തമിഴകത്ത് താമരയെങ്ങനെ വേരുപിടിക്കാൻ?
text_fieldsഉത്തരേന്ത്യയിൽ നിന്നുള്ള അതിഥി തൊഴിലാളികൾ തമിഴ്നാട്ടിൽ ആക്രമണത്തിനിരയാകുന്നുവെന്ന് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് പാർട്ടിക്ക് കനത്ത തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്. ഈ കേസിൽ സംഘ്പരിവാർ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട നിരവധി പേർ അറസ്റ്റിലായി. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഈ പ്രചാരണം. സംഭവം വ്യാജമാണ് എന്ന് പൂർണ ബോധ്യമുണ്ടായിട്ടും ബി.ജെ.പി സംസ്ഥാന നേതൃത്വം അഴകൊഴമ്പൻ നിലപാടാണ് കൈക്കൊണ്ടത്
തമിഴ്നാട്ടിൽ ഏതുവിധേനയും വേരുപിടിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കർണാടക സിംഹമെന്ന് പേരുകേട്ട മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ കുപ്പുസാമി അണ്ണാമലൈയെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ ആ തീരുമാനം എത്രകണ്ട് ശരിയായിരുന്നുവെന്ന് പാർട്ടിയിൽ സംശയം ശക്തമായിരിക്കുന്നു.
ബംഗളൂരു സൗത്ത് പൊലീസ് ഡെപ്യൂട്ടി കമീഷണറായി പ്രവർത്തിക്കവെ ജോലി രാജിവെച്ചാണ് ഈ 38കാരൻ 2020 ആഗസ്റ്റ് 25ന് ബി.ജെ.പിയിൽ ചേർന്നത്. നടൻ രജനികാന്ത് തുടങ്ങാനിരുന്ന രാഷ്ട്രീയ പാർട്ടിയിൽ ചേരാനായിരുന്നു അണ്ണാമലൈ ആദ്യം പദ്ധതിയിട്ടിരുന്നത്.
എന്നാൽ രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനം രജനികാന്ത് ഉപേക്ഷിച്ചതോടെയാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. അധികം താമസിയാതെ ബി.ജെ.പി തമിഴ്നാട് ഉപാധ്യക്ഷനും 2021 ജൂലൈ 8ന് ബി.ജെ.പി തമിഴ്നാട് പ്രസിഡന്റുമായി. 2021ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ സ്വദേശമായ കരൂരിനടുത്ത അറവക്കുറിച്ചി മണ്ഡലത്തിൽ മത്സരിച്ച് തോറ്റു.
പൊൻ രാധാകൃഷ്ണൻ, സി.പി. രാധാകൃഷ്ണൻ, എച്ച്. രാജ, കേശവ വിനായകം, വാനതി ശ്രീനിവാസൻ പോലുള്ള മുതിർന്ന നേതാക്കളെ പരിഗണിക്കാതെ രാഷ്ട്രീയ മുൻപരിചയമില്ലാത്ത ചെറുപ്പക്കാരനെ അമരത്ത് നിയമിച്ച നടപടി തീർത്തും അപ്രതീക്ഷിതമായിരുന്നു. ‘പൊലീസിങ്ങിൽ രാഷ്ട്രീയം കലരാറുണ്ടെങ്കിലും പൊലീസിങ് കൊണ്ടു മാത്രം രാഷ്ട്രീയവിജയം സ്വന്തമാക്കാനാവില്ലെന്ന് ഏറെ വൈകാതെ വെളിപ്പെട്ടു.
അണ്ണാ ഡി.എം.കെയുമായി മുന്നണി ബന്ധം തുടർന്നാൽ താൻ ബി.ജെ.പി തമിഴ്നാട് അധ്യക്ഷ പദവി രാജിവെക്കുമെന്ന് ഈയിടെ ചെന്നൈ അമിഞ്ചക്കരയിൽ നടന്ന ബി.ജെ.പി സംസ്ഥാന സമിതി യോഗത്തിൽ ഇദ്ദേഹം നടത്തിയ പ്രസ്താവന വൻ കോളിളക്കമാണ് സൃഷ്ടിച്ചത്.
