ബാബരി വിധിയും മുസ്ലിം സമുദായവും
text_fieldsരാജ്യത്ത് നടക്കുന്ന സാമൂഹികവിവേചനങ്ങളെക്കുറിച്ച് ആരും അജ്ഞരല്ല. ഈ നാട്ടിൽ നടക് കുന്ന കൊടിയ അനീതി, ഭരണകൂട ഭീകരത, നിരപരാധികളുടെ അന്യായ തടവ്, നിയമം കാറ്റിൽപറത് തുന്നത് -ഇതിനെക്കുറിച്ചൊക്കെ നല്ല ബോധ്യമുണ്ടായിക്കൊണ്ടുതന്നെയാണ് മുസ്ലിം ലീ ഗ് സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നത്. ഈ സന്ദിഗ്ധഘട്ടവും കടന്ന് മുന്നോട്ട ുപോയേ തീരൂ എന്ന നിർബന്ധവും ഈ ചരിത്രഘട്ടത്തിൽ മിഴിച്ചിരിക്കാനാവില്ല എന്ന ബോധ്യവ ുമുള്ളതുകൊണ്ടാണത്.
അയോധ്യ കേസിൽ അന്തിമവിധി പറഞ്ഞത് രാജ്യത്തെ പരമോന്നത കേ ാടതിയാണ്. രാജ്യെത്ത ഓരോ പൗരനും അത് അംഗീകരിക്കാനുള്ള ബാധ്യതയുണ്ട്. നിയമവാഴ്ചയ ിൽ എത്ര പ്രതികൂല സാഹചര്യത്തിലും വിശ്വാസമർപ്പിച്ച സമൂഹമാണ് ഇന്ത്യയിലെ മുസ്ലിം കൾ. അതുകൊണ്ടുതന്നെ വിധി മാനിക്കുകയും കോടതിയോടുള്ള ആദരവ് പ്രകടിപ്പിക്കുകയും ച െയ്തു. എന്നാൽ, കോടതിവിധിയിലെ വൈരുധ്യങ്ങളും പൊരുത്തക്കേടുകളും ചൂണ്ടിക്കാണിക്കരുതെന്ന വാദം ജനാധിപത്യവിരുദ്ധമാണ്. ജനാധിപത്യം മോബോക്രസിക്ക് കീഴടങ്ങുന്ന ഇക്കാലത്ത് പ്രത്യേകിച്ചും.
2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം രാജ്യത്ത് പ്രകടമായ മാറ്റങ്ങളുണ്ട്. വെറുപ്പും വിദ്വേഷവും രാഷ്ട്രീയ ആയുധമാക്കി, സങ്കൽപശത്രുവിനെ നിർമിച്ച് നേടിയ തെരഞ്ഞെടുപ്പു വിജയത്തിലൂടെ മോദിയും സംഘ്പരിവാറും പ്രഖ്യാപിച്ചത് ഇന്ത്യ ഹിന്ദു രാഷ്ട്രമാകും എന്നുതന്നെയാണ്. ബി.എസ്. മൂഞ്ചെ ഉൾപ്പെടെയുള്ള മുൻഗാമികൾ ഫാഷിസ്റ്റ് രാഷ്ട്രങ്ങളിൽനിന്ന് ആവാഹിച്ചുകൊണ്ടുവന്ന വെറുപ്പിെൻറ പ്രത്യയശാസ്ത്രം ഇന്ത്യയിൽ എങ്ങനെ സമർഥമായി നടപ്പാക്കാം എന്ന പരീക്ഷണമാണ് മോദിയുടെ ഒന്നാമൂഴം. 2015ൽ ദാദ്രിയിലെ മുഹമ്മദ് അഖ്ലാഖിെൻറ കൊലപാതകത്തിൽ തുടങ്ങി തബ്രീസ് അൻസാരിയിൽ എത്തിനിൽക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കെല്ലാം കൃത്യമായ ആസൂത്രണമുണ്ട്. ഗോരക്ഷകർക്ക് ഭരണകൂടത്തിെൻറ സകല ഒത്താശകളും ഇപ്പോഴും ലഭിക്കുന്നു. ഈ ഗുണ്ടാസംഘത്തെ കയറൂരിവിട്ട് ഭയം വിതക്കുന്നതിൽ സംഘ്പരിവാർ നേടിയ വിജയമാണ് 2019ലെ രണ്ടാം മോദി യുഗത്തിന് വഴിതുറന്നത്.
