Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅസദിന്​ അധികാരം മതി;...

അസദിന്​ അധികാരം മതി; സിറിയക്ക്​ സമാധാനം വേണം

text_fields
bookmark_border
bashar al assad cartoon
cancel

ഒരു പതിറ്റാണ്ടായി രക്തരൂഷിത ആഭ്യന്തര കലാപം തുടരുന്ന സിറിയയിൽ ഇക്കഴിഞ്ഞ മേയ് 26ന് പ്രസിഡൻറ്​ തെരഞ്ഞെടുപ്പ് നടന്നു. ഐക്യരാഷ്​ട്രസഭയുടെ മേൽനോട്ടത്തിൽ സ്വത​ന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിന്​ ശ്രമങ്ങൾ പുരോഗമിക്കവെ തിരക്കിട്ടുനടത്തിയ നാടകത്തിൽ ബശ്ശാർ അൽഅസദ് നാലാം തവണയും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.

95.1 ശതമാനം വോട്ടോടെ വിജയിച്ചുവെന്നാണ്​ പ്രഖ്യാപനം. 1.4 കോടി ജനങ്ങൾ വോട്ടിങ്ങിൽ പങ്കെടുത്തതായി ഭരണകൂടത്തെ പ്രതിനിധാനംചെയ്​ത്​ സ്പീക്കർ ഹമ്മൂദ ദബ്ബാഗ് വെളിപ്പെടുത്തുന്നു. എന്നാൽ, അന്താരാഷ്​ട്ര സമൂഹം ഇത്​ അംഗീകരിച്ചിട്ടില്ല.

ഏകപക്ഷീയം എന്ന ദുഷ്​പേരിൽനിന്ന്​ രക്ഷപ്പെടാൻ നാമമാത്ര പ്രതിപക്ഷത്തെയും പ്രക്രിയയിൽ ഉൾക്കൊള്ളിച്ചിരുന്നു. എതിരായി മത്സരിച്ച നിലവിലെ പ്രതിപക്ഷകക്ഷികളുടെ നേതാവ് മഹ്മൂദ് അഹമ്മദ് മറാഇക്ക് 3.3 ശതമാനവും മുൻ ഉപമന്ത്രികൂടിയായ അബ്​ദുല്ലാഹ് സല്ലൂം അബ്​ദുല്ലക്ക് 1.5 ശതമാനം വോട്ടുമാണ്​ കിട്ടിയതെന്നാണ്​ ഭരണകൂടഭാഷ്യം​. ഏഴു വർഷത്തേക്കുകൂടി പദവിയിൽ അമർന്നിരിക്കാനുള്ള അസദി​െൻറ തീരുമാനത്തിനെതിരെ സിറിയയിലും പുറത്തും പ്രതിഷേധങ്ങൾ വ്യാപകമാണ്​.

ബഹിഷ്കരിച്ചവരും പിന്തുണച്ചവരും

രാജ്യത്തിനകത്തും പുറത്തുമുള്ള ഭൂരിപക്ഷം സിറിയക്കാരും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയോ വിട്ടുനിൽക്കുകയോ ചെയ്തെങ്കിലും കണക്കുകളിൽ അവയൊന്നും പ്രകടമല്ല. പ്രധാന പ്രതിപക്ഷമായ സിറിയൻ ഡെമോക്രാറ്റിക് ഫ്രണ്ടും രാഷ്​​ട്രീയ വിഭാഗമായ സിറിയൻ ഡെമോക്രാറ്റിക് കൗൺസിലും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. സിറിയക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാതെ, രാഷ്​ട്രീയമായ അവരുടെ നിലനിൽപിനെ അംഗീകരിക്കാതെ ഒരു തെരഞ്ഞെടുപ്പിനെയും പിന്തുണക്കാൻ കഴിയില്ലെന്നാണ് കൗൺസിലി​ന്‍റെ ന്യായം. 15 പാർട്ടികളുടെ കൂട്ടായ്മയായ നാഷനൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഈ തെരഞ്ഞെടുപ്പിനെ ആഭാസം എന്നാണ് വിശേഷിപ്പിച്ചത്​.

