വിശ്വാസികൾ സംവാദമേഖലകള്‍ തുറക്കട്ടെ
text_fieldsപുതിയ തലമുറയെ എല്ലാവരും പഴിക്കാറുളളത് മൊബൈലും പാട്ടും കൂത്തുമായി സാമൂഹിക പ്രതിബദ്ധത ഇല്ലാത്തവര്‍ എന്നാണ്. എന്നാൽ ഈ പാട്ടും കൂത്തും ആര്പ്പുമല്ല ശാപമെന്നും അതിനെക്കാള്‍ ഭയാനകമായ ഡമൊക്ലിസിെൻറ വാള് തലക്കുമീതെ തൂക്കിയാണ് മതേതരനാട്യം പുലർത്തുന്ന കേരളം ഉറങ്ങുന്നതെന്നും ഓര്‍മപ്പെടുത്തിക്കൊണ്ടാണ് അടുത്തിടെ നമുക്കു മുമ്പിലേക്കു വന്ന ഫേസ്ബുക്ക് പോസ്റ്റ്. തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളായ ജാനകിയും നവീനും പഠനത്തിനിടയിലെ സമ്മർദം മാറ്റാന്‍ ഡാന്‍സ് കളിച്ചതില്‍ എന്തോ പന്തികേട് മണത്തായിരുന്നു ആ പോസ്റ്റ്. ഇൗ പന്തികേട് മണത്തത് സാധാരണക്കാരനല്ല. ഹൈകോടതി അഭിഭാഷകനായി നിയമത്തെ വ്യാഖ്യാനിക്കുന്ന അഭിഭാഷകനാണ്. ചുറ്റിലും പ്രസരിപ്പിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയതയുടെയും വിദ്വേഷത്തിെൻറയും ഇൗ നാറ്റം കേരളീയ പൊതുബോധത്തിെൻറ നാസാരന്ധ്രങ്ങള്ക്ക്് അറിയാനുള്ള ശേഷി ഇല്ലാത്തത്ര അപകടകരമായ നിലയിലാണ്.
അയല്പക്കെത്തയും അങ്ങാടിയിലെയും മറ്റെവിടെയും ഉള്ള കൂടിച്ചേരലുകളേക്കാള്‍ ബഹുസ്വരതയുടെ മഴവില്‍ വര്‍ണങ്ങള്‍ തെളിമയോടെ നിലനില്‍ക്കുന്നിടമാണ് കലാലയ മുറ്റങ്ങള്‍. ഓണവും വിഷുവും ക്രിസ്മസും പെരുന്നാളും ഹോളിയും നോമ്പും കാമ്പസ് മുറ്റങ്ങളില്‍നിന്ന് വര്‍ണാഭമായി ആഘോഷിച്ച കൗമാരമനസ്സില്‍ വൈജാത്യങ്ങളിലെ ഒരുമയല്ലാതെ വിഭാഗീയതയുടെ നിഴലാട്ടം ഒരിക്കലും ഉണ്ടായിട്ടില്ല. പൊതുവിദ്യാലയങ്ങളും പൊതു കാമ്പസുകളും ഇതില്‍ വഹിച്ച പങ്ക് ചെറുതല്ല. ബഹുസ്വരത വിരിയുന്ന ആ മുറ്റങ്ങളിലേക്കാണ് ചിലര്‍ വംശവെറിയുടെ മണംപിടിച്ചു വരുന്നത്. നൃത്തമാടിയ ആണിെൻറ പേര് മുസ്ലിമിെൻറതും പെണ്ണിെൻറത് ഹിന്ദുവിെൻറതുമായതാണ് അഭിഭാഷകമാന്യനെ മറ്റെന്തോ മണക്കാന്‍ പ്രേരിപ്പിച്ചത്.
