തെരഞ്ഞെടുപ്പ് സർവേയുടെ പിന്നാമ്പുറങ്ങൾ
text_fieldsപതിനഞ്ചാം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്നത് തെരഞ്ഞെടുപ്പ് സർവേകളിലെ പ്രവചനങ്ങളാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഒരു ഡസനിലധികം സർവേ ഫലങ്ങളാണ് കേരളത്തിലെ ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്തത്.
സർവേയിലെ മലയാളിതാൽപര്യം കണ്ടാണ് ഇത്തരം പരിപാടികൾ സംപ്രേഷണം ചെയ്യാൻ ടെലിവിഷൻ ചാനലുകൾ മത്സരിക്കുന്നത്. എന്ത് അടിസ്ഥാന തത്ത്വമാണ് ഇത്തരം സർവേകൾ അവലംബിക്കുന്നതെന്ന് കാര്യമായി ആരും ശ്രദ്ധിക്കാറില്ല. ഓരോ ചാനലും വ്യത്യസ്ത അളവുകോലുകളാണ് സർവേയുടെ ആധികാരികത ഉയർത്തിക്കാട്ടുന്നതിന് ഉപയോഗിച്ചിട്ടുള്ളത്.
ഇവിടെ ഉയർന്നുവരുന്ന വലിയ ആക്ഷേപം കേവലം 1000 മുതൽ 20,000 വരെ വോട്ടർമാരെ നേരിൽകണ്ട് ശേഖരിക്കുന്ന വിവരങ്ങൾവഴി രണ്ടര കോടി ജനങ്ങളുടെ അഭിപ്രായം മനസ്സിലാക്കാൻ സാധിക്കുമോ എന്നതാണ്. ഇവിടെയാണ് സർവേയുടെ ആധികാരികത ചോദ്യംചെയ്യപ്പെടുന്നത്.
സർവേകളുടെ ചരിത്രം
ഇന്ത്യയിൽ തെരഞ്ഞെടുപ്പ് സർവേകൾക്ക് തുടക്കംകുറിക്കുന്നത് 1960കളിലാണ്. ഇവിടെ കൂടുതലും പത്രപ്രവർത്തനത്തിെൻറ ഭാഗമായാണ് സർവേകൾ ആവിഷ്കരിച്ചത്. ഇതിന് ക്രമേണ ഗൗരവമുള്ള രൂപംകൊടുത്തത് രാഷ്ട്രമീമാംസകനായിരുന്ന രജനി കോത്താരി ആയിരുന്നു. അദ്ദേഹം ഡൽഹിയിൽ സ്ഥാപിച്ച സി.എസ്.ഡി.എസ് (സെൻറർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റി) െൻറ നേതൃത്വത്തിലായിരുന്നു ഇത്. അവർ നടത്തിയ ആദ്യ തെരഞ്ഞെടുപ്പ് സർവേ 1965ലെ കേരള നിയമസഭ തെരഞ്ഞെടുപ്പായിരുന്നു.
കോൺഗ്രസ് പാർട്ടിയിൽ വരുന്ന മാറ്റങ്ങളും പല സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇതര പാർട്ടികൾ അധികാരത്തിൽ വന്നതും സർവേവഴി ജനങ്ങളുടെ കാഴ്ചപ്പാട് കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. പക്ഷേ, അതൊന്നും തെരഞ്ഞെടുപ്പ് ഫലത്തിൽ കാര്യമായി ഏശിയില്ല. കൂടുതൽ സർവേകൾ 1970-80കളിൽ നടന്നെങ്കിലും ഈ മേഖലയിൽ വലിയ സ്വാധീനമൊന്നും ഉണ്ടായില്ല. 1980 മുതൽ മാർക്കറ്റ് സർവേകൾക്കുവേണ്ടിയുള്ള നിരവധി സ്ഥാപനങ്ങൾ രംഗത്തുവന്നപ്പോൾ തെരഞ്ഞെടുപ്പ് സർവേകളിലും അതിെൻറ സ്വാധീനം പ്രകടമായി. 'മാർഗ്' തുടങ്ങിയ സ്ഥാപനങ്ങൾ തെരഞ്ഞെടുപ്പ് സർവേകൾ നടത്താൻ മുന്നോട്ടുവന്നു.
