ബാബരി സംഭൽ അജ്മീർ
text_fieldsചരിത്രനിരാകരണം മനുഷ്യത്വവിരുദ്ധതക്ക് അനുകൂലമായ തത്വനിർമിതിയാണെങ്കിൽ, പള്ളി പൊളിക്കൽ, പൊളിക്കാനുള്ള കളമൊരുക്കൽ എന്നിവ അതിന്റെ പ്രയോഗമാണ്
അങ്ങനെ ഇരിക്കുമ്പോഴാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അന്നത്തെ മുഖ്യാചാര്യനായ ഗോൾവാൾക്കർ എറണാകുളത്ത് വരുന്നതായി ഞാനറിഞ്ഞത്. അദ്ദേഹത്തെ പോയി കാണണമെന്ന് ഞാൻ തീരുമാനിച്ചു. എന്നാൽ, എന്റെ ഏതു സന്തോഷവും പങ്കുവെക്കുന്ന ഒരാത്മമിത്രം ഉണ്ടായിരുന്നു, കരുനാഗപ്പള്ളിക്കാരനായ മുഹമ്മദ് യൂസുഫ്. എവിടെ, ആരെ കാണാൻ പോകുമ്പോഴും യൂസുഫ് കൂടെവേണം.
അതുകൊണ്ട് ഗുരുജിയെ കാണാൻ പോയപ്പോഴും യൂസുഫിനെ ഞാൻ എന്നോടൊപ്പം കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ സന്ദർശകരെല്ലാം ഒരു ലിസ്റ്റിൽ പേരെഴുതണം. ആ പേരിന്റെ മുറക്കാണ് വിളിക്കുന്നത്. യൂസുഫിന്റെ പേരും മേൽവിലാസവും എഴുതിയതിനുശേഷം ഞാനെന്റെ പേരും മേൽവിലാസവും എഴുതി. കുറെ കഴിഞ്ഞപ്പോൾ എന്നെ ഉള്ളിലേക്ക് വിളിച്ചു. എന്നാൽ, മുഹമ്മദ് യൂസുഫിന്റെ പേരാണ് ആദ്യം. അദ്ദേഹത്തെ ആദ്യം വിളിക്കണമെന്നായി ഞാൻ. അതു സാധ്യമല്ലെന്ന് അവിടെ നിന്ന അധികാരികൾ.
എന്നാൽ, എനിക്ക് ഗുരുജിയെ കാണേണ്ട എന്നായി ഞാൻ. അതുശരിയല്ല, ഞാനെങ്കിലും ഗുരുജിയെ കണ്ട് അനുഗ്രഹം വാങ്ങിക്കണമെന്ന് മുഹമ്മദ് യൂസുഫ് നിർബന്ധിച്ചു. അതിൻപ്രകാരം ഞാൻ ഉള്ളിൽ പോയി എന്റെ ഏറ്റവും നല്ല സുഹൃത്തായ മുഹമ്മദ് യൂസുഫിനെ ഉള്ളിൽ വരാൻ അനുവദിക്കുന്നില്ലെന്ന് ഗുരുജി ഗോൾവൽക്കറോട് പരാതിപ്പെട്ടു. അപ്പോൾ അദ്ദേഹം അതിന്റെ കാരണം എന്തായിരിക്കാമെന്ന് എന്നോട് ചോദിച്ചു.
അദ്ദേഹം മുസ്‍ലിം ആയതുകൊണ്ടായിരിക്കാം എന്നു ഞാൻ മറുപടി പറഞ്ഞു. അതുകേട്ട് ഗുരുജി ചിരിച്ചുകൊണ്ട് പറഞ്ഞു, നിങ്ങളിങ്ങനെ ചിന്തിക്കുന്നതിൽനിന്നും ഞാൻ മനസ്സിലാക്കുന്നത് നിങ്ങൾ ജാതിമത വ്യത്യാസങ്ങൾ ഉള്ളിൽ പുലർത്തുന്ന ഒരാളാണെന്നാണ്.
