ബിൽക്കീസ് ബാനുവിന് തിരികെ നൽകണം; പിടിച്ചുപറിക്കപ്പെട്ട നീതി
text_fieldsകൂട്ടബലാത്സംഗവും ദാരുണ കൊലപാതകവും നടത്തിയെന്ന കുറ്റം തെളിഞ്ഞ് കോടതി തടവുശിക്ഷക്കു വിധിച്ച 11 പേരെ ഗുജറാത്തിൽ ജയിൽമോചിതരാക്കിയിരിക്കുന്നു. ഇനി വരാനിരിക്കുന്ന സംഭവവികാസങ്ങൾ എപ്രകാരമായിരിക്കുമെന്നതു സംബന്ധിച്ച ഭീതിപ്പെടുത്തുന്ന ഒരു മുന്നറിയിപ്പ്.
ആ കൊടുംകുറ്റവാളികളെ ഹിന്ദുത്വ വക്താക്കൾ പൂമാലയിട്ട് വരവേൽക്കുന്നതിന്റെ ചിത്രങ്ങൾ കാണുമ്പോൾ ഓർമവരുന്നത് രാംഗഢിൽ അലീമുദ്ദീൻ അൻസാരിയെ ആൾക്കൂട്ടക്കൊലക്കിരയാക്കിയ എട്ടുപേരെ 2018ൽ ബി.ജെ.പി നേതാവ് ജയന്ത് സിൻഹയുടെ നേതൃത്വത്തിൽ പൂമാലയിട്ട് സ്വീകരിച്ചതാണ്. കേന്ദ്ര സിവിൽ വ്യോമയാന മന്ത്രിയായിരുന്നു അദ്ദേഹമപ്പോൾ. കുറ്റം തെളിഞ്ഞ കൊലപാതകികൾക്ക് സ്വീകരണമൊരുക്കിയത് വിഷയമായപ്പോൾ നിരർഥകവും ദുർബലവുമായ വിശദീകരണങ്ങൾകൊണ്ട് നിസ്സാരമട്ടിൽ അതിനെ മറികടന്നു അദ്ദേഹം.
അനുദിനം കൂടുതൽ ക്ലേശകരമായി വരുകയാണ് കാര്യങ്ങൾ. ബിൽക്കീസ് ബാനുവിന്റെ വേദന വരച്ചുകാട്ടാൻ ആർക്കാകും? 20 വർഷങ്ങൾക്കപ്പുറത്ത് ഗുജറാത്തിൽ കൂട്ടബലാത്സംഗത്തിനിരയാകുമ്പോൾ അവൾക്ക് പ്രായം 21 ആയിരുന്നു, അഞ്ചു മാസം ഗർഭിണിയും. ഇതോടൊപ്പം കുടുംബത്തിലെ ഏഴുപേർ അറുകൊല ചെയ്യപ്പെടുകയും ചെയ്തു. അന്നുമുതൽ അവർ തിന്നുന്ന വേദന കെടാതെ ഇന്നും കനലായുണ്ട്.
'മുസ്ലിം സഹോദരിമാർ'ക്ക് അതുചെയ്യും, ഇതുചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുന്ന വലതുപക്ഷ നേതാക്കൾ എവിടെ! അന്നും എന്നും മുസ്ലിം സ്ത്രീകളോട് അവർക്കുള്ളത് കപടവും അസംബന്ധവുമായ ആധികൾ മാത്രം. ന്യൂനപക്ഷ സമുദായത്തിന്റെ വോട്ടുകൾ അടിച്ചെടുക്കാൻ തിടുക്കംകാട്ടിയ ഹിന്ദുത്വ നേതാക്കൾ, വംശഹത്യകളുടെയും കലാപങ്ങളുടെയും ശേഷിപ്പായ മുസ്ലിം ഇരകൾക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല.
സത്യത്തിൽ, ഹിന്ദുത്വയെ പ്രതിനിധാനംചെയ്യുന്നവരാണ് മറുവശത്തെങ്കിൽ ഇരകളാക്കപ്പെട്ട ഹതഭാഗ്യരായ മുസ്ലിം സ്ത്രീകൾ പരാതി നൽകാൻപോലും ചകിതരാണ്. അനന്തരഫലമായി ഇനിയുമെന്തൊക്കെ സഹിക്കേണ്ടിവരുമെന്ന ആധിയാണ് അവരെ മുൾമുനയിൽ നിർത്തുന്നത്. വലതുപക്ഷ ബ്രിഗേഡുകൾ പ്രതികാരത്തിന്റെ വാളെടുത്ത് ഇറങ്ങുന്നതോടെ ജീവിതം നരകമാകുമെന്നുറപ്പ്.
