന്നത്. അന്നവർ വിനിയെ സ്വീകരിച്ചു. പിന്നെ ഏഴുവർഷത്തോളം അതായിരുന്നു തട്ടകം.
2015ലെ സൗത്ത് അമേരിക്കൻ അണ്ടർ 15 ചാമ്പ്യൻഷിപ്പാണ് വിനിയുടെ ജീവിതം മാറ്റിമറിച്ചത്. ദേശീയ ടീമിൽ വിനിയുടെ അരങ്ങേറ്റംകൂടിയായിരുന്നു അത്. ടീം ചാമ്പ്യന്മാരായി. വിനി ടൂർണമെന്റിലെ ഏറ്റവും മികച്ച താരവും. അന്നേ, യൂറോപ്യൻ ക്ലബുകൾ ചുറ്റും കൂടി.
2018 മുതൽ റയൽ മഡ്രിഡ് സീനിയർ ടീമിലുണ്ട്. ഇതിനകം 149 മത്സരങ്ങൾ; 49 ഗോളുകൾ. രണ്ടു തവണ വീതം ലാ ലിഗയും ഫിഫ ക്ലബ് വേൾഡ് കപ്പും, ഓരോ തവണയായി ചാമ്പ്യൻസ് ലീഗും സൂപ്പർ കപ്പും തുടങ്ങി വിനിയുടെ കളി മികവിൽ ഒമ്പത് കപ്പുകൾ റയൽ സ്വന്തമാക്കി. 2019 മുതൽ ദേശീയ ടീമിലും സജീവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.