വർത്തമാന ഇന്ത്യയിൽ ബദൽരേഖ വായിക്കുേമ്പാൾ
text_fieldsഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുമ്പോൾ 31 വർഷം മുമ്പ് എം.വി. രാഘവെൻറ നേതൃത്വത്തിൽ സി.എം.പി എന്ന പാർട്ടിയുടെ രൂപവത്കരണത്തിന് ആധാരമായ ബദൽ രേഖയിലെ ആവശ്യം കൂടുതൽ പ്രസക്തമാകുകയാണ്. ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാനുതകുന്ന നയസമീപനങ്ങൾ കമ്യൂണിസ്റ്റ് പാർട്ടികൾ സ്വീകരിക്കണമെന്നായിരുന്നു ബദൽരേഖയുടെ കാതൽ.
കേരളത്തിൽ പാർട്ടി സ്വീകരിക്കേണ്ട ഐക്യമുന്നണി അടവുകളെപ്പറ്റി വലിയ അഭിപ്രായ വ്യത്യാസങ്ങൾ 1985-86കളിൽ സി.പി.എമ്മിൽ ഉണ്ടായി. ഇടതുമുന്നണിക്കെതിരായി യു.ഡി.എഫ് കൂടുതൽ ശക്തിപ്പെട്ട സമയമായിരുന്നു അത്. അങ്ങനെ മുന്നണി വികസനവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ-ഭൂരിപക്ഷ പ്രശ്നങ്ങൾ സംബന്ധിച്ച ചർച്ച വന്നു. ന്യൂനപക്ഷ പാർട്ടികളായ മുസ്ലിംലീഗ്, കേരള കോൺഗ്രസ് എന്നിവരുമായുള്ള സഖ്യം പാർട്ടിയെ ഒറ്റപ്പെടുത്തുവാനേ സഹായിക്കുകയുള്ളൂ എന്നായിരുന്നു സി.പി.എം കേന്ദ്രകമ്മിറ്റിയുടെ അഭിപ്രായം. ഇതിനെതിരായി എം.വി. രാഘവൻ, പുത്തലത്ത് നാരായണൻ, പി.വി. കുഞ്ഞിക്കണ്ണൻ, ഇ.കെ. ഇമ്പിച്ചിബാവ, ടി. ശിവദാസ മേനോൻ, വി.വി. ദക്ഷിണാമൂർത്തി, പാട്യം രാജൻ, പി.വി. മൂസാൻകുട്ടി, സി.കെ. ചക്രപാണി എന്നീ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ചേർന്ന് കേരളത്തിൽ ലീഗ്, കേരള കോൺഗ്രസ് പാർട്ടികളുമായുള്ള മുന്നണി പാർട്ടിക്ക് പ്രയോജനപ്പെടുമെന്നും കേന്ദ്ര കമ്മിറ്റിയുടെ വാദം അടിസ്ഥാനരഹിതമാണെന്നും സമർഥിച്ചുകൊണ്ടും ഒരു ഭിന്നാഭിപ്രായ കുറിപ്പ് സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെയും പാർട്ടി സമ്മേളനത്തിലും അവതരിപ്പിച്ചു.
