ദംഷ്ട്രയും നെറ്റിക്കണ്ണും
text_fieldsഇന്ത്യൻ മതേതര സങ്കൽപത്തിെൻറ അത്മാവിൽ കത്തിയാഴ്ത്തിയ ബാബരി ധ്വംസനത്തിന് കാൽ നൂറ്റാണ്ട് തികഞ്ഞു. ആ ചരിത്രദുരന്തം ഇന്ത്യൻ ജനതയിൽ ഏൽപിച്ച ആഘാതം എത്രമാത്രം കടുത്തതായിരുന്നു? മാധ്യമരംഗത്തെ പ്രഗല്ഭമതികൾ പ്രതികരിക്കുന്നു
സ്വാതന്ത്ര്യലബ്ധിക്ക് ഒരു ദശകത്തിനു ശേഷം പിറന്ന തലമുറയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ രണ്ട് ആഘാതങ്ങളാണ് അടിയന്തരാവസ്ഥയും ബാബരി മസ്ജിദ് ധ്വംസനവും. ഇവയിലൂടെ ചിതറിത്തെറിച്ചത് തങ്ങൾ വിശ്വസിച്ച ഇന്ത്യ എന്ന ആശയമാണ്. ജനാധിപത്യം, മതേതരത്വം, നിയമവാഴ്ച, നാനാത്വത്തിലെ ഏകത്വം, ബഹുസ്വരത തുടങ്ങി ഭരണഘടന ഉറപ്പുനൽകിയിരുന്നതും ജനതയുടെ മൂല്യബോധത്തിൽ നെടുനായകത്വം വഹിക്കുകയും ചെയ്ത ഇന്ത്യൻ റിപ്പബ്ലിക്കിെൻറ ആധാരശിലകൾ ഇത്ര ദുർബലമായിരുന്നുവെന്ന് വലിയൊരു ഞെട്ടലോടെ മനസ്സിലാക്കിത്തന്നു ഇവ. മസ്ജിദ് ധ്വംസനം കഴിഞ്ഞ് കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ എന്താണ് അവസ്ഥ? എന്തായിരുന്നു മസ്ജിദ് ധ്വംസനത്തിെൻറ സവിശേഷതകൾ?
1. സ്വാതന്ത്ര്യപൂർവ കാലം മുതലുള്ള ചരിത്രമെടുത്താലും ബാബരി മസ്ജിദ് ധ്വംസനം അഭൂതപൂർവമാണ്. ചരിത്രത്തിലെ പടയോട്ടങ്ങളിലോ അധിനിവേശ വേളകളിലോ ഒഴിച്ചാൽ മറ്റൊരു മത വിഭാഗത്തിെൻറ ആരാധനാലയം സംഘടിതമായും രാജ്യത്തെ സുപ്രധാന രാഷ്ട്രീയകക്ഷിയുടെ നേതൃത്വത്തിലും പരസ്യമായി ആക്രമിച്ച് തകർത്തത് ആദ്യം. ഇരുപതാം നൂറ്റാണ്ടിെൻറ അവസാനപാദത്തിൽ ആധുനിക ജനാധിപത്യ- മതേതര റിപ്പബ്ലിക്കിലെ രാഷ്ട്രീയ- സാമൂഹിക-നിയമ- സുരക്ഷ സംവിധാനങ്ങളെയൊക്കെ നോക്കുകുത്തിയാക്കിയാണ് നടന്നതെന്നത് ധ്വംസനത്തെ കൂടുതൽ അസാധാരണമാക്കുന്നു.
