അലഹബാദ് ഹൈകോടതി വിധി വീെണ്ടടുക്കുന്നത് വ്യക്തിസ്വാതന്ത്ര്യവും തൊഴിൽ അവകാശവും
text_fieldsഎന്ത് ആഹാരം കഴിക്കണമെന്നും ഏതു തൊഴിൽ ചെയ്യണമെന്നുമുള്ള ജനങ്ങൾക്ക് ഭരണഘടന നൽകിയ അവകാശങ്ങളുടെ കഴുത്തിൽ കത്തിവെക്കുന്നതായിരുന്നു യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗവൺമെൻറിെൻറ ഉത്തരവുകൾ. ഭരണഘടനയുടെ കാതലായ മൗലികാവകാശങ്ങളിലെ വകുപ്പ് 19 വ്യക്തിസ്വാതന്ത്ര്യത്തെ ഉൗന്നിപ്പറയുന്നതാണ്. ഈ വകുപ്പിൽപെട്ട ഏതു ജോലി ചെയ്യുന്നതിനും ഏതു തൊഴിലും വ്യാപാരവ്യവസായാദികളും നടത്തുന്നതിനുമുള്ള അവകാശവും സുപ്രധാനമാണ്. യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാർ ഈ മൗലികാവകാശങ്ങളെ പിച്ചിച്ചീന്തിയിരിക്കുകയാണെന്ന് അടിവരയിട്ടു പറയുന്നതാണ് അലഹബാദ് ഹൈകോടതി വിധി. തൊഴിൽ, ഉദ്യോഗം, വ്യാപാരം തുടങ്ങിയവക്കുള്ള സ്വാതന്ത്ര്യം അടിവരയിട്ടു പറയുന്ന ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് 19 ഒരു പരിശോധനക്ക് വിധേയമാക്കുന്നത് ഈ അവസരത്തിൽ പ്രസക്തമാണ്. മൗലികാവകാശങ്ങളിൽ ഏറ്റവും മൗലികമായത് വ്യക്തിസ്വാതന്ത്ര്യമാണ്. 19ാം വകുപ്പു മുതൽ 22ാം വകുപ്പുവരെ ഈ മൗലികാവകാശത്തിെൻറ വിവിധ വശങ്ങൾ പ്രതിപാദിക്കുന്നു. മൊത്തത്തിൽ ഈ നാലു വകുപ്പുകളും വ്യക്തിസ്വാതന്ത്ര്യങ്ങളുടെ ഒരു അധ്യായമായി തീരുന്നു. അതുതന്നെയാണ് മൗലികാവകാശങ്ങളുടെ നട്ടെല്ല്. ഇതിൽ 19ാം വകുപ്പാണ് ഏറ്റവും പ്രധാനം. ഭരണഘടനയനുസരിച്ച് എല്ലാ പൗരന്മാർക്കും നൽകിയ മൗലികസ്വാതന്ത്ര്യങ്ങൾ ഉൾക്കൊണ്ട സുപ്രധാന വകുപ്പാണിത്.
19(1) ജി വകുപ്പ് ഏതു തൊഴിലിൽ ഏർപ്പെടാനും ഏതു തൊഴിലും വ്യാപാരവും ബിസിനസും നടത്താനുള്ള സ്വാതന്ത്ര്യവും ഉറപ്പുനൽകുന്നു. ഓരോരുത്തരും ഇഷ്ടമുള്ള തൊഴിലോ, ഉദ്യോഗമോ, വ്യാപാരമോ, ബിസിനസോ തെരഞ്ഞെടുക്കാനുള്ള ഭരണഘടനാപ്രകാരമുള്ള ഉറപ്പ് ചലനാത്മകവും ജനാധിപത്യപരവുമായ സമൂഹത്തിെൻറ നിർമിതിക്ക് സഹായമേകുമെന്നു തീർച്ചയാണ്. ഈ അവകാശങ്ങൾ മൗലികാവകാശങ്ങളുടെ അധ്യായത്തിൽ ഉൾപ്പെടുത്തുന്നതിന് ഭരണഘടന നിർമാതാക്കൾ അതിസമർഥമായി പ്രവർത്തിച്ചത് അതുകൊണ്ടാണ്. റഷീദ് അഹ്മദ് എന്നയാളും കൈറാന മുനിസിപ്പൽ ബോർഡും തമ്മിലുണ്ടായ കേസിൽ തൊഴിൽ സ്വാതന്ത്ര്യത്തെ സംബന്ധിച്ച ഖണ്ഡികയും ഉറപ്പുനൽകപ്പെട്ട അവകാശങ്ങളുടെ പരിധിയും സുപ്രീംകോടതി വിശദമായി ചർച്ചചെയ്തിരുന്നു. ഉത്തർപ്രദേശ് പട്ടണമായ കൈറാനയിലെ ഒരു കമ്പോളത്തിൽ പഴങ്ങളും പച്ചക്കറികളും മൊത്തവ്യാപാരം നടത്തുകയായിരുന്നു റഷീദ് അഹ്മദ്. 