തുടർഭരണ പ്രതീക്ഷ അട്ടിമറിച്ച് ഛത്തിസ്ഗഢ്
text_fieldsബാഘേലിന്റെ ക്ഷേമപദ്ധതികളും മൃദുഹിന്ദുത്വവും വോട്ടായില്ല
ന്യൂഡൽഹി: ബി.ജെ.പി ദേശീയ നേതാക്കൾ തിരികൊളുത്തിവിട്ട വർഗീയതക്കും തീവ്രഹിന്ദുത്വത്തിനും മുന്നിൽ ഭൂപേഷ് ബാഘേൽ സർക്കാറിന്റെ ക്ഷേമപദ്ധതികൾക്കും മൃദുഹിന്ദുത്വത്തിനും പിടിച്ചു നിൽക്കാനായില്ല. ഭരണത്തുടർച്ച ഉറപ്പിച്ച്, അമിത ആത്മവിശ്വാസത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസിനെ സർവ മേഖലയും കൈവിട്ടു. ആദിവാസി, ഒ.ബി.സി ഭൂരിപക്ഷ സംസ്ഥാനത്ത് ജാതി സെൻസസ് പ്രഖ്യാപനം വോട്ടാക്കാൻ കോൺഗ്രസിനായില്ല.
ഉപമുഖ്യമന്ത്രി ടി.എസ്. സിങ് ദേവ്, പാർട്ടി സംസ്ഥാന അധ്യക്ഷനും എം.പിയുമായ ദീപക് ബൈജ്, കഴിഞ്ഞ തവണ സംസ്ഥാനത്തെ ഉയർന്ന ഭൂരിപക്ഷത്തിൽ ജയിച്ച നിയമമന്ത്രി മുഹമ്മദ് അക്ബർ അടക്കമുള്ള നേതാക്കൾ ബി.ജെ.പി സ്ഥാനാർഥികൾക്കു മുന്നിൽ അടിപതറി.
2018ൽ അധികാരത്തിലേറാൻ കോൺഗ്രസിനെ സഹായിച്ച ആദിവാസി, മാവോയിസ്റ്റ് സ്വാധീനമേഖലകളായ ബസ്തർ, സർഗുജ എന്നിവിടങ്ങളിലും വ്യവസായ മേഖലകളായ ബിലാസ്പുർ, ബിലായ്, ദുർഗ് അടക്കമുള്ള പ്രദേശങ്ങളിലും കോൺഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ചെറുപാർട്ടികളുടെ വോട്ടുപിടിത്തവും കോൺഗ്രസിന് 10ലധികം സീറ്റുകൾ നഷ്ടമാക്കി.
ഇക്കുറി 75നു മുകളിൽ എന്ന മുദ്രാവാക്യവുമായി ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്. പ്രീപോളുകളും എക്സിറ്റ്പോളുകളും എല്ലാം കോൺഗ്രസിന് അനുകൂലം. ഭരണവിരുദ്ധവികാരം എങ്ങും കണ്ടില്ല.
ചാണകം കിലോ രണ്ടു രൂപക്ക് ശേഖരിക്കൽ, നെല്ലിന് ഉയർന്ന താങ്ങുവില, കാർഷിക കടം എഴുതിത്തള്ളൽ, വൈദ്യുതിനിരക്ക് പകുതിയായി കുറച്ചത് തുടങ്ങിയ കർഷകപ്രിയ പദ്ധതികളും ആദിവാസി മേഖലയിലെ എണ്ണിയാൽ ഒടുങ്ങാത്ത ബാഘേൽ സർക്കാർ നടപ്പാക്കിയ ക്ഷേമപദ്ധതികളും ക്ഷേത്രങ്ങൾക്ക് പണം വാരിവിതറിയും നിരവധി ഹൈന്ദവ പദ്ധതികൾ നടപ്പാക്കിയതു വഴി മൃദു ഹിന്ദുത്വം പയറ്റിയതും വോട്ടാകുമെന്ന് കോൺഗ്രസ് ഉറപ്പിച്ചു. പ്രചാരണരംഗത്ത് ഇവ ഉയർത്തിക്കാട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്ന പ്രതീതി കോൺഗ്രസ് സൃഷ്ടിച്ചു.