2. അഭൂതപൂർവമാണെങ്കിലും ധ്വംസനം പൂർണമായും യാദൃച്ഛികമായിരുന്നില്ല. ഏതൊരു ജനവിരുദ്ധ പ്രതിഭാസവും യാഥാർഥ്യമാകുന്നതിനു മുമ്പ് അതിനനുകൂലമായി ഒരു പരിധിവരെയെങ്കിലും രൂപംകൊള്ളുന്ന സാമൂഹിക സമ്മതി ആവശ്യമാണ്. ബാബരി ധ്വംസനത്തിെൻറ കാര്യവും ഭിന്നമല്ല. കുറെക്കാലമായി മറക്കുള്ളിൽ വളർന്നുവന്ന ദംഷ്ട്രയും നെറ്റിക്കണ്ണും പുറത്തുവന്നതായിരുന്നു ധ്വംസനം.
3. ആ സമ്മതിക്ക് വഴിമരുന്നാകുന്നത് എങ്ങനെയും ഒരു ബദൽ തേടാൻ ജനതയെ േപ്രരിപ്പിക്കുന്ന വിധം നിലവിലെ വ്യവസ്ഥക്ക് ഉണ്ടാകുന്ന ജീർണതയും മറുവശത്ത് അവസരം മുതലെടുത്ത് നിക്ഷിപ്ത താൽപര്യങ്ങളുടെ വിജയവുമാണ്.
4. സ്വാതന്ത്ര്യലബ്ധിക്കു ശേഷം നിലവിൽവന്ന രാഷ്ട്രീയ -സാമ്പത്തിക- സാമൂഹിക വ്യവസ്ഥയുടെ ജീർണത രൂക്ഷമാകുന്നത് 1970കളോടെയാണ്. വളർന്നുവന്ന സാമ്പത്തിക- സാമൂഹിക അസമത്വങ്ങൾ, ജനാധിപത്യത്തെ കൊലചെയ്ത അടിയന്തരാവസ്ഥയിലെത്തിച്ച അമിതാധികാര പ്രവണതകൾ, അഴിമതി, മതപ്രീണനം, നെഹ്റു യുഗത്തിനു ശേഷം മതാത്മകതക്കും സംഘടിത മതങ്ങൾക്കും അവയുടെ നേതാക്കൾക്കും നൽകപ്പെട്ട അംഗീകാരം, അതിെൻറ തുടർച്ചയായി ഇന്ദിരയുടെ വധത്തിലെത്തിച്ച മതമൗലികവാദം, തുടർന്ന് ആയിരക്കണക്കിനു സിക്കുകാരുടെ കൂട്ടക്കുരുതിയിലെത്തിച്ച വർഗീയ താണ്ഡവം, അതിലെ കുറ്റവാളികളുടെ സ്വതന്ത്രവിഹാരം, മണ്ഡൽ റിപ്പോർട്ട് നടപ്പാക്കിയതിനെ തുടർന്ന് അരങ്ങേറിയ പേക്കൂത്തുകൾ എന്നിവയൊക്കെ ഇന്ത്യൻ വ്യവസ്ഥയുടെ സമ്പൂർണ ജീർണതയുടെ പ്രഖ്യാപനങ്ങളായി.
5. ഇതേ കാലയളവിൽ ആയിരുന്നു സാമൂഹിക -സാമ്പത്തിക- സാംസ്കാരിക തലങ്ങളിലെ അസൂത്രിതമായ വലതുപക്ഷവത്കരണവും. സോഷ്യലിസം, സെകുലറിസം തുടങ്ങി സ്വാതന്ത്ര്യപൂർവകാലം മുതൽ ഇന്ത്യൻ ജനതയുടെ മൂല്യപ്രമാണമാകുകയും സ്വാതന്ത്ര്യലബ്ധിയോടെ മൂർത്തവത്കരിക്കപ്പെടുകയും ചെയ്ത സങ്കൽപനങ്ങൾ ബോധപൂർവം ആക്രമിക്കപ്പെടുകയും വിലയിടിക്കപ്പെടുകയും ചെയ്തു.