1949 ഏപ്രിലിൽ കൈറാന മുനിസിപ്പാലിറ്റി പുതുതായുണ്ടാക്കിയ നിയമാവലി അനുസരിച്ച് പച്ചക്കറി വ്യാപാരം ലേലത്തിനു വെച്ചു. അങ്ങനെ കരാർ ലഭിച്ചത് ഹബീബ് അഹ്മദ് എന്നയാൾക്കാണ്. തുടർന്ന് പച്ചക്കറി മൊത്ത വ്യാപാരം നടത്തുന്നതിനുള്ള ചന്തക്ക് സ്ഥലം നിർണയിച്ചു മുനിസിപ്പാലിറ്റി വിജ്ഞാപനവും പ്രസിദ്ധീകരിച്ചു. ഇൗ വിവരമറിഞ്ഞ റഷീദ് അഹ്മദ് തെൻറ പീടികയിൽ വ്യാപാരം നടത്താനുള്ള ലൈസൻസിന് അപേക്ഷിച്ചു. പക്ഷേ, ഈ അപേക്ഷ തള്ളിയതായി അധികൃതർ അറിയിച്ചു. അതിനുള്ള കാരണമൊന്നും പറഞ്ഞിരുന്നില്ല. താമസിയാതെ തന്നെ നിശ്ചിത വിപണിയിലോ സ്വന്തം പീടികയിലോ പച്ചക്കറി വിൽക്കുന്നത് നിർത്തണമെന്ന് കാണിച്ച് മുനിസിപ്പാലിറ്റി റഷീദിന് നോട്ടീസ് നൽകി.
മുനിസിപ്പാലിറ്റിയുടെ പുതിയ ബൈലോ വരുന്നതിന് ഏതാണ്ട് രണ്ടു കൊല്ലം മുമ്പുതന്നെ ഹരജിക്കാരൻ സ്വന്തം പീടികയിൽ പച്ചക്കറി വ്യാപാരം നടത്തിവന്നിരുന്നു. അദ്ദേഹത്തിെൻറ വ്യാപാരം പൂർണമായി നിർത്തലാക്കുകയും നിയമലംഘനം നടത്തിയതിന് േപ്രാസിക്യൂഷൻ നടപടി ആരംഭിക്കുകയും ചെയ്തു. സുപ്രീംകോടതിയുടെ ഏകകണ്ഠമായ തീർപ്പിനെ പ്രതിപാദിച്ച് ജസ്റ്റിസ് എസ്.ആർ. ദാസ് ഇങ്ങനെ അഭിപ്രായപ്പെട്ടു: ‘‘ഭരണഘടന 19(1) ജി വകുപ്പ്് മുഖേന അതേ വകുപ്പിലെ ആറാം ഖണ്ഡികയിൽ പ്രതിപാദിച്ച ന്യായപൂർവമായ നിയന്ത്രണങ്ങൾക്ക് വിധേയമായി വ്യാപാരമോ ബിസിനസോ നടത്താനുള്ള അവകാശം ഇന്ത്യൻ പൗരന് ഉറപ്പുനൽകുന്നു. രണ്ടാം വകുപ്പനുസരിച്ച് ബോർഡിെൻറ അനുമതി ഉണ്ടെങ്കിലല്ലാതെ പച്ചക്കറി മൊത്തവ്യാപാരത്തിന് ആരും ഒരു ചന്ത ഏർപ്പെടുത്തിക്കൂടെന്ന് വ്യവസ്ഥപ്പെടുത്തിയിട്ടുണ്ടെങ്കിലും ലൈസൻസ് നൽകാൻ വാദിയെ അധികാരപ്പെടുത്തുന്ന ഉപനിയമമില്ല. അതിനാൽ, ഈ നിയമം ഏർപ്പെടുത്തുന്ന നിരോധം ലൈസൻസുകൾ നൽകാനുള്ള വ്യവസ്ഥയുടെ അഭാവത്തിൽ കേവലം ദുർബലമായിത്തീരുന്നു. മാത്രമല്ല, ബോർഡ് ഹബീബ് അഹ്മദിന് വ്യാപാരത്തിനുള്ള കുത്തക അനുവദിക്കുകയും ഹരജിക്കാരന് പച്ചക്കറി മൊത്തവ്യാപാരം നടത്തുന്നതിന് ഒരു നിശ്ചിത വിപണിയിലോ കൈറാനാ മുനിസിപ്പൽ അതിർത്തിക്കകത്ത് ഏതെങ്കിലും സ്ഥലത്തോ ലൈസൻസ് അനുവദിക്കാൻ അധികാരമില്ലാത്ത അവസ്ഥ കൈവരികയും ചെയ്തിരിക്കുന്നു.
