ബംഗാൾ വിജയം മമതയുേടത് മാത്രമല്ല; കോൺഗ്രസും ഇടതും പാഠം പഠിക്കും -ദി ടെലിഗ്രാഫ് എഡിറ്റർ
text_fields2014ലെ പൊതു തെരഞ്ഞെടുപ്പ് മുതൽ കേന്ദ്രസർക്കാറിെൻറ തീരുമാനങ്ങൾക്കെല്ലാം കൈയടിച്ച് കൂടെ നിന്ന ദേശീയ മാധ്യമങ്ങൾ ഇക്കുറി ബംഗാൾ പിടിച്ചടക്കാനുള്ള മോദി-ഷാമാരുടെ ശ്രമത്തെയും കൈമെയ് മറന്ന് പിന്തുണച്ചിരുന്നു. എന്നാൽ, ഇതിനു വിപരീതമായി ഫാഷിസ്റ്റ് വിരുദ്ധ നിലപാടെടുത്ത് മതേതര ഇന്ത്യക്കു വേണ്ടി നിലകൊള്ളാനാണ് കൊൽക്കത്ത ആസ്ഥാനമായ ഇംഗ്ലീഷ് ദിനപത്രം ദ ടെലിഗ്രാഫ് ആർജവം കാണിച്ചത്. ബംഗാൾ ജനവിധിയുടെ മർമം വിശകലനം ചെയ്യുകയാണ് ടെലിഗ്രാഫ് എഡിറ്റർ ആർ. രാജഗോപാൽ
കൊടുമ്പിരികൊണ്ട വർഗീയ പ്രചാരണങ്ങളെ ചെറുത്ത് മമത ബാനർജി വിജയം നിലനിർത്തിയത് എങ്ങനെയാണ്?
എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ഹിന്ദു ധ്രുവീകരണത്തിന് ബി.ജെ.പി ആവുന്നത്ര ശ്രമിച്ചെങ്കിലും അത് നടന്നിട്ടില്ല എന്ന് കാണിക്കുന്ന കണക്കുകളാണ്. ബാങ്കുറ, ഹൂഗ്ലി, ഹൗറ നോർത്ത് 24 പർഗാനയിലെയും സൗത്ത് 24 പർഗാനയിലെയും നഗരമേഖലകൾ എന്നിവ ഉദാഹരണങ്ങളാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗാളിൽ അതിശക്തമായ ധ്രുവീകരണം നടന്ന ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളാണവ. മുസ്ലിംകൾ മാത്രം വോട്ടുചെയ്ത് ഈയൊരു ഫലം മമതക്ക് ബംഗാളിൽ കിട്ടില്ല.
വർഗീയ നീക്കങ്ങൾക്കെതിരായ ബംഗാളിസമൂഹത്തിെൻറ പ്രതികരണമാണ് ഇൗ ജനവിധി?
രണ്ട് കാര്യങ്ങളാണ് പ്രതീക്ഷിച്ചതിനപ്പുറം സംഭവിച്ചത്. ഒന്ന്- ഹിന്ദുക്കൾ മതത്തിെൻറ അടിസ്ഥാനത്തിൽ ബി.ജെ.പിക്ക് വോട്ടു ചെയ്തില്ല, മുസ്ലിംകൾ അബ്ബാസ് സിദ്ദീഖിയുടെ ഐ.എസ്.എഫിനും സഖ്യത്തിനുമൊപ്പം പോയില്ല. ഇവിടത്തെ ജനത മതേതര ചേരിക്കൊപ്പം നിലകൊണ്ടു. ഈ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന് നൽകുന്ന സേന്ദശവും അതു തന്നെ.
രണ്ട് - ഇത് മമത ബാനർജിയുടെ മാത്രമല്ല; ഒരുപാട് ശക്തികളുടെ വിജയമാണ്. അടിയൊഴുക്ക് മമതക്ക് അനുകൂലമാക്കാൻ നിരവധി പ്രവർത്തനങ്ങൾ ബംഗാളിൽ നടന്നിട്ടുണ്ട്. 'ബി.ജെ.പിക്ക് വോട്ടില്ല' (നോ വോട്ട് ടു ബി.ജെ.പി) എന്ന പേരിൽ ചെറുപ്പക്കാരുടെ പ്രസ്ഥാനം അത്തരത്തിലൊരുദാഹരണമായിരുന്നു. വിവിധ ജില്ലകളിൽ പോയി അവർ പ്രചാരണ കാമ്പയിൻ നടത്തി.
