ബിൽക്കീസിന്റെ വിധിയും മോദിയുടെ ഗാരന്റിയും
text_fields2024ലെ ആശ്വാസകരമായ ആദ്യവാർത്ത ബിൽക്കീസ് ബാനുവിന്റെ നിരന്തര പോരാട്ടം സുപ്രീംകോടതിയിൽ വിജയം കൈവരിച്ചതാണ്. ആയിരത്തിലധികംപേർ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട 2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളിലെ ഒട്ടുമിക്ക പ്രതികളും ആസൂത്രകരും പലപ്പോഴായി കുറ്റമുക്തരാക്കപ്പെട്ടിട്ടുണ്ട്.
ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ബന്ധുക്കളെ കൊലപ്പെടുത്തുകയും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്ത കുറ്റവാളികൾ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഒപ്പിച്ചെടുത്ത ജയിൽമോചനം റദ്ദാക്കപ്പെട്ടു എന്നതാണ് ജനുവരി എട്ടിലെ സുപ്രീംകോടതി വിധിയുടെ പ്രത്യേകത.
കോൺഗ്രസ് നേതാവും മുൻ എം.പിയുമായിരുന്ന ഇഹ്സാൻ ജഫ്രിയുടെ കൊലക്ക് പിന്നിൽ പ്രവർത്തിച്ചവരുൾപ്പെടെ പ്രതികൾ കുറ്റമുക്തരായ കാലത്താണ് ബിൽക്കീസ് ബാനു നിശ്ചയദാർഢ്യത്തോടെ പൊരുതി നീതി നേടിയത്.
വിവരിക്കാവുന്നതിലപ്പുറമുള്ള ക്രൂരതകളാണ് ബിൽക്കീസ് ബാനു നേരിട്ടത്. വംശഹത്യ നടന്ന ഗുജറാത്തിലുടനീളം 2002 മേയ് മാസം കടമ്മനിട്ടയുടെ നേതൃത്വത്തിൽ പുരോഗമനകലാസാഹിത്യസംഘം പ്രതിനിധികളായ ഞങ്ങൾ അഞ്ചുപേർ സഞ്ചരിച്ചിരുന്നു. ഇരകളായവരെയും അവരുടെ സാഹചര്യവും അന്വേഷിക്കുന്ന കൂട്ടത്തിൽ ബിൽക്കീസ് ബാനു അഭയം തേടിയ വീട്ടിലും ചെന്നു.
ആയിടെ മാത്രം ജന്മം നൽകിയ കുഞ്ഞുമായി ആശുപത്രിയിൽ പോയിരുന്ന ബിൽക്കീസും ഭർത്താവ് യാക്കൂബും കാത്തിരുന്ന ഞങ്ങളുടെ മുന്നിൽ വന്നെത്തി. ക്ഷീണവും നിർവികാരതയും തളംകെട്ടിയ മുഖവുമായി അരികിൽ വന്നിരുന്ന ബിൽക്കീസ് ഇന്നും ഓർമയിലുണ്ട്.
കൂട്ടക്കുരുതി-കൂട്ടബലാത്സംഗ സംഭവത്തെക്കുറിച്ച് പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്യാതിരുന്നതും അവരെ സന്ദർശിച്ച സി.പി.എം നേതാവ് സുഭാഷിണി അലി കേസ് രജിസ്റ്റർ ചെയ്യാൻ ഇടപെട്ടതുമൊക്കെ യാക്കൂബ് ഞങ്ങളോട് പങ്കുവെച്ചു. പ്രതികളുടെ പേരുവിവരങ്ങളടക്കം ചേർത്ത് പരാതി നൽകിയിട്ടും ആരെയും പ്രതി ചേർക്കാതെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രതികളെ കണ്ടുകിട്ടാതെ കേസ് തള്ളുന്ന അവസ്ഥയിൽ, ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിക്കാനും കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാനുമുള്ള സാഹചര്യമുണ്ടായത് ബിൽക്കീസിന്റെ നിശ്ചയദാർഢ്യവും ജനാധിപത്യവിശ്വാസികളായ ഏതാനും മനുഷ്യസ്നേഹികളുടെ സഹായവും കൊണ്ടാണ്.
പ്രതികളിൽ 11 പേരെ ജീവപര്യന്തം ശിക്ഷിക്കാൻ വിധിയുണ്ടായത് കേസ് ഗുജറാത്ത് കോടതിയിൽനിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റിയതു കൊണ്ടുമാത്രമാണ്. 2022ലെ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് മതിമറന്ന് പ്രസംഗിക്കെയാണ് നീതിപീഠത്തിലും ഭരണഘടനയിലുമർപ്പിച്ച വിശ്വാസങ്ങളെയെല്ലാം തകിടംമറിക്കും വിധം കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ സ്വാധീനം ഉപയോഗിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് പ്രതികൾ 11 പേരും ജയിൽ മോചനം നേടിയത്.
