Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബീഫ് ഒരു മുസ്‌ലിം...

ബീഫ് ഒരു മുസ്‌ലിം വിഷയമല്ല

text_fields
bookmark_border
ബീഫ് ഒരു മുസ്‌ലിം വിഷയമല്ല
cancel

ഇന്ത്യയിൽ ബീഫും ഗോവധവും സംബന്ധിച്ച ചർച്ചകൾ വീണ്ടും ചൂടുപിടിച്ചുകൊണ്ടിരിക്കുന്നു. ഈ വിവാദങ്ങളിൽ മുസ്‌ലിംകൾ കക്ഷി ചേരേണ്ട ഒരാവശ്യവുമില്ല. സൗദി അറേബ്യയിലെ ഉന്നത പണ്ഡിതന്മാർ ഉൾക്കൊള്ളുന്ന റിസർച്ച് ആൻഡ്​ ഫത്‌വാ സ്ഥിരം സമിതിക്ക് മുന്നിൽ വർഷങ്ങൾക്കു മുമ്പ് വന്ന ഒരു ഇന്ത്യക്കാര​​​െൻറ ചോദ്യവും അതിന്‌ നൽകിയ മറുപടിയും പുതിയ സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാണ്. ‘ഇന്ത്യയിൽ പശുവിനെ അറുത്താൽ ഞങ്ങൾക്കു നേരെ കൊല, പ്രഹരം, കൊള്ള തുടങ്ങിയ അക്രമങ്ങളുണ്ടാകുന്നു. ഈ സാഹചര്യത്തിൽ ഞങ്ങൾക്ക് പശുവിനെ അറുക്കൽ അനുവദനീയമാണോ?’ എന്നതായിരുന്നു ചോദ്യം.

‘‘നിങ്ങളുടെ നാട്ടിൽ പശുവിനെ അറുക്കുന്നതും അതി​​​െൻറ മാംസം വിൽക്കുന്നതും മൂലം മുസ്‌ലിംകൾക്ക് കഠിനമായ പീഡനങ്ങളും ആപത്തുകളും നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടെങ്കിൽ അവിടെ പശുവിനെ അറുക്കാനോ മാംസം വിൽക്കാനോ പാടില്ലാത്തതാണ്‌. ‘നിങ്ങൾ നിങ്ങളുടെ കരങ്ങളെ നാശത്തിലേക്ക് തള്ളിയിടരുത്’ എന്ന അല്ലാഹുവി​​​െൻറ കൽപനയുടെ അടിസ്ഥാനത്തിൽ നാശനഷ്​ടങ്ങളൊഴിവാക്കുകയാണ്‌ ചെയ്യേണ്ടത്’’ എന്നതായിരുന്നു ആ ചോദ്യത്തിന്‌ ഫത്‌വാ സമിതി നൽകിയ മറുപടി. ഫത്‌വാ സമിതി ചെയർമാൻ ശൈഖ് ഇബ്നു ബാസ്, വൈസ് ചെയർമാൻ ശൈഖ് അബ്​ദുറസാഖ് അഫീഫി, ഇപ്പോഴത്തെ സൗദി ഗ്രാൻഡ്​ മുഫ്തിയും ഉന്നത പണ്ഡിതസഭ ചെയർമാനുമായ ശൈഖ് അബ്​ദുൽ അസീസ് ആലു ശൈഖ് തുടങ്ങി ആറു പേരാണ്‌ ഈ ഫത്‌വയിൽ ഒപ്പുവെച്ചിട്ടുള്ളത്. മുസ്​ലിംകളിൽ തന്നെ ധാരാളമാളുകൾ മാംസം കഴിക്കാത്തവരായുണ്ട്. 

രാജ്യത്ത് ബീഫ് ഒരു മുസ്‌ലിം പ്രശ്നമാക്കി ഉയർത്തിക്കൊണ്ടുവരുകയും വർഗീയധ്രുവീകരണത്തിന്‌ ചരടുവലിക്കുകയും ചെയ്യാനുള്ള ശ്രമങ്ങളെ മുസ്‌ലിം സമൂഹം ചെറുത്തു തോൽപിക്കേണ്ടതുണ്ട്. ബീഫ് ഇസ്‌ലാമി​​​െൻറയോ മുസ്‌ലിമി​​​െൻറയോ ഒരാവശ്യമല്ലെന്നും അതുയർത്തിക്കാട്ടി പ്രശ്നങ്ങളുണ്ടാക്കേണ്ടതില്ലെന്നും പറയാൻ നമുക്ക് കഴിയണം. ഇന്ത്യയിൽ കേരളമുൾപ്പെടെ എട്ട്​ സംസ്ഥാനങ്ങളൊഴിച്ച് 21 സംസ്ഥാനങ്ങളിൽ ഗോവധം ഇപ്പോൾ തന്നെ നിരോധിക്കപ്പെട്ടിട്ടുണ്ട്. അത് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്‌. മൃഗസംരക്ഷണത്തിനെന്ന പേരിൽ അറവിന്നായി മാടുകളെ വിൽക്കുന്നതും വാങ്ങുന്നതും നിരോധിച്ചുകൊണ്ടുള്ള കോടതിയുടെ ഇടപെടലുകളും വന്നു കഴിഞ്ഞു. ഗോവധ നിരോധനം വ്യാപകമാവുകയും നിയമം കൂടുതൽ ശക്തമായി പ്രയോഗിക്കപ്പെടുകയും ചെയ്താൽ സാമ്പത്തികവും സാമൂഹികവുമായി രാജ്യത്തെ ജനത അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ വളരെ വലുതായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. വ്യവസായികളും തൊഴിലാളികളും പ്രധാനമന്ത്രിയുൾപ്പെടെയുള്ളവരെ ഈ വിഷയം ധരിപ്പിച്ചിട്ടുമുണ്ട്. വിഷയം സാമ്പത്തികപരവും സാമൂഹികപരവും വാണിജ്യപരവും ആഹാരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമെല്ലാമാണ് എന്നതാണ് സത്യം‌. അതിനാൽ തന്നെ ഇക്കാര്യത്തിലുള്ള എല്ലാ പ്രവർത്തനങ്ങളും ആ രീതിയിൽ തന്നെ ആവേണ്ടതാണ്.