മുസ്ലിംകളെ ലക്ഷ്യമിട്ടുള്ള കുരുതികളുടെയും അതിക്രമങ്ങളുടെയും ഇരകളായ നിരവധി മുസ്ലിം സ്ത്രീകളിൽനിന്ന് ഇതു ഞാൻ കേൾക്കുന്നുണ്ട്. 2006ൽ ഞാൻ അഹ്മദാബാദിൽ ചെന്നപ്പോൾ മുസ്ലിം കുടുംബങ്ങളെ കണ്ടിരുന്നു. അന്ന് ബോധ്യപ്പെട്ടത് ഗുജറാത്തിലെ മുസ്ലിംകൾ മൊത്തത്തിൽ കടുത്ത ഭീതിയുടെ മധ്യേയാണ് ജീവിതം നയിക്കുന്നതെന്നാണ്. വരുംനാളുകളിലും ഇതിന് ശമനമുണ്ടാകുമെന്ന് തോന്നുന്നില്ല. വംശഹത്യവേളയിൽ സ്വന്തം നാട്ടിൽനിന്ന്, ഒരു ജീവൻ മുഴുവൻ അധ്വാനിച്ച് നിർമിച്ച് വീട്ടിൽനിന്ന് പ്രാണനും കൈയിൽപിടിച്ച് ഓടിപ്പോയ പലരും ഇന്നും തിരിച്ചുവരാൻപോലും ഭയക്കുന്നു. അമ്മമാർക്ക് പറയാനുണ്ടായിരുന്നത് വംശഹത്യയിലോ ഏറ്റുമുട്ടലുകളിലോ അല്ല, അതിന്റെ തുടർനടപടികളിൽ ജീവിതം 'നഷ്ടമായ' കുട്ടികളെക്കുറിച്ചാണ്. മുസ്ലിം കുടുംബങ്ങൾ മക്കളുടെ ജീവിതമെങ്കിലും സുരക്ഷിതമാകട്ടെയെന്നു കരുതി ഏറെ ദൂരെയുള്ള ഹോസ്റ്റലുകളിൽ ചേർക്കുകയോ അകലെ ബന്ധുക്കളുടെ അടുത്തയക്കുകയോ ചെയ്തു. മകളെ ഡൽഹിയിലെ ഹോസ്റ്റലിൽ കൊണ്ടുപോയാക്കിയ കഥയാണ് ഒരു ഓട്ടോഡ്രൈവറുടെ ഭാര്യ പങ്കുവെച്ചത്.
നിരവധി മുസ്ലിം കുടുംബങ്ങൾക്ക് തങ്ങളുടെ ഭൂമി കിട്ടിയ വിലക്ക് വിറ്റൊഴിവാക്കേണ്ടിവന്നു. പൈതൃകമായി കഴിഞ്ഞുവന്ന ഇടങ്ങളിൽനിന്ന് നഗരചേരികളിലേക്ക് എടുത്തെറിയപ്പെട്ടു. 'ഹിന്ദുരാഷ്ട്രത്തിലേക്ക് ഏവർക്കും സ്വാഗത'മോതുന്ന ബാനറുകൾ പ്രദർശിപ്പിക്കുന്ന തീവ്ര വലതുപക്ഷം സമസ്ത മേഖലകളിൽനിന്നും അവരെ ആട്ടിയോടിക്കുകയായിരുന്നു. ഒരു ആക്ടിവിസ്റ്റിന്റെ വാക്കുകളിൽ, ''2006ലെത്തിയപ്പോഴേക്ക് കാര്യങ്ങൾ 2002നെക്കാൾ ഏറെ മോശമായി. മുസ്ലിം കുട്ടികൾ അബ്ദുൽ എന്ന പേരുമാറ്റി അമർ എന്നാക്കിയാലോ എന്ന് ചിന്തിച്ചുതുടങ്ങി. മുസ്ലിം യുവാക്കളെ അകാരണമായി പൊലീസെത്തി പിടിച്ചുകൊണ്ടുപോകും. അതിക്രൂരമായി മർദിക്കും. അതുകഴിഞ്ഞ് ജുഡീഷ്യൽ കസ്റ്റഡിയിലാക്കും.'' സത്യത്തിൽ, കുട്ടികളെപ്പോലും അവർ വെറുതെവിട്ടില്ല. ഒരു വി.എച്ച്.പി നേതാവിന്റെ കാറിൽ രണ്ടു മുസ്ലിം കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു 2006 മേയ് 18ലെ മാധ്യമ റിപ്പോർട്ടുകൾ. പക്ഷേ, തുടർനടപടിയൊന്നുമുണ്ടായില്ല. ആ കുട്ടികളുടെ മൃതദേഹങ്ങൾക്കൊപ്പം അതേക്കുറിച്ച വസ്തുതകളും മറവുചെയ്യപ്പെട്ടു.