നമ്മുടെ ഭരണഘടന രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ഉറപ്പുനൽകിയിട്ടുള്ള മൗലികമായ അവകാശങ്ങൾ പോലും രാജ്യത്തെ എല്ലാ ഭാഗങ്ങളിലും ഇന്ന് ഇവർക്ക് ലഭിക്കുന്നില്ലെന്നും ഈ വിഭാഗത്തെ ഉയർത്തിക്കൊണ്ടുവരാൻ കമ്യൂണിസ്റ്റ് പാർട്ടി തയാറാകണമെന്നും സി.പി.എം പാർട്ടി പരിപാടിയിൽ അടിവരയിട്ട് പറഞ്ഞത് എടുത്തുപറയുകയായിരുന്നു ബദൽ രേഖ. വസ്തുത ഇതായിരിക്കെ ന്യൂനപക്ഷങ്ങളുടെ പൊതുവായ താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ചാൽ അത് ന്യൂനപക്ഷ പ്രീണനമാകുമെന്നുള്ള വാദത്തിന് ഒരു അടിസ്ഥാനവുമില്ല. ബദൽ രേഖയിൽ ഒപ്പിട്ട നേതാക്കളെ കൂടാതെ ഇ.കെ. നായനാർ അടക്കമുള്ള പ്രമുഖരായ പല നേതാക്കളും ഈ ഭിന്നാഭിപ്രായ കുറിപ്പിനോട് അന്ന് യോജിപ്പ് പ്രകടിപ്പിച്ചു. കേരള കോൺഗ്രസ്, മുസ്ലിം ലീഗ് കക്ഷികളുമായി ഒരു കാലത്തും ബന്ധപ്പെടുകയില്ലെന്ന് പ്രഖ്യാപിക്കുന്ന കേന്ദ്ര കമ്മിറ്റിയുടെ അഭിപ്രായം പാർട്ടിയെയും ബഹുജന പ്രസ്ഥാനത്തേയും മുസ്ലിം -ക്രിസ്ത്യൻ ജനസമൂഹത്തിൽനിന്നു ഒറ്റപ്പെടുത്താൻ മാത്രമേ സഹായിക്കുകയുള്ളൂ എന്ന് ബദൽ രേഖ ചൂണ്ടിക്കാട്ടി. വിവിധ രംഗങ്ങളിലെ തൊഴിലാളികളെയും സാധാരണക്കാരായ ജനങ്ങളെയും പാർട്ടിയുമായി ബന്ധപ്പെടുത്താൻ അനുയോജ്യമായ ഒരു നയമേ ഒരു കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിക്കാവൂ എന്ന അംഗീകൃത നയത്തിെൻറ അടിസ്ഥാനത്തിലാണ് എം.വി. രാഘവനും കൂട്ടരും ഈ അഭിപ്രായം രേഖപ്പെടുത്തിയത്.
1987ൽതന്നെ ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ ഇടതുപക്ഷപാർട്ടികളും ജനാധിപത്യ- മതേതര പാർട്ടികളും യോജിച്ചുനിൽക്കണമെന്ന് എം.വി. രാഘവൻ അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായത്തെ മാനിക്കാൻ സി.പി.എം അടക്കമുള്ള ഇടതുപാർട്ടികളും കോൺഗ്രസ് അടക്കമുള്ള മതേതര പാർട്ടികളും തയാറായില്ല. എന്നാൽ, പിന്നീട് ഈ പാർട്ടികൾക്കെല്ലാം ബി.ജെ.പി.ക്കെതിരായ ഇടതുപക്ഷ- മതേതര ഐക്യത്തിെൻറ പ്രാധാന്യം ബോധ്യമായി. ആ നിലയിൽ ഇടതുപാർട്ടികളും, മതേതര പാർട്ടികളും ഒരു നിലപാട് കൈക്കൊണ്ടതുകൊണ്ടാണ് ഒന്നാം യു.പി.എ സർക്കാർ അധികാരത്തിൽ വന്നത്. ഇടതുപാർട്ടികൾക്ക് വളരെ മെച്ചപ്പെട്ട സ്ഥാനം ആ സർക്കാറിൽ ലഭിക്കുകയും ചെയ്തു.
1985ൽ എം.വി. രാഘവനും കൂട്ടരും ബദൽരേഖ എഴുതുമ്പോഴും സി.പി.എമ്മിൽ അത് ചർച്ചക്കായി അവതരിപ്പിക്കുമ്പോഴും ഇന്ത്യൻ ഭരണവർഗം കോൺഗ്രസായിരുന്നു. ന്യൂനപക്ഷങ്ങൾക്ക് അനുകൂലമല്ലാത്ത സമീപനമായിരുന്നു ആ പാർട്ടിക്ക് അന്നുണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ ആ സ്ഥാനത്ത് ബി.ജെ.പി ആണ്. കോൺഗ്രസിനേക്കാൾ വളരെ ശക്തമായ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളാണ് ഈ പാർട്ടി സ്വീകരിച്ചിരിക്കുന്നത്. ന്യൂനപക്ഷത്തിെൻറ താൽപര്യങ്ങൾ പലപ്പോഴും സംരക്ഷിച്ചിട്ടില്ലെന്നു മാത്രമല്ല, ആ വിഭാഗത്തിനെതിരുമായിരുന്നു അന്നത്തെ കോൺഗ്രസിെൻറ നിലപാട്. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്തെ ബാബരി മസ്ജിദ് ധ്വംസനം ഇതിനൊരുദാഹരണമാണ്.