അഴിമതി നടത്താനോ വോട്ടർമാർക്ക് കൈക്കൂലി നൽകാനോ വേണ്ടിയല്ല താൻ രാഷ്ട്രീയത്തിൽ വന്നതെന്നും അണ്ണാ ഡി.എം.കെയുമായി സഖ്യം അഴിമതിയിൽ ഏർപ്പെടുന്നതിന് തുല്യമാണെന്നുമായിരുന്നു വാദം.
അണ്ണാമലൈക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തി ഈയിടെ രാജിവെച്ച ബി.ജെ.പി തമിഴ്നാട് ഐ.ടി വിഭാഗം മേധാവി സി.ടി. നിർമൽ കുമാർ, ഐ.ടി വിഭാഗം സംസ്ഥാന സെക്രട്ടറി ദിലീപ് കണ്ണൻ എന്നിവർക്ക് അണ്ണാ ഡി.എം.കെ അംഗത്വം നൽകിയത് മുൻ പൊലീസ് മേധാവിയെ കൂടുതൽ ചൊടിപ്പിച്ചു.
താൻ ജയലളിതയെ പോലെയാണെന്നും കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളുമെന്നുമുള്ള അണ്ണാമലൈയുടെ പ്രസ്താവന അണ്ണാ ഡി.എം.കെ കേന്ദ്രങ്ങളെ പ്രകോപിതരാക്കി. ജയലളിത അമ്മയെ പോലെയാകാൻ ഈ ഭൂമുഖത്ത് ആരും ജനിച്ചിട്ടില്ലെന്നും ആരും പിറക്കാൻ പോവുന്നില്ലെന്നുമാണ് അണ്ണാ ഡി.എം.കെ വക്താവ് ഡി. ജയകുമാർ പ്രതികരിച്ചത്.
അണ്ണാ ഡി.എം.കെയുമായി സൗഹൃദം നിലനിർത്തിയാൽ മാത്രമേ പൊതു തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേട്ടമുണ്ടാക്കാനാവൂ എന്നാണ് സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെ നിലപാട്. ബി.ജെ.പിയാണ് സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷകക്ഷിയെന്ന പ്രതീതി സൃഷ്ടിക്കാനുള്ള അണ്ണാമലൈയുടെ ശ്രമങ്ങൾക്കും സംസ്ഥാനത്തെ മറ്റു നേതാക്കളുടെ പിന്തുണയില്ല.
ഇക്കാര്യം അവർ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. അണ്ണാ ഡി.എം.കെ നേതാക്കൾ നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബി.ജെ.പി കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക കൂടി ചെയ്തതോടെ അണ്ണാമലൈക്ക് സംസ്ഥാന അധ്യക്ഷ പദവി നഷ്ടപ്പെട്ടേക്കുമെന്ന അഭ്യൂഹവും ഉയർന്നിട്ടുണ്ട്.
നേതാക്കളെല്ലാം ശത്രുക്കൾ
ചാനലുകളിലെ ചർച്ചകളിൽ പങ്കെടുക്കുന്നതിന് ബി.ജെ.പി ഭാരവാഹികൾക്ക് നിയന്ത്രണമേർപ്പെടുത്തിയ അണ്ണാമലൈ വാർത്തസമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിക്കുന്നതും മാധ്യമങ്ങളെ അധിക്ഷേപിക്കുന്നതും പാർട്ടിക്ക് ക്ഷീണമാവുന്നുണ്ട്.
മാധ്യമങ്ങളുമായി ശത്രുത സമീപനം പുലർത്തുമ്പോഴും അറിയപ്പെടുന്ന ഒരു വിഭാഗം യൂട്യൂബർമാരെ അദ്ദേഹം ചേർത്തുനിർത്തുന്നു. പ്രസിഡന്റിന്റെ പ്രവർത്തനശൈലിയിൽ പ്രതിഷേധിച്ച് നിരവധി ഭാരവാഹികളാണ് പാർട്ടി വിട്ടത്. ജനുവരിയിൽ നടി ഗായത്രി രഘുറാം അണ്ണാമലൈക്കെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ചാണ് രാജി നൽകിയത്.
