Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകത്തിനും ഗവർണർക്കും...

കത്തിനും ഗവർണർക്കും നടുവിൽ...

text_fields
bookmark_border
governor, mayor- controversies
cancel

ഗവർണർ ഉണ്ടാക്കുന്ന പൊല്ലാപ്പുകളിൽനിന്ന് കരകയറാൻ ശ്രമിക്കവേയാണ് സർക്കാറിനും സി.പി.എമ്മിനും ഇരട്ടി തലവേദന സൃഷ്ടിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെ പേരിൽ പുറത്തുവന്ന നിയമനക്കത്തും അതിനുപിന്നാലെ വന്ന ജില്ല സെക്രട്ടറിയുടെ നിയമനക്കത്തും പുറത്തുവന്നത്.

താൻ എഴുതിയ കത്തല്ലിതെന്ന് മേയറും അങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനും കത്ത് പുറത്തുവിട്ടിട്ടില്ലെന്ന് സ്ഥിരം സമിതി അധ്യക്ഷനും ആവർത്തിക്കുമ്പോൾ ഇങ്ങനെയൊരു കത്തേയില്ലെന്ന മട്ടിലാണ് അന്വേഷണങ്ങളും.

കത്തിന്‍റെ പിന്നാമ്പുറം കണ്ടുപിടിക്കാൻ നിയോഗിക്കപ്പെട്ട ക്രൈംബ്രാഞ്ചിന്‍റെയും വിജിലൻസിന്‍റെയും അന്വേഷണങ്ങൾ ഇപ്പോൾ ശൂന്യതയിലാണ്. 'സ്മാർട്ടായ' കേരള പൊലീസിന് മണിക്കൂറുകൾകൊണ്ട് ഈ കത്ത് കണ്ടെത്താൻ സാധിക്കുമെന്നിരിക്കെ ഇത്ര 'തല പുകഞ്ഞ്' അന്വേഷിക്കുന്നത് ഏതൊക്കെയോ തലകൾ രക്ഷിക്കാൻ തന്നെയാണ്.

അന്വേഷണം ശരിയായി നീങ്ങിയാൽ മുൻകാലങ്ങളിൽ നടന്ന നിയമനങ്ങളിലുൾപ്പെടെ പാർട്ടി പ്രതിക്കൂട്ടിലാകുമെന്നതുതന്നെ കാര്യം. ഇനിയെത്ര കത്തുകൾ പുറത്തുവരുമെന്ന ആശങ്കയിലാണ് സി.പി.എം. ഞങ്ങൾ ശിപാർശക്കത്തിറക്കാറില്ലെന്നും യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് ജനപ്രതിനിധികൾ മുഴുവൻ ശിപാർശക്കത്തുകളുമായി രംഗത്തുണ്ടായിരുന്നെന്നും സ്ഥാപിക്കാൻ നിരവധി കത്തുകൾ പുറത്തിട്ട് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും അത്രക്ക് ഏശിയില്ല.

അതിന്‍റെ വിഷമമാണ് കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടേറിയറ്റും പ്രകടിപ്പിച്ചത്. കത്ത് വിവാദത്തിലും നിയമന വിഷയങ്ങളിലും അസംതൃപ്തി പ്രകടിപ്പിച്ച സി.പി.എം, ഇനി നിയമനങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്ന നിർദേശമാണ് നൽകിയത്. അപ്പോൾ ഇതുവരെ നടന്ന നിയമനങ്ങളിൽ ജാഗ്രതയുണ്ടായില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനാകില്ല.

ഇപ്പോഴുള്ള വിവാദങ്ങൾ കെട്ടടങ്ങിയശേഷം പാർട്ടിതലത്തിൽ നിയമനങ്ങൾ അന്വേഷിക്കാനുള്ള ഒരുക്കത്തിലുമാണ്. പീഡനമുൾപ്പെടെ എന്ത് വിവാദമുണ്ടായാലും അത് അന്വേഷിക്കാൻ സ്വന്തമായ സംവിധാനമുള്ള പാർട്ടിയാണിത് എന്നതാണ് ഒരാശ്വാസം.