പുതിയ ഇന്ത്യൻ ദേശീയ രാഷ്ട്രീയ സാഹചര്യം വളരെ പരിതാപകരവും ന്യൂനപക്ഷത്തിെൻറ നിലനിൽപുതന്നെ ചോദ്യംചെയ്യപ്പെടുന്ന സ്ഥിതിയിലുമാണ്. ന്യൂനപക്ഷധ്വംസനം തന്നെയാണ് പരിവാർ സംഘടനകളുടെ പ്രഖ്യാപിത പരിപാടി. തുടക്കം ഗോഹത്യാ നിരോധനവും ഗോമാംസം ഭക്ഷിക്കുന്നവരെ കൊലചെയ്യലും കാലിവളർത്തലിലും അനുബന്ധ ബിസിനസുകളിലും തൊഴിലുകളിലും ഏർപ്പെട്ടിട്ടുള്ള ദലിതർ അടക്കമുള്ളവരെ കരുതിക്കൂട്ടി ഇല്ലാതാക്കലുമാണ്. ബി.ജെ.പി ഭരണത്തിൻ കീഴിൽ മൂന്നു ഡസനോളം ന്യൂനപക്ഷ വിഭാഗക്കാരും ദലിതരുമാണ് കന്നുകാലി സംരക്ഷണത്തിെൻറ പേരിൽ കൊലചെയ്യപ്പെട്ടത്.
ഇന്ത്യയെ ഹിന്ദു രാഷ്്ട്രമാക്കി മാറ്റണമെന്നത് പതിറ്റാണ്ടുകൾക്കു മുേമ്പ ഉയർന്നുകേട്ട ഹിന്ദു തീവ്രവാദികളുടെ ആവശ്യവുമാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ കടന്നാക്രമണങ്ങൾ വളരെ നേരത്തേതന്നെ തുടങ്ങിയതാണ്. ഇന്ത്യ സ്വാതന്ത്ര്യസമര കാലം മുതൽ തുടർന്നുവന്ന വിദേശ നയത്തിെൻറ അടിത്തറ ആകെ തകർത്തുകൊണ്ടുള്ള ഒന്നായിരുന്നു ഏറ്റവും ഒടുവിൽ അമേരിക്കൽ പ്രസിഡൻറ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രസിഡൻറ് ബെന്യമിൻ നെതന്യാഹുവും തമ്മിലുള്ള ഉടമ്പടികൾ. ട്രംപുമായുള്ള ചങ്ങാത്തത്തിെൻറ കാരണം അദ്ദേഹത്തിെൻറ ഗവൺമെൻറിെൻറ മുസ്ലിം വിരുദ്ധ നിലപാടു തന്നെ. ഫലസ്തീനിലെ മുസ്ലിംകളെ ആട്ടിപ്പായിച്ച് ജൂതർക്ക് വേണ്ടി മാത്രമുള്ള പ്രത്യേക രാഷ്ട്രം രൂപവത്കരിക്കാൻ ഉടലെടുത്ത പ്രസ്ഥാനമാണ് സയണിസം. സയണിസമാണ് ഇസ്രായേലിനേയും അതിെൻറ പ്രസിഡൻറ് െബന്യമിൻ നെതന്യാഹുവിനെയും നയിക്കുന്നത്. സയണിസ്റ്റ് സ്ഥാപകെൻറ സമശീർഷനാണ് ഹിന്ദുത്വത്തിെൻറ ഉപജ്ഞാതാവ് വി.ഡി. സവർക്കർ. സയണിസ്റ്റ് ആചാര്യൻ എഴുതിയ ‘പഴയ പുതിയ ഭൂമി’യും സവർക്കർ എഴുതിയ ‘ഹിന്ദുത്വ’യും വളരെ തീഷ്ണമായ രണ്ട് മതവിചാരധാരകളുടെ ഉറവിടങ്ങളുമാണ്. എല്ലാ നിലയിലുമുള്ള ഇൗ സാമ്യം തന്നെയാണ് ഹിന്ദുത്വ വർഗീയതയുടെ വക്താവായ മോദിയും സയണിസത്തിെൻറ വക്താവായ ബെന്യമിൻ നെതന്യാഹുവും തമ്മിലുള്ള ഉടമ്പടികളുടെ അടിത്തറയും. മതേതര രാഷ്ട്രമായ ഇന്ത്യയിൽ ലോകത്തെ ചില രാജ്യങ്ങളിലെങ്കിലും ശക്തിപ്രാപിച്ച മതാധിഷ്ഠിത ദേശീയതയെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വളർത്തിയെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മതാധിഷ്ഠിത ദേശീയതയുടെ അപകടം മുൻ അമേരിക്കൻ പ്രസിഡൻറ് ഒബാമ അടക്കമുള്ള നേതാക്കൾ ലോകത്തെ ബോധ്യപ്പെടുത്തിയതാണ്.