ആദ്യഘട്ടത്തിൽ പ്രചാരണവിഷയമില്ലാതെ പ്രയാസപ്പെട്ട ബി.ജെ.പി അസം മുഖ്യമന്ത്രി ഹേമന്ദ ബിശ്വ ശർമയെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഇറക്കി വർഗീയതക്ക് തിരികൊളുത്തിയതോടെയാണ് കളംപിടിച്ചുതുടങ്ങിയത്. ആദിവാസി മേഖലകളിൽ ക്രൈസ്തവ മതപരിവർത്തനവും മറ്റു മേഖലകളിൽ മുസ്ലിം വിരുദ്ധതയും ആവോളം ആളിക്കത്തിച്ചു. പ്രചാരണത്തിന്റെ അവസാനത്തിൽ അയോധ്യയിലെ രാമക്ഷേത്രവും വലിയ വിഷയമാക്കാൻ ബി.ജെ.പിക്കായി.
ഇതോടൊപ്പം കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) വോട്ടെടുപ്പിന് തൊട്ടുമുമ്പ് കളത്തിലിറങ്ങി ബാഘേലിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതും ബി.ജെ.പിക്ക് നേട്ടമായി. മുഖ്യമന്ത്രി സ്ഥാനാർഥിയെ അവതരിപ്പിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടിയായിരുന്നു ബി.ജെ.പി പ്രചാരണം.
നഗര, ആദിവാസി, വ്യവസായ മേഖലകളിൽനിന്നും ബി.ജെ.പിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. റായ്പുർ നഗരത്തിലെ നാലു സീറ്റും ബിലാസ്പുർ, ബിലായ്, ദുർഗ് അടക്കമുള്ള വ്യവസായ മേഖലകളും ബി.ജെ.പി തൂത്തുവാരി. ഗ്രാമീണ, അർധനഗര മേഖലകളിൽനിന്നാണ് കോൺഗ്രസിന് സീറ്റുകൾ ലഭിച്ചത്.
മുഖ്യമന്ത്രിയാകാൻ രമൺ സിങ്ങും അരുൺ സാഹുവും
ന്യൂഡൽഹി: ഛത്തിസ്ഗഢിൽ ബി.ജെ.പി, മുഖ്യമന്ത്രി പദവിയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നത് രണ്ടു പേരുകൾ. 2003 മുതൽ 2018വരെ തുടർച്ചയായ മൂന്നുതവണ സംസ്ഥാനം ഭരിച്ച രമൺസിങ്, സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ അരുൺ സാഹു എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയർന്നുകേൾക്കുന്നത്.
രമൺ സിങ്ങിനോട് ബി.ജെ.പി ദേശീയ നേതൃത്വത്തിന് മതിപ്പില്ല എന്നത് തിരിച്ചടിയായേക്കും. പ്രതിപക്ഷത്തിരിക്കെ രമൺ സിങ്ങിനെ പാർട്ടി ചുമതലകളിൽ നിന്നെല്ലാം അകറ്റിനിർത്തിയിരുന്നു.
ഇതേത്തുടർന്ന് നാലര വർഷം നിർജീവമായ രമൺസിങ്ങിനെ, തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഉയർത്തിക്കാട്ടാൻ മുഖമില്ലാതെ വന്നതോടെ വീണ്ടും സജീവമാക്കുകയായിരുന്നു. സംസ്ഥാനത്തെ പ്രധാന ഒ.ബി.സി വോട്ടുബാങ്കായ സാഹു വിഭാഗത്തെ കൂടെനിർത്താനാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അരുൺ സാഹുവിനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ട് അരുൺ സാഹുവിനെ മുഖ്യമന്ത്രിയാക്കാൻ പാർട്ടിക്കുള്ളിൽ ചർച്ച നടക്കുന്നുണ്ട്. ലോർമി മണ്ഡലത്തിൽ മത്സരിച്ച അരുൺ സാഹു വലിയ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
ഛത്തിസ്ഗഢ്
ബി.ജെ.പി 46.29%
കോൺഗ്രസ് 42.21%
മറ്റുള്ളവർ 11.5%
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.