കുർദുകൾ വിട്ടുനിൽക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. കുർദുകൾ വോട്ടെടുപ്പിൽ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പിക്കാൻ അവരുടെ അതിർത്തികൾ അടച്ചിട്ടു. ഏതാണ്ട് 44 ലക്ഷം ജനങ്ങൾ ഈ പ്രവിശ്യകളിൽ ഉണ്ടെന്നാണ് കണക്കുകൾ. കഴിഞ്ഞ ഏതാനും വർഷങ്ങളായി സിറിയൻ ഭരണകൂടം ഏറ്റവും കൂടുതൽ ആക്രമണം നടത്തിയ സ്ഥലമാണ് ഇദ്​ലിബ്. തുർക്കി, ജർമനി, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ തങ്ങുന്ന അഭയാർഥികൾക്ക് വോട്ടുചെയ്യാനുള്ള അവസരമുണ്ടായിരുന്നില്ല. ഭരണകൂടത്തി​െൻറ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിൽ മാത്രമാണ് ​െതരഞ്ഞെടുപ്പ് നടന്നത്. എതിരാളികളെപ്പോലും നിർണയിച്ചത് അസദ് പട്ടാളത്തി​​െൻറ നിയന്ത്രണത്തിലായിരുന്നുവെന്നാണ് സിറിയയിൽനിന്ന്​ വരുന്ന വാർത്തകൾ.

അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇപ്പോഴത്തെ പ്രസിഡൻഷ്യൽ തെര​െഞ്ഞടുപ്പ് വഞ്ചനാപരമെന്നും രാജ്യത്ത് മനുഷ്യക്കുരുതികളും മനുഷ്യാവകാശലംഘനങ്ങളും അവസാനിപ്പിക്കാതെ ഒരു രാഷ്​ട്രീയ നടപടികളും അംഗീകരിക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തെ സഹായിക്കുന്ന തുർക്കിയും നിയമാനുസൃതമല്ലാത്ത തെരഞ്ഞെടുപ്പ്​ തള്ളിക്കളയാൻ ആഹ്വാനംചെയ്യുന്നു.

സിറിയൻ ഭരണകൂടത്തിനു നിയമസാധുതയുടെ കച്ചിത്തുരുമ്പൊരുക്കുന്ന ഇറാനും റഷ്യയുമാണ് ബശ്ശാർ അൽഅസദിനു തെരഞ്ഞെടുപ്പിനു വേണ്ട സർവസഹായങ്ങളും നൽകി പിന്തുണച്ചത്. ചില അറബ് രാജ്യങ്ങളും നിശ്ശബ്​ദ പിന്തുണ നൽകിയവരുടെ കൂട്ടത്തിലുണ്ട്. നേരത്തേ സിറിയൻ വിമതരെ സഹായിച്ചിരുന്ന യു.എ.ഇ 2018ൽ ഡമസ്കസിൽ എംബസി തുറന്ന്​ രാജ്യത്തെ സഹായിക്കുന്നവരുടെ പട്ടികയിൽ ഇടംപിടിച്ചിരുന്നു. ബഹ്​റൈനും ഇതേ പാതയിൽ എത്തുകയുണ്ടായി. സൗദി അറേബ്യ സിറിയയുമായി ചർച്ചകൾ പുനരാരംഭിച്ചതും കഴിഞ്ഞമാസത്തിൽ ഡമസ്കസുമായി നടന്ന ആദ്യഘട്ട ഔദ്യോദിക ചർച്ചയും അറബ് രാജ്യങ്ങളെ കൂടെ നിർത്താനുള്ള അസദി​​െൻറ ശ്രമങ്ങൾ വിജയംകണ്ടതി​െൻറ സൂചനകളാണ്​. ഭരണകൂടത്തിന്​ അനുകൂലമായി ഈജിപ്തും സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പ് സിറിയൻ ജനതക്ക് അവരുടെ ഭാവി നിർണയിക്കാനുള്ള അവസരമൊരുക്കുമെന്നാണ് ഈജിപ്ത് വിദേശകാര്യമന്ത്രി സാമിഹ് ശുക്​രി അഭിപ്രായപ്പെട്ടത്.

