വേട്ടക്കാരന് കീഴിൽ എത്ര വേട്ടക്കാർ
text_fieldsവേട്ടക്കാരനും ഇരയും എന്ന പ്രയോഗം കാലപ്പഴക്കമുള്ളതാണ്. അതിെൻറ അർഥം നഷ്ടപ്പെട്ടുപോയോ എന്ന് ചിലപ്പോൾ തോന്നും. എങ്കിലും നാമത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ അർഥതേയ്മാനം വരുന്നതല്ല വേട്ടക്കാരനും ഇരയും എന്ന പ്രയോഗമെന്ന് നമ്മുടെ രാഷ്ട്രീയം ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
അതാണ് വീണ്ടും നമ്മുടെ നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മണിക്കൂറുകളുടെ ഇടവേളയിൽ ആലപ്പുഴയിൽ അതിക്രൂരമായ രണ്ടു രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിരിക്കുന്നു. വർഗീയ കക്ഷികളുടെ പ്രതിനിധികളാണ് എന്ന് കച്ചവടതാൽപര്യമുള്ള രാഷ്ട്രീയം പറയുന്നു. കൊല്ലപ്പെട്ടവർ വർഗീയമോ അവർഗീയമോ ആകട്ടെ, അവരും മനുഷ്യരാണ് എന്നുള്ള സത്യം ഞങ്ങളെപ്പോലുള്ള എഴുത്തുകാരെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
അതൊന്നും വേട്ടക്കാർക്ക് പ്രശ്നമാകണമെന്നില്ല. അവർ അങ്ങനെയാണ്. ഒരു ഭരണകൂട വ്യവസ്ഥ പോലെ പ്രവർത്തിച്ചുകൊണ്ടിരിക്കും. കൊല്ലേണ്ടവരെ കൊല്ലം, പിന്നെ നിർഭാഗ്യകരമെന്നു പ്രസ്താവനയിറക്കും. ഞങ്ങൾ നിരപരാധികളെന്നും ആ കൊലപാതകത്തിൽ പങ്കില്ലെന്നും വിളിച്ചുപറയും. അവരുടെ കീഴിൽ ഉള്ള മറ്റു വേട്ടക്കാർ അതാവർത്തിക്കും.
ആ കീഴ്വേട്ടക്കാരെ വിശുദ്ധരാക്കി മറ്റുള്ളവരെ വർഗീയവാദികളെന്നു വിളിച്ചുപറയും. ഇതാണ് ചരിത്രത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്ഥിരമായി ഇരകളുടെ കൂടെയാണ് എന്നുപറയുന്ന ഈ തന്ത വേട്ടക്കാർ തങ്ങളുടെ കീഴെ എത്ര വേട്ടക്കാരെ െവച്ചുപുലർത്തുന്നുണ്ട്. അതവർക്കേ അറിയൂ. പുറത്തുനിന്ന് ഈ കളി കാണുന്ന നാം എത്രമാത്രം നഗ്നരാണ് എന്നാലോചിച്ചു നോക്കൂ
നമ്മുടെ സമൂഹ ചരിത്രം ഈ വേട്ടക്കാരാൽ നിർമിക്കപ്പെട്ടതാണോ? ഹേയ്! ആവാൻ വഴിയില്ല. എന്നാൽ , സാധാരണ മനുഷ്യരെ ഭയപ്പെടുത്തിയും ഓരോ കാലത്തും ആവശ്യത്തിനായി വർഗീയത സൃഷ്ടിച്ചും ഈ വേട്ടക്കാർ ഭരണകൂടത്തിന് മുകളിലെത്തുന്നു. അതിെൻറ അധികാരമുപയോഗിച്ച് ഒന്നോ രണ്ടോ കീഴ്വേട്ടക്കാരെ രൂപപ്പെടുത്തുന്നു. അവർ സൃഷ്ടിക്കുന്ന സംഘർഷങ്ങളാൽ ക്രോധം വരുന്ന രീതിയിൽ സംസാരിച്ച്, സർവ സഹകരണ സമ്മേളനങ്ങൾ നടത്തി സമാധാനം താൽക്കാലികമായി കൊണ്ടുവരുന്നു. അതിൽ തെറ്റിദ്ധരിച്ച് സാമാന്യ ജനത മൂളിപ്പാട്ടും പാടി കൈയടിക്കുന്നു. ഇത്ര പറഞ്ഞതിൽനിന്ന് കാര്യം മനസ്സിലായല്ലോ. ഇതാണ് കേരളത്തിെൻറ ഇടതുപക്ഷ രാഷ്ട്രീയം. ഇതാണ് ഇന്ത്യയിലെ സംഘ്പരിവാർ രാഷ്ട്രീയം.
കമ്യൂണിസ്റ്റ് ഇടതുപക്ഷം കീഴ്വേട്ടക്കാരെ സംരക്ഷിച്ച് അരക്ഷിതാവസ്ഥ തീർക്കുന്ന പരുവത്തിലാണ്. ഏതാണ്ട് ഒരു സംഘ്പരിവാർ ശൈലി കടമെടുത്തിരിക്കുന്നു. അതിനാൽ, ഇന്നലെകളിലും ഇപ്പോൾ ആലപ്പുഴയിലും ഏതാനും വർഷം മുമ്പ് പെരിയയിലും അങ്ങനെ നിരവധി സ്ഥലങ്ങളിൽ സംഭവിച്ച രാഷ്ട്രീയ ഹിംസകളെ സൂക്ഷ്മമായി നിരീക്ഷിക്കുേമ്പാൾ നാം അറിയും വലിയ വേട്ടക്കാരന് കീഴെ എത്രയോ വേട്ടക്കാരുണ്ട് എന്ന്.
അവരുടെ വർഗീയത വലിയ വേട്ടക്കാരന് വർഗീയതയേയല്ല. സംഘ്പരിവാറുമായും ഇതര വർഗീയ സംഘടനകളുമായും ചേരാനും ആനന്ദിക്കാനും മടിയില്ല. പുറമെ എതിർക്കുകയും അകമേ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ഈ വ്യവസ്ഥ തങ്ങൾ വെറുക്കുന്നവരിൽ വർഗീയത ആരോപിച്ച് രാഷ്ട്രീയ മാന്യത കൊയ്തെടുക്കുന്നു. നാം പതുക്കെ രാഷ്ട്രീയ വർഗീയതയിലേക്ക് മാറുന്നു.
ഭരണകൂടങ്ങൾ വർഗീയമാകുന്നിടം മാനവികമല്ലാതാകും എന്ന സത്യം മോദിയും പിണറായിയും ഓർമപ്പെടുത്തുന്നു. ഭരണകൂട നയങ്ങൾ അതിനനുകൂലമായി നിർമിച്ചെടുക്കുകയും ചെയ്യുന്നു.
വേട്ടക്കാരാ, ഈ വസ്തുതകൾ കേരളം തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.