ഏറ്റവും അത്ഭുതം തോന്നിയത് ചെറുപ്പക്കാരായ ബംഗാളി സിനിമയിലെ തിരക്കേറിയ താരങ്ങൾ അവരുടെ ഭാവിപോലും നോക്കാതെ ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ പാടില്ലെന്ന് ആർജവത്തോടെ നിലപാടെടുത്തു. ഈ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ഏറ്റവും വലിയ റിസ്കെടുത്തത് സിനിമാക്കാരടക്കമുള്ള ബംഗാളി കലാകാരന്മാരാണ്. തങ്ങൾ ഭരണത്തിലെത്തിയാൽ ഇവെരയൊക്കെ ഒരു പാഠം പഠിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ദിലീപ് ഘോഷ് പരസ്യമായ ഭീഷണി മുഴക്കുകയും ചെയ്തു. കരിയറിെൻറ പീക്കിൽ ഇന്ത്യയിൽ മറ്റേതെങ്കിലുമൊരു സംസ്ഥാനത്ത് സിനിമാലോകത്തുള്ളവർ ഇത്രയും വ്യക്തമായ ഒരു രാഷ്ട്രീയനിലപാട് എടുക്കുമോ എന്ന് എനിക്ക് പറയാനാവില്ല. കരിയറിെൻറ അവസാനത്തിലെത്തിയ സുരേഷ് ഗോപിക്കോ മുകേഷിനോ രാഷ്ട്രീയ നിലപാടെടുക്കൽ ഒരു പ്രശ്നമാകില്ല. അതുപോലെയല്ലിത്.
ബി.ജെ.പിക്ക് ഒരു സീറ്റും ലഭിക്കാത്ത കേരളത്തിൽപോലും അവർക്കെതിരെ നിലപാട് സ്വീകരിക്കാൻ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടന്മാർ തയാറാകില്ല..?
സിനിമയില്ലാതെ വീട്ടിലിരിക്കുന്നവരല്ല ഇത്. റിദ്ദി സെന്നിനൊക്കെ 22 വയസ്സേ ഉള്ളൂ. ബി.ജെ.പി എങ്ങാനും ഭരണത്തിലെത്തിയാൽ അവരുടെ കരിയർ അതോടെ തീർന്നു. തനിക്ക് മലയാള സിനിമ ലഭിച്ചില്ലെങ്കിൽ താൻ തമിഴിലോ തെലുങ്കിലോ കന്നടയിലോ ഒക്കെ അഭിനയിക്കുമെന്ന് തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർഥി പറഞ്ഞല്ലോ. എന്നാൽ ബംഗാളി നടന്മാർക്ക് ഈയൊരു ബംഗാളി സിനിമേയ ഉള്ളൂ. അവർ ജീവിതം വെച്ചാണ് തീരുമാനമെടുത്തത്.
മമതയെ പിന്തുണച്ചാൽ ഭരണവിരുദ്ധ വോട്ടുകൾ ഏകീകരിച്ച് ബി.ജെ.പി നേട്ടമുണ്ടാക്കുമെന്നും അത് തടയുവാനാണ് മത്സരിക്കുന്നതെന്നുമായിരുന്നു സീതാറാം യെച്ചൂരിയെ പോലുള്ളവർ പറഞ്ഞിരുന്നത്. ആ വാദം പൊളിക്കുന്നതായില്ലേ ബംഗാൾ ഫലം?
ഇടതുപക്ഷത്തിെൻറ വാദം പൂർണമായും തെറ്റാണെന്ന് ഫലം തെളിയിച്ചു. നേതൃത്വത്തിെൻറ നിലപാട് തള്ളി ബി.ജെ.പി തോൽക്കണമെന്നാഗ്രഹിച്ച ഇടതുപക്ഷക്കാർ മമതക്ക് വോട്ട് ചെയ്തു. അതുകൊണ്ട് കൂടിയാണ് ഇടതിെൻറ വോട്ട് ഏഴിൽ നിന്ന് അഞ്ചിലേക്ക് താഴ്ന്നത്.
ഇടതുപക്ഷത്തിെൻറയും കോൺഗ്രസിെൻറയും ബംഗാളിലെ ഭാവി എന്തായിരിക്കും?