ഈ പ്രധാനമന്ത്രി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരിക്കെയാണല്ലോ അവിടെ വംശഹത്യയും സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെയുള്ള സമാനതകളില്ലാത്ത അതിക്രമങ്ങളും സംഘ്പരിവാർ നടത്തിയത്.
ബിൽക്കീസ് ബാനുവിന് ഒപ്പംനിന്ന ടീസ്ത സെറ്റൽവാദിനെപ്പോലുള്ളവരെ കേസിൽ കുരുക്കിയപ്പോൾ ജയിലിൽ നിന്നിറങ്ങിയ കൊടും കുറ്റവാളികളെ മധുരം നൽകിയും മാലയിട്ടും സ്വീകരിച്ചു സംഘ്പരിവാർ. ജയിൽമോചിതരായ പ്രതികളിൽനിന്ന് സ്വന്തം ജീവന് ഭീഷണിയുണ്ടാകാവുന്ന അവസ്ഥയുണ്ടായിട്ടും പിന്മാറിയില്ലെന്നത് ബിൽക്കീസിനെ തലകുനിക്കാത്ത പെൺവീര്യത്തിന്റെ പ്രതീകമാക്കി മാറ്റുന്നു.
കുറ്റവാളികൾ ചതിയിലൂടെ നേടിയെടുത്ത വിധി റദ്ദാക്കാൻ ബിൽക്കീസിനൊപ്പം ചേർന്നുനിന്ന് സുഭാഷിണി അലി, രേവതി ലോൽ, പ്രഫ. രൂപ് രേഖ വർമ, മഹുവ മോയിത്ര, അഭിഭാഷകരായ ഇന്ദിര ജയ്സിങ്, ശോഭ ഗുപ്ത, വൃന്ദ ഗ്രോവർ, അപർണ ഭട്ട് തുടങ്ങിയ പെൺപോരാളികളുടെ നേതൃത്വത്തിൽ നടത്തിയ നിയമയുദ്ധത്തിന് കഴിഞ്ഞെങ്കിലും പ്രതികൾ ഇനി മഹാരാഷ്ട്ര കോടതിയെ സമീപിക്കുന്ന പക്ഷം പോരാട്ടം ഇനിയും തുടരേണ്ടിവരും.
ഗുജറാത്തിൽ മാത്രമല്ല, ഒഡിഷയിലെ കന്ദമാലിൽ കന്യാസ്ത്രീകൾക്ക് നേരെയുള്ള അതിക്രമത്തിന് കൂട്ടുനിന്നതും കഠ് വയിൽ എട്ടുവയസ്സുകാരിയെ ക്ഷേത്രത്തിനുള്ളിൽ അടച്ചിട്ട് ദിവസങ്ങളോളം ഉപദ്രവിച്ച് ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയ വരേണ്യവർഗ നരാധമന്മാരെ സംരക്ഷിച്ചതും സംഘ്പരിവാറും അവർ നിയന്ത്രിക്കുന്ന സർക്കാറുമാണ്.
ഉന്നാവ്, ഹാഥറസ് സംഭവങ്ങളിലും കുറ്റക്കാരെ സംരക്ഷിക്കാനും തെളിവുകൾ നശിപ്പിക്കാനും കൂട്ടുനിന്നതും സംഘ്ഭരണകൂടം തന്നെയാണ്. ഹരിയാനയിലും മണിപ്പൂരിലും സ്ത്രീകളെ കേട്ടുകേൾവി പോലുമില്ലാത്ത വിധത്തിൽ നഗ്നരാക്കി പൊതുവീഥിയിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചിട്ടും കുറ്റവാളികൾക്കെതിരെ ചെറുവിരൽ അനക്കാൻപോലും സർക്കാർ മുതിർന്നില്ല.
രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ ഗുസ്തിതാരങ്ങൾ മാനം രക്ഷിക്കാൻ സമരം ചെയ്തപ്പോൾ അവരെ തെരുവിൽ വലിച്ചിഴച്ച് ബ്രിജ്ഭൂഷന്മാർക്കൊപ്പം നിൽക്കുകയാണ് സർക്കാർ. ഇവരൊക്കെ ഇങ്ങ് കേരളത്തിലെത്തി സ്ത്രീകളുടെ അവകാശത്തിനും സ്ത്രീസുരക്ഷക്കും വേണ്ടി ശബ്ദഘോഷം നടത്തുന്നതിലെ കാപട്യവും പൊള്ളത്തരവും ആർക്കാണ് മനസ്സിലാകാത്തത്! സ്ത്രീവിരുദ്ധനിലപാട് മാത്രം കൈക്കൊള്ളുന്ന സർക്കാറിന്റെ പ്രധാനമന്ത്രി, സ്ത്രീസുരക്ഷക്ക് ഗാരന്റിയാണത്രെ!
(വനിതാ സാഹിതി സംസ്ഥാന പ്രസിഡന്റാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.