ഭരണഘടന കത്തിച്ചുകളയണം എന്നാക്രോശിക്കുന്നവരുടെ കൈയിലാണ് ഭരണം. കുറുക്കെൻറ വായിലുള്ള കോഴി നീതി ആഗ്രഹിക്കുന്നതുപോലെ മൗഢ്യമാണ് ഇന്ത്യയിൽ ഭരണഘടന സംരക്ഷിക്കപ്പെടണമെന്ന നിലവിളി. ഭരണഘടനാ സ്ഥാപനങ്ങളോരോന്നും എത്ര സമർഥമായാണ് സംഘ്പരിവാർ കൈയടക്കിയത്. മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടിയ കാലത്ത്, സ്റ്റേറ്റിനു വേണ്ടി സംസാരിക്കുന്ന വാർത്താവതാരകർ നിറഞ്ഞുനിൽക്കുന്ന ഒരുകാലത്ത് ജുഡീഷ്യറികൂടി കൈവിട്ടുപോവുന്നത് എത്ര നിരാശജനകമാണ്!
ഇന്ത്യയിൽ, 2014നു ശേഷമുള്ള മോദിക്കാലത്ത് മാത്രമാണ് മുസ്ലിംകൾ വിവേചനം നേരിട്ടത് എന്ന് അർഥമില്ല. സ്വാതന്ത്ര്യാനന്തരം ഹിന്ദുത്വവികാരത്തെ അനുനയിപ്പിക്കാൻ പല ഭരണകൂടങ്ങളും ചെയ്ത തെറ്റുകളുണ്ട്. ആ തെറ്റുകൾക്കുനേരെ കണ്ണടക്കുന്നില്ല. എന്നാൽ, ആ കാലത്തിൽനിന്ന് വ്യത്യസ്തമായി ഭരണകൂടത്തിെൻറ സകലസംവിധാനങ്ങളും വിവേചനങ്ങളാൽ ഭരിക്കപ്പെടുകയാണ് ഇന്ന്. അവിടെയാണ് ബാബരി തർക്കത്തെ തുടർന്നുള്ള കോടതി വിധി ചർച്ചചെയ്യപ്പെടേണ്ടത്.
പതിറ്റാണ്ടുകൾ നീണ്ട ഒരു സിവിൽ തർക്കത്തിൽ, പരമോന്നത കോടതിയുടെ ഭരണഘടന െബഞ്ച് ഒരു വിധി പ്രഖ്യാപിക്കുേമ്പാൾ അതിൽ അന്യായമുണ്ടാവരുത് എന്നത് പൗരന്മാരുടെ ആഗ്രഹം മാത്രമായിരുന്നു. ആ ആഗ്രഹം നടപ്പാകുന്ന സാഹചര്യം ഇന്ത്യയിലില്ല എന്നുതന്നെയാണ് ഈ കോടതിവിധി തെളിയിച്ചത്. ചരിത്രവസ്തുതകളുടെ പിൻബലത്തോടെ മുസ്ലിം വിഭാഗത്തിെൻറ വാദങ്ങൾക്ക് സാധുത നൽകുന്ന ഇത്രയും നിരീക്ഷണങ്ങളുടെ അവസാനം തർക്കഭൂമി രാമക്ഷേത്രത്തിന് വിട്ടുകൊടുക്കാനും മൂന്നുമാസത്തിനകം ക്ഷേത്ര നിർമാണത്തിന് തുടക്കം കുറിക്കാനും ഉത്തരവിടുന്നത് എന്ത് നീതിയാണ്? 1045 പേജുള്ള വിധിയിൽ, വിധിയെഴുതിയ ജഡ്ജിയുടെ പേര് പരാമർശിക്കുന്നില്ല. അപ്പോൾ വിധി ദുരൂഹവും വൈരുധ്യങ്ങൾ നിറഞ്ഞതുമാണ്. എന്താകും വിധിയെന്ന് ആരൊക്കെ നേരത്തേ അറിഞ്ഞിരുന്നോ? കേന്ദ്രമന്ത്രി വി. മുരളീധരൻ ഫേസ്ബുക്കിൽ പ്രഖ്യാപിച്ചത് ഈ വിധി സർക്കാറിെൻറ നേട്ടമായാണ്. ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടി നിറവേറ്റിയ ആഹ്ലാദം അദ്ദേഹം പങ്കുവെക്കുേമ്പാൾ കോടതിയുടെ ഇടനാഴികളിൽ നടന്ന ഗൂഢാലോചനയല്ലേ പുറത്തുവരുന്നത്?