ഇതോടുകൂടി സർവേയുടെ കച്ചവടസാധ്യതകൾ പരീക്ഷിക്കപ്പെട്ടു. പക്ഷേ, ഇത്തരം സർവേകൾ അത്യപൂർവമായി മാത്രമാണ് തെരഞ്ഞെടുപ്പ് പ്രവചനം നടത്തുന്നതിൽ വിജയിച്ചത്. 1984ലെ ഇന്ദിര ഗാന്ധി വധവും തുടർന്നുവന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറ്റങ്ങളും തെരഞ്ഞെടുപ്പ് സർവേകൾക്ക് പ്രേരണയായി. ഇക്കാലയളവിൽ രംഗത്തുവന്ന ദൃശ്യമാധ്യമങ്ങൾ സർവേക്ക് പ്രത്യേക പ്രാധാന്യം നൽകാൻ തുടങ്ങി. എൻ.ഡി.ടി.വി സ്ഥാപകരിലൊരാളായ പ്രണോയ്റോയ് ആയിരുന്നു ഇന്ത്യയിൽ തെരഞ്ഞെടുപ്പ് സർവേകൾക്ക് സ്വീകാര്യത നേടിക്കൊടുത്തത്. അദ്ദേഹം നടത്തിയ ചില സർവേഫലങ്ങൾ ഇന്ത്യൻരാഷ്ട്രീയത്തിെൻറ ഗതി മനസ്സിലാക്കാൻ സാധിച്ചത് സർവേ പഠനങ്ങൾക്ക് കൂടുതൽ ആധികാരികത നേടിക്കൊടുത്തു. ദൃശ്യമാധ്യമരംഗത്ത് പ്രണോയ് റോയിയുടെ തെരെഞ്ഞടുപ്പ് സർവേ ശ്രദ്ധിക്കപ്പെടുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു തെരഞ്ഞെടുപ്പ് പ്രവാചകൻ എന്ന പേരും സ്വന്തമാക്കി.
1997ൽ യോഗേന്ദ്ര യാദവിെൻറ നേതൃത്വത്തിൽ സി.എസ്.ഡി.എസിൽ 'ലോക്നീതി' ജനാധിപത്യ പഠനവിഭാഗം സ്ഥാപിച്ചതോടെ അക്കാദമികരംഗത്ത് സർവേകൾക്ക് വീണ്ടും സ്വീകാര്യത ലഭിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള അക്കാദമികവിദഗ്ധരെ സംഘടിപ്പിച്ച് 'ലോക്നീതി' ജനാധിപത്യപഠനത്തിെൻറ ഭാഗമായി തെരഞ്ഞെടുപ്പ് സർവേകൾക്ക് 1998ൽ തുടക്കംകുറിച്ചു. എല്ലാ ലോക്സഭ തെരഞ്ഞെടുപ്പുകളും മിക്ക നിയമസഭ തെരഞ്ഞെടുപ്പുകളും പഠിക്കുന്നതിന് വ്യാപകമായി സർവേകൾ നടത്തി. തെരഞ്ഞെടുപ്പ് പ്രവചനത്തിനല്ല, ഇന്ത്യൻ ജനാധിപത്യത്തിലെ ജനങ്ങളുടെ മാറിമറിയുന്ന സ്വഭാവം ആധികാരികമായി പരിശോധിക്കാനായിരുന്നു ഇൗ സർവേ. ഇത്തരം സർവേകൾ വലിയ സാമ്പത്തികബാധ്യതയായിരുന്നു.