എന്നാൽ, അത് ഒരു മുസ്‌ലിം പ്രശ്നമാക്കി ചിത്രീകരിക്കാൻ ചിലരെങ്കിലും ശ്രമിക്കുന്നുണ്ട്. ബീഫ് നിരോധനം പൂർണമാകുമ്പോൾ അതിനെതിരെ ആദ്യം രംഗത്തു വരുക ഹൈന്ദവ സമൂഹമായിരിക്കും. കാരണം, ഹൈന്ദവരിൽ പത്തു ശതമാനത്തിൽ താഴെയുള്ള ബ്രാഹ്മണർ മാത്രമാണ്‌ മാംസാഹാരം കഴിക്കാത്തവർ. യാദവ, ഈഴവ, ദലിത് വിഭാഗങ്ങൾ മാംസം ഭക്ഷിക്കുന്നവരാണ്‌. അതുമാത്രമല്ല. ലോകത്ത് ഏറ്റവുമധികം ബീഫ് കയറ്റുമതിയുള്ള രാജ്യങ്ങളിൽ ഒന്നാണ്‌ നമ്മുടേത്. അതിൽ തന്നെയും എഴുപത്തിയഞ്ചു ശതമാനം കയറ്റുമതി വ്യവസായികളും ഹൈന്ദവരാണ്‌. മാത്രവുമല്ല, ഹിന്ദു മതഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ മാംസാഹാരം കഴിക്കാമെന്ന് ചില ഗവേഷകർ തെളിവു സഹിതം പ്രചരിപ്പിക്കുന്നുണ്ട്. 

ഈ വസ്തുതകൾ മുന്നിലിരിക്കെ ബീഫ് പ്രശ്നത്തെ ഒരു മുസ്‌ലിം പ്രശ്നമായി ഉയർത്തിക്കൊണ്ടു വരുന്നത് ശരിയല്ല. മാട്ടിറച്ചി കഴിക്കൽ മുസ്‌ലിമിന്‌ വിശ്വാസപരമായ കാര്യമൊന്നുമല്ല. പശുമാംസം കഴിച്ചാൽ മാത്രമേ ശരീഅത്ത് സംരക്ഷിക്കപ്പെടൂ എന്ന് ആരും പറയേണ്ടതില്ല. എന്നാൽ, സാധാരണക്കാര​​​െൻറ ഭക്ഷണമായ മാട്ടിറച്ചി കഴിക്കാൻ മുസ്​ലിമിനും അവകാശമുണ്ടെന്നു മാത്രം. അതുകൊണ്ടു തന്നെ, ബീഫ് ഒരു മതപരമായ പ്രശ്നമായി ഉയർത്തിക്കാട്ടി സാമുദായികധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് സഹായമേകിക്കൂടാ. വിനോബ ഭാവെയുടെ നേതൃത്വത്തിൽ മുമ്പ്​ ഗോവധ നിരോധനത്തിന്‌ ഹിന്ദുത്വ സംരക്ഷണമെന്ന മുദ്രാവാക്യം വിളിച്ച് ചിലർ ഇറങ്ങിപ്പുറപ്പെട്ടിരുന്നു. എന്നാൽ, നിങ്ങൾ ഗോവധം നിരോധിക്കുന്നതും നിരോധിക്കാതിരിക്കുന്നതും മുസ്‌ലിംകളുടെ പ്രശ്നമല്ല എന്ന അക്കാലത്തെ മുസ്​ലിം പണ്ഡിതരുടെ മറുപടിയിൽ ആ ബഹളം വലിയ സാമുദായിക പ്രശ്നങ്ങളുണ്ടാക്കാതെ കെട്ടടങ്ങുകയാണുണ്ടായത്. ബീഫ് നിരോധനം സാമൂഹികവും മൗലികാവകാശപരവുമായ പ്രശ്നമായി നേരിടാൻ വേണ്ടപ്പെട്ടവർ ശ്രമിക്കുമ്പോൾ അതൊരു സാമുദായിക പ്രശ്നമാക്കി മാറ്റാതിരിക്കാൻ മനുഷ്യനന്മ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ടതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beefislambans slaughter
News Summary - beef is not an muslim Issue
Next Story