ഇന്നോളം കാത്തുസൂക്ഷിച്ച ബഹുസ്വരതയില്‍നിന്ന് കേരളം എത്രയോ ദൂരം അകന്നുപോയി എന്നതിെൻറ ലേറ്റസ്റ്റ് ഉദാഹരണമാണിത്. ലവ് ജിഹാദ് പൊള്ളയായ ആരോപണമാണെന്ന് അന്വേഷണ ഏജന്‍സികള്‍ തെളിവുസഹിതം സമൂഹത്തെ ബോധ്യപ്പെടുത്തിയതാണ്. കേരള ഹൈകോടതി നിർദേശപ്രകാരം പൊലീസ് മേധാവി അന്വേഷിക്കുകയും അത്തരമൊന്ന് ഇെല്ലന്ന് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കേരള ഹൈകോടതിയും സുപ്രീം കോടതി നിർദേശപ്രകാരം ദേശീയ അന്വേഷണ ഏജന്‍സിയും അതിനെ നിരാകരിച്ച് റിപ്പോര്‍ട്ട് നല്കി. കേന്ദ്ര ആഭ്യന്തരമന്ത്രി പാര്‍ലമെൻറിൽ പറഞ്ഞു, അതൊരു വ്യാജ പ്രചാരണമാണെന്ന്. ഇതേ കാര്യെത്തക്കുറിച്ച് ഹൈകോടതി അഭിഭാഷകനായ ആള് സംശയത്തിന്റെ മുനവെച്ചു സംസാരിക്കുമ്പോള്‍ അതിലാണ് മതേതരകേരളം പന്തികേട് കാണേണ്ടത്.
സ്നേഹവും പ്രണയവും അതേത്തുടർന്നുള്ള വിവാഹങ്ങളും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കേരളത്തില്‍ എല്ലാ ജാതി മത വിഭാഗങ്ങളും അതിെൻറ ഗുണഭോക്താക്കളാണ്. പുരോഗമന ഇടതുപക്ഷ ചിന്താധാരക്ക് വേരോട്ടം ലഭിച്ച പ്രബുദ്ധ മലയാള മണ്ണ് പ്രേമത്തെയും സ്നേഹത്തെയും ആഘോഷമാക്കിയവരാണ്. ജാതിവ്യവസ്ഥയും ഉച്ചനീചത്വങ്ങളും പൊളിച്ചടുക്കാന്‍ നവോത്ഥാന നായകര്‍ കണ്ടുപിടിച്ച വഴിയായിരുന്നു മിശ്രവിവാഹം തന്നെ.
ഇതേ കേരളത്തിലാണ് അന്യജാതിക്കാരനെയോ മതക്കാരനെയോ പ്രേമിക്കുകയോ കല്യാണം കഴിക്കുകയോ ചെയ്താല്‍, ഒന്നിച്ചിരുന്നാല്‍, പാട്ടുപാടിയാല് ജിഹാദ് ആരോപിച്ച് സമുദായങ്ങള്‍ക്കിടയില്‍ സംശയവും പേടിയും ജനിപ്പിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മതസ്പർധ ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍ നമ്മൾ അങ്ങനെയല്ലല്ലോ എന്ന്് സമാധാനിച്ചിരുന്ന സ്ഥിതി മാറി. കാല്ചുവട്ടില് നിന്ന് സഹിഷ്ണുതുടെ ഓരോ മണ്തരിയും ഊര്ന്നുപോകുകയാണ് എന്നു തിരിച്ചറിയാൻവൈകി. ജനങ്ങള്‍ക്കിടയില്‍ ഇത്തരം വേര്‍തിരിവുകള്‍ ഉണ്ടാക്കുന്നവര്‍ വിജയിക്കുന്നതിെൻറ തെളിവാണ് 'മക്കളെ കാക്കമാര് തട്ടാതിരിക്കാന്‍ കാവലിരിക്കുകയാണ് താൻ എന്ന് ഒരമ്മ പൊതുസമൂഹത്തിനു മുമ്പാകെ വിളിച്ചുപറഞ്ഞത്.
കോടതികളും ഭരണസംവിധാനങ്ങള്‍ തന്നെയും ഇല്ല എന്ന് ഉറപ്പുവരുത്തിയ കാര്യത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ ചെയ്തികളെ ലളിതവത്കരിക്കുന്ന സമീപനമാണ് ഇടതുപക്ഷ നിരീശ്വരവാദ മതേതരവാദികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്നതും കാണാതെ വയ്യ. ഉത്തരവാദപ്പെട്ട ഏജന്‍സികള്‍ സമൂഹമധ്യേ വിശദീകരിച്ച ഒരു കാര്യത്തെക്കുറിച്ച് വീണ്ടും വീണ്ടും മറുപടി പറയേണ്ട കാര്യം ബന്ധപ്പെട്ട സമുദായത്തിന് വന്നുപെടുന്ന ദുര്യോഗത്തെക്കുറിച്ച് ഇതരരാണ് ബോധവാന്മാരാകേണ്ടത്. ബഹുസ്വരതയില്‍ ഊന്നിയ മതേതര ജനാധിപത്യ മൂല്യങ്ങളെ വിഭാഗീയതയുടെ രാഷ്ട്രീയം കടന്നാക്രമിക്കുമ്പോള്‍ ഭരണഘടന സംരക്ഷണം മുസ്്ലിംകളുടെ മാത്രം ബാധ്യതയാക്കി മാറിനില്‍ക്കുന്നത് ഭരണഘടനയോട് ചെയ്യുന്ന അനീതിയാണ്. മതമില്ലാത്തവനും ഉള്ളവനും തെരഞ്ഞെടുപ്പിനെ നേരിട്ടത് അസഹിഷ്ണുതയുടെ രാഷ്ട്രീയം പറഞ്ഞാണ്. ഉത്തരവാദപ്പെട്ട ഒരാള്‍ പരസ്യമായി ലവ് ജിഹാദ് സംശയിച്ചപ്പോള്‍ അദ്ദേഹത്തോട് വിശദീകരണം തേടാന്‍ മതേതര ഇടതു പൊതുബോധം തയാറായില്ല.