അണയാതെ കെടുതികൾ

കൃത്യമായി പറഞ്ഞാൽ 10 വർഷവും മൂന്നു മാസവും പിന്നിട്ടിട്ടും അവസാനിച്ചിട്ടില്ലാത്ത സിറിയൻ ആഭ്യന്തരയുദ്ധത്തിനിടയിൽ അഞ്ചു ലക്ഷത്തോളമാളുകൾ കൊലചെയ്യപ്പെട്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബർ വരെ 3,87,118 പേർ കൊലചെയ്യപ്പെട്ടതായും 2,05,300 പേർ കാണാതാവുകയോ മരിക്കുകയോ ചെയ്തതായും സിറിയൻ ഒബ്സർവേറ്ററി ഹ്യൂമൻ റൈറ്റ്സി​​െൻറ റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു.

ഏതാണ്ട് 88,000 ആളുകൾ ജയിലറകളിലാണ് മരിച്ചത്​. ഏതാണ്ട് 66 മില്യൺ നാടുവിട്ടിരിക്കാമെന്നും വിവിധ ഏജൻസികൾ പറയുന്നു. സിറിയയിൽ 80 ശതമാനത്തിലധികം ആളുകൾ ഭക്ഷ്യക്ഷാമമനുഭവിക്കുന്നു. ദാരിദ്ര്യംമൂലം അനേകമാളുകൾ ദിനേനയെന്നോണം മരിച്ചുവീഴുന്നു. ഡെൻമാർക്ക്​ പോലുള്ള രാജ്യങ്ങൾ സിറിയൻ അഭയാർഥികളെ വിലക്കാൻ നിയമം കൊണ്ടുവരുന്നതിനിടയിലും തലസ്ഥാനമായ ഡമസ്കസിൽനിന്നുപോലും മൂന്നിൽ രണ്ടു പേർ രാജ്യംവിടാൻ അവസരം പാർത്തിരിക്കുകയാണെന്ന് വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

സാ‍മ്പത്തികമായി കുത്തനെ താഴോട്ടുപോകുന്നതിനിടെ കോവിഡി​െൻറ വരവ് ആരോഗ്യമേഖലയുടെ നടുവൊടിക്കാൻ കാരണമായി. അന്താരാഷ്​ട്ര ഉപരോധങ്ങളുടെ ചങ്ങലക്കെട്ടിനോടൊപ്പം താങ്ങാനാവാത്ത കടഭാരവും രാജ്യത്തെ വരിഞ്ഞുമുറുക്കുന്നു. സാമ്പത്തികമാന്ദ്യം, പണപ്പെരുപ്പം, വിലക്കയറ്റം എന്നിങ്ങനെ സംഭവിക്കാനിനി ദുരിതങ്ങളൊന്നും ബാക്കിയില്ലെന്നു​ നിൽക്കെയാണ്​ അസദ്​ തെരഞ്ഞെടുപ്പ് തട്ടിക്കൂ‍ട്ടിയത്​. കിരാതമായ പട്ടാളമേൽക്കോയ്​മ തുടരുന്നതിനിടെ തട്ടിപ്പ്​, കവർച്ച, മയക്കുമരുന്ന്​ ലോബികളുടെ തേർവാഴ്ച എന്നിവയെല്ലാം നിർബാധം നടക്കുന്നുമുണ്ട്.

ഐക്യരാഷ്​ട്രസഭയുടെ മേൽനോട്ടത്തിലുണ്ടാക്കിയ പ്രമേയപ്രകാരമുള്ള സമാധാന പദ്ധതി നടപ്പാക്കിയാൽ മാത്രമേ സിറിയൻ ജനതക്ക്​ അൽപമെങ്കിലും ആശ്വസിക്കാനുള്ള വഴി തുറക്കപ്പെടുകയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bashar al assadsyria
News Summary - bashar al assad needs only power but syria needs peace
Next Story