Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപൗരത്വവും പ്രക്ഷോഭവും

പൗരത്വവും പ്രക്ഷോഭവും

text_fields
bookmark_border
assam-23
cancel

വംശീയ രാഷ്​ട്രീയവും ദേശീയ പരമാധികാരത്തെക്കുറിച്ച കൃത്രിമ ആകുലതകളും ലോകമാകെ തിരിച്ചുവന്ന ഇക്കാലത്ത് അസമിലെ പൗരത്വനിഷേധത്തിനു ബഹുവിധ മാനങ്ങളുണ്ട്. വംശീയ വിവേചനത്തിലും അപരവിദ്വേഷത്തിലും ക്രമപ്പെടുത്തിയ പൗരസങ്കൽപവും നീതിയിലും അവകാശത്തിലും അടിസ്ഥാനപ്പെടുത്തിയ പൗരസങ്കൽപവും തമ്മില്‍ 1940കളില്‍തന്നെ ധാരാളം സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. പൗരത്വ അവകാശികളെപ്പറ്റി ഭരണഘടന അസംബ്ലിയിലും രാജ്യത്തെ തെരുവുകളിലും അക്കാലത്ത് നടന്ന രാഷ്​ട്രീയ പോരാട്ടത്തി​​െൻറ ഭൂതങ്ങളാണ് പുതിയ കാലത്ത് തിരിച്ചുവരുന്നത്.

പുതിയ പൗരത്വസങ്കൽപം
മത, ജാതി, ഭാഷ, സാമൂഹിക, ദേശീയ, ലിംഗ, സാംസ്കാരിക ന്യൂനപക്ഷ വൈവിധ്യങ്ങളെ ഭരണഘടനാപരവും നയപരവുമായ തീരുമാനങ്ങളിലൂടെ അഭിമുഖീകരിക്കുമെന്ന വാഗ്ദാനമാണ് ദേശരാഷ്​ട്രം ജനങ്ങൾ നൽകിയത്. ഇലക്​ടറല്‍ ജനാധിപത്യം, സാര്‍വത്രിക വോട്ടവകാശം തുടങ്ങിയ കാര്യങ്ങള്‍ ഇൗ വാഗ്ദാനത്തി​​െൻറ ഭാഗമാണ്. കോളനി അനന്തര ഇന്ത്യയുടെ രാഷ്​ട്രീയസാഹചര്യം മറ്റുള്ള ദേശരാഷ്​ട്ര മാതൃകകളില്‍നിന്ന് വ്യത്യസ്തമാണെന്ന്​ പുതിയ വായനകള്‍ പറയുന്നു. പൗരത്വത്തി​​െൻറ കാര്യത്തിലും ഇത് ബാധകമാണ്. ‘ഹൗ ഇന്ത്യ ബികൈം ഡെമോക്രാറ്റിക്‌: സിറ്റിസന്‍ഷിപ്‌ ആൻഡ്​ ദി മേകിങ്​​​​ ഓഫ് ദി യൂനിവേഴ്സല്‍ ഫ്രാഞ്ചൈസി’ എന്ന പഠനത്തിൽ ഒർനിത് ഷാനി പറയുന്നത്​, ഇന്ത്യ ഒരു റിപ്പബ്ലിക് ആവുന്നതിനുമു​േമ്പ വോട്ടര്‍പട്ടിക നിലവില്‍ വന്നിരുന്നുവെന്നാണ്​. ഔദ്യോഗികമായി പൗരത്വം ലഭിക്കുന്നതിനു മുമ്പു തന്നെ ജനങ്ങൾക്ക്​ വോട്ടവകാശം ലഭിച്ചു. അങ്ങനെ വോട്ടര്‍പട്ടികയിലെ പേര് പൗരത്വത്തി​​െൻറ അടിസ്ഥാനമായി മാറി. ഇത് പൗരത്വത്തെക്കുറിച്ചുള്ള പോസ്​റ്റ്​ കൊളോണിയല്‍ രാഷ്​ട്രീയ സങ്കൽപത്തി​​െൻറ ഭാഗമായിരുന്നു.

വോട്ടവകാശവും പൗരത്വവും
1947 സെപ്റ്റംബര്‍ മാസം മുതലാണ്‌ കോൺസ്​റ്റിറ്റ്യുവൻറ്​ അസംബ്ലി സെക്ര​േട്ടറിയറ്റ്​ വോട്ടര്‍പട്ടിക തയാറാക്കാൻ നീക്കങ്ങള്‍ നടത്തിയത്. 1948 മാർച്ചിൽ ഈ നടപടിക്രമങ്ങള്‍ അവസാനിച്ചു. ട്രാവന്‍കൂര്‍ സ്​റ്റേറ്റി​​െൻറ മാതൃകയിലാണ് വോട്ടർപട്ടിക തയാറാക്കിയത്. 21 വയസ്സായ ഒരു സ്ഥലത്ത് ആറുമാസം താമസമാക്കിയവരെയും വോട്ടര്‍ പട്ടികയില്‍ ഉൾപ്പെടുത്തി.

1948ലെ കരട് ഭരണഘടനയുടെ വകുപ്പ് അഞ്ച്-എ.യാണ് കുടുംബം, ജനിച്ച സ്ഥലം, വാസസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വോട്ടവകാശം നിർവചിച്ചത്. ഇന്ത്യയില്‍ ജീവിക്കാനുള്ള സന്നദ്ധത, താമസം എന്നിവയായിരുന്നു വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാനുള്ള മാനദണ്ഡം. എന്നാല്‍, 180 ദിവസത്തെ താമസം അഭയാര്‍ഥികള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി. നൂറുകണക്കിന് പൗരത്വാവകാശ സമരസംഘങ്ങള്‍ പ്രക്ഷോഭ രംഗത്തേക്ക് വന്നു. അതിനാല്‍ താമസത്തെക്കുറിച്ചുള്ള നിയമം മാറ്റാന്‍ ഭരണഘടന നിർമാണസഭ സെക്ര​േട്ടറിയറ്റ് നിര്‍ബന്ധിതമായി.

