പള്ളികൾ തുറക്കുമ്പോൾ ജാഗ്രത പാലിക്കുക
text_fieldsആരാധനാലയങ്ങൾ തുറക്കാൻ ഒൗദ്യോഗിക അനുവാദം ലഭിെച്ചങ്കിലും സംസ്ഥാനത്ത് കോവിഡ്രോഗികൾ കൂടിക്കൊണ്ടിരിക്കുകയും സമൂഹവ്യാപനത്തിെൻറ അടയാളങ്ങൾ പ്രകടമാവുകയും ചെയ്ത പശ്ചാത്തലത്തിൽ പല മസ്ജിദ് കമ്മിറ്റികളും മുസ്ലിം സംഘടനകളുടെ ജില്ല സമിതികളും പള്ളികൾ തുറന്നുപ്രവർത്തിക്കുന്നത് തൽക്കാലം നിർത്തിവെച്ചത് തീർത്തും ഉചിതമായി. നമസ്കാരം യാത്രക്കാരന് ചുരുക്കി നിർവഹിക്കാം. രണ്ടു നേരമുള്ളത് ഒരുനേരം ഒന്നിച്ച് നിർവഹിക്കാം. വെള്ളം ലഭ്യമല്ലെങ്കിൽ, അത് ഉപയോഗിക്കാൻ രോഗം കാരണം വിലക്കുണ്ടെങ്കിൽ അംഗശുദ്ധിക്ക് വെള്ളം വേണ്ട, ബദൽ സംവിധാനമുണ്ട്. നിൽക്കാൻ കഴിയാത്തവന് ഇരുന്നും ഇരിക്കാൻ കഴിയാത്തവന് കിടന്നും അത് നിർവഹിക്കാം. പേമാരി പോലെ പ്രകൃതിപരമായ തടസ്സങ്ങളുണ്ടാകുമ്പോൾ പള്ളിയിൽ പോകാതെ നമസ്കാരം വീട്ടിൽ നിർവഹിക്കാം.
അതേസമയം, മൂല്യങ്ങളുടെ കാര്യത്തിൽ ഒരുവിധ ഇളവും വിട്ടുവീഴ്ചയും വിശ്വാസികൾക്ക് ഇസ്ലാം അനുവദിച്ചിട്ടില്ല. സമൂഹത്തിന് ദ്രോഹം വരുത്തുന്ന കാര്യങ്ങൾ ചെയ്യാൻ ഒരു സാഹചര്യത്തിലും അനുവാദമില്ല. തനിക്കോ സമൂഹത്തിനോ ദോഷകരമായ, വിപത്ത് വരുത്തുന്ന ഏതു പ്രവൃത്തിയും മതം ശക്തമായി വിലക്കുന്നു. അതിനാൽ മറ്റുള്ളവരിൽനിന്ന് തനിക്കോ തന്നിൽനിന്ന് മറ്റുള്ളവർേക്കാ രോഗം പകരാൻ ഇടവരുന്ന ഒരു സമീപനവും ആരിൽനിന്നും ഉണ്ടാകാതിരിക്കാൻ നിതാന്തശ്രദ്ധയും ജാഗ്രതയും പുലർത്തുകതന്നെ വേണം. താൻ കാരണമായി ഒരാളും പ്രയാസപ്പെടില്ലെന്ന് ഉറപ്പുവരുത്തണം. ഇതെല്ലാം വിശ്വാസികളുടെ മതപരമായ ബാധ്യതകൂടിയാണെന്നതും മറക്കാതിരിക്കുക. ഇതെല്ലാം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ബന്ധപ്പെട്ടവർ തയാറാവുന്നുവെന്നത് അഭിനന്ദനാർഹമാണ്. പള്ളികൾ തുറക്കുമ്പോൾ പാലിക്കാൻ മുഖ്യമന്ത്രി നിർദേശിച്ച പ്രധാന നിബന്ധനകളിലേറെയും ജൂൺ മൂന്നിന് മലപ്പുറത്ത് ചേർന്ന മുസ്ലിം സംഘടനാ നേതാക്കളുടെ സംയുക്ത യോഗം എടുത്ത തീരുമാനങ്ങൾതന്നെയാണ്.