ഇവയൊക്കെയായിരുന്നു ബാബരി ധ്വംസനത്തിൽ കലാശിച്ച കാരണങ്ങൾ എങ്കിൽ ഭവിഷ്യത്തുകൾ എന്ന് അന്ന് പൊതുവെ ഭയന്നിരുന്നത് താഴെ പറയുന്നവയാണ്.
ഭവിഷ്യത്തുകൾ
1. മതരാഷ്ട്രം ലക്ഷ്യമാക്കി ശക്തമാകുന്ന ഹിന്ദുത്വരാഷ്ട്രീയം.
2. തദ്ഫലമായി വളരുന്ന ഇസ്ലാമിക മൗലികവാദം.
3. വ്യാപകമാകുന്ന വർഗീയ സംഘർഷങ്ങൾ.
4. സമ്പൂർണ വലതുപക്ഷ സാമ്പത്തിക നയങ്ങൾ.
5. ഉദ്യോഗസ്ഥ- സൈനിക- പൊലീസ്- നീതിന്യായ വ്യവസ്ഥകളിൽ കടന്നുകയറുന്ന ഭൂരിപക്ഷ മതാഭിമുഖ്യം.
6. വിദ്യാഭ്യാസ -സാംസ്കാരിക- ചരിത്രരചന മേഖലകളിലെ ഹിന്ദുത്വപ്രവേശനം.
7. ഭരണഘടനയുടെ അട്ടിമറി.
8. രാമക്ഷേത്ര നിർമാണം.
9. ജനാധിപത്യ വ്യവസ്ഥകളുടെയും സ്ഥാപനങ്ങളുടെയും തകർച്ച.
10. സൈനികതയുടെ മേധാവിത്വം.
11. ഇന്ത്യ --പാകിസ്താൻ ബന്ധങ്ങളിലെ വൻ തകർച്ച.
12. ജമ്മു -കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കൽ.
13. ഏകീകൃത സിവിൽ നിയമം.
14. സമ്പൂർണ ഗോവധ നിരോധനം.
മേൽ ആശങ്കകൾ മിക്കതും സംഭവിച്ചുകഴിഞ്ഞിട്ടുണ്ട്. പലതും സംഭവിച്ചുമില്ല.
ജനമനോഭാവം
ഭയന്നതിനപ്പുറം സത്യമായവയും പലതുണ്ട്. അതിൽ മുഖ്യമാണ് ഭരണകൂടത്തിെൻറ രാഷ്ട്രീയ- മത നിലപാടുകൾക്ക് ജനസാമാന്യത്തിലുണ്ടായ വ്യാപനം. നേരത്തേ പറഞ്ഞ തടസ്സങ്ങൾ കാരണം ഭരണകൂടം മടിച്ചുനിൽക്കുന്ന പല പ്രവൃത്തികളും ഏറ്റെടുത്ത് നടത്താൻ സമൂഹത്തിൽനിന്നുതന്നെ കർസേവകർ മുന്നോട്ടു വരുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഫാഷിസത്തിെൻറ പരിചിത വഴിയാണ് ഇതെങ്കിലും ഇന്ത്യയിൽ ഇത് ഇത്രവേഗം വ്യാപകമാകുമെന്ന് കരുതിയില്ല. ദേശസ്നേഹം, ഗോമാംസ ഭക്ഷണം, ലവ് ജിഹാദ്, ഘർവാപസി എന്നിവയുടെയൊക്കെ പേരിൽ രാജ്യമാകെ നടക്കുന്ന വ്യാപകമായ അക്രമങ്ങളും അപരവത്കരണവും ഫാഷിസത്തിെൻറ കറകളഞ്ഞ പ്രയോഗരീതിയാണ്.