അഹ്മദാബാദിൽ വംശഹത്യ അരങ്ങേറുംനേരം സഹായം തേടി പൊലീസിൽ നിരന്തരം വിളിച്ചിരുന്നതായി അവിടത്തെ മുസ്ലിം സ്ത്രീകൾ എന്നോട് പറഞ്ഞു. മറുതലക്കൽ അവർക്ക് ലഭിച്ച മറുപടി, 'പാകിസ്താനിൽ പോകൂ, അവിടെ പോയി തുലയൂ'' എന്നായിരുന്നു. സർക്കാർ ആശുപത്രികളിൽ മുസ്ലിം കുടുംബങ്ങൾ ചികിത്സ കിട്ടാൻപോലും പ്രയാസം നേരിട്ട നിരവധി സംഭവങ്ങൾ. റേഷൻകാർഡുകൾ, ബാങ്ക് വായ്പകൾ എന്നിവയും നിഷേധിക്കപ്പെട്ടു. 'സ്വന്തം മക്കളെ 'പോട്ട' ചുമത്തി അറസ്റ്റ് ചെയ്തെന്നും അതേക്കുറിച്ച് പറഞ്ഞാൽ അവർ കൂടുതൽ അനുഭവിക്കേണ്ടിവരുമെന്നായിരുന്നു വേറെ കുറെ സ്ത്രീകളുടെ സങ്കടം. അന്നത്തെ ഗുജറാത്തിന്റെ പശ്ചാത്തലത്തിൽ പ്രമുഖ നർത്തകി എഴുതിയത് ഓർത്തുപോകുകയാണ്: ''ഗുജറാത്തിൽ ജനം ചകിതരാണ്. അതുകൊണ്ട് അവർ മിണ്ടാതെയിരിക്കുന്നു. അവരെ നിശ്ശബ്ദരാക്കിയിരിക്കുന്നു. മിണ്ടാനാകുന്നില്ലെങ്കിൽ പിന്നെ സമ്പത്ത് കുറെയുണ്ടായിട്ടെന്തു കാര്യം.''
ഇതെഴുതുമ്പോൾ ഗുജറാത്തിലെ ബെസ്റ്റ് ബേക്കറി കൊലയാളികളെയും ഓർമവരുന്നുണ്ട്. അവരെയും ജയിൽ മോചിതരാക്കിയിരിക്കുന്നു. അതും, മനുഷ്യരെ ജീവനോടെ ചുട്ടുകൊന്നവർ. ഇന്നുമില്ല ഇത്തരം വർഗീയ കൊലപാതകങ്ങൾക്കും ബലാത്സംഗങ്ങൾക്കും അരാജകത്വത്തിനും ഒരു അവസാനം. അതെങ്ങനെയുണ്ടാകും, ഇരകൾ മുറിവുകളുണങ്ങാതെ അരികുകളിൽ നീതിക്കു യാചിക്കുകയും ഭരണം കൈയിലുള്ളവരുടെ ഔദാര്യത്തിന് കാത്ത് ഭയത്തോടെ നോക്കിനിൽക്കുകയും ചെയ്യുമ്പോൾ? ഓരോ നിശ്വാസത്തെയും ഭയം വന്ന് മൂടുമ്പോൾ!
ആരൊക്കെ നിശ്ശബ്ദത പാലിച്ചാലും ശരി, ഒരു കാര്യം ഉറക്കെത്തന്നെ പറയട്ടെ: ബിൽക്കീസ് ബാനുവിന് നീതി കിട്ടണം. അവൾക്കു മാത്രമല്ല, സമാനമായി ഓരോ ദിനവും ഇരപ്പട്ടികയിലേക്കു കയറാൻ വിധിക്കപ്പെടുന്നവർക്കും...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.