ബാബരി മസ്ജിദിെൻറ സമ്പൂർണമായ എപ്പിസോഡ് ഏകപക്ഷീയമായ കൈയേറ്റങ്ങളുടേതാണ്. 1949 മുതൽ ഒടുവിൽ സുപ്രീംകോടതി വിധി പ്രഖ്യാപനം വരെ ഈ അനീതിയും കൈയേറ്റവും പ്രകടമാണ്. എന്നിട്ടും മുസ്ലിംസമുദായം ഒരു പ്രകോപനവും ഉണ്ടാക്കിയില്ല. ഉയർന്ന രാഷ്ട്രീയബോധമോ ആത്മവിശ്വാസമോ കൊണ്ടല്ല. അവരുടെ ഭയപ്പാടുകളുടെ ആഴംകൊണ്ട് മാത്രമാണ്. ഇതിനെ യാഥാർഥ്യബോധമായി നിരീക്ഷിക്കാം. രാഷ്ട്രീയമായി മുസ്ലിംസമുദായത്തിന് കരുത്തുള്ള കേരളം വളരെ വിവേകത്തോടെത്തന്നെ ഇതിനെ സമീപിച്ചു. മുസ്ലിം ലീഗ് നേതൃത്വവും മത, സമുദായ സംഘടനനേതാക്കളും കാണിച്ച പക്വമായ നിലപാട് മാത്രമല്ല, സമുദായത്തിെൻറ പക്വമായ വളർച്ചകൂടി ഈ സംയമനത്തിന് പിറകിലുണ്ട്.
ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് ഇനിയൊരു നിയമപോരാട്ടത്തിന് എത്രത്തോളം സാധ്യതയുണ്ടെന്ന് പറയാനാവില്ല. അതിനെക്കാൾ പ്രധാനം വിധിക്കു ശേഷമുള്ള സാമൂഹിക പഠനമാണ്. ഇന്ത്യൻ മുസ്ലിംകളെക്കുറിച്ച് അരുന്ധതി റോയി ഇൗയിടെ ‘ന്യൂയോർക് ടൈംസി’ൽ നടത്തിയ ഒരു നിരീക്ഷണമുണ്ട്. ‘‘കശ്മീരിൽനിന്ന് ചുരുളഴിഞ്ഞിറങ്ങുന്ന ഹിംസ ഇന്ത്യയിലേക്കും തുളുമ്പി പടരും. അത് ഇന്ത്യയിലെ മുസ്ലിംകൾക്കെതിരെയുള്ള വിരോധത്തെ ആളിക്കത്തിക്കാൻ ഉപയോഗിക്കും. ഇപ്പോൾതന്നെ, അവർ രാക്ഷസവത്കരിക്കപ്പെട്ടും, ചേരികളിലേക്ക് തള്ളപ്പെട്ടും, സാമ്പത്തിക േശ്രണികളുടെ താഴെ പടികളിലേക്ക് തള്ളിയിറക്കപ്പെട്ടും, പിന്നെ പേടിപ്പെടുത്തുന്നവിധം കൃത്യമായ ഇടവേളകളിൽ ആൾക്കൂട്ടങ്ങളാൽ കൊല്ലപ്പെട്ടും ചുരുക്കപ്പെട്ടുകഴിഞ്ഞിരിക്കുകയാണല്ലോ.’’ ഈ ജനതക്ക് കോടതികൾകൂടി അപ്രാപ്യമാണെന്ന് ആണിയടിക്കുകയാണ് പുതിയ വിധി.