സാധാരണ കർഷക കുടുംബത്തിൽ ജനിച്ചയാളാണെന്ന് അവകാശപ്പെടാറുള്ള അണ്ണാമലൈയോട് അഞ്ച് ലക്ഷം രൂപ വിലയുള്ള റഫേൽ വാച്ച് എങ്ങനെ വാങ്ങിയെന്ന് ഡി.എം.കെ വൈദ്യുതി മന്ത്രി ശെന്തിൽ ബാലാജി ചോദിച്ചത് വൻ വിവാദത്തിനാണ് തിരികൊളുത്തിയത്.
വില കൊടുത്ത് വാങ്ങിയതാണെന്ന് അണ്ണാമലൈ മറുപടി പറഞ്ഞെങ്കിലും ബിൽ ഹാജരാക്കാൻ മന്ത്രി വെല്ലുവിളിച്ചു. മാസങ്ങൾ പലത് കഴിഞ്ഞെങ്കിലും വാച്ചിന്റെ ബിൽ പുറത്തെത്തിയില്ല.
തിരിച്ചടിയായ വ്യാജപ്രചാരണം
ഉത്തരേന്ത്യയിൽ നിന്നുള്ള അതിഥി തൊഴിലാളികൾ തമിഴ്നാട്ടിൽ ആക്രമണത്തിനിരയാകുന്നുവെന്ന് വ്യാജ വാർത്തകളും വ്യാജ വിഡിയോകളും സംഘ്പരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത് പാർട്ടിക്ക് കനത്ത തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്. ഈ കേസിൽ സംഘ്പരിവാർ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട നിരവധി പേർ അറസ്റ്റിലായി.
ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഈ പ്രചാരണം. സംഭവം വ്യാജമാണ് എന്ന് പൂർണ ബോധ്യമുണ്ടായിട്ടും ബി.ജെ.പി സംസ്ഥാന നേതൃത്വം കൃത്യമായ നിലപാട് സ്വീകരിക്കാതെ അഴകൊഴമ്പൻ നിലപാടാണ് കൈക്കൊണ്ടത്. ബി.ജെ.പിയുടെ മുഖം തുറന്നുകാണിക്കാനുള്ള അവസരമായി ഇത് ഡി.എം.കെയും തമിഴ്നാട് സർക്കാറും ശരിക്കും ഉപയോഗപ്പെടുത്തുകയും ചെയ്തു.
ബി.ജെ.പി യു.പി വക്താവ് പ്രശാന്ത് ഉംറാവു ഉൾപ്പെടെയുള്ള നേതാക്കളും ബി.ജെ.പിയെ പിന്തുണക്കുന്ന മാധ്യമങ്ങളും കേസുകെട്ടുകളുമായി കോടതി കയറിയിറങ്ങുകയാണ്. 2024 ൽ പുതുച്ചേരി ഉൾപ്പെടെ തമിഴകത്തിലെ 40 ലോക്സഭ സീറ്റുകളിൽ പരമാവധി വിജയം നേടണമെന്നാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ മോഹം.
2019 ൽ തമിഴ്നാട്ടിൽ സാധ്യതയുള്ള അഞ്ച് സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരിടത്തും ജയിച്ചില്ല. 2014 ൽ പാർട്ടി നേടിയ ഏക സീറ്റ് നഷ്ടപ്പെടുകയും ചെയ്തു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയുടെ സഹായത്തോടെ നാല് എം.എൽ.എമാരെ കിട്ടി. അതേസമയം പിന്നീട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിച്ച ബി.ജെ.പിക്ക് ചെന്നൈ കോർപറേഷനിൽ ഒരു സീറ്റിൽ വിജയിച്ചതൊഴിച്ചാൽ നേട്ടമൊന്നും ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.