വാദിയെ പ്രതിയാക്കാനും ഇരുട്ടിനെ വെളിച്ചമാക്കാനും കഴിയുന്ന മഹാധിഷണാശാലിയായ ഒരാളുടെ മുന്നിലാണ് ഞാൻ നിൽക്കുന്നതെന്ന് ബോധ്യമായപ്പോൾ ഈ പ്രസ്ഥാനം അപകടകരമാണെന്ന് എനിക്കുതോന്നി (രാഷ്ട്രത്തിന് അഭികാമ്യമാകേണ്ട ആർ.എസ്.എസ് -നിത്യചൈതന്യയതി).
ഇന്ത്യയിലെ ന്യൂനപക്ഷ പീഡനത്തെക്കുറിച്ച് പറയുമ്പോൾ അത് ബംഗ്ലാദേശിലേതടക്കമുള്ള ലോകത്തെവിടെയുമുള്ള ന്യൂനപക്ഷ പീഡനങ്ങൾക്കുകൂടി എതിരാണ്. എന്നാൽ, അതിൽനിന്ന് ഇന്ത്യയെ മാത്രം ഒഴിച്ചുനിർത്തണമെന്ന നവഫാഷിസ്റ്റ് സിദ്ധാന്തം ഒരു മികച്ച രാഷ്ട്രീയ കോമഡിയാണ്.
ഇവിടെ ജീവിക്കുന്നവർക്ക് ഇവിടത്തെ കാര്യം മറച്ചുവെക്കാനുള്ള മറയാക്കി, മറ്റ് രാജ്യങ്ങളിലെ ജനായത്തവിരുദ്ധതയെക്കുറിച്ചു മാത്രം സംസാരിക്കുന്നതിനെ സ്വാഗതം ചെയ്യാതിരിക്കുന്നത് ചരിത്രത്തെ കീഴ്മേൽ മറിക്കുന്ന സമീപനമായതുകൊണ്ടാണ്. ചരിത്രനിരാകരണം മനുഷ്യത്വവിരുദ്ധതക്ക് അനുകൂലമായ തത്ത്വനിർമിതിയാണെങ്കിൽ, പള്ളി പൊളിക്കൽ, പൊളിക്കാനുള്ള കളമൊരുക്കൽ എന്നിവ അതിന്റെ പ്രയോഗവുമാണ്.
മുമ്പ് എന്തൊക്കെ ഇവിടെ നടന്നുവെന്ന് ശരിയായി അറിയണം. എന്നാൽ അതനുസരിച്ച് വർത്തമാനകാലത്തിന്റെ മേൽ, ഭീകരതകൾ കെട്ടിവെക്കാനുള്ള ശ്രമം പ്രബുദ്ധതക്ക് പരിക്കേൽപിക്കും. ഇന്ത്യൻ നവഫാഷിസം സ്വാതന്ത്ര്യാനന്തരം വിധ്വംസകപ്രവർത്തനം തുടങ്ങിയത് ബാബരിയിലല്ല; ഗാന്ധിവധത്തിലാണ്. അതിനുശേഷമാണ് നവഫാഷിസ്റ്റുകൾ ബാബരിവധത്തിന് കരുക്കളൊരുക്കിയത്.
സ്വാതന്ത്ര്യത്തിനുമുമ്പ് ബ്രിട്ടീഷ് സാമ്രാജ്യത്വം ആഗ്രഹിച്ചതും എന്നാൽ അവർക്ക് അയോധ്യാ നിവാസികളായ ഹിന്ദു-മുസ്‍ലിം വിഭാഗങ്ങളുടെ ഉരുക്കുപോലെ ഉറച്ച ഐക്യത്തിന്റെ മുന്നിൽ നടപ്പാക്കാൻ കഴിയാതെപോയതുമായ കാര്യമാണ് 1992 ഡിസംബർ 6ന് നവഫാഷിസം ആഹ്ലാദപൂർവം സാക്ഷാത്കരിച്ചത്.
