അയ്യങ്കാളിയും സാമൂഹിക വിപ്ലവവും
text_fieldsജാതി വ്യവസ്ഥയുടെ കൊടും ക്രൂരതകൾമൂലം നൂറ്റാണ്ടുകളോളം അടിച്ചമർത്തപ്പെട്ട അധഃസ്ഥിതരുടെ വിമോചന സമരപോരാട്ട വീഥികളിൽ ചുടുചോര ചീന്തി ഇതിഹാസം രചിച്ച അതുല്യനായ നവോത്ഥാന നായകൻ അയ്യങ്കാളിയുടെ 155ാം ജന്മദിനം ഇന്ന് ആഘോഷിക്കുന്നു. അധഃസ്ഥിതർക്ക് പൊതുവഴികളിൽ സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെട്ട് അയ്യങ്കാളി 1893ൽ നടത്തിയ വില്ലുവണ്ടി യാത്രയുടെ 125ാം വാർഷികവുമാണ് 2018.
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കോട്ടുകാൽ വില്ലേജിൽ വെങ്ങാനൂർ പെരുങ്കാറ്റുവിളയിൽ അയ്യെൻറയും മാലയുടെയും മൂത്തപുത്രനായി 1863 ആഗസ്റ്റ് 28നാണ് (1039 ചിങ്ങം 14) അയ്യങ്കാളി ജനിച്ചത്. അയിത്ത വിഭാഗത്തിൽപെട്ട പുലയ ജാതിയിലാണ് അദ്ദേഹം ജനിച്ചത്.
19ാം നൂറ്റാണ്ടിെൻറ ഉത്തരാർധത്തിൽ പുലയരെ നുകത്തിൽ കെട്ടി നിലങ്ങൾ ഉഴുവിച്ചിരുന്നുവെന്നാണ് മിഷനറിമാരും മറ്റു ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുള്ളത്. കാലിലും കഴുത്തിലും ചങ്ങലകളിട്ട് ബന്ധിച്ച് പുരുഷന്മാരെയും സ്ത്രീകെളയും കുട്ടികെളയും അടിമക്കമ്പോളത്തിൽ കൊണ്ടുപോയി ജന്മിമാടമ്പികൾ വിൽപന നടത്തിയിരുന്നു. മലബാറിലും തിരുകൊച്ചിയിലും തിരുവിതാംകൂറിലും ഇത്തരത്തിലുള്ള അടിമക്കമ്പോളങ്ങൾ ഉണ്ടായിരുന്നു.
തിരുവിതാംകൂർ സർക്കാർ 1853ൽ അടിമ വ്യാപാരം നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അടിമത്ത്വവും അടിമ വ്യാപാരവും തുടർന്നുകൊണ്ടിരുന്നതിനാൽ 1855 ജൂൺ 24ന് തിരുവിതാംകൂർ മഹാരാജാവിന് വീണ്ടും ഉത്തരവ് പുറപ്പെടുവിക്കേണ്ടിവന്നു. അധഃസ്ഥിതർക്ക് പൊതുവഴിയിൽക്കൂടിയുള്ള സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ വെല്ലുവിളി ഉയർത്തിക്കൊണ്ട് അയ്യങ്കാളി 1893ൽ വെങ്ങാനൂർ തെരുവിലൂടെ കാളകളെ കെട്ടിയ വില്ലുവണ്ടിയിലൂടെ നടത്തിയ ഐതിഹാസികമായ സഞ്ചാര സ്വാതന്ത്ര്യ യാത്ര, ജാതി–ജന്മിവാഴിത്വത്തിെൻറ ചക്രവാളത്തിൽ ഇടിമുഴക്കം സൃഷ്ടിച്ചു. വെങ്ങാനൂരിെലയും പരിസരപ്രദേശങ്ങളിലെയും സവർണജാതിക്കാർ അയ്യങ്കാളിെയയും സംഘത്തെയും തടയാൻ ശ്രമിച്ചത് വലിയ സംഘട്ടനങ്ങൾക്കും കലാപങ്ങൾക്കും ഇടയാക്കിയെങ്കിലും ജാതിമേധാവിത്വ ശക്തികൾക്ക് കീഴടങ്ങാതെ സാമൂഹിക വിപ്ലവത്തിനും നവോത്ഥാനത്തിനും തുടക്കം കുറിച്ചുകൊണ്ട് അയ്യങ്കാളിയും സംഘവും വിജയം കൈവരിച്ചു. സഞ്ചാര സ്വാതന്ത്ര്യത്തിനായി ലോകചരിത്രത്തിൽ ആദ്യമായി നടത്തിയ സമരവും ഇതെന്നാണ് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്.