അടിയന്തരാവസ്ഥക്കാലമടക്കം പൗരസ്വാതന്ത്ര്യം റദ്ദാക്കപ്പെട്ട ഘട്ടങ്ങൾ ഇന്ത്യയിലുണ്ടായിട്ടുണ്ട്. പൗരാവകാശങ്ങൾ വെല്ലുവിളിക്കപ്പെടുന്ന വിധത്തിൽ അഫ്സ്പ പോലെ സൈന്യത്തിന് പ്രത്യേകാധികാരം നടപ്പിലുള്ള ഇടങ്ങളുണ്ട്. പക്ഷേ, ഭരണകൂട നയങ്ങളെ വിമർശിച്ചതിെൻറ പേരിൽ പ്രാമാണികരായ പണ്ഡിതരെയും മാധ്യമപ്രവർത്തകരെയും വെടിവെച്ചുകൊല്ലുന്ന അനുഭവം സ്വാതന്ത്ര്യപൂർവ കാലത്ത് പോലും ഉണ്ടായിട്ടില്ല. ദാഭോൽകർ, പൻസാരെ, കൽബുർഗി, ഗൗരി ലങ്കേശ് എന്നിവരുടെ കൊലപാതകികളെ ഇനിയും പിടിച്ചിട്ടുമില്ല. പൊലീസോ സൈന്യമോ അല്ല ഈ കൊലകൾ നടത്തിയതെന്നോർക്കണം. ഭരണകൂടത്തിനു വേണ്ടി അക്രമം നടപ്പാക്കാൻ സമൂഹത്തിൽനിന്നുതന്നെ സന്നദ്ധപ്രവർത്തകരായ കർസേവകർ വരുമ്പോൾ ഫാഷിസം സമൂഹത്തെ ഗ്രസിക്കുന്നതിനു തെളിവാകുന്നു.
2010 മുതൽ ഗോരക്ഷക ഗുണ്ടകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 28 പേരെന്ന് 2017ലെ റോയിട്ടേഴ്സിെൻറ റിപ്പോർട്ട്. ഇതിൽ 24 പേരും മുസ്ലിം സമുദായക്കാർ. പശുവിെൻറ പേരിൽ നഗ്നമായ വർഗീയ ആക്രമണം. പരിക്കേറ്റത് 124 പേർ. 2014ൽ നരേന്ദ്ര മോദി അധികാരമേറിയ ശേഷം മാത്രം നടന്ന ആക്രമണങ്ങൾ 63 എണ്ണം. ഇന്ത്യൻ പാഠങ്ങളിൽ വിദഗ്ധനായ ഫ്രഞ്ച് പണ്ഡിതൻ ക്രിസ്റ്റോഫ് ജെെഫ്രലോട് എഴുതി:
‘‘ഈ സന്നദ്ധ സൈനികർ തങ്ങളുടെ ജോലി ചെയ്യുന്നത് ഭരണകൂടങ്ങൾക്ക് വളരെ സൗകര്യമാണ്. ഭരണകൂടം അക്രമം നടത്തുന്നുവെന്ന് ആരോപണം ഉണ്ടാകില്ല. ജനതയിൽനിന്ന് ഉണ്ടാകുന്ന അക്രമത്തെ സ്വാഭാവികമായ വികാരമായി ചിത്രീകരിക്കാം. മാത്രമല്ല, തങ്ങളുടെ മതം സംരക്ഷിക്കാനുള്ള ശരിയായ പ്രവർത്തനമായും ഇത് ന്യായീകരിക്കപ്പെടാം. ഈ പരിപാടിയുടെ ധാർമിക- സാമ്പത്തിക പദ്ധതികളും ആസൂത്രിതമാണ്. ഭരണകൂടത്തിനു നേരിട്ട് ന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ കഴിയില്ല. പകരം സന്നദ്ധപ്രവർത്തകരെക്കൊണ്ട് അത് ചെയ്യിക്കുമ്പോൾ ഭൂരിപക്ഷ മതക്കാർക്ക് സന്തോഷമാകുമല്ലോ...’’