ഭരണഘടനയുടെ 19ാം വകുപ്പ് ആറാം ഉപവകുപ്പിൽ വിഭാവന ചെയ്തപോലെ ഹരജിക്കാരെൻറ മേലുള്ള ന്യായപൂർവമായ നിയന്ത്രണങ്ങൾക്ക് എത്രയോ അതീതമാണ് ഈ യാഥാർഥ്യം. ഈ കേസിൽ ഹരജിക്കാരെൻറ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിെൻറ പരാതി പരിഹരിക്കപ്പെടേണ്ടതാണെന്നും ഞങ്ങൾക്ക് ബോധ്യമായിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ നിയമമനുസരിച്ച് ഭാവിയിലുണ്ടാക്കുന്ന ഉപനിയമങ്ങൾ അനുസരിച്ചല്ലാതെ കൈറാനാ മുനിസിപ്പൽ അതിർത്തിക്കകത്ത് പച്ചക്കറികളും പഴങ്ങളും മൊത്തമായോ കമീഷൻ ഏജൻറ് എന്ന നിലക്കോ വ്യാപാരം നടത്തുന്നതിന് ഹരജിക്കാരനെ നിരോധിച്ചുകൂടാ. ഹരജിക്കാരെൻറ മേൽ നിലവിലുള്ള േപ്രാസിക്യൂഷൻ പ്രതിയായ മുനിസിപ്പൽ ബോർഡ് പിൻവലിക്കണമെന്നും നിർദേശിച്ചുകൊണ്ട് ഉത്തരവിടുകയാണ് ന്യായം. അതിനാൽ ഞങ്ങൾ അപ്രകാരം ഉത്തരവിടുന്നു.’’
ചിന്താമൺ റാവുവും മധ്യപ്രദേശ് ഗവൺമെൻറും തമ്മിലുണ്ടായ കേസിൽ സെൻട്രൽ േപ്രാവിൻസസ് ആൻഡ് ബിഹാർ ബീഡി നിർമാണ (കാർഷികാവശ്യങ്ങൾക്ക്) നിയമം സുപ്രീംകോടതി അസാധുവാക്കി. സംസ്ഥാനത്തിലെ ചില ഭാഗങ്ങളിൽ കൃഷിയിറക്കുന്ന കാലങ്ങളിൽ ബീഡി നിർമാണം പൂർണമായും നിരോധിക്കാൻ നിയമം വ്യവസ്ഥ ചെയ്തിരുന്നതാണ് കാരണം. അത്തരമൊരു നിരോധം പ്രഥമദൃഷ്ടിയിൽ തന്നെ േസ്വച്ഛാപരമാണെന്നും അതിനാൽ ഒരു തൊഴിലോ വ്യാപാരമോ, ബിസിനസോ നടത്തുന്നതിനുള്ള അവകാശവിനിയോഗത്തിന്മേലുള്ള ന്യായമായ നിയന്ത്രണമാണെന്ന് പറഞ്ഞുകൂടെന്നും കോടതി പ്രസ്താവിച്ചു.
ഇത്തരം വിധിപ്രസ്താവങ്ങെളാക്കെ മുന്നിലിരിക്കെ തന്നെ അതൊക്കെ അവഗണിച്ച് ഉത്തർപ്രദേശിൽ അറവുശാലകൾ പൂട്ടിയ യോഗി ആദിത്യനാഥ് സർക്കാറിന് കോടതി ശക്തമായ തിരിച്ചടി നൽകിയത് സ്വാഭാവികം. പുതിയ അറവുശാലകൾക്ക് ലൈസൻസ് നൽകാനും പഴയ അറവുശാലകളുടെ ലൈസൻസ് പുതുക്കി നൽകാനും അലഹബാദ് ഹൈകോടതി ഇടക്കാല ഉത്തരവിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.
