സഹോദരെൻറ ഓണപ്പാട്ടും ദേശീയ വിദ്യാഭ്യാസ നയവും
text_fieldsഎല്ലാവരുമാത്മ സഹോദരരെന്നല്ലേ
പറയേണ്ടതിതോർക്കുകിൽ നാം – നാരായണ ഗുരു
ജാതിയെ നശിപ്പിക്കുകയും മതത്തെ വ്യക്തികാര്യമാക്കുകയും സാഹോദര്യത്തെ വീണ്ടെടുക്കുകയും ചെയ്യുന്ന ഗുരുവിേൻറയും സഹോദരേൻറയും വഴി ഇന്നും പലർക്കും ഉൾക്കൊള്ളാനാവാത്തത്, നിലവിലിരിക്കുന്ന അധീശ ബ്രാഹ്മണിക മൂല്യവ്യവസ്ഥക്കും അധികാരക്രമത്തിനും അത് കടകവിരുദ്ധമായതിനാലാണ്. 'രാമാദികളുടെ കാലത്തെങ്കിൽ ശംബൂകെൻറ ഗതിയാവും നമുക്കുണ്ടാവുക, കാരണം സ്മൃതികൾ നോക്കി ഭരിക്കുന്നവരല്ലേ ഹിന്ദുക്കൾ' എന്നു 1914 ൽതന്നെ ഗുരു പറഞ്ഞു. 1920കളിൽ മദൻമോഹൻ മാളവ്യ തിരുനക്കര മൈതാനത്തു വന്നു രാമനു ജയ് വിളിക്കാൻ ആഹ്വാനം ചെയ്തപ്പോൾ 'ജയ് രാവൺ' വിളിച്ചുകൊണ്ട് ശംബൂകനും ബാലിയും മുതൽ രാവണനേയും വരെ വർണാശ്രമത്തെ സ്ഥാപിക്കാനായി കൊന്നു തള്ളിയ രാമൻ തങ്ങളുടെ ദൈവമല്ലെന്നും അതിലും മെച്ചം രാവണരാജ്യമാണെന്നും വിളിച്ചുപറഞ്ഞത് ഗുരുശിഷ്യനായ സഹോദരൻ അയ്യപ്പനാണ്. തുടർന്ന് കൊച്ചിയിലെ പള്ളുരുത്തിയിൽെവച്ച് ഗാന്ധിജിയെ അനുമോദിച്ച ശേഷം സഹോദരൻ ചോദിച്ചത്, താങ്കളുടെ ദൈവമായ കൃഷ്ണൻ ഒരു പരമ്പര കൊലയാളിയും കൂടിയായിരുന്നില്ലേ എന്ന സത്യമാണ്. കൊല്ലുന്നവന് ഒരു ഗുണവും ശരണ്യതയുമില്ല എന്ന് സഹോദരെൻറ ഗുരുവായ, കേരളപുത്തരെന്നു ആദരപരാമർശം ലഭിച്ച നാണുവാശാൻ 'ജീവകാരുണ്യപഞ്ചക'ത്തിൽ വ്യക്തമായി എഴുതിയിരുന്നു. കേരള നവോത്ഥാനമോ, ഇന്ത്യൻ ജനായത്ത വിപ്ലവമോ, ഇന്ത്യയിലെ നൈതിക കരാറായ ഭരണഘടനയോ ആകട്ടെ, അര നൂറ്റാണ്ടു മുമ്പു പരിപൂർണമായും സത്യവിരുദ്ധവും നീതിവിരുദ്ധവും മനുഷ്യവിരുദ്ധവും മൃഗതുല്യവുമായി തള്ളിക്കളഞ്ഞ മാതൃകയാണ് രാമനും രാമാദികൾ അടയാളപ്പെടുത്തുന്ന മഹാബലിയെ ചതിയിൽ ചവിട്ടിത്താഴ്ത്തിയ വൈഷ്ണവ ബ്രാഹ്മണ്യവും. അതിനെയാണ് സാഹിത്യ സൗന്ദര്യാത്മക ഗീർവാണങ്ങളിലൂടെ ഇടതുപക്ഷത്തിലൂടെപോലും ജനങ്ങളുടെ ചെലവിൽ അക്കാദമികളെ ദുരുപയോഗം ചെയ്തു ചില ക്ഷുദ്ര ജാതിഹിന്ദു മനസ്സുകൾ ചർവിത ചർവണം നടത്തി മാവാരത പട്ടത്താനങ്ങളും ഗീതാഗിരി ശിബിരങ്ങളും നടത്തി ക്രമേണ സ്ഥാപിച്ചു കൊണ്ടുവന്നത്. സാഹിത്യവിമർശനമെന്ന ലേബലിൽ നടത്തുന്ന ഈ മാവാരത പട്ടത്താനങ്ങൾ ആധുനിക കേരള ചരിത്ര വിധാതാവായ ഇളംകുളം 1950ൽ പറഞ്ഞ പോലെ കേരളത്തിലെ സാധാരണ ബഹുജനങ്ങളെ ഹിന്ദുവത്കരിക്കാനും അധീശ ജാതിഹിന്ദുപാഠങ്ങളുടെ പാഠബലം ഏറ്റാനും മാത്രമേ ഉപകരിച്ചിട്ടുള്ളൂ.