സാധാരണ കേസുകളിലെ രീതിയല്ല ഈ കത്ത് വിവാദത്തിലുണ്ടായത്. ഇത്തരത്തിൽ ഒരു കത്തിറങ്ങിയാൽ തന്‍റേതല്ലെങ്കിൽ മേയർ പരാതി കൊടുക്കേണ്ടത് മ്യൂസിയം പൊലീസിലായിരുന്നു. അല്ലെങ്കിൽ സിറ്റി പൊലീസ് കമീഷണർക്ക്. ഡൽഹിയിൽ കേന്ദ്രസർക്കാറിൽനിന്ന് ജോലി തേടി സമരത്തിനുപോയ സമയത്ത് മേയറുടെ ലെറ്റർ ഹെഡ് അടിച്ചുമാറ്റി ആരെങ്കിലും വ്യാജക്കത്തുണ്ടാക്കി മേയറെയും സി.പി.എമ്മിനെയും ഇകഴ്ത്തിക്കാട്ടിയതാണെങ്കിൽ അതിന്‍റെ സത്യം കണ്ടെത്തണം.

പക്ഷേ, മേയർ പരാതിയുമായി പോയത് ക്ലിഫ്ഹൗസിലേക്കാണ്. അതിനും ന്യായമുണ്ട്. തന്‍റെ നിരപരാധിത്വം തെളിയിക്കാൻ ആഭ്യന്തരമന്ത്രിയെ അല്ലാതെ ആരെ കാണാൻ. പരാതിയും നൽകി. ഉടൻ പൊലീസ് മേധാവിയെ വിളിച്ചുവരുത്തി മുഖ്യൻ പരാതിയും കൈമാറി.

പിറ്റേന്നുതന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് എസ്.പിയെ ചുമതലപ്പെടുത്തി. അതിൽ കേസൊന്നുമെടുക്കാൻ നിൽക്കാതെ വേണ്ടപോലെ അന്വേഷിച്ച് ഒരു പ്രാഥമിക റിപ്പോർട്ട് ക്രൈംബ്രാഞ്ച് തയാറാക്കിയിട്ടുണ്ട്. അതിൽ സി.പി.എമ്മിനോ സർക്കാറിനോ കോട്ടം തട്ടാത്ത രീതിയിലായിരിക്കുമത്രേ തുടർനടപടികൾ.

കേസെടുത്തുള്ള അന്വേഷണം വന്നാലും അതിൽ പ്രതിപ്പട്ടിക ശൂന്യമായിരിക്കും. അത് ക്രൈംബ്രാഞ്ചിന്‍റെ കഴിവുകേടായി വ്യാഖ്യാനിക്കരുത്. വേണമെന്ന് വിചാരിച്ചെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ സംശയമുള്ളവരുടെ ഫോണുകളും മേയറുടെ ഓഫിസിലെ ഉൾപ്പെടെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകളും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയെങ്കിൽ കത്തിന്‍റെ ഉറവിടം വ്യക്തമാകുമായിരുന്നു.

ഇതിന് സമാനമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള കത്ത് തയാറാക്കിയെന്ന് സമ്മതിച്ച കൗൺസിലറുടെയോ സി.പി.എം ജില്ല സെക്രട്ടറിയുടെയോ ഫോണുകളും പരിശോധിച്ചില്ല. തുറന്ന പുസ്തകമാണ് മേയറുടെ ഓഫിസെന്നും അതിനാൽ എവിടെയും മേയറുടെ ലെറ്റർഹെഡ് കിട്ടുമെന്നും ജീവനക്കാർ മൊഴി നൽകുമ്പോൾ കോർപറേഷൻ ആസ്ഥാനത്തിൽ ഇത്തരമൊരു പരിശോധനയും നടത്തിയില്ല. എന്തിന്, കോർപറേഷൻ ഓഫിസിന്‍റെ കവാടം വരെയെങ്കിലും പോയി അന്വേഷിച്ചെങ്കിൽ എന്തെങ്കിലും തുമ്പ് കിട്ടിയേനെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governorletterCPMcontrovery
News Summary - Between the letter and the governor controversies
Next Story