എനിക്ക് തോന്നുന്നത് അവർ പാഠം പഠിക്കുമെന്നാണ്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എല്ലാവരും ഒരുമിച്ച് നിൽക്കണം എന്നതിെൻറ ഓർമപ്പെടുത്തൽ കൂടിയാണിത്. വീണ്ടുമിവർ ജനങ്ങൾക്ക് ഉൾക്കൊള്ളാനാവാത്ത രാഷ്ട്രീയ സിദ്ധാന്തങ്ങളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി വരുകയാണെങ്കിൽ വീണ്ടും അപകടത്തിൽ പതിക്കും. അവർ പാഠം പഠിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഇടതുപക്ഷവും കോൺഗ്രസും മമതയും എക്കാലവും ഒരുമിച്ചു നിൽക്കണമെന്നല്ല. 2024ൽ ഒരുമിച്ചു നിന്ന് ബി.ജെ.പിയെ ചെറുക്കാൻ കഴിഞ്ഞാൽ തുടർന്ന് 2026ൽ നടക്കുന്ന ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ അവർക്ക് ഒരുപക്ഷേ പരസ്പരം മത്സരിക്കാൻ കഴിഞ്ഞേക്കും.
പ്രതിപക്ഷം ഒരുമിച്ചു നിന്നാൽ 2024ൽ ബി.ജെ.പിയെ തോൽപിക്കാൻ കഴിയുമെന്ന് താങ്കൾ കരുതുന്നുണ്ടോ?
ഒരുമിച്ചു നിൽക്കുകയും മോദിക്കു പകരം ഒരു നേതാവിനെ ഉയർത്തിക്കാണിക്കുകയും ചെയ്താൽ തോൽപിക്കാൻ കഴിയും. രാഷ്ട്രം ഒരു പ്രതിസന്ധി നേരിടുകയാണെന്ന് ജനങ്ങൾക്ക് മനസ്സിലാകും. ആ തോന്നലുണ്ടാക്കാൻ 2019ൽ കഴിഞ്ഞിരുന്നില്ല.
പ്രാദേശിക കക്ഷികളുടെ കോൺഫെഡറേഷന് സാധ്യതയുണ്ടോ?
അത് തന്നെയാണ് ഞാൻ നേരത്തേ പറഞ്ഞത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് എത്ര സീറ്റ് കിട്ടുമെന്ന് നോക്കാതെ അതിന് മുെമ്പ ഒരു വ്യക്തിയെ ഉയർത്തിപ്പിടിക്കട്ടെ. ഒരു നേതാവിനെ അവർ തെരഞ്ഞെടുക്കട്ടെ. മമതയോ സ്റ്റാലിേനാ നേതാവായാലും അവരുടെ 45ഉം 75ഉം സീറ്റുകളൊന്നും പ്രശ്നമാകില്ല. കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയമേറ്റുവാങ്ങിയതിെൻറ കാരണവും നേതാവിെന നേരത്തേ നിശ്ചയിക്കാത്തതായിരുന്നു. ബംഗാളിൽ ബി.ജെ.പിക്കും ഒരു നേതാവില്ലായിരുന്നു. ബംഗാളിൽ ഇക്കുറി മോദിയും മമതയും തമ്മിലായിരുന്നു. നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശരിയായാലും തെറ്റായാലും ശക്തനായ ഒരു വ്യക്തിയെ ഇന്ത്യക്കാർ വീണ്ടും വീണ്ടും അംഗീകരിക്കുന്നതായിട്ടാണ് തോന്നുന്നത്. ഞാനതിനോട് വ്യക്തിപരമായി യോജിപ്പില്ലാത്ത ആളാണ്. പക്ഷേ, ഇനിയുള്ള രാഷ്ട്രീയം അങ്ങനെയാണ്.
മാധ്യമങ്ങൾ വളരെ ഏകപക്ഷീയമായ തരത്തിലല്ലേ തെരഞ്ഞെടുപ്പ് വാർത്തകൾ നൽകിയത്?
ബി.ജെ.പിയുടെ പ്രചാരണ പടയോട്ടം കണ്ട് ദേശീയ മാധ്യമങ്ങൾ പകച്ചുപോയെന്നാണ് തോന്നുന്നത്. ബി.ജെ.പി അഭൂതപൂർവമായ മുന്നേറ്റമുണ്ടാക്കുകയാണെന്ന് ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ബംഗാളികൾ അവരുടെ മനസ്സനുസരിച്ച് വോട്ട് ചെയ്തു. ബംഗാളി മാധ്യമങ്ങൾ കൂടുതലും ബി.ജെ.പിക്ക് എതിരായിരുന്നു. ബംഗാളി പത്രങ്ങൾ പരോക്ഷമായി പോലും പിന്തുണച്ചതായി തോന്നിയിട്ടില്ല. സുവേന്ദു അധികാരിയുടെ പേര് പോലും കൊടുക്കാതെ 'കൂറുമാറ്റക്കാരൻ' എന്ന് പതിവായെഴുതിയ ഒരു പത്രമുണ്ടായിരുന്നു.
