മുഗൾ സാമ്രാജ്യ സ്ഥാപകൻ ബാബർ ചക്രവർത്തിയുടെ അവധ് (അയോധ്യ) ഗവർണർ മീർബാഖി ക്രി.വ 1528ലാണ് ബാബരി മസ്ജിദ് നിർമിച്ചത്. പള്ളിയുടെ ഭിത്തിയിൽ പേർഷ്യൻ ഭാഷയിൽ ഇങ്ങനെ ആലേഖനം ചെയ്തിരുന്നു: ‘‘ആകാശങ്ങളുടെ മേലാപ്പുവരെ ഉയര്‍ന്നു നില്ക്കുന്ന നീതി സൗധത്തിന്റെ അധിപനായ ബാബര്‍ ചക്രവര്‍ത്തിയുടെ കല്പനയാല് നല്ലവനായ മീര്‍ബാഖി മാലാഖമാരുടെ ഈ സംഗമസ്ഥാനം നിർമിച്ചു. ഈ നന്മയെന്നെന്നും നിലനില്ക്കട്ടെ’’.
അയോധ്യ (യുദ്ധം ഇല്ലാത്ത ഭൂമി)യിൽ ഹിന്ദുക്കളും മുസ്ലിംകളും മറ്റു മതക്കാരുമെല്ലാം ഐക്യത്തോടെയും സന്തോഷത്തോടെയുമാണ് ജീവിച്ചുവന്നിരുന്നത്. പള്ളിയുടെ ഭൂമിയെക്കുറിച്ച് അക്കാലത്ത് എതിരഭിപ്രായങ്ങളൊന്നുമുയർന്നില്ല.
ഹിന്ദു-മുസ്ലിം സമൂഹങ്ങൾക്കിടയിൽ നിലനിന്നിരുന്ന ഐക്യമായിരുന്നു അധിനിവേശകരായ ബ്രിട്ടീഷ് സാമ്രാജ്യത്തിന് എന്നും വിഘാതം സൃഷ്ടിച്ചിരുന്നത്. വർഗീയ ഭിന്നിപ്പ് സൃഷ്ടിച്ച് ജനങ്ങളെ തമ്മിലകറ്റാതെ സാമ്രാജ്യത്വ മേൽക്കോയ്മക്ക് നിലനിൽക്കാനാവില്ലെന്ന് ബ്രിട്ടൻ മനസ്സിലാക്കി.
ചേരിതിരിവിന് തക്കം പാർത്തിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരിൽ ചിലരാണ് അവധിലെ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ പള്ളിയുടെ ഉടമാവകാശം സംബന്ധിച്ച തർക്കത്തിന് വിത്തുപാകുന്നത്.
1857ൽ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ഒന്നാം സ്വാതന്ത്ര്യപ്പോരാട്ടത്തിന് തുടക്കം കുറിച്ച സമരസേനാനികൾ അവധിന്റെ നിയന്ത്രണം പിടിച്ചെടുത്തു. സമരം അടിച്ചമർത്തപ്പെട്ടെങ്കിലും മനസ്സുകളുടെ ഐക്യത്തിന് കോട്ടമേതും തട്ടിയില്ല.
വർഗീയ ഭിന്നിപ്പിനുള്ള പുതുതന്ത്രങ്ങൾക്ക് രൂപം നൽകി ബ്രിട്ടൻ. ബാബരി മസ്ജിദിന് മസ്ജിദെ ജന്മസ്ഥാൻ എന്ന് വിളിപ്പേര് നൽകിയും പള്ളിക്കുസമീപം പൂജകൾ നടത്താൻ ഹൈന്ദവ വിശ്വാസികളെ പ്രേരിപ്പിച്ചും തർക്ക വസ്തുവാക്കി നിലനിർത്തുക എന്നതും അതിലൊന്നായിരുന്നു.
ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമിച്ചതെന്നും ഭൂമി വിട്ടുകിട്ടണമെന്നും 1853ൽ വാജിദ് അലി ഷാ നവാബായിരിക്കെ ഹിന്ദുക്കളിലെ നിർമോഹി അഖാര വിഭാഗം ആവശ്യമുന്നയിച്ചു. തുടർന്ന് വർഗീയ സംഘർഷങ്ങളും ഉടലെടുത്തു.
പൂജചെയ്ത ഭൂമിയിൽ ക്ഷേത്രം പണിക്ക് അനുമതി തേടി രഘുബിർ ദാസ് 1886ൽ ഫൈസാബാദ് കോടതിയിൽ നൽകിയ കേസ് ജില്ല ജഡ്ജിയും അപ്പീൽ ജുഡീഷ്യൽ കമീഷണർ ഡബ്ല്യു. യോംഗും തള്ളി.
തുടരും...