ചെള്ളുപനിയോടും വേണം ജാഗ്രത
text_fieldsചെള്ളുപനി എന്നറിയപ്പെടുന്ന സ്ക്രബ് ടൈഫസിന് കാരണമാവുന്ന രോഗാണു ഓറിയൻഷ്യ സുബുകാമുഷി (Oreantia tSutsgamushi) പലപ്പോഴായി ഇന്ത്യയിൽ രോഗം പടർത്തിയിട്ടുണ്ട്. ഈ രോഗം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാണ് കൂടുതൽ കണ്ടുവരുന്നത്. കേരളത്തിലും രോഗം പടരാറുണ്ട്. 2020 ൽ എട്ടുപേരും. 2021 ൽ ആറുപേരും കേരളത്തിൽ ഈ രോഗം ബാധിച്ചു മരിച്ചു. ഈ വർഷവും രോഗബാധയും മരണവും റിപ്പോർട്ട് ചെയ്തു. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് ഈ രോഗം പടരുകയില്ല.
ചെള്ളുകൾ ഒരു തലമുറയിൽനിന്ന് അടുത്ത തലമുറയിലേക്ക് രോഗാണു വഹിക്കാൻ പ്രാപ്തമാണ്. ചെള്ളുകളിലൂടെ മനുഷ്യരിലേക്കും കരണ്ടുതിന്നുന്ന ജീവികളായ അണ്ണാൻ, എലി എന്നിവയിലേക്കുമുള്ള രോഗപ്പകർച്ച ലാർവദശ രൂപത്തിലാണ്. ഏഴുമുതൽ 21 ദിവസം വരെയാണ് ഇൻകുബേഷൻ പിരീഡ്.
രോഗലക്ഷണങ്ങൾ: - നല്ല പനിയും വിറയലുമായി തുടങ്ങുന്ന രോഗികൾക്ക് തലവേദനയും വരണ്ട ചുമയും ഉണ്ടാകാം. ദേഹപരിശോധനയിൽ ലിംഫ് ഗ്രന്ഥികളുടെ തടിപ്പ് പ്രധാനമാണ് (ദേഹത്ത് പരിപൂർണമായോ കഴുത്തിലും കക്ഷത്തിലും അരയിലും മാത്രമായോ ആവാം). ചെള്ളിന്റെ കടിയേറ്റ ഭാഗം ചുവന്നു തുടുത്ത പാടായി കക്ഷങ്ങളിലോ കഴുത്തിലോ കണ്ടെത്തിയാൽ ജാഗ്രത പാലിക്കണം.
പലരിലും രോഗം നേരിയ തോതിൽ വന്ന് ഭേദമാവുകയും, ചിലരിൽ അബോധാവസ്ഥയിലേക്കും (എൻകഫലൈറ്റിസ്) ന്യുമോണിയ, വൃക്കയുടെ പെട്ടെന്നുള്ള തകരാറോടെയുള്ള മൂത്ര തടസ്സം, ശ്വാസ തടസ്സ കരൾബാധ എന്നീ അവസ്ഥകളിലേക്കും നീങ്ങാം. രണ്ടാഴ്ചകൊണ്ട് രോഗത്തിന്റെ പ്രധാന ലക്ഷണമായ പനി കുറയാമെങ്കിലും കൃത്യമായ ചികിത്സ കിട്ടാത്തവരിൽ രോഗം മാരകമാകാം. കൃത്യമായ ചികിത്സ കിട്ടാത്തവരിൽ ഏഴു ശതമാനം പേർക്ക് ജീവഹാനിയുമുണ്ടായേക്കാം. ലഘുലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ നൽകുന്നപക്ഷം മരണനിരക്ക് കുറക്കാനാവും.
എലിപ്പനി, ഡെങ്കിപ്പനി, ടൈഫോയ്ഡ് എന്നീ രോഗലക്ഷണങ്ങളിൽനിന്ന് കൃത്യമായി തിരിച്ചറിയുന്നതിന് വീൽഫെലിക്സ് ടെസ്റ്റ്, എലീസ ടെസ്റ്റ് എന്നിവ വേണ്ടി വന്നേക്കും.
ചികിത്സാ രീതിയും പ്രതിരോധവും
ഒരാഴ്ചക്കാലം ഡോക്സിസൈക്ലിൻ ഗുളിക (100 മി.ഗ്രാം) രണ്ടു നേരം എന്ന രീതിയിൽ കഴിക്കുന്നത് ഫലപ്രദമാണ്. പലപ്പോഴും ഈ മരുന്ന് കഴിച്ചുതുടങ്ങുമ്പോഴേക്കും പനി കുറഞ്ഞു തുടങ്ങും. അസിത്രോമൈസിൻ, ക്ലോനം ഫെനിക്കോൾ മരുന്നുകളും ഫലപ്രദമാണ്. കാട്ടിലും പറമ്പിലും ജോലിചെയ്യുന്നവർ ദേഹം മുഴുവൻ മൂടുന്നതരം വസ്ത്രം ധരിക്കുന്നതും ഡൈഈത്യൽ ടോളുമൈഡ് അടങ്ങിയ ലേപനങ്ങൾ പുരട്ടുന്നതും ശാസ്ത്രീയമാണ്. രക്തത്തിലെ പ്ലേറ്റ്ലറ്റുകൾ കുറഞ്ഞവർക്ക് രോഗാവസ്ഥ മോശമാവുകയാണെങ്കിൽ അഡ്മിറ്റ് ചെയ്ത് ചികിത്സ വേണ്ടിവരും. ഒന്നിലധികം അവയവങ്ങളെ (വൃക്ക, ഹൃദയം, കരൾ, ശ്വാസകോശം) ബാധിച്ചാൽ ഗുരുതരമാകാം. ഹരിയാനയിൽ ഈയിടെ കുറെയധികം കേസുകൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു.
പ്രത്യേകം ശ്രദ്ധിക്കാൻ:
- കാടുവെട്ടി വൃത്തിയാക്കുന്ന ജോലിയിൽ ഏർപ്പെടുന്നവർക്ക് ഈ രോഗം വരാൻ സാധ്യത കൂടുതലാണ്.
- പുല്ല് വളർന്നുനിൽക്കുന്ന പ്രദേശങ്ങളിലൂടെ നടക്കുേമ്പാൾ പ്രത്യേക കരുതലെടുക്കുക. പുല്ലിൽ കളിക്കുേമ്പാഴും ജോലി ചെയ്യുേമ്പാഴും ശരീരം മൂടുന്ന വസ്ത്രം ധരിക്കാൻ ശ്രമിക്കുക.
- വസ്ത്രങ്ങൾ കഴുകി നിലത്തോ പൂഴിയിലോ ഉണക്കാനിടുന്നത് ഒഴിവാക്കുക.
- വളർത്തു മൃഗങ്ങളെ കൃത്യമായ ഇടവേളകളിൽ കുളിപ്പിക്കുക (വർക്കലയിൽ മരിച്ച പെൺകുട്ടിയുടെ വളർത്തു നായയിൽ ചെള്ള്ബാധ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.