Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബാ​ബ​രി മ​സ്ജി​ദ് കി...

ബാ​ബ​രി മ​സ്ജി​ദ് കി അമർ ക​ഹാ​നി -3

text_fields
bookmark_border
babri masjid story
cancel
camera_alt

വര: കിഴക്കൂട്ട് ഗോപിക ബാബു

1949 ഡിസംബർ 22: രാത്രി നമസ്കാരം കഴിഞ്ഞ് അടച്ച പള്ളിയിലേക്ക് ഒരുസംഘമാളുകൾ അതിക്രമിച്ചു കയറി. ശബ്ദം കേട്ടുണർന്ന മുഅദ്ദിൻ മുഹമ്മദ് ഇസ്മയില്‍ അക്കൂട്ടത്തിലുണ്ടായിരുന്ന സന്യാസി അഭിറാംദാസിനെ കടന്നുപിടിച്ചു. അയാളുടെ കൈയിലിരുന്ന വിഗ്രഹവും പിടിച്ചെടുത്തു. അക്രമികൾ മുഹമ്മദ് ഇസ്മയിലിനെ മർദിച്ച് ഓടിച്ചുവിട്ടു. മസ്ജിദിനുള്ളില്‍ ശ്രീരാമ വിഗ്രഹം സ്ഥാപിച്ച അവർ ലിഖിതങ്ങൾ മായ്ക്കുകയും മതിലിൽ കാവി, മഞ്ഞ പെയിന്റുകൊണ്ട് ചിത്രങ്ങൾ വരക്കുകയും ചെയ്തു.


മസ്ജിദിനുള്ളിൽ രാമവിഗ്രഹം ‘സ്വയംഭൂ’വായി എന്ന വിവരം നാടൊട്ടുക്ക് പ്രചരിച്ചു. ആളുകൾ പള്ളിയിലേക്ക് പ്രവഹിച്ചു. അയ്യായിരത്തോളം പേർ കീർത്തനങ്ങൾ ആലപിച്ച് പള്ളിയിൽ കയറാൻ ശ്രമിച്ചെങ്കിലും തടയപ്പെട്ടു. അതിക്രമിച്ചുകടന്ന് ആരാധനാലയം മലിനമാക്കിയതിന് അഭിറാം ദാസിനും സംഘത്തിനുമെതിരെ ഏറെ നേരത്തിന് ശേഷം പൊലീസ് കേസെടുത്തു.

ഫൈസാബാദ് ജില്ലാ മജിസ്​ട്രേറ്റും ഡെപ്യൂട്ടി കമീഷണറുമായിരുന്ന മലയാളി കെ.കരുണാകരൻ നായർ ആയിരുന്നു പള്ളി പിടിച്ചെടുക്കൽ ഗൂഢാലോചകളുടെ രക്ഷാധികാരി. പ്രതികൾക്കെതിരായ നടപടിക്രമങ്ങൾ വൈകിപ്പിച്ച ഇയാൾ പള്ളി ഇമാം അബ്ദുൽ ഗഫാറിനെ ഏതാനും ആഴ്ചക്കുള്ളിൽ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് നൽകി തിരിച്ചയച്ചു. പ്രധാനമന്ത്രി നെഹ്റുവിന്റെ പ്രേരണയെത്തുടർന്ന് പള്ളിക്കുള്ളില്‍ നിന്ന് വിഗ്രഹങ്ങൾ നീക്കണമെന്ന് സംസ്ഥാന ഭരണകൂടം നിര്‍ദേശിച്ചെങ്കിലും പാലിച്ചില്ല. 1952ൽ സർവീസിൽ നിന്ന് സ്വയം വിരമിച്ച നായരും പത്നി ശകുന്തളയും ജനസംഘം ടിക്കറ്റിൽ നാലാം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.


പ്രശ്നം കോടതിയിലെത്തി. ബാബറി മസ്ജിദ് ഏറ്റെടുത്തും പൗരപ്രമുഖനായ പ്രിയദത്ത റാമിനെ റിസീവറായി നിയമിച്ചും മജിസ്ട്രേറ്റ് മാര്‍ക്കണ്ഡേയ സിംഗ് 1949 ഡിസംബര്‍ 29 ന് പ്രാഥമിക ഉത്തരവിറക്കി.1950 ജനുവരി അഞ്ചിന് ചുമതലയേറ്റ പ്രിയദത്ത റാം പള്ളിക്കുള്ളില്‍ വിഗ്രഹാരാധനക്കാവശ്യമായ ക്രമീകരണങ്ങള്‍ സംബന്ധിച്ച് മജിസ്ട്രേറ്റിന് ശിപാര്‍ശകള്‍ സമര്‍പ്പിച്ചു. ബാബറി മസ്ജിദ് അതോടെ ക്ഷേത്രമായി മാറി.


സംഭവങ്ങളില്‍ അസ്വസ്ഥനായി നെഹ്റു എഴുതിയ കത്തിന് മറുപടിയായി സമാധാനപരമായി വിഗ്രഹം നീക്കുന്ന കാര്യത്തില്‍ ഉടന്‍ ധാരണയാകുമെന്ന് മറുപടി നൽകിയ മുഖ്യമന്ത്രി ജി.ബി പന്ത് പ്രശ്ന പരിഹാരത്തിന് ഒരു ശ്രമവും നടത്തിയില്ല. പന്തിന് പിൻബലമേകിയ ആഭ്യന്തര മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ വല്ലഭായി പട്ടേല്‍ ഇവിടെ ബലപ്രയോഗം അരുതെന്ന് നിഷ്കർശിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Babri MasjidStoryIndia NewsRam Temple AyodhyaBabri Masjid Ki Kahani Madhyamam Special Article
News Summary - Babri Masjid Ki Amar Kahani -3
Next Story