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകിയ അവകാശങ്ങൾ വളരെക്കാലമായി നിഷേധിച്ചുവരുകയാണ്. അതാണ് ബദൽ രേഖ അന്നു ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഇന്ന് സ്ഥിതി അന്നത്തേക്കാൾ കൂടുതൽ സങ്കീർണമായിരിക്കുന്നു. സംഘ്പരിവാർ ഭരണത്തിൽ ന്യൂനപക്ഷങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുകയും, കൊലചെയ്യപ്പെടുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതിനെതിരായി രംഗത്തുനിൽക്കേണ്ട പ്രതിപക്ഷം, ശക്തമല്ലെന്നു മാത്രമല്ല അതിൽ പല പാർട്ടികളും നിർഭാഗ്യവശാൽ ഭരണവർഗത്തിെൻറ കൈകളിൽ അകപ്പെട്ടിരിക്കുകയുമാണ്. ഇതിെൻറ എല്ലാം അടിസ്ഥാനത്തിൽ യഥാർഥത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് ന്യൂനപക്ഷ ധ്വംസനങ്ങൾക്കെതിരായി ശക്തമായി രംഗത്തിറങ്ങേണ്ടത്. ന്യൂനപക്ഷങ്ങളെ തങ്ങളോടൊപ്പം നിർത്താനും, അവരെ സംരക്ഷിക്കാനും കമ്യൂണിസ്റ്റ് പാർട്ടികൾ തയാറാവണം.
ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പി ശക്തിപ്പെടുകയാണെന്നും അതുകൊണ്ടുതന്നെ ഏറ്റവും വിപുലമായ ഇടതു -മതേതര മുന്നണി ഈ പാർട്ടിെക്കതിരായി കെട്ടിപ്പടുക്കണമെന്നും എം.വി. രാഘവനും സി.എം.പി.യും 1989ൽതന്നെ ആവശ്യം ഉയർത്തിയതാണ്. കോൺഗ്രസ്- സി.പി.എം. - സി.പി.ഐ. അടക്കമുള്ള എല്ലാ ഇടതു - മതേതര പാർട്ടികളും ബി.ജെ.പിക്ക് എതിരായി കൈകോർക്കണമെന്ന ആവശ്യം അന്നാരും ചെവിക്കൊണ്ടിട്ടില്ലെങ്കിലും ഒന്നാം യു.പി.എ സർക്കാറിെൻറ രൂപവത്കരണം യഥാർഥത്തിൽ സി.എം.പി.യുടെ രാഷ്ട്രീയ നിലപാടിെൻറ അടിസ്ഥാനത്തിലുള്ളതായിരുന്നു. കോൺഗ്രസും മതേതര പാർട്ടികളും ഇടതുപക്ഷവും ഒരുമിച്ചുനിന്നതുകൊണ്ടാണ് അന്ന് ബി.ജെ.പി.യെ പരാജയപ്പെടുത്താൻ കഴിഞ്ഞത്. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിലും, ഏറ്റവും വിപുലമായ ഇടതു മതേതര മുന്നണിക്ക് മാത്രമേ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയുകയുള്ളൂവെന്ന കാര്യത്തിൽ സംശയമില്ല.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.