സ്വന്തം രാഷ്ട്രത്തിന്റെ ചരിത്രം ചവിട്ടിത്താഴ്ത്തി മിത്തിനുമുകളിൽ കയറിനിന്നാണവർ ബാബരി പൊളിച്ചത്. ഒരു അവികസിത ജാതിമേൽക്കോയ്മാ സമൂഹത്തിൽ മിത്തിന്റെ യുക്തിക്ക്, ചരിത്രയുക്തികളെ കീഴ്പ്പെടുത്താൻ കഴിയും. അതാണിപ്പോൾ ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈശ്വരാരാധനക്ക് ആവശ്യം വീരഭാവമാണ്. ആയതിനാൽ പരാക്രമവാദത്തെ പുനരുജ്ജീവിപ്പിക്കണം.
മറ്റുള്ളവരെ മലർത്തിയടിക്കാൻ ശക്തിവേണം. അതിനുവേണമെങ്കിൽ സസ്യഭുക്കുകൾപോലും സ്വന്തം അഭിരുചി മാറ്റിവെച്ച് മാംസം കഴിക്കണം എന്നിപ്രകാരമുള്ള ഫാഷിസ്റ്റാശയങ്ങൾ അന്ധമായ .......വീര്യപൂജയാണ്. ഇതൊന്നും ലോകത്തിലെ ഒരു മതത്തിന്റെയും തത്ത്വമല്ല. എന്നാൽ, ഹിന്ദുമതത്തിന്റെ മുഖംമൂടി ധരിച്ച് ജാതിമേൽക്കോയ്മാശക്തികൾ ജനങ്ങളെ വിഡ്ഢികളാക്കാൻ നിർമിച്ച മിത്തുകളാണ്.
നുണകളുടെ ഇരുട്ട് പ്രബുദ്ധതയുടെ വെളിച്ചം പടർന്നാൽ നിലംപരിശാകും. എന്നാൽ, മജ്ജയിലും രക്തത്തിലും ആഴ്ന്നിറങ്ങിയ മിത്തിന്റെ യുക്തിയെ ആവിധം എളുപ്പം പ്രതിരോധിക്കാനാവില്ല. പല മിത്തുകളും മതനിരപേക്ഷതയുടെ നെഞ്ചം തുളക്കുന്ന ഫാഷിസ്റ്റുകളുടെ വെടിയുണ്ടകളാണ്. പള്ളികളിൽ ഗണേശവിഗ്രഹം സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്തത് യു.പി മുഖ്യമന്ത്രി ആദിത്യനാഥ് യോഗിയാണ്.
ഇന്ത്യ ഹിന്ദുരാഷ്ട്രമാണ് എന്ന് അമർത്തി പറഞ്ഞത് മോഹൻ ഭാഗവത്, ഗോദ്സെ ദേശീയവാദിയെന്ന് സാക്ഷി മഹാരാജ്, മുസ്‍ലിംമുക്ത ഭാരതം ലക്ഷ്യമെന്ന് സാധ്വി പ്രാചി, നിർബന്ധ വന്ധ്യംകരണം അടിയന്തരാവശ്യമെന്ന് സാധ്വി ദേവ ഠാകുർ, സമാധാനം സ്ഥാപിക്കാൻ ഇസ്‍ലാമിനെ ഉന്മൂലനം ചെയ്യണമെന്ന് അനന്ത്കുമാർ ഹെഗ്ഡെ, മോദിയെ പിന്തുണക്കാത്തവർ പാകിസ്താനിൽ എന്ന് ശിവരാജ് സിങ്, രാമമന്ദിർ ഒന്ന് ഇന്ത്യയിലും മറ്റൊന്ന് പാകിസ്താനിലുമുണ്ടാക്കുമെന്ന് സാധ്വി ബാലികാ സരസ്വതി... പ്രകോപനപരമായ ഇതുപോലുള്ള എത്രയോ പ്രസ്താവനകളിൽ ചിലതുമാത്രം സൂചിപ്പിച്ചത് ഇതൊന്നും പലരും തെറ്റിദ്ധരിക്കുന്നതുപോലെ വികാരവിക്ഷോഭത്തിന്റെ ഭാഗമല്ലെന്നും മറിച്ച് ഫാഷിസ്റ്റ് സൈദ്ധാന്തിക സമീപനത്തിന്റെ വലിച്ചുനീട്ടലാണെന്നും വ്യക്തമാക്കാനാണ്.