മക്കള്‍ എന്നത് എല്ലാ രക്ഷിതാക്കളുടെയും മത, ജാതി വേര്‍തിരിവിന് അപ്പുറമുള്ളൊരു വികാരമാണ്. ഓരോ രക്ഷിതാവും തന്നത്താന്‍ മറന്നു ജീവിക്കുന്നത് അവര്‍ക്കു വേണ്ടി മാത്രമാണ്. വിവാഹത്തെക്കുറിച്ച് മക്കളെക്കാള്‍ പ്രതീക്ഷയും മാതാപിതാക്കൾക്കുണ്ട്. ആ മക്കള്‍ തന്നിഷ്ടത്തിൽ മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോകുമ്പോള്‍ ഏതു പുരോഗമനമോ വ്യക്തിസ്വാതന്ത്ര്യമോ പ്രേമമോ ആകെട്ട അതു സഹിക്കാനുള്ള ശേഷി ആ ഹൃദയങ്ങൾക്കുണ്ടാവില്ല. എന്നിട്ടും പ്രേമവും വിവാഹവും മത-ജാതി ചിന്തകൾക്ക് അതീതമായി നിര്‍ബാധം നടക്കുന്നുണ്ട്. അതിനെ ആ നിലക്കുതന്നെ കാണണം.
ബീഫ് മേള നടത്തിയതുകൊണ്ടോ എല്ലാവരും റാസ്പുട്ടിന് ചുവടുവെച്ചതുകൊണ്ടോ മാത്രം കാര്യമില്ല. പെരുന്നാളും നോമ്പും ഓണവും വിഷുവും ക്രിസ്മസുമൊക്കെ എല്ലാവരും ഒത്തുചേർന്ന് കെങ്കേമമായി ആചരിക്കുമ്പോഴും ഇത്തരം വാര്‍ത്തകള്‍ എന്തേ എന്ന കാമ്പുള്ള ചോദ്യമാണുയര്ത്തേണ്ടത്. മതത്തിെൻറ ഉള്ളടക്കമില്ലാത്ത കാമ്പില്ലാത്ത വേദികളാണ് അതൊക്കെ എന്നതാണ് ലളിതമായ സത്യം. മുന്‍കാലങ്ങളില്‍ ബീഫ് കഴിക്കാത്ത ഹൈന്ദവസഹോദരന് സദ്യകൊടുത്ത് സ്നേഹത്തോടെ സൽക്കരിച്ച തട്ടവും തൊപ്പിയുമിട്ട മുസല്‍മാനും ഹലാൽ വിഷയം ഭയന്ന് ഇറച്ചി കൊടുക്കാതെ പായസവും നെയ്യപ്പവും അവിയലും കൂട്ടുകറിയും മുസ്ലിംസുഹൃത്തിനു കരുതിവെക്കുന്ന കുറിയും ചന്ദനവും തൊട്ട ഹൈന്ദവ സഹോദരനും ഉണ്ടായിരുന്നു.
സ്വന്തം മതത്തില്‍ വിശ്വസിച്ച് അപരനെ അനാദരിക്കാത്ത നിഷ്കളങ്കമായ മതബോധം, ബഹളമയമായ ആചാരങ്ങള്‍ക്കപ്പുറം കാമ്പറിഞ്ഞ ദൈവികത, കാര്യകാരണങ്ങളറിഞ്ഞുള്ള സംവാദങ്ങള്‍, ഇവയൊക്കെയാണ് ഇതിന് ആവശ്യം. സമൃദ്ധിയുടെ വിഷുവും സഹനത്തിന്റെ നോമ്പും ത്യാഗത്തിെൻറ പെസഹയും ഒന്നിച്ചാഘോഷിച്ച മാസം അതിനുള്ള തുടക്കമാവട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.