സർവേകളിൽ ആകൃഷ്ടരായ ടെലിവിഷൻചാനലുകളും പത്രമാധ്യമങ്ങളും സി.എസ്.ഡി.എസ് സർവേകൾക്ക് ധനസഹായം ചെയ്യാൻ മുന്നോട്ടുവന്നത് ഈ രംഗത്ത് പുതിയ പ്രവണതക്ക് തുടക്കംകുറിച്ചു. പഠനത്തോടൊപ്പം അതിൽനിന്ന് ജനത്തിെൻറ വോട്ടുപ്രവണത അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ നടത്താൻ നിർബന്ധിതരായി. അപ്പോഴും തങ്ങളുടെ അക്കാദമിക ഉദ്ദേശ്യം സി.എസ്.ഡി.എസ് ഉയർത്തിപ്പിടിച്ചു. പലപ്പോഴും സർവേ പ്രവചനങ്ങളിൽ കൃത്യത വരുത്താൻ സാധിച്ചിരുന്നില്ല.
അതിനുള്ള കാരണങ്ങളും സി.എസ്.ഡി.എസ് വ്യക്തമാക്കിയിരുന്നു. എന്നാലും കേരളം ഉൾെപ്പടെ പല നിയമസഭ തെരഞ്ഞെടുപ്പുകളിലും നടത്തിയ പ്രവചനം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. വിവരസാങ്കേതികരംഗത്തെ മാറ്റങ്ങളും സോഷ്യൽമീഡിയയുടെ വരവും സർവേകളിൽ വിപ്ലവാത്മകമാറ്റം വരുത്തി. വളരെ കുറഞ്ഞ െചലവിൽ സർവേ നടത്താൻ നിരവധി മാർക്കറ്റ് ഗവേഷകസ്ഥാപനങ്ങൾ രംഗത്തുവന്നതോടെ ഒട്ടുമിക്ക ടെലിവിഷൻചാനലുകളും സർവേകൾക്ക് പിന്നാലെ പോകാൻതുടങ്ങി.
ഇതിന് അവരെ പ്രേരിപ്പിച്ചത് റേറ്റിങ് കൂട്ടാൻ സാധിക്കുമെന്ന തിരിച്ചറിവാണ്. ഇതോടുകൂടി 'സർവേകൾ' ഒരു മാർക്കറ്റിങ് തന്ത്രത്തിെൻറ ഭാഗമാവുകയും നിരവധി സ്ഥാപനങ്ങൾ ഈ രംഗത്ത് വരുകയും ചെയ്തു. ഇപ്പോൾ രാഷ്ട്രീയ പാർട്ടികൾ രഹസ്യമായി സർവേ നടത്തുമ്പോൾ മാധ്യമങ്ങൾ പരസ്യമായി സർവേ നടത്തി, ഫലങ്ങൾ പുറത്തുവിടുന്നു. പാർട്ടികളും നേതാക്കളും 'ഭാവി' മുൻകൂട്ടി അറിയാൻ സർവേകളെ ആശ്രയിക്കുന്ന അവസ്ഥയാണിപ്പോൾ.
സർവേകളുടെ ആധികാരികത
ഇന്ന് വ്യാപകമായി തെരഞ്ഞെടുപ്പ് സർവേകൾ നടക്കുമ്പോൾ ഉയർന്നുവരുന്ന പ്രധാനചോദ്യം അപൂർവം ചില വോട്ടർമാരിൽനിന്ന്ശേഖരിക്കുന്ന അഭിപ്രായം എങ്ങനെയാണ് ഒരു സംസ്ഥാനത്തിെൻറ മൊത്തം അഭിപ്രായമായി കണക്കാക്കാൻ സാധിക്കുന്നത്. കാരണം, അടുത്തകാലത്ത് നടന്ന ചില സംസ്ഥാന തെരെഞ്ഞടുപ്പുകളിൽ ചില സർവേ പ്രവചനങ്ങൾ ഏറക്കുറെ കൃത്യതകാണിച്ചത് സർവേകൾക്ക് വലിയ സ്വീകാര്യത ലഭിക്കാൻ സഹായിച്ചു എന്നത് സത്യം. പക്ഷേ, ഭൂരിപക്ഷം സർവേഫലങ്ങളും ശരിയായ ഫലം പ്രഖ്യാപിക്കുന്നതിൽ പരാജയപ്പെട്ടു എന്നത് ആരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല.
