ഭോപാലില്‍ കൊല്ലപ്പെട്ടവര്‍ വിജയലക്ഷ്മിയുടെ കവിത വായിക്കുന്നു
text_fields‘‘അപമാനിക്കപ്പെട്ട മൃതദേഹം
രാത്രിയില്‍ എന്നോട് പറഞ്ഞു
കണ്ടില്ളേ എന്‍െറ കൈകള്‍ ചേര്‍ത്തുവെച്ചത്
അല്ല, ആ തോക്ക് തീര്‍ച്ചയായും എന്‍േറതല്ല
എനിക്ക് വെടിയുണ്ടകളെ അറിയില്ല
എന്‍െറമേല്‍ തറഞ്ഞതിനെയൊഴികെ.’’
-വിജയലക്ഷ്മിയുടെ ‘ഊഴം’ എന്ന കവിതയില്‍നിന്ന്
അതിസുരക്ഷയുള്ള ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുചാടിയ എട്ടു വിചാരണത്തടവുകാര്‍ പൊലീസ് ‘ഏറ്റുമുട്ടലില്‍’ കൊല്ലപ്പെട്ട വാര്‍ത്തയറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് വിജയലക്ഷ്മിയുടെ കവിത. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍െറ സാഹിത്യം കഥയോ കവിതയോ അല്ല; അത് ആത്മഹത്യക്കുറിപ്പുകളാണെന്ന് ഹൈദരാബാദ് സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി രോഹിത് വെമൂല എന്ന 26കാരന്‍ ജീവനൊടുക്കേണ്ടിവന്നപ്പോള്‍ എന്‍.എസ്. മാധവന്‍ എഴുതി. ‘തിരുത്ത്’ എഴുതിയ എന്‍.എസ്. മാധവന് ഒരു തിരുത്ത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍െറ സാഹിത്യം ‘ഏറ്റുമുട്ടലില്‍’ കൊല്ലപ്പെട്ടവരുടെ ദുരൂഹമായ മൗനമാണ്.
ഏറ്റുമുട്ടല്‍ കൊലകളില്‍ പലതും കസ്റ്റഡി മരണങ്ങളാണെന്ന് അഭിഭാഷകനായ അഭിഷേക് മനു സിങ്വി മുമ്പേ പറഞ്ഞിട്ടുണ്ട്. സുപ്രീംകോടതി അമിക്കസ് ക്യൂറിയായി നിയമിച്ച കേസില്‍ അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസിനെതിരായ ഈ വിമര്‍ശനം.
മഹാരാഷ്ട്രയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നത് ന്യൂനപക്ഷ സമുദായങ്ങളില്‍പെട്ടവരാണെന്ന് നേരത്തേ ഒരുവിധിയില്‍ ബോംബെ ഹൈകോടതിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഏറ്റുമുട്ടല്‍ നമ്മുടെ നാട്ടില്‍ ഒരു തുടര്‍ക്കഥയാണ്. ഇശ്റത് ജഹാന്‍െറയും പ്രാണേഷ് കുമാറിന്‍െറയും കഥ പ്രസിദ്ധമാണ്. 22 വയസ്സുള്ള എം.ബി.എ വിദ്യാര്‍ഥിയെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ ഉത്തരാഖണ്ഡ് പൊലീസിലെ 17 പൊലീസുകാര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ജെ.പി.എസ്. മാലിക്കായിരുന്നു ഈ വിധി പുറപ്പെടുവിച്ചത്. വിവാദമായ ബട്ല ഹൗസ് ഏറ്റുമുട്ടലും ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. എല്ലാ പൊലീസ് ഏറ്റുമുട്ടല്‍ കേസുകളിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും സ്വതന്ത്രമായ അന്വേഷണം നടത്തുകയും വേണമെന്ന് സുപ്രീംകോടതിയും നിര്‍ദേശിച്ചിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടല്‍ തെളിയുന്നതുവരെ പൊലീസുകാര്‍ക്ക് പ്രമോഷന്‍, പാരിതോഷികം എന്നിവ പാടില്ളെന്നും സുപ്രീംകോടതി ഉത്തരവിലുണ്ട്. രാജ്യത്ത് വ്യാജ ഏറ്റുമുട്ടലുകള്‍ വ്യാപകമാവുന്നത് ചൂണ്ടിക്കാട്ടി പി.യു.സി.എല്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്.
ജയിലില്‍നിന്ന് കുറ്റവാളികളെ പുറത്തിറക്കി വര്‍ഗീയ കലാപം ഇളക്കി വിടുകയും വീണ്ടും അവരെ ജയിലില്‍ തന്നെ കൊണ്ടുപോവുകയും ചെയ്യുന്ന ഭരണാധികാരികളെ കുറിച്ച് ആനന്ദിന്‍െറ ഒരു നോവലില്‍ പറയുന്നുണ്ട്. ഭോപാലില്‍ ജയില്‍ ചാടിയ വിചാരണത്തടവുകാരായ എട്ട് സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന മധ്യപ്രദേശ് സര്‍ക്കാര്‍ വിശദീകരണത്തില്‍ ഒട്ടേറെ ദുരൂഹതകളും പൊരുത്തക്കേടുകളുമുണ്ടെന്നാണ് പല പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ, ഭോപാലിലേത് വ്യാജ ഏറ്റുമുട്ടല്‍ കൊലയാണെന്ന് സംശയിക്കേണ്ടതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസും സി.പി.എമ്മും ആം ആദ്മി പാര്‍ട്ടി നേതാക്കളും ആവശ്യമുന്നയിച്ചിട്ടുണ്ട്.
മരിച്ചുവീഴുന്നവരുടെ കൈയില്‍ തോക്കുകളും പോക്കറ്റുകളില്‍ ലഘുലേഖകളും കാണുന്ന മാജിക്കല്‍ റിയലിസം ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍കേസിന്‍െറ ഭാവനയെ പോലും തോല്‍പിക്കുന്നു.
ഭീകരത എതിര്‍ക്കപ്പെടേണ്ടതാണ്. ഭീകരതക്കെതിരെ ഒന്നിക്കേണ്ടത് മനുഷ്യരെന്ന നിലയില്‍ നമ്മുടെ കടമയാണ്. അതുപോലെ, എതിര്‍ക്കപ്പെടേണ്ടതാണ് ഭരണകൂട ഭീകരതയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.