സിംഹവീഴ്ച
text_fieldsഅസദ് എന്നാൽ അറബിയിൽ സിംഹം എന്നാണ് അർഥം. സിറിയ കണ്ട ഏകാധിപതികുടുംബമായ അസദ് പ്രതിപക്ഷത്തിനു നേരെ ഗർജിക്കുക മാത്രമായിരുന്നില്ല. ക്രൗര്യത്തിന്റെ ദ്രംഷ്ട്രകളുമായി അവരുടെ കഥകഴിക്കാൻ ഒരുമ്പെട്ടിറങ്ങുകയായിരുന്നു.
ഏകാധിപത്യത്തിൽ അഛന്റെ മകനായി തെളിഞ്ഞ പുത്രനാണ് കഴിഞ്ഞ രാത്രിയിൽ സിറിയയുടെ അധികാര സിംഹാസനത്തിൽനിന്ന് നിഷ്കാസിതനായത്. 24 വർഷമായി ബശ്ശാറുൽ അസദ് സിറിയയുടെ പ്രസിഡന്റ് പദവിയിലുണ്ട്. അതിനു മുമ്പ് മൂന്ന് പതിറ്റാണ്ട് അദ്ദേഹത്തിന്റെ പിതാവ് ഹാഫിസുൽ അസദായിരുന്നു രാജ്യം ഭരിച്ചത്. അഞ്ചു പതിറ്റാണ്ടിലെ അസദ് വാഴ്ചക്കാണ് അന്ത്യമായത്.
മുൻ പ്രസിഡന്റ് ഹാഫിസുൽ അസദിന്റെയും ഭാര്യ അനീസയുടെയും രണ്ടാമത്തെ മകനായി 1965 സെപ്റ്റംബർ 11നാണ് ബശ്ശാർ ജനിക്കുന്നത്. സിറിയൻ സൈന്യത്തിലൂടെയും അലവീ രാഷ്ട്രീയ പാർട്ടിയിലൂടെയും അധികാരതലങ്ങളിലേക്ക് ഉയർന്നുവന്ന പിതാവ് ഹാഫിസ് 1970ൽ ആണ് രാഷ്ട്രത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്.
ഡമസ്കസിലെ അറബ്-ഫ്രഞ്ച് അൽ ഹുർരിയ്യ സ്കൂളിൽ പഠിച്ച ബശ്ശാർ അൽ അസദ് ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിൽ അവഗാഹം നേടി. 1994ൽ ജ്യേഷ്ഠ സഹോദരൻ ബാസിൽ കാറപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഇരുപത്തൊമ്പതുകാരൻ ബശ്ശാർ സിറിയയിലേക്ക് മടങ്ങുന്നത്.
നോർത്ത് ഡമസ്കസിലെ ഹിംസിലെ സൈനിക അക്കാദമിയിൽ പ്രവേശിച്ച അദ്ദേഹം മികച്ച പ്രകടനം നടത്തി പെട്ടെന്ന് റാങ്ക് നേടി മുന്നേറി അഞ്ചു വർഷത്തിനകം ലഫ്.കേണലായി. 1999 ജനുവരിയിൽ കേണലായി സ്ഥാനക്കയറ്റം. ഈ സമയത്ത് സാധാരണക്കാരുടെ പരാതി കേട്ടും അഴിമതിക്കെതിരെ പ്രചാരണം നടത്തിയും ജനപ്രീതി വർധിപ്പിച്ചു.
