പാതിരാസഭയും ചരിത്രത്തിെൻറ അപഹാസ്യമായ ആവർത്തനവും
text_fieldsചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും ആവർത്തിക്കപ്പെടുമെന്ന് പറഞ്ഞത് കാൾ മാർക്സാണ്. ജൂൺ 30ന് വെള്ളിയാഴ്ച അർധരാത്രി പാർലമെൻറ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ഏകീകൃത നികുതി വിളംബരത്തിെൻറ പേരിൽ അരങ്ങേറിയത് ചരിത്രത്തിെൻറ അപഹാസ്യമായ ആവർത്തനമല്ലാതെ മറ്റൊന്നുമായിരുന്നില്ല. ചില ചരിത്രമുഹൂർത്തങ്ങൾ ഒരു നാടിെൻറ, അല്ലെങ്കിൽ ജനതയുടെ സ്വപ്നസാക്ഷാത്കാരമായും നിയതിയുടെ നിറവേറ്റലായും അടയാളപ്പെടുത്താറുണ്ട്. 1947 ആഗസ്റ്റ് 14ന് അർധരാത്രി സംഭവിച്ചത് അതായിരുന്നു. ഒന്നര നൂറ്റാണ്ട് നീണ്ട ബ്രിട്ടീഷ് കോളനിവാഴ്ചയിൽനിന്ന് ‘സ്വരാജി’ലേക്കും പുതിയ ഇന്ത്യയിലേക്കുമുള്ള സംഭവബഹുലമായ ഋതുപ്പകർച്ച. ലോകം ശ്വാസമടക്കിപ്പിടിച്ച് നോക്കിക്കണ്ട മനോജ്ഞമായ ആ ചരിത്രസന്ധിയെ, ചരക്കുസേവന നികുതി എന്ന പുതിയൊരു നികുതി സമ്പ്രദായത്തിെൻറ പ്രഖ്യാപനവുമായി സമീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിെൻറ പാർട്ടിയും നടത്തിയ ഉളുപ്പില്ലായ്മ, നമ്മുടെ രാജ്യം കടന്നുപോയ ചരിത്രപഥങ്ങളെയും അതിലൂടെ നടന്നുനീങ്ങിയ പോരാളികളെയും അപഹസിക്കുന്ന പാതകമായിപ്പോയി.
ജി.എസ്.ടി നടപ്പാക്കുന്നതിന് ഇമ്മട്ടിലൊരു പാതിരാപാർലമെൻറ് സമ്മേളനം വിളിച്ചുകൂട്ടാൻ പോകുന്നു എന്ന് കേട്ടമാത്രയിൽതന്നെ രാജ്യാഭിമാനികൾ എതിർത്തു പരാജയപ്പെടുത്തേണ്ടതായിരുന്നു ആ നീക്കത്തെ. എന്നാൽ, സ്വാതന്ത്ര്യസമരത്തിെൻറ പൈതൃകം നെറ്റിത്തടത്തിൽ മുദ്രണം ചെയ്തു നടക്കുന്ന കോൺഗ്രസുകാർക്കുപോലും വിഷയത്തിെൻറ ഗൗരവം ഉൾക്കൊണ്ട് പെട്ടെന്ന് പ്രതികരിക്കാനായില്ല. 11ാം മണിക്കൂറിലാണ് അവർക്ക് വിവരമുദിച്ചത്. ചരക്കു -സേവന നികുതി സാമ്പത്തിക പരിഷ്കരണ പ്രക്രിയയിലെ നിർണായക വഴിത്തിരിവായേക്കാം. പക്ഷേ, രാജ്യത്തിെൻറ സ്വാതന്ത്ര്യലബ്ധിയോട് താരതമ്യം ചെയ്ത് മഹത്തായ ഒരു ദിനത്തിെൻറ പവിത്രത കളഞ്ഞുകുളിക്കുന്നത് ലളിതമായ ഭാഷയിൽ പറഞ്ഞാൽ രാഷ്ട്രശിൽപികളോടുള്ള അനാദരവും ധിക്കാരവുമാണ്.