പള്ളിയിൽ പോകുേമ്പാൾ മാസ്ക് ധരിക്കുക, മുമ്പും ശേഷവും കൈകള്‍ കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, നമസ്കാരത്തിന് വരുമ്പോള്‍ പള്ളിയിൽ ഉപയോഗിക്കാൻ പായയോ മറ്റോ കൊണ്ടുവരുക, നിശ്ചിത അകലം പാലിക്കുക, 10 വയസ്സിനു താഴെയുള്ള കുട്ടികളെ പള്ളിയിലേക്ക് കൊണ്ടുവരാതിരിക്കുക, വീടുകളില്‍നിന്ന് അംഗശുദ്ധിയോടെ വരുക, അംഗശുദ്ധി വരുത്താനുള്ള ജലസംഭരണികൾ ഒഴിവാക്കുക, തിരക്ക് ഒഴിവാക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യുക, സാധാരണ സംഘടിത നമസ്കാരവും അനുബന്ധ കാര്യങ്ങളും 15 മിനിറ്റുകൊണ്ട് പൂർത്തീകരിക്കുക, നമസ്കാരം കഴിഞ്ഞാൽ പള്ളികൾ അടച്ചുപൂട്ടുക തുടങ്ങിയ പ്രധാന തീരുമാനങ്ങളെല്ലാം മുഴുവൻ മുസ്ലിം സംഘടനകളും എടുത്തതും അംഗീകരിച്ചതുമാണ്. ജൂൺ നാലിന് മുഖ്യമന്ത്രിയുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ മുസ്ലിം സംഘടനകൾ ഏതാനും നിർദേശങ്ങൾകൂടി സമർപ്പിച്ചു.
എയർ കണ്ടീഷൻ ഉപയോഗിക്കാതിരിക്കുക, പള്ളികൾ വലുപ്പമനുസരിച്ച് നമസ്കരിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുക, അനുവദിക്കപ്പെട്ട ആളുകളുടെ എണ്ണം പൂർത്തിയായാൽ പള്ളികൾ അകത്തുനിന്ന് അടക്കുക, സംഘടിത നമസ്കാരം ആരംഭിച്ചശേഷം ആർക്കും പ്രവേശനം നൽകാതിരിക്കുക, വിദേശത്തുനിന്ന് വന്നവരും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയവരും ക്വാറൻറീൻ കാലാവധി കഴിഞ്ഞാലും ഒന്നോ രണ്ടോ ആഴ്ച പള്ളിയിൽ വരാതിരിക്കുക തുടങ്ങിയ നിർദേശങ്ങൾ അതിൽപെടുന്നു.
കേരളത്തിൽ അനുദിനം കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹവ്യാപനത്തിെൻറ അടയാളങ്ങൾ കാണിച്ചുതുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിൽ ഒൗദ്യോഗിക നിർദേശങ്ങൾ പൂർണമായും പാലിച്ചു മാത്രമേ പള്ളികൾ തുറക്കുകയും ഉപയോഗിക്കുകയുമുള്ളൂ എന്ന് എല്ലാ പള്ളി കമ്മിറ്റികളും മുഴുവൻ വിശ്വാസികളും നിർബന്ധമായും തീരുമാനിക്കണം. അവ പാലിക്കാനും നടപ്പാക്കാനും സാധ്യമാവാതെ വരുന്ന സ്ഥലങ്ങളിൽ പള്ളികൾ തുറക്കാതിരിക്കുകയാണ് വേണ്ടത്. മതപരമായ ബാധ്യത എന്ന നിലയിൽതന്നെയാണ് ഇതെല്ലാം പാലിക്കേണ്ടത്. ലംഘിക്കുന്നത് സർക്കാർ നടപടികൾക്ക് വിധേയമാകുന്നതോടൊപ്പംതന്നെ മതപരമായി കുറ്റകൃത്യമാണെന്ന കാര്യം മറക്കാതിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.