മാറുന്ന മാധ്യമങ്ങൾ
ഈ ലേഖകനെ സംബന്ധിച്ചിടത്തോളം മസ്ജിദ് ധ്വംസനത്തിെൻറ കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ ഏറ്റവും അദ്ഭുതപ്പെടുത്തുന്ന മറ്റൊന്ന് മുഖ്യധാര മാധ്യമങ്ങളിലെ മാറ്റമാണ്. ആൻറി റോമിയോമാരുടെയും സദാചാരപ്പൊലീസിെൻറയും പശു സംരക്ഷകരായ കൗ വിജിലാൻറികളുടെയും മട്ടിൽ മാധ്യമലോകത്തും കർസേവകർ ഏറുന്നു. മുഖ്യധാര മാധ്യമങ്ങളുടെ വർഗപക്ഷപാതത്തെപ്പറ്റിയൊക്കെ പറയുമ്പോഴും മറ്റു ജനാധിപത്യ സമൂഹങ്ങളിലെന്നപോലെ ഇവിടെയും സർക്കാറുകളെ നിശിതമായി വിമർശിക്കാൻ എപ്പോഴും തയാറായിരുന്നു (അടിയന്തരാവസ്ഥയിലൊഴിച്ചാൽ) ഇന്ത്യൻ മാധ്യമങ്ങൾ. 70 വർഷമായി തുടരുന്ന ജനാധിപത്യത്തിെൻറ കരുത്തായി ഇന്ത്യയിലെ സ്വതന്ത്രമാധ്യമങ്ങൾ പ്രകീർത്തിക്കപ്പെട്ടു.
കഴിഞ്ഞ യു.പി.എ സർക്കാറിെൻറ കെടുകാര്യസ്ഥതയും അഴിമതിയും പുറത്തുകൊണ്ടുവരുന്നതുവരെ ഇതായിരുന്നു അവസ്ഥ. പക്ഷേ, 2014ലെ മോദി സർക്കാറിെൻറ വരവോടെ പൊടുന്നനെ അമ്പരപ്പിക്കുന വിധം ഈ സ്ഥിതി തകിടംമറിഞ്ഞു. ഇന്ന് ദേശീയ മാധ്യമങ്ങൾ മിക്കതും പൂർണമായും ബി.ജെ.പി പക്ഷപാതവും ഭൂരിപക്ഷമതാഭിമുഖ്യവും ഉളുപ്പില്ലാതെ പ്രകടിപ്പിക്കുന്നു. പ്രത്യേകിച്ച് പ്രഫഷനലിസത്തിൽ ആഗോള നിലവാരം നടിച്ചിരുന്ന ഇംഗ്ലിഷ് വാർത്താ ചാനലുകൾ എല്ലാ ദിവസവും സർക്കാറിനെ സ്തുതിക്കാനും പ്രതിപക്ഷത്തെയും ‘മുസ്ലിം മൗലികവാദ’ത്തെയും കടന്നാക്രമിക്കാനും മത്സരിക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഭീഷണിയും കരിനിയമവും അറസ്റ്റും കൊണ്ട് സർക്കാർ ഇത് സാധിച്ചു. കുനിയാൻ പറഞ്ഞപ്പോൾ പത്രങ്ങൾ ഇഴഞ്ഞുവെന്ന എൽ.കെ. അദ്വാനിയുടെ പ്രസിദ്ധ വാക്യം ഓർക്കുക. എന്നാൽ, ഇന്ന് കരിനിയമം ഇല്ല, ഭീഷണിയില്ല, അറസ്റ്റില്ല. പക്ഷേ, കുനിയാൻ പറയാതെത്തന്നെ സർക്കാറിെൻറയും ഭൂരിപക്ഷ മതത്തിെൻറയും കാൽ നക്കാൻ പ്രശസ്ത മാധ്യമവീരന്മാർ അഹമഹമികയാ മത്സരിക്കുന്നു.