കഴിഞ്ഞ 16 വർഷത്തിലധികമായുള്ള സർവേരംഗത്ത് പ്രവർത്തിക്കുന്ന അനുഭവം വെച്ച് കൃത്യമായ പ്രവചനം സർവേകളിൽ അസാധ്യമാണെന്ന് ഉറപ്പിച്ചുപറയാൻ കഴിയും. പക്ഷേ, പരമാവധി ശാസ്ത്രീയാടിത്തറയിൽ ഊന്നൽ കൊടുത്ത സർവേകൾക്ക് ചില 'വോട്ടിങ്' പ്രവണതകൾ ചൂണ്ടിക്കാട്ടാൻ സാധിക്കും. ഇത് ഏറക്കുറെ സി.എസ്.ഡി.എസ് പഠനങ്ങളിൽ തെളിയിക്കപ്പെട്ടതാണ്. എന്നാൽ, ഇന്ന് നടത്തുന്ന സർവേകൾക്ക് ശാസ്ത്രീയാടിത്തറ ഇെല്ലന്നുതന്നെ പറയാം.
കാരണം, ഒരു സർവേ നടത്തി പൂർത്തീകരിക്കാൻ കുറഞ്ഞത് 30 ദിവസം വേണം. ഇതിെൻറ പിന്നിൽ കാര്യമായ അധ്വാനവും സാമ്പത്തികബാധ്യതയുമുണ്ട്. ഇവിടെ തെരെഞ്ഞടുപ്പ്സർവേകൾ നടത്തുന്ന ഏജൻസികൾ ചുളുവിൽ സർവേകൾ തട്ടിക്കൂട്ടി സാമ്പത്തികലാഭം നേടാൻ ശ്രമിക്കുന്നത് കാണാം. ഇപ്പോൾ ചില ചാനലുകൾ നേരിട്ട് സർവേ നടത്തിയതായി അവകാശപ്പെടുന്നുണ്ട്. അവിടെയും എങ്ങനെയാണ് ഒരുമാസത്തിനുള്ളിൽ നിരവധി സർവേകൾ നടത്തുന്നതെന്നത് ആശ്ചര്യം ഉളവാക്കുന്നു.
ഒരു നിയമസഭമണ്ഡലത്തിലെ 200 പേരിൽനിന്ന് ശേഖരിക്കുന്ന വിവരം ഒരിക്കലും അവിടത്തെ യഥാർഥഫലം പ്രവചിക്കാൻ സാധിക്കണമെന്നില്ല. ഇവിടെയും ഇത്തരം 200 പേരെ തെരഞ്ഞെടുക്കുന്ന രീതിയാണ് അടിസ്ഥാനപ്രശ്നം. ഇത് പലപ്പോഴും ഏതെങ്കിലും ഒന്നോ രണ്ടോ മേഖലകളിൽനിന്ന് കാര്യമായ ഇടവേളകളില്ലാതെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്ന രീതിയാണ്. ഇവിടെയാണ് ഇത്തരം സർവേയുടെ ആധികാരികത ചോദ്യംചെയ്യേണ്ടത്.
സർവേകൾ ആധികാരികമാകണമെങ്കിൽ അത് കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഉൾപ്പെടുത്തണം. ഇവിടെ ജാതിമത, സ്ത്രീപുരുഷ അനുപാതം, വിവിധ തൊഴിൽ, വയസ്സ്, വിദ്യാഭ്യാസം, സാമ്പത്തിക ചുറ്റുപാടുകൾ, നഗര-ഗ്രാമപ്രദേശം തുടങ്ങി നിരവധി വിഭാഗങ്ങൾക്ക് വ്യത്യസ്തമായ അഭിപ്രായമുണ്ടാവും.
