വല വിരിച്ച് കാത്തിരിപ്പാണവർ, നമ്മുടെ കുഞ്ഞുങ്ങൾക്കായ്
text_fieldsകൈയിൽനിന്ന് സ്വർണവും പണവും കാണാതെ പോകുന്നു, ഇതേക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം മൗനമോ മറ്റെന്തെങ്കിലും പറഞ്ഞ് ഒഴിഞ്ഞുമാറലോ ആണ് എന്ന പരാതിയുമായാണ് 15 വയസ്സുകാരിയെയും കൊണ്ട് മാതാപിതാക്കൾ കോഴിക്കോട് ൈചൽഡ് ലൈൻ അധികൃതർക്കു മുന്നിലെത്തിയത്. ചൈൽഡ് ലൈൻ പ്രതിനിധിയുടെ ഒറ്റക്കുള്ള കൗൺസലിങ്ങിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കുട്ടിക്ക് വെളിപ്പെടുത്താനുണ്ടായിരുന്നത്. ലോക്ഡൗൺ സമയത്ത്, സ്കൂളില്ലാത്തതിനെ തുടർന്ന് ഫോൺ ഉപയോഗിക്കാൻ ഏറെ സമയം കിട്ടിയ അവൾ ഒരു യുവാവുമായി പരിചയപ്പെടുകയും അടുപ്പത്തിലാവുകയും ചെയ്യുന്നു. അടുപ്പം വളർന്ന് അയാൾ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്യുന്ന ഘട്ടത്തിലെത്തി. വീട്ടിൽ ആരുമില്ലാത്ത സമയത്ത് വന്ന് ലൈംഗികമായി അതിക്രമിച്ചതു മാത്രമല്ല, പല ആവശ്യങ്ങൾ പറഞ്ഞും സെൻറിെമൻറ്സ് ഇറക്കിയും മദ്യപിക്കാനും മറ്റുമായി സ്വർണവും പണവും വാങ്ങാനും തുടങ്ങി. വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടുന്ന കാര്യം മാത്രമെ മാതാപിതാക്കൾ ശ്രദ്ധിച്ചുള്ളൂ, എന്നാൽ മകൾ ലൈംഗികാതിക്രമത്തിനിരയായ കാര്യം അവർ പോലുമറിഞ്ഞത് കൗൺസലർ പറയുേമ്പാഴാണ്. നിയമനടപടികളെ തുടർന്ന് പ്രതി അറസ്റ്റിലാവുകയും ചെയ്തു.
ഇതൊരു ഒറ്റപ്പെട്ട അനുഭവമല്ല, വീട്ടിൽ അടച്ചിടപ്പെട്ട ഒരുപാടു പെൺകുട്ടികളുടെ അനുഭവങ്ങളിൽ ഒന്നുമാത്രമാണ്. പുറത്തുനിന്നൊരാൾ വരണമെന്നില്ല. മാതാപിതാക്കൾ ജോലിക്കു പോയ സമയത്ത് വീട്ടിലെത്തിയ ബന്ധുവിനാൽ ലൈംഗികാതിക്രമത്തിനിരയായ 22കാരിയുമുണ്ട് കോഴിക്കോട്ട്. നാടടച്ചിട്ട കാലത്ത് വീടകങ്ങളിൽ പെൺകുട്ടികൾക്കു നേെര നടന്ന അക്രമങ്ങളുടെ എണ്ണം ചെറുതല്ല. എന്നാൽ, ഭൂരിഭാഗം കേസുകളും പുറംലോകമറിയാതെ, എന്തിന് നിയമപാലകർ പോലുമറിയാതെ വീട്ടിനുള്ളിൽ തന്നെ ഒതുക്കിത്തീർക്കപ്പെടുകയാണ്. 'പെൺകുട്ടികളല്ലേ, അവരുടെ ഭാവി തകരൂല്ലേ' എന്ന പണ്ടുതൊട്ടേയുള്ള ഇല-മുള്ള് സിദ്ധാന്തം ഇക്കാലത്തും പ്രയോഗിക്കുമ്പോൾ, തകർന്നുപോവുന്നതു പലപ്പോഴും അവളുടെ മാനസികാരോഗ്യവും ജീവിതവും തന്നെയാണ്.