ആധുനിക ദേശരാഷ്​ട്ര ക്രമത്തില്‍ രാഷ്​ട്രമില്ലാതായാല്‍ മനുഷ്യപദവി തന്നെയാണ് നഷ്​ടപ്പെടുന്നതെന്ന തിരിച്ചറിവ് പൗരത്വ പ്രക്ഷോഭങ്ങളെ സ്വാധീനിക്കുന്നതായി ഹന്നാ ആര​െൻറ്​ രണ്ടാം ലോകയുദ്ധ കാലത്തെ ജൂത അഭയാര്‍ഥി അനുഭവം മുന്‍നിർത്തി നിരീക്ഷിക്കുന്നുണ്ട്. പൗരത്വത്തിനു വേണ്ടിയുള്ള സമരം അവകാശം നേടിയെടുക്കാനുള്ള അവകാശത്തിനു (right to have rights) വേണ്ടിയുള്ള സമരം കൂടിയാണ്. അവകാശമുള്ള പൗരനാവാന്‍ രാജ്യത്തെ പാര്‍ശ്വവത്​കൃതര്‍ നടത്തിയ നിരവധി സമരപാഠങ്ങളെയും ചരിത്രത്തെയും ഇല്ലാതാക്കാനുള്ള ശ്രമം കൂടിയാണ് അസമില്‍ നടക്കുന്നത്.

1940കളില്‍ അസമിലും ബംഗാളിലുമാണ്​ പൗരത്വത്തെ ബഹിഷ്​കരണയുക്തിയാക്കി പരിവര്‍ത്തിപ്പിക്കാനുള്ള ഉദ്യമങ്ങള്‍ ഏറെ നടന്നത്. അസമില്‍ ഒരുപറ്റം തീവ്ര ദേശീയവാദികള്‍ ബംഗ്ലാദേശിൽനിന്നു വന്ന ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളെയും മുസ്​ലിംകളെയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിനെ എതിര്‍ത്തിരുന്നു. ആ കാലത്തുതന്നെ വോട്ടര്‍ പട്ടികയില്‍ ആളുകളുടെ പേര്​ ചേർക്കാതെ ഒഴിവാക്കുന്ന അനേകം സന്ദര്‍ഭങ്ങള്‍ ഒർനിത് ഷാനി കണ്ടെത്തുന്നുണ്ട്. താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ ഇതിനു കൂട്ടുനിന്നിരുന്നു. നിരവധി പ്രക്ഷോഭങ്ങളുടെ ഫലമായാണ് ഭരണഘടന അസംബ്ലിയുടെ ചുമതലയുള്ള സെക്ര​േട്ടറിയറ്റ്​ പൗരത്വനിഷേധത്തിനെതിരെ നിലപാടെടുത്തത്.

അസമില്‍ നടക്കുന്ന പൗരത്വനിഷേധം മതം, ഭാഷ തുടങ്ങിയ അടിസ്ഥാനങ്ങളില്‍ പൗരത്വത്തെ പുനര്‍നിര്‍വചിക്കാനുള്ള ചുവടുവെപ്പാണ്‌. അതിലൂടെ വലിയൊരു ജനസമൂഹത്തെ രാഷ്​ട്രരഹിതരും അവകാശരഹിതരും ആക്കി മാറ്റാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ഹിന്ദുത്വ രാഷ്​ട്രീയത്തി​​െൻറ താൽപര്യവും ഇതാണ്. കാലങ്ങളായി വോട്ടുചെയ്തവരെപ്പോലും പൗരത്വത്തില്‍നിന്ന് പുറത്താക്കി രാഷ്​ട്രരഹിതരും അവകാശരഹിതരും ആക്കുന്ന നീക്കം പോസ്​റ്റ്​ കൊളോണിയല്‍ പൗരത്വത്തി​​െൻറ പ്രക്ഷോഭചരിത്രത്തെയാണ്‌ റദ്ദ് ചെയ്യുന്നത്. മാത്രമല്ല, വംശീയവിവേചന ശക്തികൾക്ക്​ ഇപ്പോള്‍ രാഷ്​ട്രസംവിധാനത്തില്‍ കിട്ടിയ മേൽക്കൈ കൂടുതല്‍ ഹിംസാത്മകതയിലേക്ക്, പൗരത്വനിഷേധത്തെയും രാഷ്​ട്രരാഹിത്യത്തെയും എത്തിക്കുന്നതാണ്. അതിനാല്‍ പൗരത്വത്തെ ചരിത്രപരമായി വികസിക്കുന്ന പ്രക്ഷോഭസങ്കൽപമായി വീണ്ടെടുക്കുന്ന രാഷ്​ട്രീയ ചെറുത്തുനിൽപുകള്‍ വികസിച്ചു വരേണ്ടതുണ്ട്.
(യൂനിവേഴ്സിറ്റി ഓഫ് ജൊഹാനസ്ബര്‍ഗില്‍
റിസര്‍ച് ഫെലോയാണ് ലേഖകന്‍)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assamopinionmalayalam newsarticlesPopulation Registar
News Summary - Assam population registar-Opinion
Next Story