യാഥാർഥ്യത്തിനും വർത്തമാനത്തിനും ചരിത്രത്തിനും നിരക്കുന്ന കാര്യങ്ങളൊന്നും വിദ്യാഭ്യാസത്തിൽ കുട്ടികളെ പഠിപ്പിക്കാതെ പകരം ഇതിഹാസ കാവ്യാദി പുരാണങ്ങളും കഥന പൈങ്കിളിയും സാഹിത്യ സൗന്ദര്യ ഗീർവാണങ്ങളും കുത്തിച്ചെലുത്തുന്നതിെൻറ ഫലമായാണ് വിദ്യാഭ്യാസം കിട്ടിയവരും വിശ്വാസി തീണ്ടാരി നാമജപ ഘോഷയാത്രികരായി മാറുന്നത്. മാവാരത രാമായണ ഗീതാ പട്ടത്താനങ്ങളാണ് ശൂദ്രലഹളകളുണ്ടാക്കി ഭരണഘടനയെ അട്ടിമറിക്കുന്നത്.
പൊയ്ക സിലബസിലേക്കു വന്നു കഴിഞ്ഞു. ഗുരുവിെൻറയും സഹോദരെൻറയും യുക്തിചിന്താപരവും ചരിത്രരാഷ്ട്രീയവിമർശം കലർന്നതുമായ സംഭാഷണങ്ങളും ചരിത്രപ്രസ്താവങ്ങളും ദാർശനിക രാഷ്ട്രീയബോധം പകരുന്ന പദ്യകൃതികളും അടിയന്തരമായി പാഠ്യപദ്ധതികളിൽ കേരളം ഉൾപ്പെടുത്തണം. സ്ത്രോത്രകൃതികളും സൗന്ദര്യാദി സാഹിത്യവും മാത്രം പഠിപ്പിച്ചുകൊണ്ടിരുന്നാൽ തീണ്ടാരിലഹളകളും നാമജപഘോഷയാത്രകളും നീതിയുടെ വഴിമുടക്കും.
കേരളത്തെ ആധുനികതയിലേക്കും നാഗരികതയിലേക്കും നൈതികതയിലേക്കും നയിച്ച സഹോദരെൻറ സാഹോദര്യ പ്രസ്ഥാനം, മിശ്രവിവാഹ സംഘം, നവബുദ്ധവാദ പ്രസ്ഥാനം, യുക്തിവാദ പ്രസ്ഥാനം, മനുഷ്യാവകാശ പ്രഖ്യാപനം, പൗരാവകാശ പ്രക്ഷോഭം, പ്രാതിനിധ്യവാദം, തൊഴിലാളി പ്രസ്ഥാനം തുടങ്ങിയ ബഹുസ്വരമായ വിമോചനാശയാവിഷ്കാരങ്ങളെയും സാമൂഹിക രാഷ്ട്രീയ ജനായത്ത സമരങ്ങളേയും കുറിച്ചാവണം നമ്മുടെ കുട്ടികൾ വായിക്കുകയും പഠിക്കുകയും പുത്തൻ േപ്രാജക്ടുകൾ ചെയ്യുകയും ചെയ്യേണ്ടത്. അല്ലാത്തപക്ഷം നാട്ടുഭാഷയുടെ പേരുപറഞ്ഞ് സംസ്കൃതത്തേയും ഹിന്ദിയേയും പുനരാനയിച്ചു സ്ഥാപിക്കുന്ന നവ ദേശീയ വിദ്യാഭ്യാസനയങ്ങൾ നമ്മുടെ വിദ്യാഭ്യാസത്തെ എന്നന്നേക്കുമായി ഹിന്ദുവത്കരിക്കുകയും ബ്രാഹ്മണിക സംസ്കാര ദേശീയവാദത്തെ സ്ഥായിയായി കേരളത്തിലും സ്ഥാപിക്കുകയും ചെയ്യും.