സ്വാതന്ത്ര്യം അർധരാത്രിയിൽ പുലരേണ്ടിവന്നതുതന്നെ പുരോഗമനവാദിയായ നെഹ്റുവിെൻറമേൽ ഏതോ ജ്യോതിഷി ദുഃസ്വാധീനം ചെലുത്തിയതുകൊണ്ടാണെന്ന് പറഞ്ഞുകേൾക്കാറുണ്ട്. എന്നാൽ, ഏത് അന്ത്യയാമത്തെയും ചൈതന്യവത്താക്കാൻ ശേഷിയും ധിഷണയുമുള്ള രാഷ്ട്രീയ അവധൂതരുടെ ശക്തമായ നിര പാതിരാവിലെ ആ സ്വാതന്ത്ര്യ കൈയേൽപിനെ 35 കോടി ജനതയുടെ സ്വപ്നഭരിതമായ ഉത്സവമാക്കിമാറ്റിയെടുത്തു. ജവഹൽലാൽ നെഹ്റു, സർദാർ വല്ലഭ്ഭായ് പട്ടേൽ, അബുൽ കലാം ആസാദ്, ഡോ. അംബേദ്കർ, ഡോ. രാജേന്ദ്രപ്രസാദ്, ഡോ. രാധാകൃഷ്ണൻ, രാജാജി, റഫി അഹ്മദ് കിദ്വായി...കാലഘട്ടത്തെ കൈക്കുമ്പിളിലൊതുക്കിയ എത്രയെത്ര രാഷ്ട്രീയ മനീഷികൾ ആ മുഹൂർത്തത്തിൽ സംഗമിച്ചു! ആളിക്കത്തിയ വർഗീയാഗ്നി അണക്കാൻ മഹാത്മജി കൽക്കത്തയിലെയും നവഖാലിയിലെയും ഗല്ലികളിൽ വ്രണിതഹൃദയനായി ഓടിനടക്കുകയായിരുന്നുവെങ്കിലും സ്വാതന്ത്ര്യം വന്നണഞ്ഞ ആഹ്ലാദാതിരേകത്താൽ രാജ്യം അന്നുറങ്ങിയില്ല.
ഭരണഘടന നിർമാണസഭയിലെ 296 അംഗങ്ങൾ (മൊത്തം 389 അംഗങ്ങളിൽ ശേഷിക്കുന്നവർ പാകിസ്താനിലേക്ക് ചേക്കേറിയിരുന്നു) ആഗസ്റ്റ് 14െൻറ അർധരാത്രി പാർലമെൻറിെൻറ സെൻട്രൽ ഹാളിൽ ഒത്തുചേർന്നത് ബ്രിട്ടീഷ്കാരിൽനിന്ന് അധികാരം കൈയേൽക്കാനാണ്. ഇന്ത്യൻ ജനതക്ക് അതിെൻറ സ്വാതന്ത്ര്യവും പരമാധികാരവും വീണ്ടുകിട്ടി എന്ന് ലോകത്തെ അറിയിക്കാൻ. അന്നാണ് ആധുനിക ഇന്ത്യ കേട്ട ഏറ്റവും സാരസമ്പന്നവും സ്വപ്നഭരിതവുമായ വാഗ്ധോരണി ജവഹർലാലിൽനിന്ന് ലോകം ശ്രവിച്ചത്. ‘Long years ago we made a tryst with destiny -സംവത്സരങ്ങൾക്കു മുമ്പ് വിധിയുമായി നാം സമാഗമിച്ചിരുന്നു...’ എന്ന് തുടങ്ങുന്ന ചരിത്രത്തിെൻറ കുഞ്ഞേടുകളിൽ തങ്കലിപികളിൽ കുറിച്ചിട്ട ആ പ്രസംഗത്തിെൻറ സ്ഥാനത്ത് വെക്കാൻ 2017ൽ മോദിയുടെ പക്കൽ എന്താണുണ്ടായിരുന്നത്? ‘ഗുഡ് ആൻഡ് സിംപ്ൾ ടാക്സ്’ (‘നല്ലതും ലളിതവുമായ നികുതി’) എന്ന പ്രയോഗം മാത്രം.