പുരുഷോത്തം നാഗേഷ് ഓക് 1968ൽ ഇന്ത്യാചരിത്രം തിരുത്തിയെഴുതാൻ സ്ഥാപിച്ച ചരിത്രവിരുദ്ധ സ്ഥാപനം മുന്നോട്ടുവെച്ച മിത്തുകളാണ് ഇന്ന് ഇന്ത്യയിൽ ചില സ്ഥലത്ത് ഔദ്യോഗിക നേതൃത്വത്തിൽ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരു മാറ്റമായും മൂല്യനിരാസമായും ആരാധനാലയങ്ങൾക്കുമേലുള്ള പടയോട്ടമായും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
ഭൂതകാലത്തിന്റെ തടവുകാരാക്കി തലമുറകളെ വേട്ടയാടരുതെന്ന് അശ്വനികുമാർ ഉപാധ്യായക്ക് സുപ്രീംകോടതി താക്കീത് നൽകിയത് കഴിഞ്ഞ വർഷമാണ്. ഉള്ള വെളിച്ചം ഊതിക്കെടുത്തരുത്. സാഹോദര്യമെന്ന തത്ത്വം പൊളിക്കരുതെന്ന് പറഞ്ഞ കൂട്ടത്തിൽ, ഇന്ത്യൻ നവഫാഷിസത്തിന്റെ നേതാവായ അശ്വിനികുമാർ ഉപാധ്യായ
യോട് ഹൈന്ദവതത്ത്വങ്ങൾ വായിച്ചു പഠിക്കൂ എന്നുകൂടി കോടതിക്ക് പറയേണ്ടിവന്നു! ‘Love others, serve others, help ever, hurt never.’ ജസ്റ്റിസ് കെ.എം. ജോസഫും ജസ്റ്റിസ് നാഗരത്നയും നവഫാഷിസത്തിന്റെ മിത്ത് പുറമേറിയുള്ള പടയോട്ടങ്ങൾക്കെതിരെ പുറപ്പെടുവിച്ച വിധിപ്രഖ്യാപനത്തിലെ പ്രകാശം പരത്തുന്ന പ്രസ്തുതവാക്യം ജനായത്തം ജീവൻ നൽകിയും കാവൽ നിൽക്കേണ്ട താക്കോൽവാക്യമാണ്.
പ്രശസ്ത കവി സി.എസ്. രാജേഷ് എഴുതിയതുപോലെ വെറുപ്പിന്റെ ഫാക്ടറിക്കും/സ്നേഹത്തിന്റെ മാളിനുമിടയിൽ/മതേതരത്വത്തിന്റെ ഒരു തട്ടുകട ഇടണം/എന്നിട്ട് ജനായത്തത്തിന്റെ ദോശ വിളമ്പണം. സഹോദര പ്രസ്ഥാനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് കുമാരനാശാൻ എഴുതിയ പരിവർത്തനം എന്ന കവിതയിലെ ഘോരമാംകൃപയെയാണ്, അല്ലാതെ ഘോരമാം വെറുപ്പിനെയല്ല നമ്മുടെ കാലം കിനാവു കാണേണ്ടത്.
റട്ഗർ ബർഗ്മാൻ എന്ന ചിന്തകൻ ഓരോ മനുഷ്യന്റെയും ഉള്ളിൽ പരസ്പരം ഏറ്റുമുട്ടുന്ന രണ്ട് ചെന്നായ്ക്കളെക്കുറിച്ച് പറയുന്നുണ്ട്. ഒന്നുൽപാദിപ്പിക്കുന്നത് വെറുപ്പും പകയുമാണ്. രണ്ടാമത്തേതാവട്ടെ, സ്നേഹവും സഹകരണവും. ഇതിൽ ഏതു ജയിക്കും എന്നത് നമ്മളേതിനാണോ തീറ്റകൊടുക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും.