ലൈംഗികാതിക്രമങ്ങൾക്കിരയാവുന്ന പെൺകുട്ടികൾക്ക് അതിൽ നിന്നു െപട്ടെന്നൊരു മോചനം പൊതുവേ സാധ്യമല്ല. അക്രമത്തിനിരയാവുന്നത് സ്വന്തം വീടുകളിൽ നിന്നും ബന്ധുക്കളിൽ നിന്നുമാവുമ്പോൾ ആഘാതത്തിെൻറ തോത് വർധിക്കുകയാണ്.
വെർച്വൽ ബന്ധങ്ങൾ വില്ലനാവുമ്പോൾ...
പണ്ടൊക്കെ 'നീയാ ഫോണൊന്നെടുത്ത് വെച്ച് പുറത്തേക്കിറങ്ങി കളിക്കെടാ' എന്നായിരുന്നു മാതാപിതാക്കൾ മക്കളോട് പറഞ്ഞിരുന്നത്. എന്നാൽ, കോവിഡ് ലോക്ഡൗൺ ലോകക്രമം മാറ്റിയപ്പോൾ ആ ഡയലോഗ് തലതിരിഞ്ഞ് 'നീയാ കളിനിർത്തി ഫോണിൽ നോക്കി പഠിക്കെടാ' എന്നായി. അത്രനാളും വല്ലപ്പോഴും പരിമിത ഉപയോഗത്തിനു മാത്രം ലഭിച്ചിരുന്ന മൊബൈൽ ഫോണും ടാബും ലാപ്ടോപ്പുമെല്ലാം കുട്ടികളുടെ കളിസാധനങ്ങൾ പോലെയായി. സ്കൂളുകളിൽ ചെല്ലുമ്പോഴുണ്ടായിരുന്ന ഭൗതിക സൗഹൃദങ്ങളെ നഷ്ടമായപ്പോൾ എല്ലാവരും വാട്സാപ്പിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയുമെല്ലാം വെർച്വൽ സൗഹൃദത്തിെൻറ മേച്ചിൽപുറങ്ങൾ തേടി. പ്രൈമറി ക്ലാസിൽ പഠിക്കുന്ന കുട്ടിയെന്നോ കോളജ് വിദ്യാർഥിയെന്നോ വ്യത്യാസമില്ലാതെ സൗഹൃദാഘോഷങ്ങൾ സൈബറിടങ്ങളിലേക്ക് പറിച്ചുനട്ടതോടെ പുതിയ പ്രശ്നങ്ങളും ഉരുത്തിരിഞ്ഞു വന്നു. പഠിക്കാനുള്ള സമയത്തിലേറെ ചാറ്റിങ്ങിനും ബ്രൗസിങ്ങിനുമായി വിദ്യാർഥികൾ ഉപയോഗിച്ചു. അപരിചിതരായ മുതിർന്നവരുമായി സൗഹൃദത്തിലേർപ്പെടുന്നതും സൗഹൃദം വഴിമാറുന്നതും വ്യക്തിപരമായ കാര്യങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെക്കുന്നതുമെല്ലാം തീർത്തും സാധാരണയായി.
പഠിക്കാനല്ലേ, പിന്നെന്താ ഫോൺ കൊടുത്താൽ...
ലോക്ഡൗൺ കാലത്ത് കൂട്ടുകാരിയുടെ വാട്സ് ആപ്പിലേക്ക് സാധാരണ സൗഹൃദത്തിെൻറ പുറത്ത് ഒരു ചിത്രം അയച്ചുവെന്ന തെറ്റേ പ്ലസ്ടു വിദ്യാർഥിനി സംഗീത ചെയ്തുള്ളൂ. എന്നാൽ, കൂട്ടുകാരി ആ ഫോട്ടോ തെൻറ ആൺസുഹൃത്തിന് അയച്ചുകൊടുക്കുമെന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. കൂട്ടുകാരിയാണെങ്കിൽ, ചതിക്കുഴിയെ കുറിച്ചൊന്നും ചിന്തിക്കാതെ, കൂട്ടുകാരനോടുള്ള വിശ്വാസം കൊണ്ട് അയച്ചുകൊടുത്തതാണ്. പക്ഷേ, അയാളത്ര നിഷ്കളങ്കൻ ആയിരുന്നില്ല. അയാൾ സംഗീതയെ ബന്ധപ്പെട്ട് അവളെ ബ്ലാക്െമയിൽ ചെയ്യാൻ തുടങ്ങി. ഇക്കാര്യം ചൈൽഡ് ലൈൻ അധികൃതരെ സംഗീത തന്നെ വിളിച്ചറിയിച്ചു. പക്ഷേ, എല്ലാ കുട്ടികൾക്കും ഇത്തരത്തിൽ ഒരു മനോധൈര്യം ഉണ്ടാവണമെന്നില്ല.