വർഗീയതയും ജാതീയതയുമൊക്കെ ഇന്ത്യൻ മാധ്യമങ്ങളിൽ മുമ്പും പ്രകടമാകാറുണ്ട്. പക്ഷേ, അതേറെയും ഭാഷാപത്രങ്ങളിലായിരുന്നു. എന്നാൽ, വർത്തമാന കാലത്തെ പ്രധാന സവിശേഷത അടുത്തകാലം വരെ മത ജാതി വികാരങ്ങൾക്കൊന്നും ഇടം നൽകാതിരുന്ന ദേശീയ മാധ്യമങ്ങളിലും ഇത് വ്യാപകമായതാണ്. നഗ്നമായ വർഗീയത പ്രസംഗിക്കാൻ പ്രമുഖരായ ചാനൽ ആംഗർമാർ മത്സരിക്കുന്നു. അതെല്ലാം അമാന്യമായിരുന്ന മൂല്യബോധം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. അവരുടെ ചർച്ചകളിലെ ‘വിദഗ്ധരും’ തഥൈവ. ഭൂരിപക്ഷമതം രൂപവത്കരിച്ച ദേശസ്നേഹ സങ്കൽപം പൂർണമായും അംഗീകരിക്കാത്തവരെയൊക്കെ വഞ്ചകരാക്കുന്നു. സൈനികതയെയും പൊലീസ് ഭരണത്തെയും കലവറയില്ലാതെ സ്തുതിക്കുന്നു. സൈനിക നടപടികളെ വിമർശിക്കുന്നവരെ ആംഗർമാർതന്നെ ദേശേദ്രാഹികളായി അടിച്ചിരുത്തുന്നു. പാകിസ്താനിലേക്ക് പോകാൻ കൽപിക്കുന്നു.
ഇതിലും ഞെട്ടിപ്പിക്കുന്നത് മറ്റൊന്നാണ്. ഉളുപ്പില്ലാതെ ഭരണസ്തുതിയും പക്ഷപാതവും പുലർത്തിയിട്ടും ഈ മാധ്യമങ്ങൾക്കാണ് ഏറ്റവും ജനപ്രീതി (റേറ്റിങ്)! മുമ്പൊക്കെ പക്ഷപാതികളായ മാധ്യമങ്ങളെ ജനം (വിപണിയും) തന്നെ തിരസ്കരിച്ചിരുന്നു. മാറ്റത്തിന് ഒരു കാരണമേയുള്ളൂ. ജനസാമാന്യത്തിൽ, പ്രത്യേകിച്ച് നഗരവാസികളായ മധ്യ- ഉപരിവർഗങ്ങളിൽ, വ്യാപിച്ച കറകളഞ്ഞ വർഗീയത.
ഇത് മോദികാല ഇന്ത്യയിൽ മാത്രമല്ല ആഗോള പ്രതിഭാസമാണെന്നതും ശ്രദ്ധേയം. ഇവിടെ ഹിന്ദുത്വരൂപമാർന്ന തീവ്ര വലതുപക്ഷം ലോകാധിപത്യം വഹിക്കുന്ന ഇക്കാലത്ത് മാധ്യമങ്ങളിലെ ബഹുസ്വരത, നിഷ്പക്ഷത എന്നിവയൊക്കെ പഴങ്കഥ ആകുന്നു. പച്ചക്കള്ളമെന്ന് അറിഞ്ഞാലും സ്വീകരിക്കപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യുന്ന വ്യാജവാർത്തയുടെയും (ഫേക് ന്യൂസ്) സത്യാനന്തരതയുടെയും (പോസ്റ്റ് ട്രൂത്ത്) ബദൽ സത്യത്തിെൻറയും (അൾട്ടർനേറ്റിവ് ട്രൂത്ത്) സ്വന്തം നിലപാടുകൾ മാത്രം കേൾക്കുന്ന പ്രതിധ്വനി മണ്ഡലങ്ങളുടെയും (എക്കോ ചേംബർ) കാലം. പക്ഷേ, ഇതും കടന്നുപോകാതെ വയ്യെന്നു മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.