ടെലിഗ്രാഫ് ഈ തെരഞ്ഞെടുപ്പിൽ ശക്തമായി നിന്നത് ഫാഷിസ്റ്റ് വിരുദ്ധ പക്ഷത്തായിരുന്നു. ഇതിനെതിരെ വിമർശനം ഉയർന്നിരുന്നോ?
ബംഗാളിെൻറ അടിയൊഴുക്ക് നിങ്ങൾക്ക് മനസ്സിലാകുന്നില്ലെന്ന് വോട്ടിെൻറ തലേന്ന് ഒരാൾ ഫോൺചെയ്ത് പരാതി പറഞ്ഞു. അടിയൊഴുക്ക് പറയലല്ല പത്രത്തിെൻറ പണിയെന്നും എന്താണ് ശരിയെന്ന് പറയുകയാണെന്നും അദ്ദേഹത്തോട് മറുപടി നൽകി. ഫലം വന്നപ്പോൾ പലയാളുകളും ടെലിഗ്രാഫ് ചെയ്തതാണ് ശരിയെന്ന് പറഞ്ഞ് അഭിനന്ദനങ്ങൾ അറിയിച്ചു. ആര് ജയിക്കും, ആര് തോൽക്കും എന്നത് പോലുള്ള പ്രവചനങ്ങൾക്ക് നിൽക്കാതെ തെരഞ്ഞെടുപ്പ് നാളുകളിൽ ഓരോ പ്രാദേശിക േപജിലും ആ പ്രദേശത്തിെൻറ ചരിത്രങ്ങളാണ് ഞങ്ങൾ നൽകിയത്.
സ്വാതന്ത്ര്യത്തിന് മുമ്പുള്ള കലാപനാളുകളിലെന്ത് സംഭവിച്ചുവെന്ന് ഒരു ദിവസമെഴുതി. പൂജക്ക് പോലും ബിരിയാണി കഴിക്കുന്ന, മുസ്ലിം സംഗീതത്തെ നെഞ്ചേറ്റുന്ന ബംഗാളി സമൂഹത്തിന് അവരെ ഒഴിച്ചുനിർത്തി ഒരു ജീവിതം സങ്കൽപിക്കാനേ പറ്റില്ല എന്നായിരുന്നു മറ്റൊരു സ്പെഷൽ സ്റ്റോറി. നാലു വോട്ടിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കാനും ആട്ടിയോടിക്കാനും രാഷ്ട്രീയക്കാർ പലതും പറഞ്ഞേക്കും, പക്ഷേ മാധ്യമങ്ങൾ അവരെപ്പോലെ ഉത്തരവാദിത്തമില്ലായ്മ കാണിക്കരുത്.
പത്രം സ്വീകരിക്കുന്ന നിലപാട് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ല. മാധ്യമങ്ങൾ വിമർശിച്ച പാർട്ടി അധികാരത്തിൽ വന്നുവെന്നതിെൻറ േപരിൽ ആ മാധ്യമം സ്വീകരിച്ച നയം തെറ്റാണെന്ന് പറയാൻ പറ്റില്ല. കേരളത്തിൽ സി.പി.എമ്മിനെ പല മാധ്യമങ്ങളും വിമർശിക്കുന്നുണ്ട്. ഭരണത്തിൽ അവർ തിരിച്ചുവന്നു എന്നതു കൊണ്ട് മാത്രം മാധ്യമങ്ങളുടെ നിലപാട് ശരിയോ തെറ്റോ എന്ന് പറയാൻ പാടില്ല. ഭരണത്തിെൻറ മാറ്റുരക്കലും ഫലവുമായി ബന്ധപ്പെട്ട് ആകേണ്ടതില്ല. അങ്ങനെയാണെങ്കിൽ ഗുജറാത്തിൽ ഇത്രയും വലിയ വംശഹത്യ നടന്നിട്ട് നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വന്നതുകൊണ്ട് ആ വംശഹത്യ ശരിയായിരുന്നു എന്ന് പറയാനാകുമോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.