പ്രതിസന്ധിക്കിടയിലെ ലോക്ഡൗൺകാലം
text_fieldsതേയില ഉൽപാദനത്തിൽ മുന്നിൽ ചൈനയാണെങ്കിലും രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയാണ് ലോക തേയിലദിനം ആഘോഷിക്കാൻ െഎക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷമാണ് മേയ് 21 അന്തർദേശീയ തേയില ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. ഗുണമേന്മയുള്ള തേയിലയുടെ ഉൽപാദനം മിക്ക രാജ്യങ്ങളിലും ആരംഭിക്കുന്നത് മേയിലാണ്.
ഇൗ മേയിൽ കേരളത്തിലെ തോട്ടങ്ങളിലും നല്ല കൊളുന്തുണ്ടായിരുന്നുവെങ്കിലും ലോക്ഡൗൺ നിബന്ധനകളെ തുടർന്ന് ഉൽപാദനം കുറച്ചു. ആദ്യദിനങ്ങളിൽ തോട്ടങ്ങൾ അടച്ചിട്ടതുമൂലം കൊളുന്ത് എടുക്കാനായില്ല. 15 മുതൽ 18 വരെ ദിവസ ഇടവേളകളിൽ കൊളുന്ത് എടുക്കുന്നില്ലെങ്കിൽ മരമായി വളരും. പിന്നെ കൊളുന്ത് എടുക്കാൻ വളർന്ന ഭാഗം മുറിച്ച് കളയണം. 50 ശതമാനം തൊഴിലാളികളുമായി പ്രവർത്തിക്കാൻ അനുമതി ലഭിച്ചപ്പോൾ മിക്ക തോട്ടങ്ങളിലും ആദ്യം ചെയ്തത് വളർന്ന ഭാഗം മുറിച്ച് മാറ്റുകയായിരുന്നു. ലോക്ഡൗണിൽ തേയിലത്തോട്ടം വ്യവസായത്തിന് 141.5 കോടിയുടെ എങ്കിലും ഉൽപാദനനഷ്ടമുണ്ടെന്ന് സംസ്ഥാന ആസൂത്രണബോർഡിൻറ ആദ്യപഠനത്തിൽ പറയുന്നു. ഇനി മഴക്കാലമായതിനാൽ ഉൽപാദനം കുറയും.
നേരത്തെത്തന്നെ തേയിലവ്യവസായം പ്രതിസന്ധിയിലായിരുന്നു. ഉൽപാദനച്ചെലവും വിലയും പൊരുത്തപ്പെടുന്നില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉൽപാദന ചെലവ് കേരളത്തിലാണെന്ന് അസോസിയേഷൻ ഒാഫ് പ്ലാേൻറഴ്സ് കേരള സെക്രട്ടറി ബി.കെ. അജിത് പറയുന്നു. എന്നാൽ, അതനുസരിച്ച് ഉൽപാദനമില്ല. വിലയും കിട്ടുന്നില്ല. രാജ്യത്തെ കുറഞ്ഞ വിലകളുടെ പട്ടികയിൽ കേരളത്തിലെ തേയിലയുണ്ട്. ഉൽപാദനം കുറയാൻ കാരണം പുനർകൃഷി ഇല്ലാത്തതാണ്. കേരളത്തിലെ തേയിലയുടെ ശരാശരി പ്രായം 80 വയസ്സാണ്. തമിഴ്നാടിേൻറത് 35 വയസ്സും. മറ്റ് സംസ്ഥാനങ്ങൾ പുനർകൃഷി നടത്തുേമ്പാൾ കേരളത്തിന് അത് കഴിയാതെ പോകുന്നത് വ്യവസായം ലാഭകരമല്ലാത്തതിനാലാണ്.1990കളിൽ രാജ്യത്ത് ആകെ ഉൽപാദിപ്പിക്കുന്ന തേയിലയുടെ 12-13 ശതമാനം കേരളത്തിൽനിന്നായിരുന്നു. ഇപ്പോഴത് 4.5 ശതമാനത്തിലെത്തി.
ആഗോളവത്കരണവും ലോക വ്യാപാര കരാറുമാണ് പ്രതിസന്ധിക്ക് തുടക്കമിട്ടത്. ഇന്ത്യ-ആസിയാൻ സ്വതന്ത്ര കരാറാണ് ഇപ്പോഴത്തെ ഭീഷണി. പ്രതിസന്ധി ഏറ്റവും കുടുതൽ ബാധിക്കുന്നത് ചെറുകിട തേയില കർഷകരെയാണ്. സ്വന്തമായി ഫാക്ടറി ഇല്ലാത്ത വയനാട്ടിൽനിന്നടക്കമുള്ള കർഷകർ മൂന്നാറിലെ വൻകിട കമ്പനികൾക്കാണ് കൊളുന്ത് നൽകുന്നത്. കർഷകർ ഇടനിലക്കാരുടെ ചൂഷണത്തിന് വിധേയരാകുന്നുവെന്നു പറയുന്നു.