അധികാരവഴിയിലേക്ക്
2000 ജൂൺ 10ന് ഹാഫിസുൽ അസദ് മരിച്ചപ്പോൾ ബശ്ശാർ പാർട്ടിയുടെ നേതാവും സൈനിക കമാൻഡർ ഇൻ ചീഫുമായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള കുറഞ്ഞ പ്രായം 40ൽ നിന്ന് 34 ആയി കുറച്ച് ഭരണഘടന ഭേദഗതി ചെയ്താണ് അസദിന് അധികാര പാതയിലേക്ക് വഴിതുറന്നത്. 2000 ജൂലൈ 11ന് ബശ്ശാറുൽ അസദ് സിറിയയുടെ പ്രസിഡന്റായി. ആദ്യ നയ പ്രഖ്യാപനത്തിൽ തന്നെ സാമ്പത്തിക ഉദാരീകരണത്തോടുള്ള പ്രതിബദ്ധത വ്യക്തമാക്കിയ അദ്ദേഹം രാഷ്ട്രീയ പരിഷ്കാരങ്ങളും പ്രഖ്യാപിച്ചു.
ഉരുക്കുമുഷ്ടിയുമായി
എന്നാൽ പരിഷ്കരണങ്ങളും മനുഷ്യാവകാശങ്ങളും വാഗ്ദാനം ചെയ്ത് അധികാരമേറ്റെ ബശ്ശാർ ഉരുക്കുമുഷ്ടിക്കാരനും മനുഷ്യാവകാശ ധ്വംസകനുമായി മാറുന്നതാണ് കണ്ടത്. 2006ൽ പ്രതിപക്ഷ നേതാക്കൾക്കെതിരായ യാത്രാനിരോധനം വിപുലീകരിച്ചു. പലരും രാജ്യം വിടുന്നത് തടഞ്ഞു.
2007ലും 2011ലും സമൂഹമാധ്യമങ്ങൾ രാജ്യത്ത് വിലക്കി. ബശ്ശാറുൽ അസദിന്റെ രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കുകയും തടവിലിടുകയും കാണാതാകുകയും കൊല്ലുകയും ചെയ്യുന്നത് പതിവായി. മനുഷ്യാവകാശ സൂചികയിൽ സിറിയ ലോകത്തിലെ ഏറ്റവും മോശം നിലയിലാണെന്ന് 2009ൽ ഹ്യൂമൻ റൈറ്റ്സ് വാച്ച് വെളിപ്പെടുത്തി. അതിനിടെ സിറിയൻ സൈന്യം ലബനാനിലേക്കും കടന്നുകയറി.
2000 മുതൽ ലബനാനിൽനിന്ന് ക്രമേണ പിൻവാങ്ങാൻ തുടങ്ങി. മുൻ ലബനാൻ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ കൊലപാതകത്തിൽ സിറിയക്ക് പങ്കുണ്ടെന്ന ആരോപണം പിന്മാറ്റം വേഗത്തിലാക്കി. ലബനാനിൽ ഉയർന്ന പ്രക്ഷോഭവും അന്താരാഷ്ട്ര സമ്മർദവും അതിന് ആക്കം കൂട്ടി. 2005 ഏപ്രിൽ 26ന് അവസാനത്തെ സിറിയൻ സൈനികനും ലബനാൻ വിട്ടു.
അലയടിച്ച അറബ് വസന്തം
തുനീഷ്യ, ഈജിപ്ത്, ലിബിയ എന്നിവിടങ്ങളിലെ അറബ് വസന്ത പ്രക്ഷോഭം 2011 മാർച്ച് 15ന് സിറിയയിലും അലയടിച്ചു. അഴിമതി തുടച്ചുനീക്കുക, രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുക എന്നുതുടങ്ങി ബശ്ശാർ രാജിവെച്ചൊഴിയുക എന്നുവരെ ആഹ്വാനം ചെയ്ത പ്രക്ഷോഭം രാജ്യത്തുടനീളം വ്യാപിച്ചു.
അടിച്ചമർത്തലായിരുന്നു അസദ് സേനയുടെ നയം. ആറുമാസത്തിനകം രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. പ്രതിഷേധം കനക്കുന്നതിനനുസരിച്ച് മരണങ്ങളും വർധിച്ചു. തുർക്കിയ, ലബനാൻ, ജോർഡൻ എന്നിവിടങ്ങളിലേക്ക് അഭയാർഥികളുടെ പ്രവാഹമുണ്ടായി. എല്ലാം വിദേശ ഏജന്റുമാരുടെ സൃഷ്ടിയാണെന്നും രോഗാണുക്കളെപ്പോലെ ഗൂഢാലോചന പടരുകയാണെന്നും അസദ് പ്രതികരിച്ചു.