വെറുപ്പ് ഉൽപാദിപ്പിക്കുന്ന ചെന്നായയെ പട്ടിണിക്കിടാനും സ്നേഹം ഉൽപാദിപ്പിക്കുന്ന ചെന്നായക്ക് ആവോളം മതനിരപേക്ഷ ഭക്ഷണം നൽകാനും മനുഷ്യർ ഉത്സുകരായാൽ അവർക്ക് മനുഷ്യത്വത്തിലേക്ക് ഉയരാനാവും.
അല്ലെങ്കിലവർ ജീർണതയുടെ അഴുക്കുചാലിൽ തലകുത്തി വീഴും. ‘Greed is a bottomless pit’ എന്ന് എറിക്േഫ്രാം. ആർത്തി മാത്രമല്ല, വെറുപ്പും ജനായത്ത പ്രതിരോധമില്ലെങ്കിൽ എത്ര തൂർത്താലും നിറയുകയില്ല. എന്തുകൊണ്ടെന്നാൽ േഫ്രാം വിശദമാക്കിയതുപോലെ അടിഭാഗം നഷ്ടമായ, അതിനാൽതന്നെ അറ്റമില്ലാത്ത ഒരു കുഴിയാണത്.
അയനസ്കോ നാടകത്തിലെ കണ്ടാമൃഗങ്ങളായി മാറിയ മനുഷ്യരേക്കാൾ, അവരെപ്പോലെ ആയിത്തീരാൻ ശ്രമിക്കുന്നവരെക്കുറിച്ചോർത്താണ് ജനായത്തം കൂടുതൽ ആശങ്കപ്പെടേണ്ടത്. അവരുമായി നാം ഇണങ്ങണം. അവരെപ്പോലെ ആയിത്തീരാൻ ശ്രമിക്കണം.
കണ്ടാമൃഗങ്ങളിൽ ഇപ്പോളവർ സൗന്ദര്യം കണ്ടെത്തിയിരിക്കുന്നു; അവയുടെ ശബ്ദത്തിൽ, സംഗീതവും! തീർന്നില്ല, അവയുടെ ചലനത്തിൽ നൃത്തത്തിന്റെ താളാത്മക ഭംഗിയാണുള്ളത്. അവ ദേവതകളാണ്. കണ്ടാമൃഗങ്ങളിൽ ദേവതകളെ കണ്ടെത്തുന്ന കാഴ്ചപ്പാടാണ് മസ്ജിദ് വേട്ടകൾക്കിടയിൽ കൊഴുത്തുകൊണ്ടിരിക്കുന്നത്.
1948ൽ ഗാന്ധിവധാനന്തരം നവഫാഷിസത്തിന് നേരിടേണ്ടിവന്ന പ്രതിസന്ധിയിൽനിന്നാണ്, ബാബരിവധ പദ്ധതികൾ പൂർവാധികം ശക്തി പ്രാപിച്ചതെങ്കിൽ; 1980കളിലെ തെരഞ്ഞെടുപ്പ് പരാജയപശ്ചാത്തലത്തിൽ അത് മറികടക്കാൻവേണ്ടി കൂടിയാണ്, പ്രായോഗികമായിത്തന്നെ പള്ളിപൊളിക്കൽ പണിയിലേക്ക് അവർ വർധിതവീര്യത്തോടെ തിരിഞ്ഞത്.