ഒരു കൂട്ടം ഇറച്ചിവ്യാപാരികൾ നൽകിയ ഹരജിയിലാണ് ഈ ഉത്തരവ്. മാംസാഹാരം കഴിക്കാനുള്ള പൗരെൻറ അവകാശം ആർക്കും നിഷേധിക്കാനാവില്ലെന്നു കോടതി തുറന്നുപറഞ്ഞു. സംസ്ഥാനത്തെ മാംസവിൽപനയിലുണ്ടായ സ്തംഭനാവസ്ഥക്ക് ഈ ഉത്തരവ് താൽക്കാലിക പരിഹാരമാകും. അറവുശാലകളുടെ പ്രവർത്തനങ്ങൾ നിയമവിധേയമാക്കുന്നതിനുള്ള ഉത്തരവാദിത്തത്തിൽനിന്ന് സംസ്ഥാനസർക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഇടക്കാല ഉത്തരവിൽ ജസ്റ്റിസ് എ.പി. സാഹി വ്യക്തമാക്കി. ലൈസൻസ് പുതുക്കുന്നതിനും പുതിയ ലൈസൻസിനും വ്യാപാരികൾക്ക് അപേക്ഷ സമർപ്പിക്കാം. മാർച്ച് 19െൻറ ഉത്തരവുപ്രകാരം അടച്ചിടേണ്ടിവന്ന അറവുശാലകൾക്കും അപേക്ഷ സമർപ്പിക്കാം.
ജനങ്ങളുടെ ആരോഗ്യം പരിഗണിച്ച് വൃത്തിയുള്ള അറവുശാലകൾ സ്ഥാപിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ തയാറാകണമെന്ന് ഹൈകോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാംസ ഉപയോഗവും കച്ചവടവും നിരോധിക്കുക ഭരണകക്ഷിയായ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ പ്രധാന പരിപാടിയായിരുന്നെന്ന് ബോധ്യമായ കാര്യവും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ലക്ഷോപലക്ഷം പേരാണ് യു.പിയിൽ മാംസ സംസ്കരണത്തിലും വിൽപനയിലുമായി ഉപജീവനം നയിക്കുന്നത്. യു.പിയിലെ മാംസ സംസ്കരണ വ്യവസായ രംഗത്തുള്ള ഒരു സ്ഥാപനത്തിെൻറ മൂലധനം 15,000 കോടി രൂപക്കു മുകളിലാണ്. ആയിരക്കണക്കിന് ജീവനക്കാരാണ് ഈ സ്ഥാപനത്തിൽ മാത്രമുള്ളത്. യു.പിയിൽ ഒട്ടാകെ ആയിരക്കണക്കിന് അംഗീകൃതവും അംഗീകാരമില്ലാത്തതുമായ അറവുശാലകളുണ്ട്. പതിനായിരക്കണക്കിന് തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്. ലക്ഷോപലക്ഷം കുടുംബങ്ങൾ ഈ മേഖലകൊണ്ട് ഉപജീവനം നടത്തുകയാണ്. സംസ്കരിച്ച മാംസത്തിൽ നല്ലൊരു ശതമാനം രാജ്യത്തിന് പുറത്തേക്ക് കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തിന് കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിത്തരുകയും ചെയ്യുന്നുണ്ട് ഈ മാംസ സംസ്കരണ കേന്ദ്രങ്ങൾ.
സാമൂഹികക്ഷേമം മുൻനിർത്തിയായിരിക്കണം നിയമങ്ങൾ നടപ്പാക്കേണ്ടത്. സർക്കാരും അനുബന്ധ ഭരണകൂടങ്ങളും ഇതിനായി ശ്രമിക്കുമെന്ന് കരുതുന്നു - ഹൈകോടതി വിധിയിൽ പറഞ്ഞു. മാംസ വ്യാപാരം ഒരു വിഭാഗം ആളുകൾക്ക് പാരമ്പര്യ തൊഴിലാണ്, ഈ രംഗത്ത് വൻകുത്തകകളും ഇപ്പോൾ കടന്നുവന്നിട്ടുണ്ട്.
മാംസാഹാരമാണോ, സസ്യാഹാരമാണോ കഴിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് വ്യക്തികളുടെ ഭരണഘടനാപരമായ അവകാശമാണ്. ഈ അവകാശമാണ് നമ്മുടെ ഭരണഘടനയുടെ നട്ടെല്ലായ മൗലികാവകാശങ്ങളുടെ അടിത്തറയും. എന്താഹാരം കഴിക്കണമെന്ന് പോലും തീരുമാനിക്കാൻ കഴിയാത്ത ജനസമൂഹത്തെ മൃഗതുല്യം കാണേണ്ടിവരും. അതുകൊണ്ടുതന്നെയാണ് എന്തു തൊഴിൽ ചെയ്യണമെന്നും, എന്ത് ആഹാരം കഴിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശം ഭരണഘടന നൽകിയിരിക്കുന്നത്. അത് ശക്തമായി ഉയർത്തിപ്പിടിക്കുകയാണ് അലഹബാദ് ഹൈകോടതി ഈ ഐതിഹാസികമായ വിധിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.