ഇന്നും തിളങ്ങുന്നു പോരാട്ട ജ്വാലകൾ
text_fieldsഗാന്ധിജിയുടെയും ഇ.വി. രാമസ്വാമി നായ്ക്കരുടെയും സാന്നിധ്യവും ശ്രീനാരായണ ഗുരുവിന്റെ പിന്തുണയുംകൊണ്ട് കരുത്താർജിച്ച, ദേശീയ സ്വാതന്ത്ര്യസമരത്തിന് ഊർജം പകര്‍ന്ന നമ്മുടെ നാടിന്റെ നവോത്ഥാന ചരിത്രത്തിലെ ആദ്യ ഏടുകളിലൊന്നാണ് വൈക്കം സത്യഗ്രഹം.
‘ഈഴവര്‍ക്കും താഴ്ന്ന ജാതിക്കാര്‍ക്കും ഇതുവഴി പ്രവേശനമില്ല’ എന്നെഴുതിയ ബോര്‍ഡ് സഞ്ചാരവഴികളില്‍ സ്ഥാപിച്ചിരുന്ന കാലമായിരുന്നു അത്. ജാതിവ്യവസ്ഥയുടെ മറവില്‍ നടന്ന അയിത്തം ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിനും സഞ്ചാര സ്വാതന്ത്ര്യത്തിനുമായി ജനങ്ങളൊന്നിച്ച് ഒരേ മനസ്സോടെ 1924 മാര്‍ച്ച് 30ന് കൊടിപിടിച്ച് വൈക്കത്തെ സമര മുഖത്തേക്കിറങ്ങുകയായിരുന്നു.
നവോത്ഥാന വീഥികളില്‍ അയ്യാ വൈകുണ്ഡ സ്വാമികള്‍ കൊളുത്തിയ നാളം പല കരങ്ങളിലൂടെ കൈമാറി കേരളമാകെ പടർന്നു. ടി.കെ. മാധവന്, കെ. കേളപ്പന്, കെ.പി. കേശവമേനോന് തുടങ്ങിയവരായിരുന്നു സമരത്തിന്റെ പ്രധാന സംഘാടകര്‍. ടി.കെ. കൃഷ്ണസ്വാമി അയ്യര്‍, കെ. കുമാര്‍, എ.കെ. പിള്ള, ചിറ്റേഴത്ത് ശങ്കുപ്പിള്ള, ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്, അയ്യമുത്തു ഗൗണ്ടര്‍, കെ. വേലായുധ മേനോന് തുടങ്ങിയ മുന്നിരപ്പോരാളികളെയും വിസ്മരിക്കാനാവില്ല.
വൈക്കം സത്യഗ്രഹത്തില്‍ സവര്‍ണ വിഭാഗത്തിലെ ഉല്പതിഷ്ണുക്കളും പങ്കെടുത്തിരുന്നു. 1924 നവംബര്‍ ഒന്നിന് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തേക്ക് ആരംഭിച്ച മാര്‍ച്ച് സമരത്തിലെ നിർണായക വഴിത്തിരിവാണ്.
വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രവഴികളില്‍ വളരെ പ്രാധാന്യത്തോടെ നിറഞ്ഞുനില്ക്കുന്ന പേരാണ് ‘തന്തൈ പെരിയാര്‍’ ഇ.വി. രാമസ്വാമി നായ്ക്കരുടേത്. സമരത്തിലുള്ള പ്രധാന നേതാക്കളെല്ലാം ജയിലിലായപ്പോഴാണ് 1924 ഏപ്രിലില്‍ പെരിയാര്‍ വൈക്കത്തെത്തി സമരം ഏറ്റെടുക്കുന്നത്. അദ്ദേഹത്തിന്റെ കടന്നുവരവ് സമരത്തിന് പുതുജീവന്‍ നല്കി. തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
വിവരമറിഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യ നാഗമ്മയും സഹോദരി കനകമ്മാളും വൈക്കത്തെത്തി സമരത്തില്‍ സജീവമായി. തിരുവിതാംകൂറിലെമ്പാടും വൈക്കം സത്യഗ്രഹത്തിന്റെ പ്രാധാന്യം സംബന്ധിച്ച് സ്ത്രീകളെ സംഘടിപ്പിച്ച് നാഗമ്മയും കനകമ്മാളും പ്രചാരണം നടത്തി. ജയില്‍മോചിതനായ പെരിയാര്‍ വീണ്ടും സമരത്തിനെത്തിയപ്പോള്‍ രണ്ടാമതും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
പൗരോഹിത്യവും അധികാരവും ഇഴചേര്‍ത്ത് മുറുക്കിയ ജാതി-മത അടിമത്തത്തിന്റെയും അവഗണനയുടെയും ചങ്ങലകളാണ് സത്യഗ്രഹ സമരത്തിലൂടെ പൊട്ടിച്ചെറിഞ്ഞത്. അയിത്തത്തിന്റെ ഈറ്റില്ലങ്ങളായിരുന്ന ക്ഷേത്ര പരിസരങ്ങളില്‍ നിന്നുയര്‍ന്ന നവോത്ഥാന ജ്വാലകളിലാണ് ഇവിടെ നിലനിന്ന ഒട്ടനവധി ജാതി-വര്‍ണ വിവേചനങ്ങള്‍ എരിഞ്ഞു ചാമ്പലായത്.
