ആത്മാഭിമാനം, പോരാട്ടം
text_fieldsനിരപരാധികളുടെ ചോരയിൽ മുങ്ങിയ 2002ൽ ആരംഭിക്കുന്നത് മാറിയ ഇന്ത്യയുടെ മാത്രമല്ല, ബിൽക്കീസ് ബാനു എന്ന പോരാളിയുടെ ചരിത്രം കൂടിയാണ്. ഗുജറാത്ത് വംശഹത്യ നാളുകളിൽ ബിൽക്കീസിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ വർഗീയ ഭീകരവാദികൾ ഉമ്മയും കുഞ്ഞും സഹോദന്മാരും സഹോദരിമാരുമുൾപ്പെടെ 14 പ്രിയപ്പെട്ടവരെയാണ് കൊന്നുതള്ളിയത്. നാടുവാഴികളുടെ സകല അനുഗ്രഹാശിസ്സുകളുമുള്ള അതിക്രമകാരികളോട് എതിരിടുകയെന്നത് ഒരു സാധാരണക്കാരിക്ക് അസാധ്യംതന്നെയായിരുന്നു.
എങ്കിലും, ഒട്ടനവധി വംശീയ- ലൈംഗിക അതിക്രമങ്ങളിലെ ഇരകളെയുംപോലെ വിധിയെപ്പഴിച്ച് ഇരുളിലൊതുങ്ങാനായിരുന്നില്ല നീതിയുടെ വെളിച്ചമെത്തുംവരെ പൊരുതാൻ തന്നെയായിരുന്നു ആ യുവതിയുടെ തീരുമാനം; ജീവിതപങ്കാളി യാഖൂബ് റസൂൽ ഖാനും നന്മവറ്റാത്ത ഏതാനും മനുഷ്യസ്നേഹികളും ഒപ്പം നടന്നു.
ഗുജറാത്ത് പൊലീസ് കേസ് തേച്ചുമായ്ക്കുമെന്ന് ഉറപ്പായിരുന്നു, കേസ് വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റാനായിരുന്നു ആദ്യ പോരാട്ടം. പേരിനെയും പദവിയെയും അന്വർഥമാക്കി ദേശീയ മനുഷ്യാവകാശ കമീഷൻ പിന്തുണയേകി. ബലാത്സംഗ-കൊലപാതക കേസുകളിൽ കുറ്റക്കാരെന്ന് കണ്ട് 11 അതിക്രമകാരികൾക്ക് മഹാരാഷ്ട്ര കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. നീതിയുടെ വിജയമെന്നാശ്വസിച്ച് ലോകം കൈയടിച്ചു. എന്നാൽ, രാജ്യം സ്വാതന്ത്ര്യലബ്ധിയുടെ അമൃതമഹോത്സവം ആഘോഷിക്കവെ നീതിയെയും നിയമങ്ങളെയുമെല്ലാം കാറ്റിൽ പറത്തി ഈ കൊടുംകുറ്റവാളികൾക്ക് ‘സംസ്കാരികൾ’ എന്ന സ്ഥാനപ്പേര് നൽകി വിട്ടയച്ചു ഗുജറാത്ത് സർക്കാർ.
അവർക്ക് നാടുനീളെ പൂമാലയിട്ട് സ്വീകരണമൊരുക്കി സംഘ്പരിവാർ. അതിഹീന നീതിലംഘനം കണ്ട് ഇന്ത്യ തളർന്നുപോയി. സഹിക്കാവുന്നതിലുമപ്പുറമായിരുന്നു ഈ വേദനയെങ്കിലും വേട്ടയാടപ്പെട്ട ഓരോ സ്ത്രീയുടെയും പ്രതിനിധിയായി ബിൽക്കീസ് വീണ്ടും നീതിപീഠത്തിന്റെ പടിക്കെട്ടുകൾ കയറി. ഒടുവിൽ അതിക്രമകാരികളെ വിട്ടയച്ച ഗുജറാത്ത് സർക്കാറിന്റെ തീരുമാനം റദ്ദാക്കിയിരിക്കുന്നു പരമോന്നത നീതിപീഠം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.