തൊഴിലാളികളെ ലഭിക്കുന്നില്ലെന്നതാണ് മറ്റൊരു ഭീഷണി.19ാം നൂറ്റാണ്ടിൽ കേരളത്തിലടക്കം തേയിലത്തോട്ടങ്ങൾ ആരംഭിക്കുേമ്പാൾ തമിഴ്നാട്ടിൽനിന്നാണ് തൊഴിലാളികൾ എത്തിയത്. അവരുടെ നാലാം തലമുറയാണ് ഇപ്പോൾ തോട്ടങ്ങളിലുള്ളത്. അവർക്ക് മികച്ച വിദ്യാഭ്യാസം ലഭിച്ചതോടെ തോട്ടങ്ങളിൽ പണിയെടുക്കാൻ താൽപര്യമില്ല. അവരിൽനിന്നു സിവിൽ സർവിസുകാരും കോളജ് പ്രഫസർമാരും എൻജിനീയർമാരും ഡോക്ടർമാരുമൊക്കെ വന്നു കഴിഞ്ഞു. ഇതോടെ ഝാർഖണ്ഡ്, അസം എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് തോട്ടങ്ങളിലെത്തുന്നത്. കോവിഡ് ഭീഷണിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയപ്പോഴും തോട്ടങ്ങളിൽ എത്തിയവർ കുടുംബത്തിനൊപ്പം ഇവിടുണ്ട്. അവരുടെ കുട്ടികൾക്കായി അവരുടെ മാതൃഭാഷയിൽ സ്കൂളും ആരംഭിച്ചിട്ടുണ്ട് ചിലയിടങ്ങളിൽ. ഇൗ സ്ഥിതി തുടർന്നാൽ വൈകാതെ തോട്ടം തൊഴിലാളികൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരാകും. സംസ്ഥാനത്തൊട്ടാകെ 70,000ത്തോളം സ്ഥിരം തൊഴിലാളികൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ അര ലക്ഷവും ഇടുക്കിയിലാണ്. പതിനായിരം പേർ വയനാട്ടിലും. ഒരു ഹെക്ടറിന് 2.28 എന്ന കണക്കിലാണ് തൊഴിലാളികൾ. 60.76 ദശലക്ഷം കിലോയാണ് ഉൽപാദനമെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട് പറയുന്നു.
തേയില പ്രതിസന്ധിയെ തുടർന്ന് സ്വയം വിരമിക്കൽ പദ്ധതിയും നടപ്പാക്കിയിരുന്നു. മൂന്നാറിലെ ടാറ്റ ടീ കമ്പനിയിൽനിന്നു പകുതിലേറെ തൊഴിലാളികളും ജീവനക്കാരും സ്വയം വിരമിച്ചു. ഒരു ഉടമയുടെ കീഴിലുള്ള ലോകത്തിലെ ഏറ്റവും വലിയ തേയിലത്തോട്ടം കമ്പനിയായിരുന്നു മൂന്നാറിലേത്. ഇപ്പോൾ തൊഴിലാളികളുടെ ഒാഹരി പങ്കാളിത്തത്തോടെയുള്ളതാണ് കണ്ണൻ ദേവൻ ഹിൽസ് പ്ലാേൻറഷൻ കമ്പനി. 2005 ഏപ്രിൽ ഒന്നിനാണ് ഇൗ കമ്പനി നിലവിൽ വന്നത്.
കേരളത്തിൽ തേയിലക്ക് തുടക്കമിട്ടത് 1849 ജൂലൈയിലെ പത്തനാപുരം കൺസഷൻ പ്രകാരം വില്യം ഹാക്സ്മാന് ചെേങ്കാട്ടയിൽ ലഭിച്ച സ്ഥലത്തായിരുന്നുവെങ്കിലും തേയില കൃഷി വ്യാപിച്ചത് കണ്ണൻ ദേവൻ കമ്പനിയിലൂടെയാണ്. 1877ൽ പൂഞ്ഞാർ തമ്പുരാനിൽനിന്നും കണ്ണൻ ദേവൻ കുന്നുകൾ ജോൺ ഡാനിയേൽ മൺട്രോ പാട്ടത്തിന് വാങ്ങിയതോടെയാണ് തേയില കണ്ണൻ ദേവൻ കുന്നുകളിൽ എത്തിയത്.
വർഷങ്ങളായി തുടരുന്ന പ്രതിസന്ധി മറികടന്നില്ലെങ്കിൽ ഇൗ വ്യവസായം മുന്നോട്ടു പോകുമോയെന്ന ആശങ്ക പ്ലാൻറർമാർ പങ്കുവെക്കുന്നു. തേയിലത്തോട്ടങ്ങൾ അതേപടി നിലനിർത്തി വരുമാനം വർധിപ്പിക്കാനുള്ള പദ്ധതിയാണ് ഫലപ്രദമെന്ന് ബി.കെ. അജിത് പറഞ്ഞു. കേരളത്തിന് വൻതോതിൽ ശീതകാല പച്ചക്കറിയും പഴവർഗങ്ങളും ആവശ്യമുണ്ട്. ഇത് രണ്ടും തേയിലത്തോട്ടങ്ങളോട് അനുബന്ധിച്ച് കൃഷി ചെയ്യാനാകും. പുതിയ തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടും.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.