ഇങ്ങനെ ആരാധനാലയങ്ങളെ മുൻനിർത്തി ഓരോ കാരണം കണ്ടെത്തി രാജ്യത്ത് അരക്ഷിതത്വം ഉണ്ടാക്കാനുള്ള ശ്രമത്തിന് തടയിടാനാണ് 1991 സെപ്റ്റംബർ 18ന് ഇന്ത്യൻ പാർലമെന്റ് 1947 ആഗസ്റ്റ് 15ൽ ഒരു ആരാധനാലയം എപ്രകാരമാണോ നിലനിന്നുപോരുന്നത്, അത്, അതേപ്രകാരം തുടരുന്ന, തൽസ്ഥിതി സംരക്ഷണ നിയമം (Places of Worship Act) പാസാക്കിയത്. സത്യത്തിൽ ബാബരി മസ്ജിദും ആ നിയമപരിധിയിൽ ഉൾപ്പെടുത്തപ്പെടേണ്ടതുണ്ടായിരുന്നു.
അത് സംഭവിച്ചില്ല. അഥവാ അങ്ങനെ സംഭവിച്ചിരുന്നെങ്കിലും സംഭലിലും അജ്മീറിലും സംഭവിച്ചതുപോലുള്ള അതിക്രമങ്ങൾ അവിടെയും നടക്കുമായിരുന്നു. പൂർണമായും ഇടിച്ചുപൊളിച്ച് അതിനുമുകളിൽ മറ്റൊരു ആരാധനാലയം നിർമിക്കാൻ നിയമപരമായി കുറെക്കൂടി പ്രയാസപ്പെടേണ്ടിവരുമായിരുന്നു.
പറഞ്ഞുവരുന്നത് സംഭലിലെ മസ്ജിദിലും അജ്മീറിലെ ദർഗയിലുമുണ്ടായ അനാവശ്യസംഘർഷങ്ങൾ തുടർന്നു മുന്നോട്ടുപോയാൽ 1991ലെ ആരാധനാലയങ്ങളുടെ തൽസ്ഥിതി സംരക്ഷണ തത്ത്വം കടപുഴകും. ബാബരികൾ ആവർത്തിക്കപ്പെടും.
അതോടൊപ്പം ഇന്ത്യൻ ഫാഷിസത്തിന്, ഔദ്യോഗികമായിതന്നെ ചരിത്രം തിരുത്തുന്നതിന്റെ ഭാഗമായി മറ്റ് ആരാധനാസ്ഥലങ്ങളിലേക്കും ഈയൊരു സമീപനം വ്യാപിപ്പിക്കാൻ കഴിയും! കാലത്തിന്റെ കവിൾത്തടത്തിലെ ഏകാന്തമായൊരു കണ്ണീർത്തുള്ളി എന്ന് രവീന്ദ്രനാഥ ടാഗോർ വിശേഷിപ്പിച്ച, ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ, ഭാരതീയ സംസ്കാരത്തിന്റെ കളങ്കം എന്ന് സംഗീത് സോം വിശേഷിപ്പിച്ചതടക്കം ഇതോടൊപ്പം ഓർമിക്കണം.
ബാബരിവധമടക്കമുള്ള വിധ്വംസക പ്രവണതകളെ മറന്നുകൊണ്ടല്ല സംഭലും അജ്മീറും ഓർമിക്കേണ്ടത്. 2016ൽ ലോക സൂഫിസമ്മേളനം ഉദ്ഘാടനം ചെയ്തത് നമ്മുടെ പ്രധാനമന്ത്രിയും, പള്ളിക്കടിയിൽ ശിവമന്ദിരം തിരക്കിപ്പോവേണ്ട എന്നു പറഞ്ഞത് മോഹൻ ഭാഗവതുമായിരുന്നു!
നമ്മുടെ നാട്ടിൽ മറ്റെല്ലാ രാജ്യങ്ങളിലെന്നപോലെ പലതരം സർവേകൾ മുമ്പും ഇപ്പോഴും നടക്കാറുണ്ട്. എന്നാൽ, സർവേക്കൊപ്പം ജയ്ശ്രീറാം ആക്രോശങ്ങൾ ആരംഭിക്കുന്നത്, രണ്ടാം സ്വാതന്ത്ര്യസമരമെന്ന് സംഘ്പരിവാർ ധൈഷണികർ വിശേഷിപ്പിച്ച ബാബരിപള്ളി പൊളിച്ചതോടെയാണ്.