നെഹ്റു ഓർമിപ്പിച്ചതുപോലെ, ‘‘ഘടികാരത്തിൽ പാതിരാമണി മുഴങ്ങിയപ്പോൾ, ലോകം ഉറങ്ങിക്കിടന്ന നേരത്ത് ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണർന്നു... ചരിത്രത്തിൽ അത്യപൂർവമായേ അമ്മട്ടിലൊരു നിമിഷം കടന്നുവരൂ.’’ വരാനിരിക്കുന്ന കാലത്തെ പ്രചോദിപ്പിക്കാനും രാജ്യവാസികളിൽ ദേശീയബോധം അങ്കുരിപ്പിക്കാനുമാണ് സഹൃദയനായ നെഹ്റു ദിവസങ്ങളോളം ഉറക്കമിളച്ച് ഉള്ളകം തൊട്ടുണർത്തുന്ന വാക്കുകൾ കണ്ടെത്തിയത്. 70 വർഷത്തിനിടയിലെ ഏറ്റവും വലിയ പരിഷ്കാരമാണിതെന്നും സർദാർ വല്ലഭ്ഭായി പട്ടേൽ 500ലേറെ വരുന്ന നാട്ടുരാജ്യങ്ങളെ ഉദ്ഗ്രഥിപ്പിച്ചതിന് സമാനമാണിതെന്നുമൊക്കെ മോദി തെൻറ പ്രതിച്ഛായനിർമിതിക്കുവേണ്ടി തട്ടിവിടുമെങ്കിലും നമ്മുടെ ധനമന്ത്രി തോമസ് ഐസക് പറഞ്ഞതാണ് ശരി: വാറ്റിെൻറ അടുത്തപടി മാത്രമാണിത്; ഇത്രമാത്രം ആഘോഷിക്കാൻ ഇന്ത്യാ ചരിത്രത്തിൽ പുതുയുഗം തുറക്കുന്ന സംഭവമൊന്നുമല്ല.
ക്രെഡിറ്റ് ആർക്ക്?
പക്ഷേ, നരേന്ദ്ര മോദിക്ക് ഇന്നാട്ടിെൻറ ചരിത്രത്തോടല്ല, സ്വന്തം പ്രതിച്ഛായയോടാണ് പ്രതിബദ്ധതയെന്ന് വീണ്ടും സമർഥിക്കപ്പെടുകയാണിവിടെ. കിട്ടിയ അവസരം മുഖം മിനുക്കാൻ മുതലെടുത്തു അദ്ദേഹവും പിണിയാളുകളും. അപഹാസ്യമായ ഇത്തരം രാഷ്ട്രീയ അഭ്യാസങ്ങൾക്കു പിന്നിൽ ഉൗർന്നുകൂടുന്ന അൽപത്തം കാണാതെ വയ്യ. ചരക്കുസേവന നികുതി എന്നത് ഹിന്ദുത്വയുടെ സ്വപ്നപദ്ധതിയല്ല. ആർ.എസ്.എസ് മസ്തിഷ്കങ്ങൾ ഈദിശയിൽ ഇതുവരെ ഒരു ഗവേഷണവും നടത്തിയതായി കേട്ടിട്ടില്ല. തൊണ്ണൂറുകളിൽ മൻമോഹൻ സിങ്ങിെൻറ നേതൃത്വത്തിൽ തുടക്കംകുറിച്ച സാമ്പത്തിക പരിഷ്കാരങ്ങളിലെ ഒരിനമായിരുന്നു ഏകീകൃത നികുതി ഘടന. അതിനു മുമ്പുതന്നെ, 1986ൽ നികുതി ഘടന പരിഷ്കരിക്കുന്നതിനെക്കുറിച്ച് അന്നത്തെ ധനമന്ത്രി വി.പി. സിങ് നിർദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. 2006ലെ ബജറ്റ് നിർദേശങ്ങളിലാണ് ജി.എസ്.ടിയെക്കുറിച്ചുള്ള പ്രഖ്യാപനം വരുന്നത്. തുടർന്ന്, 2011ൽ പ്രണബ് മുഖർജി ബിൽ കൊണ്ടുവന്നു.