സൈബർ ലോകത്തെ വെർച്വൽ ബന്ധങ്ങൾ മാത്രമല്ല കുട്ടികളെ തെറ്റിലേക്ക് നയിക്കുന്നത്. ചില വിഡിയോ ഗെയിമുകളും ഓൺലൈൻ തട്ടിപ്പ് സൈറ്റുകളുമെല്ലാം പക്വതയില്ലാത്ത കുട്ടികളെ വലവീശിപ്പിടിക്കാനായി കഴുകൻ കണ്ണുകളോടെ കാത്തിരിക്കുന്നുണ്ട്. എറണാകുളം ജില്ലയിലെ കോതമംഗലത്ത് 13 വയസ്സുകാരൻ ഓൺലൈൻ ഗെയിം നിർേദശങ്ങളുടെ അടിസ്ഥാനത്തിൽ പുഴയിൽ ചാടി ആത്മഹത്യ ചെയ്തത് ഏതാനും ആഴ്ച മുമ്പാണ്. വിദേശ ഐ.പി അഡ്രസിലുള്ള ലിങ്കുകൾ ഉപയോഗിച്ചാണ് ഈ കുട്ടി ഗെയിം ടാസ്ക്കുകൾ ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഏതു നേരവും ഫോണിൽ കളിക്കുന്നവരിൽ നിന്ന് ഫോൺ വാങ്ങിവെച്ചാൽ മാതാപിതാക്കളെ ആക്രമിക്കുകയും മോശം പദപ്രയോഗങ്ങൾ നടത്തുകയും ചെയ്യുന്ന കുട്ടികളുമുണ്ട്. മദ്യാസക്തി പോലെ ഒരു ആസക്തി തന്നെയാണ് ഇതിനു കാരണമാവുന്നതെന്ന് വിദഗ്ധർ പറയുന്നു. ഓൺലൈൻ ക്ലാസിനല്ലേ എന്ന ചിന്തയിൽ കുട്ടികൾക്ക് യഥേഷ്ടം സമയം ഫോണിലും ഇൻറർനെറ്റിലും കളിക്കാൻ അവസരം കൊടുക്കുന്ന മാതാപിതാക്കൾ അവരെ അറിഞ്ഞുകൊണ്ട് അപകടത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്.
പ്രായപൂർത്തിയാവാത്ത കുട്ടികളുടെ കാര്യത്തിൽ എപ്പോഴും ജാഗ്രതയുണ്ടാവണം. അവരുടെ സൈബറിടങ്ങളും മൊബൈൽ ഫോൺ ഉപയോഗവുമെല്ലാം നിരീക്ഷണ വിധേയമാവേണ്ടതുണ്ട്. ഇവയിലെല്ലാം ഒളിച്ചിരിക്കുന്ന ചതിക്കുഴികളെ കുറിച്ച് കുഞ്ഞുങ്ങളെ പറഞ്ഞ് കൃത്യമായി മനസ്സിലാക്കുന്നതും ഏറെ പ്രധാനം.
സൈബർ ലോകം മാത്രമല്ല ലോക്ഡൗൺ കാലത്തെ വില്ലൻ. വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവാതെ, ഉറ്റസുഹൃത്തുക്കളെ കാണാനാവാതെ കടുത്ത മാനസിക സമ്മർദവും സംഘർഷവും നേരിടുന്ന അസംഖ്യം കുട്ടികളും നമുക്കിടയിലുണ്ട്. അവരെക്കുറിച്ച് നാളെ.
(കുട്ടികളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാൻ പേരുകളും സ്ഥലങ്ങളും മാറ്റം വരുത്തിയിട്ടുണ്ട്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.