അതോടെയാണ് നെറ്റിയിൽ പൂവിടർന്നിരുന്ന ജയ്സിയാറാം എന്ന പാരമ്പര്യജാതി അഭിവാദ്യരീതി ആ പൂവ് കൊഴിഞ്ഞ് തൽസ്ഥാനത്ത് കൊമ്പു മുളച്ച് ജയ്ശ്രീറാം എന്ന കൊലവിളിയായത്. അതിന്റെ കുത്തേറ്റ് പിടഞ്ഞ് വീണവരും കൊല്ലപ്പെട്ടവരും നിരവധിയാണ്. തെരുവിലാണ് പ്രധാനമായും മുമ്പതെല്ലാം നടന്നതെങ്കിൽ, ഇപ്പോളതും ഭരണനിർവഹണത്തിന്റെ അനിവാര്യഭാഗമായി മാറിയിരിക്കുകയാണ്.
സംഭൽ ശാഹി ജമാമസ്ജിദിലെ സംഘർഷ കാരണം, മസ്ജിദിൽ നടന്ന സർവേയല്ല, അതിന് എരിവ് പകർന്ന പ്രകോപന ജയ്ശ്രീറാം വിളികളാണ്. ഞങ്ങൾ മുമ്പും സർവേ നടത്തിയിട്ടുണ്ട്.
ഞങ്ങൾക്ക് ദൗത്യനിർവഹണത്തിന് നിങ്ങളുടെ അലർച്ചകളുടെ അകമ്പടിവേണ്ടെന്നു പറയാൻ സർവേ ഉദ്യോഗസ്ഥരും, സർവേയുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന നിലപാട് പൊലീസും എടുത്തിരുന്നെങ്കിൽ ഒരുപക്ഷേ വലിയ സംഘർഷമൊന്നും അവിടെ ഉണ്ടാവുമായിരുന്നില്ല.
ജീവനഷ്ടം സംഭവിക്കുമായിരുന്നില്ല. സർവേ നടക്കും. പ്രതിഷേധമുള്ളവർ കോടതിയിൽപോയി നിയമപരമായി പ്രതിരോധിക്കാൻ ശ്രമിക്കും, അതോടെ എല്ലാം അവസാനിക്കാനായിരുന്നു സാധാരണഗതിയിൽ സാധ്യത. എന്നാൽ, തുടക്കം മുതൽ അവിടെ സംഭവിച്ചതെല്ലാം അസാധാരണമായ കാര്യങ്ങളാണ്.
ഫാഷിസ്റ്റുകളോട് അടുത്തോ അകന്നോ നിൽക്കുന്ന സംഘടനയോ ഗ്രൂപ്പോ വ്യക്തികളോ ആദ്യം തർക്കം ഉന്നയിക്കും. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) ഇടപെടണമെന്നാവശ്യപ്പെട്ട് കോടതിയിൽ പോകും. അതിനുമുമ്പുതന്നെ പ്രചാരണഭീകരതയുടെ കൊടുങ്കാറ്റഴിച്ചുവിടും. കോടതിയാകട്ടെ മുൻഗണനാക്രമങ്ങൾ മാറ്റിവെച്ച് ഇത്തരം കേസുകൾ അതിവേഗം പരിഗണിക്കും.
നമ്മുടെ കോടതികൾ ഇത്രമേൽ കാര്യക്ഷമമായത് എപ്പോൾ എന്ന ചോദ്യം ഉന്നയിക്കാൻ പലരും നിർബന്ധിതമാവുന്നത് ഇത്തരമൊരു പശ്ചാത്തലത്തിലാണ്. പിന്നെ 1991ലെ ആരാധനാലങ്ങളെ സംബന്ധിച്ച തൽസ്ഥിതി സംരക്ഷണ നിയമമില്ല, സംരക്ഷിത ചരിത്രസ്മാരകമാണെന്ന പരിഗണനയില്ല, സർവേയുമായി ഒരു ബന്ധവുമില്ലാത്ത ജയ്ശ്രീറാം വിളികൾക്ക് വിലക്കുമില്ല!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.