ബാബരി മസ്ജിദ് തകർക്കപ്പെട്ട ശേഷം പൊതുവിൽ ഇന്ത്യയിലെ മുസ്ലിംകൾ അനുഭവിച്ചത് രൂക്ഷമായ അപരവത്കരണമായിരുന്നു. കൂട്ടത്തിൽ ചേരേണ്ടവരല്ല മുസ്ലിം എന്ന ചാപ്പകുത്തലായിരുന്നു. ഇതിൽ ആർ.എസ്.എസ് ഏറക്കുറെ വിജയിച്ചു. അയോധ്യവിധിക്കു ശേഷം മുസ്ലിംകൾ അനുഭവിക്കാൻ പോകുന്നത് പ്രത്യക്ഷ നീതിനിഷേധം കൂടിയാവും. ഈ കാലത്തെ അവർ എങ്ങനെ മറികടക്കും? മുസ്ലിം സമുദായത്തിനകത്ത് പ്രബുദ്ധമായ ചർച്ചകൾ നടക്കേണ്ട സമയമാണിത്. ആത്മാർഥവും തെളിമയുള്ളതുമായ ആശയവിനിമയങ്ങൾ ഉണ്ടാകണം. സമുദായത്തിനകത്ത് ഇതിന് നേതൃത്വം കൊടുക്കാൻ മുസ്ലിംലീഗ് സന്നദ്ധമാകണം.
എല്ലാ മതസംഘടനകളും സാമുദായിക, സാമൂഹികപ്രസ്ഥാനങ്ങളും തുറന്ന സമീപനത്തോടെ കൂടെ നിൽക്കണം. രാഷ്ട്രീയമായും സാമൂഹികമായും വലിയ ഇടപെടലുകൾ ഉണ്ടാകണം. മുസ്ലിം സമുദായത്തിെൻറ ആത്മവിശ്വാസത്തെ സംരക്ഷിക്കുകയാണ് ഏറ്റവും ശ്രമകരമായ ദൗത്യം. ഈ കാലത്തെയും മറികടക്കുകതന്നെ ചെയ്യും എന്ന ഉറച്ച വിശ്വാസം അവരിലുണ്ടാക്കണം.ആർ.എസ്.എസ് ഉയർത്തുന്ന വെറുപ്പിെൻറ രാഷ്ട്രീയത്തോട് ഇന്ത്യയിലെ വലിയൊരു വിഭാഗം വിയോജിക്കുന്നുണ്ടെന്ന യാഥാർഥ്യം ഉൾക്കൊള്ളണം. അവർ ഉയർത്തുന്ന ശബ്ദം നിസ്സാരമല്ല. മുസ്ലിംകൾ ഒറ്റക്കല്ലെന്ന ബോധ്യമാണ് അതുണ്ടാക്കുന്നത്. ഹിറ്റ്ലർക്കു വേണ്ടി ഏറ്റവും വലിയ അട്ടഹാസങ്ങളുയർന്ന അതേ തെരുവുകളിൽ ഇന്ന് ജർമൻജനത ആ ഓർമകളെപ്പോലും കാർക്കിച്ചുതുപ്പുകയാണ്. ചരിത്രം ഒരേ ദിശയിൽ എല്ലാ കാലവും സഞ്ചരിക്കില്ലെന്നതിന് ചരിത്രംതന്നെയാണ് സാക്ഷി.
(മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.