ഇംഗ്ലീഷിനേയും ആധുനികതയേയും സ്വാഗതം ചെയ്തു ഗുരുവും സഹോദരനും നടത്തിയ പ്രസ്താവങ്ങളും മൂലൂരെഴുതിയ കവിതകളും ഇന്ന് ഏറെ പ്രസക്തമായി വന്നിരിക്കുന്നു. 'പശുബ്രാഹ്മണേഭ്യ ശുഭമസ്തുനിത്യം ലോകാസമസ്ഥാ സുഖിനോ ഭവന്തു' എന്ന ഹൈന്ദവ ദേശീയ താൽപര്യം ബഹുജനങ്ങൾ തിരിച്ചറിഞ്ഞുവരുകയാണ്. ആ പശുത്തൊഴുത്തിൽനിന്നു ജീവിതസമരങ്ങളിലൂടെ കേരളത്തെ കേരളമാക്കിയത് ഗുരുവും സഹോദരനടക്കമുള്ള ശിഷ്യരും അയ്യങ്കാളിയും പൊയ്കയിൽ അപ്പച്ചനും നിരവധി ദലിത് പോരാളികളും നടത്തിയ ഐതിഹാസിക സമരപരമ്പരയാണ്. അതിനു വഴിയൊരുക്കിയ പാശ്ചാത്യ വിദ്യാഭ്യാസവും മിഷനറി ഇടപെടലും അയ്യാ വൈകുണ്ഠരുടേയും തൈക്കാട് അയ്യാവിേൻറയും ചട്ടമ്പിസ്വാമികളുടേയും വി.ടി. ഭട്ടതിരിപ്പാടിേൻറയും അടക്കമുള്ള സാമുദായിക പ്രവർത്തനങ്ങളുമെല്ലാം പുതിയ വിമർശ വീക്ഷണങ്ങളിൽ നമ്മുടെ വിദ്യാർഥികൾ പഠിക്കട്ടെ. തലക്കരവും മുലക്കരവും പിരിച്ചു തെഴുത്ത അധീശ രാജഭരണത്തെ 1803ൽതെന്ന ചെറുത്ത ചേർത്തലയിലെ നങ്ങേലിയെന്ന അവർണ സ്ത്രീയുടെ ആത്മബലിയും സഞ്ചാര മനുഷ്യാവകാശ പ്രക്ഷോഭങ്ങൾക്കു ധീരമായി തുടക്കം കുറിച്ച 1806ലെ ദളവാക്കുളം സമരവും രക്തസാക്ഷ്യവും നമ്മുടെ യുവചേതന അന്വേഷിക്കട്ടെ. അങ്ങനെ സത്യവും നീതിയും നമ്മുടെ സമൂഹം തിരിച്ചുപിടിക്കട്ടെ. ഓണപ്പാട്ടിലൂടെ സഹോദരൻ ഓർമിപ്പിച്ച പോലെ വാമനാദർശം വെടിഞ്ഞ് മാബലിവാഴ്ചയിലേക്കു നാം നീങ്ങട്ടെ. സഹോദരെൻറ പാഠങ്ങളും ഗുരുവിെൻറ രചനകളും സംഭാഷണങ്ങളും ഇന്ന് മലയാളത്തിലും ആംഗലത്തിലും ലഭ്യമാണ്. അടിയന്തരമായി അവയുടെ പാഠ്യപദ്ധതിവത്കരണവും മാധ്യമവത്കരണവും നടക്കേണ്ടതുണ്ട്. സൗന്ദര്യാത്മക ഗീർവാണങ്ങളും ഇടതുപക്ഷത്തിലൂടെ സ്വയംസേവക അജണ്ടയായ സാമ്പത്തിക സംവരണം നടപ്പാക്കി ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കുന്നതും തടഞ്ഞാൽ മാത്രമേ സാമൂഹികപ്രാതിനിധ്യത്തിെൻറ രാഷ്ട്രീയമായ ജനായത്തത്തെ വീണ്ടെടുക്കാനാവൂ.
(സംസ്കൃത സർവകലാശാല ഇംഗ്ലീഷ് വിഭാഗം
അസി. പ്രഫസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.