ഇത് ഏറക്കുറെ സർവേകളിൽ കൊണ്ടുവരുക ദുഷ്കരമാണ്. സി.എസ്.ഡി.എസ് നടത്തുന്ന സർവേകളിൽ ഇത്തരം കാര്യങ്ങളിൽ പരമാവധി ശ്രദ്ധചെലുത്താറുണ്ട്. അതുപോലെ നല്ല രീതിയിൽ സർേവ നടത്താൻ പരിശീലനം നേടിയവരുടെ സേവനം ആവശ്യമാണ്. ഇവരെ നിരീക്ഷിക്കാൻ മറ്റൊരു കൂട്ടരും രംഗത്തുണ്ടാവും. സർവസാധാരണയായി കാണുന്ന സർവേകൾ ഇത്തരം വിഷയങ്ങളിൽ ശ്രദ്ധിക്കാറില്ല. കുറഞ്ഞ സമയത്തിനുള്ളിൽ ചില ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന ഉത്തരങ്ങൾ കണ്ടെത്താനാണ് ശ്രമം. അതുകൊണ്ടുതന്നെ 'ഭാഗ്യം' ഈ സർവേകൾക്ക് തുണയാകാറുണ്ട്.
ഇന്നത്തെ അവസ്ഥ
കേരളത്തിൽ ഏറ്റവും കൂടുതൽ സർവേകൾ നടന്നത് ആസന്നമായ ഇൗ നിയമസഭ തെരെഞ്ഞടുപ്പിലാണ്. ഉയർന്ന റേറ്റിങ്ങിനായി പരമാവധി ജനങ്ങളെ അവരുടെ ഭാഗമാക്കാൻ എല്ലാ സർവേകളും ശ്രദ്ധിക്കുന്നു. എല്ലാ ചാനലുകളും വ്യത്യസ്തരീതിയിലാണ് സർവേകൾ നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതിൽ എല്ലാ സർവേകളും ആധികാരികത അവകാശപ്പെടുന്നുണ്ട്. ഇവർ മുമ്പ് നടത്തിയ ഇത്തരം സർവേകൾ ഭൂരിപക്ഷവും പരാജയപ്പെട്ടു എന്നതും ഓർക്കേണ്ടതുണ്ട്. എന്നാൽ, ചില സർവേഫലങ്ങൾക്ക് യഥാർഥ തെരഞ്ഞെടുപ്പ് ഫലവുമായി ഏറക്കുറെ സാമ്യമുണ്ടായിരുന്നു എന്നതാണ് ഇപ്പോൾ സർവേ നടത്തി പ്രശസ്തിനേടാൻ ഇവർ കിണഞ്ഞുശ്രമിക്കുന്നത്.
മിക്ക സർവേകളിലും ഏതാണ്ട് സമാനമായ ചോദ്യങ്ങളാണ്. ഇതിൽ മുഖ്യമായും ഏതു കക്ഷിയെ പിന്തുണക്കുന്നു, അടുത്ത മുഖ്യമന്ത്രി, ഭരണകക്ഷിക്ക് അനുകൂലമായ ഘടകങ്ങൾ, പ്രതികൂലമായ ഘടകങ്ങൾ, ജനപിന്തുണയുള്ള നേതാക്കൾ തുടങ്ങിയ ചോദ്യങ്ങളാണ്. യഥാർഥ ജനമനസ്സ് മനസ്സിലാക്കുന്നതിൽ ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് കഴിയില്ല.