രാജ്യത്തിന് ഏകീകൃത നികുതി ഘടന 2010ഓടെ പ്രാബല്യത്തിൽ വരണമെന്നായിരുന്നു ചിദംബരം സ്വപ്നം കണ്ടിരുന്നത്. പക്ഷേ, അന്തിമതീരുമാനം പിന്നെയും വൈകി. അങ്ങനെയാണ് 2015 മേയ് ആറിന് ജി.എസ്.ടി ബില്ലിനായുള്ള ഭരണഘടന ഭേദഗതി പാർലമെൻറ് പാസാക്കുന്നത്. ബില്ലിെൻറ പിതൃത്വം ഏതെങ്കിലും പാർട്ടിയോ സർക്കാറോ അവകാശപ്പെടുന്നതിലോ അവതരണദിനം കൊണ്ടാടപ്പെടുന്നതിലോ അർഥമില്ല. കോൺഗ്രസിെൻറ നേതൃത്വത്തിലുള്ള യു.പി.എ സർക്കാറിനാണ് പുതിയ നികുതി പരിഷ്കാരത്തിെൻറ െക്രഡിറ്റിൽ സിംഹഭാഗവും അവകാശപ്പെട്ടത്. എന്നാൽ, പുതിയ നികുതി സമ്പ്രദായത്തിെൻറ ഗുണദോഷങ്ങൾ അനുഭവിക്കാനിരിക്കുന്നേയുള്ളൂ. രാഷ്ട്രപതി പ്രണബ് മുഖർജി പാതിരാസമ്മേളനത്തിൽ ചില മുന്നറിയിപ്പുകൾ നൽകിക്കഴിഞ്ഞു. നിരന്തരമായ അവലോകനങ്ങൾ വേണ്ടിവരുമെന്ന അദ്ദേഹത്തിെൻറ ഓർമപ്പെടുത്തലിൽ, മുന്നിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള ആശങ്ക വായിച്ചെടുക്കാം.
1947ൽ രാജ്യത്തിന് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് സാമ്പത്തിക സ്വാതന്ത്ര്യം കിട്ടുന്നതെന്ന മന്ത്രി വെങ്കയ്യനായിഡുവിെൻറ വാദം വായാടിത്തത്തിൽ കവിഞ്ഞൊന്നുമല്ല. ഉദാരീകരണ നയങ്ങൾക്കായി നിലകൊള്ളുന്ന പ്രശസ്തമായ ‘ദി ഇകണോമിസ്റ്റ് ’ വാരിക ജി.എസ്.ടിയെ വിലയിരുത്തുന്നത് ഇങ്ങനെ: സ്വാഗതാർഹമാണെങ്കിലും ചരക്കു സേവന നികുതി അനാവശ്യമായി സങ്കീർണത നിറഞ്ഞതും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം അടങ്ങിയതും കാര്യക്ഷമതക്ക് കോട്ടം തട്ടിക്കുന്നതുമാണെന്ന് ചുരുക്കം.
ധ്രുവീകൃത ഇന്ത്യ
സ്വാതന്ത്ര്യത്തിെൻറ രജത ജൂബിലി കൊണ്ടാടാൻ 72 ആഗസ്റ്റ് 14നും കനക ജൂബിലിക്കായി 97 ആഗസ്റ്റ് 14നും അർധരാത്രിയിൽ പാർലമെൻറിെൻറ ഇരുസഭകളും ഒരുമിച്ചു ചേർന്നപ്പോൾ വലിയൊരു ഓർമപ്പെടുത്തലും തുടർപ്രയാണത്തിലെ ദിശ നിർണയിക്കലും അതുൾവഹിച്ചിരുന്നു. 47ലെ ചരിത്രസംഭവം കേട്ടറിഞ്ഞ അനുഭവം മാത്രമുള്ള തലമുറകൾക്ക് സഭയിലെ പുനരാവിഷ്കാരങ്ങൾ കുളിർമ പകർന്നു. പുതിയൊരു അവബോധം സൃഷ്ടിച്ചു. സ്വാതന്ത്ര്യത്തിെൻറ അമ്പതാണ്ട് ആഘോഷിക്കാൻ മാധ്യമങ്ങൾ നടത്തിയ ഒരുക്കങ്ങൾ പരിപാടി വൻ വിജയമാക്കി. തൊണ്ണൂറുകളുടെ അന്ത്യത്തിൽ രാഷ്ട്രീയമായി രാജ്യം ശിഥിലമായിരുന്നുവെങ്കിലും ഹൃദയംകൊണ്ട് ഒന്നായിരുന്നുവെന്ന് പാതിരാപരിപാടിയുടെ ആവേശം തെളിയിച്ചു. അഴിമതിക്കും വർഗീയതക്കും ജാതീയതക്കും രാഷ്ട്രീയത്തിെൻറ ക്രിമിനൽവത്കരണത്തിനും എതിരെ പോരാടാൻ അന്നത്തെ രാഷ്ട്രപതി കെ.