സഞ്ചാരസ്വാതന്ത്ര്യം ലഭിച്ചതോടെ ആറാലുംമൂൽ, നെടുമങ്ങാട് ചന്തകളിൽ പുലയസ്ത്രീകൾ ഉൾപ്പെടെയുള്ള അധഃസ്ഥിതർ പോകാൻ തുടങ്ങി. എന്നാൽ, മേൽജാതിക്കാർ ഇതിന് തടസ്സങ്ങൾ സൃഷ്ടിച്ച് ആക്രമണങ്ങളും മർദനങ്ങളും നടത്തി. ബാലരാമപുരത്തുനിന്ന് അയ്യങ്കാളി വില്ലുവണ്ടിയിൽ ഈ ചന്തകളിലെത്തി മേൽജാതിക്കാരുടെ ധിക്കാരത്തിന് മറുപടിയില്ലാത്ത തിരിച്ചടി നൽകി.
വിദ്യാഭ്യാസത്തിെൻറ പ്രാധാന്യം തിരിച്ചറിഞ്ഞ് അധഃസ്ഥിതർക്ക് സ്കൂൾ പ്രവേശനം ആവശ്യപ്പെട്ടുകൊണ്ട് 1913 മുതൽ 1914 വരെ ഒരു വർഷക്കാലം നീണ്ടുനിന്ന കാർഷിക സമരം നടത്തി. അയിത്തജാതിക്കാർക്ക് സ്കൂൾ പ്രവേശനം നൽകുന്നില്ലെങ്കിൽ പാടങ്ങളിൽ മുട്ടിപ്പുല്ല് കിളിർപ്പിക്കും എന്ന പ്രഖ്യാപനത്തോടെ നടത്തിയ സമരം അന്ന് മജിസ്േട്രറ്റായിരുന്ന കുണ്ടള നാഗൻ പിള്ളയുടെ നേതൃത്വത്തിൽ ഒത്തുതീർപ്പിലെത്തി. സ്കൂൾ പ്രവേശനം, അർഹമായ കൂലി, വിശ്രമസമയം, സ്ത്രീകൾക്ക് മാറുമറക്കാനുള്ള സ്വാതന്ത്ര്യം, സ്ത്രീകൾ കല്ലുമാല ധരിക്കുന്നത് അവസാനിപ്പിക്കൽ, പുരുഷന്മാർക്ക് വൃത്തിയുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയൊക്കെ അംഗീകരിപ്പിച്ചുകൊണ്ടാണ് സമരം അവസാനിപ്പിച്ചത്.
സ്കൂൾ പ്രവേശനം അനുവദിച്ചുകൊണ്ട് തിരുവിതാംകൂർ സർക്കാർ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അയിത്തജാതിക്കാരെ സ്കൂളിൽ പ്രവേശിപ്പിക്കാൻ യാഥാസ്ഥിതികരായ മേലാളന്മാർ തയാറായില്ല. ഇതിനെതിരെ അയ്യങ്കാളിയുടെ നേതൃത്വത്തിൽ പുല്ലാട് നടത്തിയ സ്കൂൾ പ്രവേശന സമരമാണ് പുല്ലാട് കലാപം എന്ന പേരിൽ ചരിത്രത്തിൽ അറിയപ്പെടുന്നത്.
അയ്യങ്കാളിയുടെ സാമൂഹിക പരിവർത്തന പോരാട്ടങ്ങെളയും പ്രവർത്തനങ്ങെളയും സംബന്ധിച്ച് നല്ല അഭിപ്രായം ഉണ്ടായിരുന്ന ദിവാൻ സി. രാജഗോപാലാചാരി അദ്ദേഹത്തെ ശ്രീമൂലം പ്രജാസഭയിലേക്ക് 1911 ഡിസംബർ അഞ്ചിന് അധഃസ്ഥിതരുടെ പ്രതിനിധിയായി നാമനിർദേശം ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. അയ്യങ്കാളി നടത്തിയ സാമൂഹിക വിപ്ലവം ഇന്നും പ്രസക്തം തന്നെ.
(സോഷ്യലിസ്റ്റ്എസ്.സി/എസ്.ടി സെൻറർ സംസ്ഥാന പ്രസിഡൻറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.