സി.എസ്.ഡി.എസ് നടത്തുന്ന സർവേകളിൽ കണ്ടിരുന്ന പ്രധാനപ്രശ്നം, ആർക്ക് വോട്ട് ചെയ്യുമെന്ന് ചോദിക്കുമ്പോൾ ഏകദേശം 25 മുതൽ 35 ശതമാനം ഉത്തരം പറയാൻ വിസമ്മതിക്കുന്ന രീതിയാണ്. ഇത് എല്ലാ തെരഞ്ഞെടുപ്പ് സർവേകളിലും കണ്ടുവരുന്നു. ഇവിടെ ചാനൽ സർവേകളിൽ ഇത്തരം പ്രശ്നങ്ങൾ ആരും ചൂണ്ടിക്കാണിക്കാറില്ല. മറിച്ച് ഉത്തരം ഇല്ലാത്ത ഏതാണ്ട് 10 ശതമാനം ആൾക്കാരുണ്ടെന്ന് പ്രഖ്യാപിച്ച് തടിയൂരുകയാണ്. തെരെഞ്ഞടുപ്പ് പ്രവചനം അസാധ്യമാകുന്ന ഒരുഘട്ടം ഇവിടെയാണ്. പലപ്പോഴും ശാസ്ത്രീയാടിത്തറയിൽ നടത്തുന്ന സർവേകൾ ശരിയാകുന്നത് ഉത്തരം പറയാൻ വിസമ്മതിക്കുന്നവർ ഉത്തരം നൽകിയവർക്ക് സമാനമായ നിലപാട് സ്വീകരിക്കുമ്പോഴാണ്.
മറ്റൊരു പ്രശ്നം ജനങ്ങളുടെ പ്രതികരണത്തിലുടനീളം പരസ്പരവിരുദ്ധ കാഴ്ചപ്പാടുകൾ കാണാം. ഉദാഹരണത്തിന്, നിലവിലുള്ള സർക്കാറിേൻറത് മികച്ചഭരണം എന്ന് പറയുന്നവർതന്നെ ഈ സർക്കാറിന് ഒരവസരംകൂടി കൊടുക്കുമോ എന്നു ചോദിക്കുമ്പോൾ, 'ഇല്ല' എന്നാണ് ഉത്തരം. അതുപോലെ സർക്കാറിെൻറ നയങ്ങളെ അനുകൂലിക്കുന്നവർതന്നെ പ്രതിപക്ഷത്തിെൻറ ആരോപണങ്ങളും ശരിവെക്കുന്നു. ഇത്തരത്തിലുള്ള നിരവധി പൊരുത്തക്കേടുകൾ ഒരു സർവേയിൽ കാണാം. പക്ഷേ, ഇത്തരം സ്ഥിതിവിശേഷം ചാനൽ സർവേകൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് മനസ്സിലാകുന്നില്ല.
അതുകൊണ്ടുതന്നെ ചാനൽസർവേകളിൽ കൃത്യമായ പ്രവചനം അസാധ്യമാണ്. ഇവിടെ തെരെഞ്ഞടുപ്പ് രാഷ്ട്രീയത്തിലെ മലയാളികളുടെ മനസ്സിനെ ചൂഷണം ചെയ്യുക എന്നതാണ് എല്ലാ ചാനൽ സർവേകളുടെയും ലക്ഷ്യം. തെരെഞ്ഞടുപ്പ് പ്രവചനത്തിലെ ശരിയും തെറ്റും ജനങ്ങൾ ഒരിക്കലും ശ്രദ്ധിക്കാറുമില്ല. ഇതാണ് പൊതുസ്ഥിതി എങ്കിലും ഈ ചാനലുകൾ കൊണ്ടുവരുന്ന തെരെഞ്ഞടുപ്പ് 'ഫലം' വോട്ടർമാരെ പൂർണമായും സ്വാധീനിക്കില്ല എന്ന് തീർത്തുപറയാനും സാധ്യമല്ല.
(കേരള സർവകലാശാലയിൽ പ്രഫസറായ ലേഖകൻ ഡൽഹി കേന്ദ്രമായ സി.എസ്.ഡി.എസിെൻറ കേരള കോഒാഡിനേറ്ററാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.