ആർ. നാരായണൻ നടത്തിയ ആഹ്വാനം, 1947ൽ രാഷ്ട്രത്തിെൻറ ഉണ്മയിലേക്കും സനാതന ചിന്തകളുടെ അന്തസ്സത്തയിലേക്കും അലിഞ്ഞുചേരാൻ ഉദ്ബോധിപ്പിച്ച ഡോ. എസ്. രാധാകൃഷ്ണെൻറ വാക്കുകളുടെ പ്രതിധ്വനിയായാണ് പലരും ശ്രവിച്ചത്. ഐ.കെ. ഗുജറാലായിരുന്നു അന്നത്തെ പ്രധാനമന്ത്രി. ഭീംസെൻ ജോഷി ‘വന്ദേമാതര’വും ലതാ മങ്കേഷ്കർ ‘സാരേ ജഹാംസെ അച്ഛാ’യും ആലപിച്ച നിമിഷം ചരിത്രം തന്മയത്വത്തോടെ പുന$സൃഷ്ടിച്ചു. എന്നാൽ, ഈ ജൂലൈ ഒന്നിെൻറ പുലരി രാജ്യം മാനസികമായി എത്ര ഭിന്നിച്ചുനിൽക്കുന്നുവെന്ന് ലോകത്തിന് കാട്ടിക്കൊടുത്തു. പ്രധാന പ്രതിപക്ഷ പാർട്ടികളെല്ലാം സമ്മേളനം ബഹിഷ്കരിച്ചതോടെ, ജി.എസ്.ടി വിളംബര വേദി കേവലമൊരു ചടങ്ങായി മാറി.
ഇന്ത്യ എന്ന ആശയംതന്നെ അവതാളത്തിലാവുകയും പൗരന്മാർ ജീവസുരക്ഷക്കായി ആകാശത്തേക്ക് മാത്രം കൈയുയർത്തേണ്ടിവരുകയും ചെയ്യുന്ന അഭിശപ്തവും അതിസങ്കീർണവുമായ ദശാസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോൾ, ഒന്നും സംഭവിച്ചില്ല എന്ന് വരുത്തിത്തീർക്കാനും ഉയരത്തിലേക്കാണ് ഗമനം എന്ന് ലോകത്തെ തെറ്റിദ്ധരിപ്പിക്കാനുമുള്ള നരേന്ദ്ര മോദിയുടെ സൃഗാലബുദ്ധിയാണ് ഇതുപോലുള്ള ഗിമ്മിക്കുകളുടെ പിന്നിൽ. വൈകിയെങ്കിലും അത് തിരിച്ചറിഞ്ഞ പ്രതിപക്ഷ പാർട്ടികൾ അഭിനന്ദനമർഹിക്കുന്നു. മനുഷ്യജീവന് പുല്ലുവില കൽപിക്കാത്ത കാടത്തം ഭരണകൂടത്തിെൻറ അംഗീകൃത രാഷ്ട്രീയ പ്രത്യയശാസ്ത്രമായി മാറുകയും മതത്തിെൻറയും ജാതിയുടെയും പേരിൽ നരമേധങ്ങൾ നിർവിഘ്നം തുടരുകയും ചെയ്യുന്ന ഒരു രാജ്യത്ത് എന്ത് പരിഷ്കരണങ്ങൾ, ഏത് അർധരാത്രി കൊണ്ടുവന്നാലും സ്വാസ്ഥ്യവും അഭിവൃദ്ധിയും പുലരാൻ പോകുന്നില്ല എന്ന തിരിച്ചറിവ് എന്നുണ്ടാകുന്നുവോ അപ്പോഴേ രാജ്യം മുന്നോട്ടു സഞ്ചരിക്കുകയുള്ളൂവെന്ന് അമരത്തിരിക്കുന്നവർ ഇനിയെങ്കിലും മനസ്സിലാക്കട്ടെ.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.