ഒരുകാലത്ത് ക്ഷേത്ര പരിസരങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവരുടെ പിന്മുറക്കാര്, ജാതിമതിലുകള്‍ തകര്‍ത്ത് ക്ഷേത്ര ശ്രീകോവിലുകളില്‍വരെ പ്രവേശിച്ചുകഴിഞ്ഞു. പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്ക വിഭാഗക്കാരായ ഒട്ടനവധി പേരെയാണ് ഈ സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിച്ചത്.
ഇതിനുപുറമെ മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കും അവസരങ്ങള്‍ ഉറപ്പിച്ചു. പൊതുസമൂഹത്തിന്റെയാകെ പൈതൃകസമ്പത്തും കേരളത്തിന്റെ സാംസ്കാരിക ബിംബങ്ങളുമായി ക്ഷേത്രങ്ങളെ മാറ്റിയെടുത്തു.
വൈക്കം സത്യഗ്രഹമടക്കമുള്ള സാമൂഹിക നവോത്ഥാന പോരാട്ടങ്ങള്‍ കേരളത്തില്‍ സൃഷ്ടിച്ച മുന്നേറ്റങ്ങളുടെ സ്മരണകള്‍ പുതിയ കാലത്തെ മുന്നേറ്റങ്ങൾക്ക് കൂടുതല്‍ ഊർജം പകരും. ഇത്തരം മാറ്റങ്ങള്‍ക്കെതിരെ യാഥാസ്ഥിതികരായ ഒരുവിഭാഗം എല്ലാ കാലത്തും നിലകൊണ്ടിട്ടുണ്ട്.
അന്നത്തെ യാഥാസ്ഥിതിക വിഭാഗത്തിന്റെ പിന്മുറക്കാര് നവോത്ഥാനത്തിന്റെ വെളിച്ചം തല്ലിക്കെടുത്താനും നമ്മുടെ സാമൂഹിക-മതേതര അടിത്തറകളില്‍ വിള്ളലുകള്‍ വീഴ്ത്താനും ഇപ്പോഴും ശ്രമിക്കുന്നുണ്ട്. പല അധികാര കേന്ദ്രങ്ങളുടെ പിന്തുണയും പ്രോത്സാഹനവും ഇവര്‍ക്ക് ലഭിക്കുന്നതും കാണാതിരുന്നുകൂടാ. ഇത്തരം ശ്രമങ്ങളെ ചെറുക്കുന്നതിന് ശക്തമായ മതേതര നിലപാടുകളിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.
സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ ഇതിനുള്ള അവസരമാവുകയാണ്. കേരള-തമിഴ്നാട് സര്‍ക്കാറുകൾ ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഒരുവര്‍ഷം നീളുന്ന ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ ഒന്നിന് വൈക്കത്ത് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേര്‍ന്ന് നിര്‍വഹിക്കും. വൈക്കം സത്യഗ്രഹ സമരത്തിന്റെ ത്യാഗോജ്വല സ്മരണകള്‍ പുതുതലമുറയിലേക്ക് പകരാന്‍ ഈ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സാധിക്കുമെന്ന കാര്യം തീര്‍ച്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.