രാജിവെക്കാൻ തയാറാവാതെ
2011 അവസാനത്തോടെ ബശ്ശാറുൽ അസദിന്റെ രാജി ആവശ്യപ്പെട്ടു. അറബ് ലീഗ് സിറിയയെ സസ്പെൻഡ് ചെയ്തു. അറബ് നിരീക്ഷകരെ രാജ്യത്ത് പരിശോധനക്ക് അനുവദിക്കണമെന്ന ആവശ്യത്തോടും അനുകൂലമായിരുന്നില്ല പ്രതികരണം. 2012 മാർച്ചിൽ അന്നത്തെ യു.എൻ സെക്രട്ടറി ജനറൽ കോഫി അന്നൻ തയാറാക്കിയ സമാധാന പദ്ധതിക്ക് ഐക്യരാഷ്ട്രസഭ അംഗീകാരം നൽകി. എന്നാൽ, ഇതൊന്നും സംഘർഷാവസ്ഥക്ക് അയവുവരുത്തിയില്ല.
പൂർണ ആഭ്യന്തര യുദ്ധത്തിലേക്ക്
2012ൽ സംഘർഷാവസ്ഥ പൂർണ ആഭ്യന്തര യുദ്ധത്തിലേക്ക് വഴിമാറി. യു.എന്നും ഇന്റർനാഷനൽ റെഡ് ക്രോസ് കമ്മിറ്റിയും സംഘർഷത്തെ ആഭ്യന്തരയുദ്ധമായി പ്രഖ്യാപിച്ചു. സാധാരണക്കാർ കൂട്ടക്കൊല ചെയ്യപ്പെട്ടു. 2013ൽ സാധാരണക്കാർക്ക് നേരെ രാസായുധം പ്രയോഗിച്ചതിന് അസദ് ഭരണകൂടം ലോകനേതാക്കളുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങി.
2011 മുതൽ 2013 വരെയായി 70000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് യു.എന്നിന്റെ കണക്ക്. 2016 ഫെബ്രുവരി ആയപ്പോഴേക്കും സിറിയൻ ആഭ്യന്തര യുദ്ധത്തിൽ അഞ്ചുലക്ഷത്തോളം പേർ കൊല്ലപ്പെട്ടു. ദശലക്ഷക്കണക്കിനാളുകൾ ആഭ്യന്തര, അന്താരാഷ്ട്ര അഭയാർഥികളായി.
അഭയാർഥികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് അന്താരാഷ്ട്ര ചർച്ചകൾ സജീവമായി. താൻ സ്വേച്ഛ്വധിപതിയാണെന്ന് ഒരിക്കലും ബശ്ശാറുൽ അസദ് സമ്മതിച്ചുതന്നിട്ടില്ല. കൊല്ലാനും ക്രൂരമായി നേരിടാനും സൈന്യത്തിന് താൻ ഒരിക്കലും നിർദേശം നൽകിയിട്ടില്ലെന്ന് അസദ് പറഞ്ഞു.
സിറിയയിൽ തനിക്ക് പൂർണ അധികാരമില്ലെന്നും പല ഭാഗവും പ്രതിപക്ഷ വിഭാഗങ്ങളും വിമതരും കൈയടക്കിയിരിക്കുകയാണെന്ന നിരീക്ഷണത്തോട് അദ്ദേഹം പ്രതികരിച്ചത് നിങ്ങൾ ഒരു സ്വേച്ഛാധിപതി ആണെങ്കിൽ എല്ലാം നിങ്ങളുടെ പൂർണ നിയന്ത്രണത്തിലാകും എന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.